Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതിഹാസങ്ങളെ സൃഷ്ടിക്കുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്; ആഭ്യന്തര ചതുർദിന മത്സങ്ങളുടെ കുറവ് പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രതിസന്ധിയാകുമെന്ന് നിലപാട് എടുത്തത് ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിൽ! ദ്രാവിഡിന്റെ ഉറച്ച നിലപാട് ശ്രീശാന്തിന് നൽകുന്നത് ചുവന്ന ബോളിൽ പന്തെറിയാനുള്ള അവസരം; സഞ്ജുവിനും നിർണ്ണായകം; രഞ്ജി ട്രോഫി മടങ്ങിയെത്തിയതിന് പിന്നലെ കഥ

ഇതിഹാസങ്ങളെ സൃഷ്ടിക്കുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്; ആഭ്യന്തര ചതുർദിന മത്സങ്ങളുടെ കുറവ് പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രതിസന്ധിയാകുമെന്ന് നിലപാട് എടുത്തത് ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിൽ! ദ്രാവിഡിന്റെ ഉറച്ച നിലപാട് ശ്രീശാന്തിന് നൽകുന്നത് ചുവന്ന ബോളിൽ പന്തെറിയാനുള്ള അവസരം; സഞ്ജുവിനും നിർണ്ണായകം; രഞ്ജി ട്രോഫി മടങ്ങിയെത്തിയതിന് പിന്നലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് രണ്ട് ഘട്ടമായി നടത്തുമെന്ന് നിലപാടിലേക്ക് ബിസിസിഐ എത്തിച്ചത് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ ഉറച്ച തീരുമാനം. കോവിഡിനെ തുടർന്ന് കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി നടന്നിരുന്നില്ല. മൂന്നാം തരംഗം കാരണം ഈ സീസണിലേയും ബിസിസിഐ നീട്ടി വച്ചു. രഞ്ജി ഉപേക്ഷിക്കാനായിരുന്നു നീക്കം. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ചതുർദിന-പഞ്ചദിന മത്സരങ്ങൾ ഇല്ലാതാകുന്നത് ടെസ്റ്റ് കളിക്കാരെ വാർത്തെടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് കോച്ച് ദ്രാവിഡ് നിലപാട് എടുത്തു. ഇത് അംഗീകരിച്ചാണ് രഞ്ജി ട്രോഫി ഈ സീസണിൽ നടത്താനുള്ള തീരുമാനം.

രഞ്ജി ട്രോഫിയിൽ ചുവന്ന പന്തുകളാണ് കളിക്കാൻ ഉപയോഗിക്കുന്നത്. ഏകദിനത്തിലും ട്വന്റി ട്വന്റിയിലും വെളുത്ത പന്തുകളും. ചുവന്ന പന്തുകളുപയോഗിക്കുന്ന രഞ്ജി ട്രോഫി വേണ്ടെന്ന് വയ്ക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ സാധ്യതകളെ ബാധിക്കും. രണ്ടു പന്തുകളും രണ്ടു തരത്തിലാണ് പ്രതികരിക്കുന്നത്. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്മാർക്കും ബൗളർമാർക്കും വ്യത്യസ്ത ശൈലിയാണ് രണ്ടു ഫോർമാറ്റിലും സ്വീകരിക്കേണ്ടത്. ഇതെല്ലാം കണക്കിലെടുത്താണ് കോവിഡു കാലത്തും രഞ്ജി ട്രോഫി നടത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യനാവുകയെന്ന ലക്ഷ്യമാണ് ഇതിനുള്ള ഇന്ത്യയുടെ പ്രേരക ഘടകം.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നാണ് മത്സരങ്ങൾ രണ്ട് ഘട്ടമായി നടത്താൻ തീരുമാനിച്ചത്. ലീഗ് മത്സരങ്ങളാണ് ആദ്യ ഘട്ടത്തിലുണ്ടാകുക. നോക്കൗട്ട് മത്സരങ്ങൾ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടും. നോക്കൗട്ട് മത്സരം ജൂണിൽ ആരംഭിക്കും. സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാന്മാരേയും പതറാതെ പന്തെറിയുന്ന ബൗളർമാരേയും സൃഷ്ടിക്കാൻ ടെസ്റ്റ് മാതൃകയിലെ രഞ്ജി ട്രോഫി അനിവാര്യതയാണെന്നാണ് ദ്രാവിഡ് വാദിച്ചത്. വന്മതിലുകളേയും കുംബ്ലയേയും ആശ്വിനേയും പോലുള്ള ബൗളിങ് പ്രതിഭകളേയും സൃഷ്ടിക്കാൻ രഞ്ജി ട്രോഫിക്ക് കഴിയുമെന്ന് ദ്രാവിഡ് നിലപാട് എടുത്തു. ഇത് സൗരവ് ഗാംഗുലിയും അംഗീകരിച്ചു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സാങ്കേതിക തികവും ക്ഷമയുമുള്ള ബാറ്റ്‌സ്മാന്മാരുടെ അഭാവം നിഴലിച്ചിരുന്നു. ബൗളിങ്ങിൽ അതിശക്തരാണ് ഇന്ത്യ. എന്നാൽ ബാറ്റിംഗിൽ മധ്യനിരയിൽ തകർച്ച പ്രകടമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതിഭകളെ അടിയന്തരമായി കണ്ടത്തേണ്ടതുണ്ട്. അജിങ്ക രഹാനെയും ചേതേശ്വർ പൂജാരയേയും പോലുള്ള മുതിർന്ന താരങ്ങൾക്കും രഞ്ജി ട്രോഫി മത്സരങ്ങൾ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള വേദിയാകും. ആഭ്യന്തര തലത്തിലെ മത്സര പരിചയവും പ്രകടനവും മെച്ചപ്പെട്ട ടെസ്റ്റ് ടീമായി മാറാൻ ഇന്ത്യൻ നിരയ്ക്ക് അവസരമൊരുക്കുമെന്നതാണ് ദ്രാവിഡിന്റെ വിലയിരുത്തൽ.

കോവിഡ് വ്യാപനം മൂലം രഞ്ജി ട്രോഫി മത്സരങ്ങൾ നീട്ടിവെയ്ക്കാൻ ബി.സി.സിഐ നിർബന്ധിതരായിരുന്നു. അതോടൊപ്പം സി.കെ.നായിഡു ട്രോഫിയും നീട്ടിവെച്ചു. കോവിഡിന് ശേഷം ആദ്യമായാണ് ഇത്തവണ രഞ്ജി ട്രോഫി നടക്കുന്നത്. വിലക്ക് കഴിഞ്ഞ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ മലയാളി താരം എസ് ശ്രീശാന്തിന് വീണ്ടുമൊരു ഫസ്റ്റ്ക്ലാസ് മത്സരം കളിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. ശ്രീശാന്ത് കേരളത്തിന്റെ ഈ സീസണിലെ ആദ്യ രഞ്ജി മത്സരത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കേരളാ ടീമിന് വേണ്ടി മികച്ച പ്രകടനങ്ങൾ പുറത്തെടുത്താൽ സഞ്ജു വി സാംസണും ഇന്ത്യൻ ടീമിലേക്ക് അവകാശ വാദം ഉന്നയിക്കാം.

ഐപിഎല്ലിലേയും മറ്റും മികവ് മാത്രം നോക്കി ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ പരിഗണിക്കരുതെന്ന അഭിപ്രായം ദ്രാവിഡിനുണ്ട്. സാങ്കേതിക മികവുള്ള താരങ്ങളെ വാർത്തെടുക്കാൻ ഈ പദ്ധതിയിൽ പോരായ്മയുണ്ടത്രേ. അതുകൊണ്ടാണ് രഞ്ജി മത്സരങ്ങൾക്ക് ബിസിസിഐ വീണ്ടും തയ്യാറെടുക്കുന്നത്. സഞ്ജുവിനെ പോലുള്ള താരങ്ങൾക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അനുഭവ പരിചയം ഗുണകരമാകുമെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ളവരുടെ പ്രകടനം രാഹുൽ ദ്രാവിഡും ഇന്ത്യൻ ടീം സെലക്ടർമാരും പ്രത്യേകം വീക്ഷിക്കും.

38 ഫസ്റ്റ് ക്ലാസ് ടീമുകളുമായി ജനുവരി 13ന് തുടങ്ങാനിരുന്ന രഞ്ജി ട്രോഫി രാജ്യത്തെ കോവിഡ് വ്യാപനം കാരണമാണ് മാറ്റിയത്. ഐപിഎല്ലിനായി വിപുലമായ ആലോചനകൾ നടത്തുകയും രഞ്ജി ട്രോഫിയെ അവഗണിക്കുകയും ചെയ്യുന്നതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഐപിഎൽ 15-ാം സീസൺ ഇന്ത്യയിൽ വച്ചുതന്നെ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. മാർച്ച് അവസാന വാരം ആരംഭിച്ച് മെയ് അവസാനം വരെ നീണ്ടുനിൽക്കുന്ന രീതിയിലാണ് ടൂർണമെന്റ് ആലോചിക്കുന്നത്. മുംബൈയെ പ്രധാന വേദിയായി പരിഗണിക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ മത്സരങ്ങൾ നടത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് വേദികളും പരിഗണിക്കുന്നുണ്ട്.

ഫെബ്രുവരി 20ന് മുൻപ് വേദികളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 13, 14 തീയതികളിൽ മെഗാ താരലേലം നടക്കും. മെഗാ ലേലത്തിൽ ആകെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതിൽ 896 പേർ ഇന്ത്യൻ താരങ്ങളും 318 പേർ വിദേശ കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ 41 താരങ്ങളും ലേലത്തിനു രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP