Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആഴക്കടൽ മത്സ്യബന്ധന കരാറിൽ പ്രതിഷേധ ശബ്ദമായി; തീരദേശത്തെ പിടിച്ചുലച്ച ഓഖിയിൽ പകർന്ന ആശ്വാസ വാക്കുകൾ; സാമ്പത്തിക അച്ചടക്കത്തിലും മദ്യത്തിന് എതിരായ പോരാട്ടത്തിലും തീർത്ത മാതൃക; സൂസപാക്യം സ്വയം വിരമിക്കൽ പ്രഖ്യാപിക്കുമ്പോഴും കേരളം നന്ദിയോടെ ഓർക്കുന്ന ആ ദിനങ്ങൾ

ആഴക്കടൽ മത്സ്യബന്ധന കരാറിൽ പ്രതിഷേധ ശബ്ദമായി; തീരദേശത്തെ പിടിച്ചുലച്ച ഓഖിയിൽ പകർന്ന ആശ്വാസ വാക്കുകൾ; സാമ്പത്തിക അച്ചടക്കത്തിലും മദ്യത്തിന് എതിരായ പോരാട്ടത്തിലും തീർത്ത മാതൃക; സൂസപാക്യം സ്വയം വിരമിക്കൽ പ്രഖ്യാപിക്കുമ്പോഴും കേരളം നന്ദിയോടെ ഓർക്കുന്ന ആ ദിനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് സ്ഥാനത്ത് നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡോ.എം.സൂസപാക്യം. പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെയാണ് ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടർന്ന് നേരത്തെ സൂസപാക്യം സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.

സൂസപാക്യം സ്വയം വിരമിക്കൽ പ്രഖ്യാപിക്കുമ്പോഴും കേരളം നന്ദിയോടെ ഓർക്കുക തീരദേശത്തെ പിടിച്ചുലച്ച ഓഖി ദുരന്തത്തിൽ അടക്കം അദ്ദേഹം കൈക്കൊണ്ട നിലപാടുകളാണ്. 2017ൽ ഓഖി ദുരന്തം സംഭവിച്ചപ്പോൾ എല്ലാ മരണ വീടുകളിലും എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച സൂസപാക്യം തീരദേശ ജനതയുടെ അവകാശത്തിനായി പോരാടാൻ മുന്നിൽ നിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

മത്സ്യത്തൊഴിലാളികൾക്കു വേണ്ടത് അനുമോദനമല്ല, പുനരധിവാസവും സാമ്പത്തിക സഹായവുമാണെന്നും ഓഖി പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നുമാണ് തീരദേശത്തെ ജനതയെ ഒന്നാകെ പ്രതിനിധീകരിച്ച് ഡോ.എം. സൂസപാക്യം അന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. സർക്കാർ നന്മ ചെയ്താൽ പിന്തുണയ്ക്കുമെന്നും തിന്മ ചെയ്താൽ അതു വിളിച്ചു പറയുമെന്നും ആരെയും കണ്ണടച്ചു പിന്തുണയ്ക്കില്ലായെന്നുമാണ് അദ്ദേഹം അന്ന് നിലപാട് എടുത്തത്.

ന്യൂനപക്ഷമായ ലത്തീൻ സമുദായത്തോട് കേന്ദ്രസംസ്ഥാന സർക്കാരുകൾ കാലങ്ങളായി അനുവർത്തിച്ചുപോരുന്ന അവഗണനയും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇരട്ടത്താപ്പും അവസാനിപ്പിക്കണമെന്ന് തുറന്നടിച്ചുകൊണ്ടായിരുന്നു സൂസപാക്യത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ ബഹുമുഖമായ വളർച്ചയ്ക്കു ലത്തീൻ സമുദായം നൽകുന്ന സേവനങ്ങൾ വലുതാണ്. പ്രളയ ദുരിതാശ്വാസ മേഖലയിൽ ലത്തീൻ സമുദായാംഗങ്ങൾ പ്രത്യേകിച്ചു മത്സ്യത്തൊഴിലാളികൾ നടത്തിയ ഇടപെടലും പ്രവർത്തനങ്ങളും ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരുന്നു. കേരളത്തിന്റെ സൈന്യമെന്നാണ് ഈ ജനവിഭാഗത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

ഈ വിശേഷണത്തിന് ഉടമകളായ തീരദേശ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്കു കഴിയുന്നില്ല. പ്രളയാനന്തര നവകേരള നിർമ്മിതിക്കായി ആവേശം കൊള്ളുന്ന ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ ദുരിതക്കടലിൽപ്പെട്ടുഴലുന്ന തീരദേശ ജനതയെയും അവരുടെ ജീവിതക്ലേശങ്ങളും കണ്ടില്ലെന്നു നടിക്കുന്നതു വേദനാജനകവും പ്രതിഷേധാർഹവുണെന്ന് ഓഖിയുടെ നാളുകളിൽ തുറന്നടിച്ചു പറഞ്ഞു. ഇതിന് സമാനമായ പ്രതികരണമാണ് ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദത്തിലും സ്വീകരിച്ചത്.

ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ കരാറിനെതിരേ വൻ പ്രതിഷേധമാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ അരങ്ങേറിയത്. കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനം നടത്തുന്നതിനായി ഉണ്ടാക്കിയ ആഴക്കടൽ ട്രോളർ മത്സ്യബന്ധന കരാർ നിലവിൽ വന്നാൽ മൂന്നു ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം നഷ്ടമാകുമെന്നായിരുന്നു ലത്തീൻ അതിരൂപത സർക്കാരിനെതിരെ തുറന്നടിച്ച് പറഞ്ഞത്.

ഓഖിയിലും ആഴക്കടൽ മത്സ്യ ബന്ധനത്തിലും അടക്കം തീരദേശ ജനതയെ ബാധിക്കുന്ന എല്ലാ വിഷയത്തിലും ജനതയുടെ പ്രതിനിധിയായി നിരവധി തവണ സൂസപാക്യം പോരാട്ടത്തിന് നേതൃത്വം നൽകുന്ന കാഴ്ചയാണ് കേരളം പലപ്പോഴും കണ്ടത്. ആത്മീയതയോടൊപ്പം മനുഷ്യ ജീവിതത്തിലെ നീറുന്ന പ്രശ്‌നങ്ങളെ മുന്നിൽ നിന്നു നേരിടുന്ന ഒരു ജനസമൂഹത്തിന്റെ മുഖമായി മാറി അദ്ദേഹം

പൊതുചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക തിരുവനന്തപുത്തിന്റെ തീരദേശ ഇടവകകളിൽ സാമൂഹിക ഉന്നമനത്തിനും മാറ്റത്തിനുമായി നിശബ്ദമായി നിരന്തരമായി പോരാടിയ വ്യക്തി എന്നായിരിക്കും. മാറ്റമുണ്ടാവുന്നത് ഉയർന്ന ശബ്ദം കൊണ്ടോ തുടർച്ചയായ അഭിപ്രായ പ്രകടനങ്ങൾ കൊണ്ടോ അല്ലെന്നും നിരന്തരമായ പ്രാർത്ഥനയിലൂടെയും വ്യക്തിപരമായ തിരുത്തലുകളിലൂടെയും മുൻപേ നടക്കുന്ന മാതൃകകളിലൂടെയുമാണെന്നും അദ്ദേഹത്തിന്റെ ജീവിതം തെളിവാണ്.

കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ രൂപീകരണവും നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ പ്രക്ഷോഭവും പാരിസ്ഥിതിക ഇടപെടലുകളും സുനാമിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും ഓഖി അവസരത്തിലെ ഇടപെടലുകളും അടക്കം തീരദേശ ജനത പ്രതിസന്ധി നേരിട്ട അവസരങ്ങളിൽ ഒക്കെ അവരെ ചേർത്തുപിടിച്ച് ആ ജനതയുടെ അവകാശങ്ങൾക്കായി സംസാരിക്കുവായി അദ്ദേഹം മുൻപന്തിയിൽ നി്ന്നു.

തൂത്തൂർ ഫെറോനയിലെ മാർത്താണ്ഡം തുറയിൽ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും ത്രേസ്യാമ്മയുടേയും മകനായി 1946 മാർച്ച് 11നായിരുന്നു ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1958ൽ സെമിനാരിയിൽ ചേർന്നു.1969 ഡിസംബർ 20ന് ബിഷപ്പ് ഡോ. പീറ്റർ ബർണാഡ് പേരേരയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 20 വർഷങ്ങൾക്ക് ശേഷം 1990ൽ പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിതനായി. 1991 ജനുവരി 31ന് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി സ്ഥാനമേറ്റു.

തിരുവനന്തപുരം രൂപത അതിരൂപതയായി 2004 ജൂൺ ഏഴിന് ഉയർത്തിയതോടെ ആ വർഷം ഓഗസ്റ്റ് 23ന് ആർച്ച് ബിഷപ്പായും മാറി. മാർത്താണ്ഡം തുറയിലെ സാധാരണ കുടുംബത്തിൽ നിന്നും തിരുവനന്തപുരം അതിരൂപതയുടെ ആർച്ച് ബിഷപ്പായി, രണ്ട് ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ അധ്യാത്മീക പിതാവായി മാറുമ്പോഴും മാറ്റമില്ലാതെ തുടർന്നത് നിലപാടുകളിലെ സ്ഥിരതയും സുവിശേഷ തീക്ഷ്ണതയും ലാളിത്യവുമായിരുന്നു

മദ്യം ഇന്നത്തെ മലയാളി സമൂഹത്തിനൊരു സ്റ്റാറ്റസ് സിമ്പലും സോഷ്യലൈസേഷൻ ഉപാധിയുമായി ഉയർത്തിക്കാട്ടുമ്പോഴും മദ്യനിരോധനത്തിനായി ഡോ.സൂസപാക്യത്തിന്റെ നേതൃത്വത്തിൽ നടന്ന ശ്രദ്ധേയമായ ഇടപെടലുകൾ എടുത്തുപറയേണ്ടതാണ്. മദ്യം മാത്രമല്ല സാമ്പത്തിക ദുർവ്യയവും സമ്പാദ്യ ശീലമില്ലായ്മയും ആഡംബരവും ധൂർത്തും തുടർന്ന സമൂഹത്തിനിടയിൽ പള്ളി തിരുനാൾ ചെലവ് കുറച്ച് നടത്തി മാതൃക കാണിക്കാനുള്ള നിർദ്ദേശം നൽകിയത്. സാമ്പത്തിക അച്ചടക്കം സ്വന്തം സഹപ്രവർത്തകർക്ക് ഇടയിൽ പോലും മാതൃകയായി പ്രാവർത്തികമാക്കി കാണിച്ചു.

ഡോ. തോമസ് നെറ്റോ തിരുവനന്തപുരം ആർച്ച് ബിഷപായി പ്രഖ്യാപിച്ചുകൊണ്ടാണ് സൂസപാക്യം ശാരീരിക അവശതകളെ തുടർന്ന് തന്റെ കർമ്മ മേഖലയിൽ നിന്നും വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. ആഗ്രഹിച്ചതിന്റെ അംശംപോലും നിറവേറ്റാൻ തനിക്കു കഴിഞ്ഞിട്ടില്ലെന്നു ഡോ.സൂസപാക്യം തുറന്നു പറയുമ്പോഴും തീരദേശ ജനതയ്ക്കായി നടത്തിയ ഇടപെടലുകൾ മറക്കാവുന്നതല്ല.

'പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തൽ അല്ല പ്രധാനം. എന്റെ കഴിവുകൾ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാൻ എന്നെ വിട്ടുകൊടുക്കുന്നു' എന്നാണ് ഡോ.സൂസപാക്യം സന്ദേശമായി പറഞ്ഞത്.

ഒരാൾ വിരമിക്കുമ്പോൾ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ടെന്നും അതിന് ആഗ്രഹമില്ലെന്നും സൂസപാക്യം പറഞ്ഞു. പരിമിതമായ കഴിവുള്ള സാധാരണക്കാരനാണ് താൻ. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നേട്ടങ്ങൾ. ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിയാൻ ഇടവരുത്തരുതേ എന്നാണ് അപേക്ഷ. 32 കൊല്ലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്‌നേഹത്തോടെ ഓർക്കുന്നു.

സഹായ മെത്രാൻ ക്രിസ്തുദാസിനോട് നന്ദി അറിയിക്കുന്നതായി ഡോ.സൂസപാക്യം പറഞ്ഞു. 'ശാരീരിക മാനസിക അവശതകളും അധിക ചുമതല ഏറ്റെടുക്കേണ്ടതിന്റെ സംഘർഷവും ഞാൻ മേലധികാരികളെ അറിയിച്ചിരുന്നു. ഉത്തരവാദിത്തങ്ങളിൽനിന്ന് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, സഹായ മെത്രാനെ സഭ എനിക്കായി നിയോഗിച്ചു. സ്ത്യുത്യർഹമായ രീതിയിൽ അദ്ദേഹം ചുമതല നിർവഹിച്ചു'ഡോ.സൂസപാക്യം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP