Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുൾ പോരേ? കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ വന്ദേഭാരത് എന്ന് നോക്കേണ്ടത് അത്യാവശ്യം; ശശി തരൂർ ഈ പറഞ്ഞത് പിണറായി കേൾക്കണം; ഇനി കെ റെയിൽ ഉപേക്ഷിക്കാം

180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുൾ പോരേ? കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ വന്ദേഭാരത് എന്ന് നോക്കേണ്ടത് അത്യാവശ്യം; ശശി തരൂർ ഈ പറഞ്ഞത് പിണറായി കേൾക്കണം; ഇനി കെ റെയിൽ ഉപേക്ഷിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂരായിരുന്നു വികസന കാഴ്ചപ്പാടുള്ള രാഷ്ട്രീയത്തിലെ സിപിഎം കണ്ട പ്രധാന മുഖം. ജനങ്ങളുടെ മനസ്സ് അറിയാവുന്ന ജന വികാരം പങ്കുവയ്ക്കുന്ന നേതാവ്. കെ റെയിലിനെ തരൂർ പിന്തുണച്ചതായിരുന്നു ഇതിന് കാരണം. കോൺഗ്രസിന്റെ വിമർശനത്തെ തകർക്കാൻ തരൂരായിരുന്നു സിപിഎമ്മിന്റെ ആയുധം. ആ തരൂർ നിലപാട് മാറ്റുകയാണ്. ഇതിനേയും ജന വികാരമായി കാണുമോ സിപിഎം? അങ്ങനെ സംഭവിച്ചാൽ കെ റെയിൽ ചർച്ചകൾ ഇവിടെ അവസാനിക്കും.

കെ-റെയിൽ പദ്ധതിയിൽ നിലപാട് മാറ്റവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രംഗത്തു വരികയാണ്. വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് തരൂർ പറയുന്നു. മൂന്നുവർഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികൾ പുറത്തിറക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധയോടെ പരിശോധിക്കേണ്ട പ്രസ്താവനയാണ് തരൂരിന്റേത്. ആളുകളെ ബുദ്ധിമുട്ടിലാക്കി കെ റെയിൽ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന വിലയിരുത്തലാണ് വന്ദേഭാരത് ചർച്ചയാക്കുന്നത്.

ഇത് തന്നെയാണ് തരൂരും പ്രതിഫലിപ്പിക്കുന്നത്. കെ-റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ചതിന് തരൂരിനെതിരെ നേരത്തെ കോൺഗ്രസ് നടപടിക്കൊരുങ്ങിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ രൂക്ഷ വിമർശനമാണ് തരൂരിനെതിരെ ഉയർത്തിയിരുന്നത്. തരൂരിനോട് നിലപാട് മാറ്റണമെന്നും ആവശ്യപ്പെട്ടു. തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ നടപടി എടുക്കാൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കെ-റെയിൽ പുനഃപരിശോധിക്കണമെന്ന നിലപാടിലേക്ക് തരൂർ എത്തിചേർന്നിരിക്കുന്നത്. വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

'ഇന്ന് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതി ഇപ്പോൾ കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കെ-റെയിൽ സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ് ' തരൂർ ഫേസ്‌ബുക്കിൽ കുറിച്ചു.

വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

400 വന്ദേഭാരത് തീവണ്ടികൾ അനുവദിച്ചെങ്കിലും ഏതൊക്കെ റൂട്ടിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിന് രണ്ടു തീവണ്ടികളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗത്തിൽ ഓടാനാകുന്ന വന്ദേഭാരത് എക്സ്‌പ്രസ് ലഭിച്ചാൽ കേരളത്തിൽ സിൽവർലൈനിന്റെ പ്രസക്തി വീണ്ടും ചോദ്യംചെയ്യപ്പെടുമെന്നതാണ് വസ്തുത. ഇതാണ് തരൂരും ചർച്ചയാക്കുന്നത്.

ബജറ്റിൽ ഉൾപ്പെടുത്താത്തതുകൊണ്ട് സിൽവർലൈനിന് അനുമതി നിഷേധിച്ചെന്ന ധാരണ സർക്കാരിനില്ല. വിശദപദ്ധതിരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിശോധിച്ച് നിതി ആയോഗിന്റെ അഭിപ്രായത്തോടെ അംഗീകാരത്തിനായി കേന്ദ്രമന്ത്രിസഭയ്ക്ക് സമർപ്പിക്കണം. നടപടികൾ വേഗത്തിലാക്കാൻ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP