Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്ത് ജയിച്ചാലേ ഒരു നിശ്ചിത വരുമാനം നൽകാവൂ എന്ന് രാജ്യത്ത് ഒരു നിയമമില്ല; വിമർശിക്കാം തൊഴിലാളികളെ അപമാനിക്കരുതെന്ന് കെ എസ് ഇ ബി ചെയർമാൻ; മറുനാടനുള്ള നായകന്റെ കിടിലം മറുപടിയെന്ന് ആഘോഷിച്ച് ലക്ഷങ്ങൾ ശമ്പളം പറ്റി സ്ഥാപനത്തെ കടക്കെണിയിലാക്കുന്നവരും; ആ വാർത്തയ്ക്കും സ്ഥിരീകരണമാകുമ്പോൾ

പത്ത് ജയിച്ചാലേ ഒരു നിശ്ചിത വരുമാനം നൽകാവൂ എന്ന് രാജ്യത്ത് ഒരു നിയമമില്ല; വിമർശിക്കാം തൊഴിലാളികളെ അപമാനിക്കരുതെന്ന് കെ എസ് ഇ ബി ചെയർമാൻ; മറുനാടനുള്ള നായകന്റെ കിടിലം മറുപടിയെന്ന് ആഘോഷിച്ച് ലക്ഷങ്ങൾ ശമ്പളം പറ്റി സ്ഥാപനത്തെ കടക്കെണിയിലാക്കുന്നവരും; ആ വാർത്തയ്ക്കും സ്ഥിരീകരണമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ഇ ബിയിലെ തൊഴിലാളികളെ അപമാനിക്കരുതെന്ന അഭ്യർത്ഥനയുമായി കെ എസ് ഇ ബി സിഎംഡി ബി അശോക് ഐഎഎസ്. സാമൂഹ്യ മാധ്യമങ്ങളിൽ തൊഴിലാളി ശമ്പളമടക്കം പൊതു സമൂഹം ചർച്ച ചെയ്യുന്നതും സ്വാഗതാർഹമാണ്. ഇതിൽ ചിലതിൽ പക്ഷേ തൊഴിലാളി സുഹൃത്തുക്കളെ വേണ്ടത്ര ഔപചാരിക വിദ്യാഭ്യാസമില്ലാത്തവരും അധികം ശമ്പളം കൈപ്പറ്റുന്നവരായൊക്കെ ചിത്രീകരിച്ചു കണ്ടു. പത്താം ക്ലാസിൽ നടത്തുന്ന പരീക്ഷ ഫലത്തിലെ ഒരു ശതമാനക്കണക്കിൽ ഒരു വ്യക്തിയുടെ അസ്തിത്വവും ഭാവിയും ഒക്കെ അളന്നു കളയാം എന്ന ധാരണ നമുക്ക് പാടില്ല. പത്ത് ജയിച്ചാലേ ഒരു നിശ്ചിത വരുമാനം നൽകാവൂ എന്നും രാജ്യത്ത് ഒരു നിയമമില്ല. ഒരു രാജ്യത്തുമില്ല. ശതകോടീശ്വരന്മാരും ആയിരക്കണക്കിന് തൊഴിൽ നൽകുന്ന സംരംഭകരും പൊതുവിൽ ഡോക്ടറേറ്റുകളും ഔപചാരിക ഉന്നത ബിരുദങ്ങളും ഉള്ളവരല്ല എന്നാണ് യാഥാർത്ഥ്യം. അനുഭവ-തൊഴിൽ ലോകമാണ് അവരെ പഠിപ്പിച്ചത്. ജീവിതമാണ് അവരുടെ കളരി-സിഎംഡി പറയുന്നു.

കെ എസ് ഇ ബിയിലെ ഉയർന്ന ശമ്പളം വാങ്ങുന്നത് പത്താം ക്ലാസ് പാസാകാത്തവരാണെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത സ്ഥിരീകരിച്ചു കൊണ്ടാണ് ജീവനക്കാർക്ക് വേണ്ടി കെ എസ് ഇ ബി ചെയർമാൻ വാദങ്ങൾ നിരത്തുന്നത്. നമ്മുടെ മുൻവിധികളും ഔപചാരിക വിദ്യാഭ്യാസത്തിലുള്ള അന്ധമായ വിശ്വാസവും അവരെ മാനസികമായി തളർത്താൻ പോന്ന അഹന്ത നമുക്ക് തരരുത് എന്നാണ് കെ എസ് ഇ ബി ചെയർമാൻ പറയുന്നത്. ഈ വിശദീകരണത്തെ കെ എസ് ഇ ബി ജീവനക്കാരെ അപമാനിച്ചതിന് മറുനാടന് കെ എസ് ഇ ബി നായകന്റെ കിടിലം മറുപടി എന്ന തരത്തിലാണ് ജീവനക്കാർ പ്രതികരിച്ചിരിക്കുന്നത്. ഫലത്തിൽ മറുനാടൻ വാർത്ത ചെയർമാൻ തന്നെ സ്ഥിരീകരിക്കുന്നുവെന്നതാണ് വസ്തുത.

കെ എസ് ഇ ബി സിഎംഡിയുടെ വിശദീകരണം ചുവടെ

വിമർശിക്കാം, തൊഴിലാളികളെ അപമാനിക്കരുത്

താരിഫ് പെറ്റീഷൻ ഫയൽ ചെയ്യുന്ന വേളകളിലെല്ലാം കെ.എസ്.ഇ.ബി. ജീവനക്കാരുടെ ശമ്പളം ഒരു പൊതു ചർച്ചയാവാറുണ്ട്. കോവിഡ് മൂലം വ്യവസായ മേഖലയാകെ മന്ദിഭവിച്ചപ്പോൾ ശമ്പള പരിഷ്‌കരണം നീട്ടി വയ്ക്കാമായിരുന്നു എന്ന് അഭിപ്രായം ഉള്ളവരുണ്ട്. ഇതിലൊക്കെ സമൂഹത്തിലുള്ള ഭിന്നാഭിപ്രായം സ്വാഗതം ചെയ്യുന്നു. എല്ലാം പരിഗണിച്ചുള്ള തിരുമാനങ്ങളാണല്ലോ ഒരു ജനാധിപത്യത്തിൽ വേണ്ടത്. അതിനുള്ള വേദികൾ നിയമപ്രകാരം ലഭ്യവുമാണ്.

താരിഫ് ഹിയറിംഗുകളിൽ കെ.എസ്.ഇ.ബി. മനുഷ്യ വിഭവശേഷിയുടെ ചെലവ് ഒരു ചർച്ചാവിഷയമായി ഉപഭോക്താക്കൾ ഉയർത്തുന്നതിലും പ്രയാസമില്ല. അനിവാര്യമല്ലാത്തതും ഒഴിവാക്കേണ്ടതുമായ തസ്തികകൾ കാലികമായി പുനക്രമീകരിക്കേണ്ടത് ഒരു വ്യവസായത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. ഇതിലൊക്കെ ഉപഭോക്താവുമായി പരസ്പരം ബോധ്യപ്പെട്ടുള്ള ഒരു സമീപനമാണ് കെ.എസ്.ഇ.ബി. ആഗ്രഹിക്കുന്നത്. ഏകപക്ഷീയമായ ഒരു സമീപനമല്ല ഒരിക്കലും ഉണ്ടാവുക.

സാമൂഹ്യ മാധ്യമങ്ങളിൽ തൊഴിലാളി ശമ്പളമടക്കം പൊതു സമൂഹം ചർച്ച ചെയ്യുന്നതും സ്വാഗതാർഹമാണ്. ഇതിൽ ചിലതിൽ പക്ഷേ തൊഴിലാളി സുഹൃത്തുക്കളെ വേണ്ടത്ര ഔപചാരിക വിദ്യാഭ്യാസമില്ലാത്തവരും അധികം ശമ്പളം കൈപ്പറ്റുന്നവരായൊക്കെ ചിത്രീകരിച്ചു കണ്ടു. പത്താം ക്ലാസിൽ നടത്തുന്ന പരീക്ഷ ഫലത്തിലെ ഒരു ശതമാനക്കണക്കിൽ ഒരു വ്യക്തിയുടെ അസ്തിത്വവും ഭാവിയും ഒക്കെ അളന്നു കളയാം എന്ന ധാരണ നമുക്ക് പാടില്ല. പത്ത് ജയിച്ചാലേ ഒരു നിശ്ചിത വരുമാനം നൽകാവൂ എന്നും രാജ്യത്ത് ഒരു നിയമമില്ല. ഒരു രാജ്യത്തുമില്ല. ശതകോടീശ്വരന്മാരും ആയിരക്കണക്കിന് തൊഴിൽ നൽകുന്ന സംരംഭകരും പൊതുവിൽ ഡോക്ടറേറ്റുകളും ഔപചാരിക ഉന്നത ബിരുദങ്ങളും ഉള്ളവരല്ല എന്നാണ് യാഥാർത്ഥ്യം. അനുഭവ-തൊഴിൽ ലോകമാണ് അവരെ പഠിപ്പിച്ചത്. ജീവിതമാണ് അവരുടെ കളരി.

ഓരോ വ്യവസായവും അതിന്റെ തൊഴിൽ മേഖലാ പ്രാധാന്യവും തൊഴിലിന്റെ കഠിന സ്വഭാവവുമനുസരിച്ചാണ് വരുമാനത്തോത് നിശ്ചയിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പാസ്സും പരിശീലനവും മതി പൈലറ്റാകാൻ. ബിരുദം വേണ്ട. എത്രയോ ലക്ഷം രൂപയാണ് ഏതാനും വർഷം സർവ്വീസുള്ള കമ്മേർഷ്യൽ പൈലറ്റുമാർ ശമ്പളമായി വാങ്ങുന്നത്. പൂർണ്ണമായും കമ്പ്യൂട്ടർവൽകൃത കോക്പിറ്റിൽ ഒരു വിദഗ്ദ്ധ കമ്പ്യൂട്ടർ ഓപ്പറേറ്റർ മാത്രമാണ് ഇന്ന് പൈലറ്റ്. ഒരു വിമാനത്തിന്റെ അടിസ്ഥാന എഞ്ചിനീയറിംഗും അവർക്കറിയണം. തൊപ്പിയും യൂണിഫോമുമിട്ട് ഇംഗ്ലീഷ് പറയുന്ന ഈ വിദഗ്ദ്ധ തൊഴിലാളിക്ക് നല്ല ശമ്പളം നൽകുന്നതിൽ യാത്ര ചെയ്യുന്ന നമുക്ക് പരാതിയില്ല.

പെട്രോളിയം തൊഴിലാളികൾ കടലിനടിയിൽ പല കാതം ചെന്നും കൽക്കരി ഖനികളിൽ കിലോമീറ്റർ കണക്കിന് ഭൂമിക്കടിയിലും പണിയെടുക്കുന്നു. കെ.എസ്ഇ.ബി.യെക്കാൾ എത്ര മടങ്ങാണ് ഒ.എൻ.ജി.സി. തൊഴിലാളികൾ വാങ്ങുന്ന ശമ്പളം. ആ തൊഴിലിന്റെ റിസ്‌ക്-പ്രൊഫൈൽ അതാണ്. അപ്പോൾ തൊഴിൽ പരിസരം, വ്യവസായ പരിസരം എന്നിവയൊക്കെ ശമ്പളത്തെ നിശ്ചയിക്കുന്ന ഘടകങ്ങളാണ്. വിമാനത്തിൽ നല്ല ശമ്പളം വാങ്ങുന്ന ഗ്ലാമറുള്ള തൊഴിലായ ഒരു എയർഹോസ്റ്റസിന്റെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എന്താണ്? സ്‌കൂൾ തലം മതി. ആർക്കും പരാതിയില്ല. 440/220 കിലോവോൾട്ട് വൈദ്യുതി സംസ്ഥാനങ്ങൾക്കിടയിൽ പ്രസരിപ്പിക്കുന്ന എക്‌സ്ട്രാ ഹൈടെൻഷൻ ടവറുകളിൽ 'ഹോട്ട്ലൈൻ' മെയിന്റനൻസ് ചെയ്യുന്ന കെ.എസ്.ഇ.ബി.യുടെ തൊഴിലാളി ഇവരാരെക്കാളും വൈദഗ്ദ്ധ്യത്തിൽ ഒട്ടും മോശമല്ല.

ഒരു ചുവടോ, ചലനമോ പിഴച്ചു പോയാൽ തൽക്ഷണം രക്തം മരവിപ്പിക്കുന്ന, മാംസ പേശികളെ ഉരുക്കുന്ന ഹൈവോൾട്ടേജിൽ വൈമനസ്യമില്ലാതെ അവർ പണിയെടുക്കുന്നു. എപ്പോഴും അപായ സാധ്യതയുള്ള ജനറേറ്റിങ് സ്റ്റേഷനുകളിൽ അതീവ സൂക്ഷ്മതയോടെ ക്രമീകരിക്കേണ്ട ജലനിർഗമന വാൽവുകളും ടർബൈനുകളും വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തും പ്രകൃതി താണ്ഡവമാടുമ്പോൾ സ്വന്തം സുരക്ഷ മറന്നവർ പേമാരിയെ നേരിട്ട് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നു. ഏതു പെരുമഴയത്തും വെള്ളപ്പൊക്കത്തിലും സദാ സജ്ജരായിരിക്കുന്നു. രാജ്യത്തെവിടെയും ഒരു പാരിസ്ഥിതിക അപായമുണ്ടായാൽ മാനേജ്മെന്റും സർക്കാരും ആവശ്യപ്പെട്ടാൽ എപ്പോഴും ഓടിച്ചെല്ലാൻ അവർ തയ്യാറാണ്. 300 തൊഴിലാളികളുള്ള ഒരു റിപ്പയർ ഗ്യാംങ്ങിനെ വെറും മൂന്നു ദിവസം കൊണ്ടാണ് ഒഡീഷ്സയിൽ നിയോഗിച്ചത്. അവരുടെ പ്രശസ്ത സേവനത്തിന് നന്ദി പറഞ്ഞ ഒഡീഷ്സ സർക്കാരിന്റെ കത്ത് ഇവിടെയുണ്ട്. തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കാറ്റ് വൈദ്യുതി മേഖല തകർത്ത് തരിപ്പണമാക്കിയപ്പോൾ കളത്തിലിറങ്ങിയ കെ.എസ്.ഇ.ബി. തൊഴിലാളികളെ അഭിനന്ദിക്കാൻ തമിഴ്‌നാട്ടിലെ മന്ത്രിമാർ തന്നെയെത്തിയത് വാർത്തയായിരുന്നു.

പോരായ്മകൾക്കിടയിലും ഇന്ത്യയിലെ മികച്ച 7 പൊതുമേഖലാ വൈദ്യുത കമ്പനികളിൽ ഒന്നായി കെ.എസ്.ഇ.ബി.യെ എത്തിച്ചതിൽ വലിയ പങ്ക് ഈ പത്താം തരം വരെ പഠിച്ച സാധാരണ തൊഴിലാളിയുടേതാണ്. അവരുടെ ശക്തമായ അടിത്തറയിലാണ് നമ്മുടെ വൈദ്യുതിയുടെ സുരക്ഷയും കാര്യക്ഷമതയും. അവരുടെ പ്രവർത്തന മെച്ചവും പോരായ്മയും ഒക്കെ നമുക്ക് ചർച്ച ചെയ്യാം. അവരെയൊക്കെ തൊഴിലിൽ കളവു കാട്ടുന്നവരും യോഗ്യതക്കുറവുള്ളവരുമായി ചിത്രീകരിക്കുന്നതിനോട് യോജിക്കാനാവില്ല. അതു മാന്യതയല്ല. മറ്റെല്ലാം മാറ്റി വച്ചാലും 1957 മുതൽ മുന്നൂറിലേറെ തൊഴിലാളി സുഹൃത്തുക്കളാണ് നമ്മുടെ വെളിച്ചത്തിനായി സ്വന്തം ജീവൻ തൊഴിലിടത്തിൽ നഷ്ടമാക്കിയത്. അപകടങ്ങളായാൽ പോലും അവരുടെ കുടുംബങ്ങൾ അതിനാൽ വലിയ വ്യക്തിഗത ദുരിതം സഹിച്ചിട്ടുണ്ട്. എത്ര സഹായം ചെയ്താലും തൊഴിലിൽ ഒട്ടേറെ വർഷം ഉണ്ടാകേണ്ട ഒരു ജീവനു പകരമാവില്ല. അവരുടെ കണ്ണ്‌നീരിന് നമ്മൾ ഒരു മിനിമം ആദരവ് നൽകേണ്ടതുണ്ട്. അത് ഒരു സമൂഹത്തിന്റെ ബാദ്ധ്യതയാണ്.

ഒപ്പം പറയട്ടെ, മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്ന് ഗവേഷണമടങ്ങിയ അക്കാദമിക ബിരുദങ്ങൾ നേടി, പുതിയ ഒരു വിഷയത്തിൽ ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് എന്റെ തൊഴിലാളി നേതാക്കളുടെ ബൗദ്ധികമായ നിലവാരത്തിൽ ആദരവേയുള്ളു. ഈ മേഖലയിൽ ഏത് നേതാവിനോടും ഉദ്യോഗസ്ഥനോടും പണ്ഡിതനോടും അർത്ഥപൂർണ്ണമായി സംവദിക്കാനുള്ള അറിവും പ്രാപ്തിയും പക്വതയും അവർക്കുണ്ട്. വിയോജിപ്പുകളുണ്ടാകാം, എന്നാലവരെ അപഹസിക്കാനുള്ള അറിവ് ഒരു സർവകലാശാലയും ഒരു ഗവേഷണ ബിരുദവും നൽകുന്നില്ല. അവർ പച്ച മനുഷ്യരാണ്. ജാടകളില്ലാതെ ഇടപെടുന്ന സാധാരണക്കാർ. അതാണവരുടെ മികവ്. അതു നമ്മൾ കാണാതെ പോകരുത്. ജോലി ചെയ്യാതെ കൂലി പറ്റുന്നവരല്ല കെ.എസ്.ഇ.ബി. തൊഴിലാളികൾ. ഒരു രണ്ടു ശതമാനം പേർക്കു സംഭവിക്കുന്ന പിശകുകൾക്ക് തൊഴിലാളികളാകെ ഒരു വക സാമൂഹ്യ വിരുദ്ധരാണ് എന്ന മുൻവിധി ഉണ്ടാകരുത്. വലിയ തെറ്റാണത്. വലിയ കനിവിന്റെ ഹൃദയമുള്ള തൊഴിലാളികളാണവർ. കോവിഡ് പ്രതിരോധത്തിനു മാത്രം 15 കോടി രൂപ ഇതു വരെ ദുരിതാശ്വാസ നിധിയിലേക്കു സ്വന്തം വേതനത്തിൽ നിന്നും സംഭാവന നൽകി. തൊഴിലാളി സംഘടനകൾ വേറെയും നൽകി. കെ.എസ്.ഇ.ബി. കോർപ്പറേറ്റ് തലത്തിൽ ആരോഗ്യ വകുപ്പിനായി ഒരുക്കിയ മെഡിക്കൽ സൗകര്യം വേറേ.

എന്റെ മാതാവ് ഒൻപത് മക്കളുണ്ടായിരുന്ന ഒരു കുടുംബത്തിൽപ്പെട്ടയാളാണ്. റെയിൽവേ ലോക്കോ അസിസ്റ്റന്റായിരുന്നു അവരുടെ പിതാവ്. നേരത്തേ പഠിത്തം നിറുത്തി റെയിൽവേയിൽ ലോക്കോ അസിസ്റ്റന്റായി ചെറു പ്രായത്തിൽ തന്നെ തൊഴിലിൽ ചേർന്നാണ് സഹോദരങ്ങൾ അമ്മയുടെ പഠനത്തെ സഹായിച്ചത്. സഹോദരങ്ങൾ ഉന്നത വിദ്യാഭ്യാസം ചെയ്യാതെ തൊഴിലിൽ നേരത്തേ ഏർപ്പെട്ടതു കൊണ്ടാണ് പഠിക്കാൻ സമർത്ഥയായിരുന്ന അമ്മ ബിരുദാനന്തര ബിരുദം നേടിയത്. അവർ അദ്ധ്യാപികയായതുകൊണ്ടാണ് പഠിക്കാനുള്ള വലിയ സാഹചര്യം വീട്ടിൽ ഉണ്ടായത്. അതുകൊണ്ട് കൂടിയാണ് പീന്നീട് അവർ പഠിപ്പിച്ച വിഷയം തന്നെ ഐശ്ചികമായി എടുത്ത് ഐ.എ.എസ്. നേടിയത്. ലോക്കോ പൈലറ്റായി തൊഴിൽ ചെയ്ത അമ്മയുടെ സഹോദരൻ അന്നാ സഹായം ചെയ്തില്ലെങ്കിൽ പലതും ഈ വിധത്തിൽ തന്നെ കലാശിക്കണം എന്നില്ല .

മറ്റൊരു രീതിയിൽ പറഞ്ഞാൽ ഐ.എ.എസ്. പരീക്ഷയിൽ എനിക്ക് ലഭിച്ച മികവ് പൂർണ്ണമായും എന്റേതല്ല. മറ്റു ചിലർ കലാലയത്തിൽ ഉല്ലസിക്കേണ്ട കാലത്തേ തൊഴിലിൽ ചേർന്നു കഠിനാധ്വാനം ചെയ്തതിന്റെ ഫലം കൂടിയാണ്.

അന്നവരൊക്കെ ഇന്ത്യൻ റെയിൽവേയിൽ ചേരുമ്പോൾ ട്രെയിനിന് കൽക്കരിയുടെ എഞ്ചിനാണ്. ഡീസൽ കഷ്ടിച്ച് കടന്നുവന്നിരുന്നതേയുള്ളു. ഷോലേ സിനിമയിൽ കാണുന്ന പോലെ നല്ല ചൂടിൽ വേണം ലോക്കോ സ്റ്റാഫ് ട്രയിൻ ചലിപ്പിക്കുന്നത്. നല്ല ശാരീരിക ശേഷിയും വേണം! ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന അവരുടെ കരിപുരണ്ട മങ്ങിയ ചിത്രങ്ങൾ ഓർമ്മയിലുണ്ട്. എഞ്ചിന്റെ 'ഹൂട്ടർ' സ്ഥിരമായി അടുത്തു നിന്നു കേൾക്കുന്നതിനാൽ അവരുടെ കേൾവിശക്തി ബാധിക്കും ഇന്നും കഠിനമായ റെയിൽ ജിവിതത്തിന്റെ ശേഷിപ്പുകൾ അവരുടെ വാർദ്ധക്യത്തിൽപ്പോലും ഉണ്ട്. അവരുടെ കർമ്മപഥത്തിൽ പതിയെ വിടർന്നു വരുന്ന ഒരില മാത്രമാണ് ഒരു തലമുറ മാറുമ്പോൾ നമുക്ക് ലഭിക്കുന്ന ചെറിയ അറിവ്, വളർച്ച, സ്ഥാനം.

ഒരു ഗുണമുണ്ടായത്, അതുകൊണ്ട് കെ.എസ്.ഇ.ബി.യിലെ തൊഴിലാളികളായ എന്റെ സഹപ്രവർത്തകരെ കാണുമ്പോൾ അവർ ചെയ്ത പ്രവർത്തിയുടെ വലുപ്പവും ത്യാഗത്തിന്റെ മഹത്വവുമാണ് ഓർക്കാറുള്ളത്. എത്രയോ നിസ്സാരമാണ് എല്ലാ സൗകര്യങ്ങളിൽ നിന്നും വരുന്ന എന്റെ നിസ്സാരമായ വിദ്യാഭ്യാസവും സ്ഥാനവും ഒക്കെ. എനിക്ക് ഒരു എഞ്ചിനും സുരക്ഷിതമായി പരിപാലിക്കാനോ നീക്കാനോ അറിഞ്ഞുകൂട. ഒരു ജനറേറ്ററും ചലിപ്പിക്കാനും. ഞാൻ ഹോട്‌ലൈനിൽ കയറിയാൽ ഒരു ദുരന്തമല്ലാതെ ഒന്നും സംഭവിക്കില്ല. സ്വയം ഓടിക്കുന്ന കാർ നിലച്ചു പോയാലും ഹൂഡ് തുറന്നു നോക്കാൻ പോലും അറിയില്ല! തികഞ്ഞ പ്രായോഗിക അജ്ഞതയിലാണ് പൊതുവിൽ അക്കാദമിക മികത്വം പ്രവർത്തിക്കുക! ഇതെല്ലാം സുരക്ഷിതമായി മികവോടെ ചെയ്തു തീർക്കുന്ന തൊഴിലാളി നമ്മുടെ ആദരവും മാന്യമായ വേതനവും അർഹിക്കുന്നു.

നമ്മുടെ മുൻവിധികളും ഔപചാരിക വിദ്യാഭ്യാസത്തിലുള്ള അന്ധമായ വിശ്വാസവും അവരെ മാനസികമായി തളർത്താൻ പോന്ന അഹന്ത നമുക്ക് തരരുത്.

അദ്ധ്വാനിക്കുന്നവരെ ബഹുമാനിക്കുകയും മാന്യമായ വേതനം നൽകുകയും ചെയ്യാതെ ഒരു സമൂഹവും മുന്നോട്ടു പോകില്ല. തൊഴിലാളിയെ കേവലം അക്കാദമികമായ പഠിപ്പിന്റെ ഹുങ്കിൽ നമ്മൾ പുച്ഛിക്കരുത്. അവരുടെ അർപ്പണ ബുദ്ധിയുടെ അടിത്തറയിലേ ഏത് അക്കാദമിക മികവിന്റെ മച്ചും പ്രവർത്തിക്കൂ. ഒരു സാഹചര്യത്തിലും തെറ്റിദ്ധാരണകൾ പരത്തി ജനങ്ങളെ അവർക്കെതിരാക്കുകയും ചെയ്യരുത്.

എല്ലാവർക്കും നന്ദി.

ഡോ. ബി. അശോക്, ഐ.എ.എസ്
ചെയർമാൻ & മാനേജിങ് ഡയറക്ടർ,
കെ.എസ്.ഇ.ബി.എല്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP