Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭിന്നശേഷിക്കാരായ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ശശിധരൻ പിള്ളയും ഭാര്യ പ്രസന്നയും; ഭർത്താവിന്റെ രോഗവും സാമ്പത്തിക പ്രശ്‌നവും ആ അമ്മയെ തളർത്തി; എല്ലാ പ്രതീക്ഷയും തകർന്നപ്പോൾ മക്കളുമൊത്ത് ആത്മഹത്യ; താമരക്കുളത്തുകാർക്ക് ഈ അച്ഛനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല

ഭിന്നശേഷിക്കാരായ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ശശിധരൻ പിള്ളയും ഭാര്യ പ്രസന്നയും; ഭർത്താവിന്റെ രോഗവും സാമ്പത്തിക പ്രശ്‌നവും ആ അമ്മയെ തളർത്തി; എല്ലാ പ്രതീക്ഷയും തകർന്നപ്പോൾ മക്കളുമൊത്ത് ആത്മഹത്യ; താമരക്കുളത്തുകാർക്ക് ഈ അച്ഛനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: താമരക്കുളത്ത് അമ്മയെയും രണ്ടു മക്കളെയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ കലമോൾ (34), മീനുമോൾ (32)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശശിധരൻപിള്ള (66) ഒരു മാസമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടുപേരുടെ മൃതദേഹങ്ങൾ കട്ടിലിലും ഒരാളുടെ മൃതദേഹം തറയിലുമായാണ് കണ്ടത്. മക്കളുടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവും സാമ്പത്തിക പ്രയാസവും കാരണമാണ് ഈ കുടുംബം ജീവനൊടുക്കിയതെന്നാണ് വിലയിരുത്തൽ.

പ്രസന്ന മക്കളോടൊപ്പം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിനും ലഭിക്കുന്ന സൂചനകൾ. കലമോളും മീനുമോളും മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നു. കലമോൾക്ക് ശാരീരിക വെല്ലുവിളികളുമുണ്ടായിരുന്നു. മീനുമോൾ വിവാഹിതയായിരുന്നെങ്കിലും പിന്നീട് വിവാഹമോചിതയായി. ഇതെല്ലാം കുടുംബത്തെ തളർത്തി. ഇതിനൊപ്പമാണ് ഭർത്താവിന്റെ അസുഖവുമെത്തിയത്.

ഇന്നലെ രാവിലെ എട്ടരയോടെ ഇവർക്ക് ഭക്ഷണവുമായെത്തിയ, പ്രസന്നയുടെ സഹോദരി സുജാതയാണ് വീടിന്റെ മുന്നിലെ ജനാലച്ചില്ലുകൾ പുകപിടിച്ചു പൊട്ടിച്ചിതറിക്കിടക്കുന്നതു കണ്ടത്. സുജാതയുടെ നിലവിളി േകട്ട് നാട്ടുകാർ വീടിന്റെ വാതിൽ തള്ളിത്തുറന്നു നോക്കുമ്പോൾ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടത്.

കട്ടിലുകൾ പൂർണമായും കത്തിയമർന്നു. മുറിയിലുണ്ടായിരുന്ന ഫർണിച്ചറും കത്തിയ നിലയിലായിരുന്നു. മുറിയുടെ ജനാലകളും ഗ്രില്ലുകളും തകർന്നു. പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഫൊറൻസിക് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ ഉച്ചയ്ക്ക് രണ്ടിന് മോർച്ചറിയിലേക്ക് മാറ്റി.

വെരിക്കോസിസിന്റെ ഓപ്പറേഷനെ തുടർന്ന് ശശിധരൻപിള്ള ഒരു മാസമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസന്ന ദിവസവും രാവിലെ ശശിധരൻ പിള്ളയ്ക്ക് ഭക്ഷണവുമായി ആശുപത്രിയിൽ പോയി വൈകുന്നേരം മടങ്ങി വരികയായിരുന്നു പതിവ്. ഇന്നലെ രാവിലെ 8.30ന് പെണ്മക്കൾക്കും പ്രസന്നയ്ക്കുമുള്ള ഭക്ഷണവുമായി സഹോദരിയും അയൽവാസിയുമായ സുജാത എത്തിയപ്പോൾ വീടിന്റെ ജനൽ കത്തിക്കരിഞ്ഞ് ചില്ലുകൾ പൊട്ടിക്കിടക്കുന്നതും മുറിയിൽ നിന്ന് പുകയരുന്നതും കണ്ടു.

സംശയം തോന്നിയ സുജാത ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഇവർ ബഹളം വച്ചതോടെ പഞ്ചായത്തംഗം ശോഭ സജി ഉൾപ്പെടെയെത്തി മുന്നിലെ വാതിൽ തുറന്നു. രണ്ടു മൃതദേഹങ്ങൾ കട്ടിലിലും ഒരാളുടേത് നിലത്തുമാണ് കിടന്നിരുന്നത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും കത്തിയമർന്നിരുന്നു.പ്രമേഹ രോഗിയായ പ്രസന്നയ്ക്ക് രോഗം മൂർച്ഛിച്ചത് കാരണം കാഴ്ച കുറഞ്ഞിരുന്നു. കന്നുകാലികളിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏകആശ്രയം.

സമീപത്ത് മറ്റ് വീടുകളില്ലാത്തതാണ് സംഭവം നേരത്തേ പുറത്തറിയാതിരിക്കാൻ കാരണം. മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവും പ്രസന്നകുമാരിയെ അലട്ടിയിരുന്നു. സിനിമ കഴിഞ്ഞ് രാത്രി 12ന് സമീപത്തുള്ള റോഡിലൂടെ പോകുമ്പോൾ മാംസം കരിയുന്ന ഗന്ധം അനുഭവപ്പെട്ടിരുന്നതായി പച്ചക്കാട് സ്വദേശിയായ യുവാവ് പൊലീസിനോട് പറഞ്ഞു.

സംഭവസ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതായും, ഫോറൻസിക് പരിശോധനയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വന്നതിനു ശേഷമേ സംഭവത്തിൽ വ്യക്തത വരൂവെന്നും ജില്ല പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. കലമോളും മീനുമോളും താമരക്കുളം ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിൽ പോകുന്നുണ്ടായിരുന്നു.

ഭിന്നശേഷിക്കാരായ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ശശിധരൻ പിള്ളയും ഭാര്യ പ്രസന്നയും. ശശിധരൻ പിള്ള ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. പ്രസന്ന തൊഴിലുറപ്പ് തൊഴിലിന് പോയും പശുവളർത്തിയുമാണ് കുടുംബം നോക്കിയിരുന്നത്. രണ്ടു മക്കളെ അടുത്തുള്ള ബഡ്‌സ് സ്‌കൂളിൽ ചേർത്തിരുന്നു. സംഭവമറിഞ്ഞ് വീട്ടിൽ എത്തി എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുന്ന ശശിധരൻ പിള്ളയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കുമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP