Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട; ഭേദഗതി കൊണ്ടുവന്നത് നിലവിലെ നിയമത്തിൽ ഭരണഘടനാ വിരുദ്ധ വകുപ്പ് ഉള്ളതുകൊണ്ടെന്ന് വാദം; ഗവർണർക്ക് മറുപടി നൽകി സംസ്ഥാന സർക്കാർ; എജിയുടെ നിയമോപദേശവും കൈമാറി; ഓർഡിനൻസ് നിയമത്തിന്റെ പല്ലും നഖവും കൊഴിച്ചുകളയുന്നതെന്ന് പ്രതിപക്ഷം; ഇനി പന്ത് ഗവർണറുടെ കോർട്ടിൽ

ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട; ഭേദഗതി കൊണ്ടുവന്നത് നിലവിലെ നിയമത്തിൽ ഭരണഘടനാ വിരുദ്ധ വകുപ്പ് ഉള്ളതുകൊണ്ടെന്ന് വാദം; ഗവർണർക്ക് മറുപടി നൽകി സംസ്ഥാന സർക്കാർ; എജിയുടെ നിയമോപദേശവും കൈമാറി; ഓർഡിനൻസ് നിയമത്തിന്റെ പല്ലും നഖവും കൊഴിച്ചുകളയുന്നതെന്ന് പ്രതിപക്ഷം; ഇനി പന്ത് ഗവർണറുടെ കോർട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. ഗവർണർക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ലോകായുക്ത നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പുണ്ടെന്നും മറുപടിയിൽ പറയുന്നു. നിയമത്തിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണ്. എ.ജിയുടെ നിയമോപദേശവും സർക്കാർ ഗവർണർക്ക് കൈമാറി.

മന്ത്രിസഭാ അംഗീകരിച്ച ലോകായുക്താ നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നൽകിയ നിവേദനങ്ങൾ ഗവർണർ സർക്കാരിന് കൈമാറിയിരുന്നു. ഇതിനാണ് സർക്കാർ വിശദീകരണം നൽകിയിരിക്കുന്നത്. ലോകായുക്ത നിയമഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടണം എന്നാണ് പ്രതിപക്ഷത്തിന്റെ ഒരു ആവശ്യം. എന്നാൽ ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നാണ് ഇപ്പോൾ സർക്കാർ ഗവർണറെ അറിയിച്ചിരിക്കുന്നത്.

ലോകായുക്താ നിയമഭേദഗതി നിയമം 1999 നിലവിൽ വന്നപ്പോൾ പലതവണ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും രാഷ്ട്രപതിയുടെ അനുമതി ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇതിനും രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

വിശദീകരണത്തിൽ ഗവർണറുടെ തുടർനിലപാട് നിർണായകമാവും. ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞ് ഇന്ന് വൈകീട്ടോടെയാണ് ഗവർണർ തിരുവനന്തപുരത്ത് എത്തിയത്. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണോ അല്ലയോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതികളിൽ വിശദീകരണം വേണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരം സർക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത് ലോകായുക്ത സംവിധാനത്തെ തന്നെ ദുർബലപ്പെടുത്തുമെന്നുമാണ് വിമർശനം. സർക്കാർ നിലപാട് വ്യക്തമാക്കാൻ നിയമമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിക്കുകയും ചെയ്തിരുന്നു.

അഴിമതി, സ്വജന പക്ഷപാതം തുടങ്ങി പൊതുപ്രവർത്തകർക്ക് എതിരായ ആരോപണങ്ങൾ പരിഗണിക്കുന്ന ലോകായുക്ത ഈ ആരോപണങ്ങളിൽ കുറ്റം തെളിഞ്ഞാൽ ആരോപിതനായ പൊതുപ്രവർത്തകൻ സ്ഥാനത്തിരിക്കാൻ അയോഗ്യനാണെന്ന വിധി നടപ്പാക്കേണ്ടിവരുന്നതാണ് നിലവിലെ രീതി. അഴിമതി ലോകായുക്തയിൽ തെളിഞ്ഞാൽ അവർക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്ന് ലോകായുക്തയ്ക്ക് പ്രഖ്യാക്കാം. ഇതനുസരിച്ച് അവർ സ്ഥാനത്തുനിന്ന് മാറിയ ശേഷമേ അപ്പീൽ അധികാരിയായ ഹൈക്കോടതിയെ സമീപിക്കാൻ കഴിയൂ. ലോകായുക്തയുടെ ഈ അധികാരം ഭരണഘടനാ വിരുദ്ധമാണെന്നുമാണ് സർക്കാരിന്റെ നിലപാട്. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് എതിരെ ലോകായുക്തയ്ക്ക് മുന്നിലുള്ള പരാതിയിൽ തിരിച്ചടി ഭയന്നാണ് സർക്കാരിന്റെ തിരക്കിട്ട നീക്കം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

ലോകായുക്തനിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് സർക്കാർ

ലോകായുക്തനിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മറിച്ചുള്ള പ്രതിപക്ഷവാദം തെറ്റാണെന്നും മന്ത്രി വാദിക്കുന്നു. ലോകായുക്ത നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന അഭിപ്രായത്തിന് നിയമപരമായ സാംഗത്യമോ നിലനിൽപ്പോ ഇല്ല. 2013 ൽ ഇന്ത്യൻ പാർലമെന്റ് ലോക്പാൽ ബിൽ പാസാക്കി . ആ ബില്ലിന്റെ പാർട്ട് 3 ൽ, എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു.

അങ്ങനെ പാസാക്കേണ്ട സംസ്ഥാന നിയമത്തിന്റെ മാതൃകയും അതിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ലോകസഭയിൽ ബില്ല് ചർച്ച ചെയ്ത് പാസാക്കിയപ്പോൾ ഒരു ഭേദഗതി വരുത്തി. സമ്മതമുള്ള സംസ്ഥാനങ്ങൾക്ക് മാത്രമേ കേന്ദ്ര ബില്ലിൽ നിഷ്‌കർഷിക്കുന്ന സംസ്ഥാന നിയമത്തിന്റെ മാതൃക ബാധകമാക്കാവൂ എന്നതായിരുന്നു ആ ഭേദഗതി. നിശ്ചിത മാതൃകയിൽ തന്നെ സംസ്ഥാനങ്ങൾ നിയമം പാസാക്കണം എന്ന വ്യവസ്ഥ സംസ്ഥാന അധികാരത്തിലുള്ള കടന്നു കയറ്റമാവുമെന്നതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള സ്വാതന്ത്ര്യം നിലനിർത്തണമെന്ന് രാജ്യസഭാ സെലക്ട് കമ്മിറ്റിയും അഭിപ്രായപ്പെട്ടു.

ഇതെത്തുടർന്ന് സെലക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ വച്ചപ്പോൾ പാർട്ട് 3 ൽ മാറ്റം വരുത്തി. ഒരു വർഷത്തിനുള്ളിൽ എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണം എന്നതൊഴികെ മറ്റെല്ലാ വ്യവസ്ഥകളും ഒഴിവാക്കി. അങ്ങനെ 2013 ൽ പാർലമെന്റ് നിയമം പാസാക്കിയപ്പോൾ ലോക്പാൽ നിയമം സംസ്ഥാനത്തിന്റെ പൂർണ അധികാരമാണെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയുണ്ടായി.

2000 ൽ കേരളം നിയമത്തിൽ ഭേദഗതി വരുത്തിയപ്പോഴും രാഷ്ട്രപതിയുടെ അനുമതി വാങ്ങിയിട്ടില്ല. 1968 നു ശേഷം പലതവണ ലോക്പാൽ ബില്ലുകൾ വന്നിരുന്നു. 2013 ൽ പാർലമെന്റ് നിയമം പാസാക്കിയതോടെ ഇക്കാര്യത്തിൽ പൂർണ വ്യക്തത കൈവന്നു. നിയമനിർമ്മാണത്തിന് സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകിക്കൊണ്ടാണ് പാർലമെന്റ് നിയമം പാസാക്കിയത്. ലോകായുക്ത നിയമം പാസാക്കാനും ഭേദഗതി ചെയ്യാനുമുള്ള അധികാരം സംസ്ഥാനത്തിനാണ് പൂർണമായും ഉള്ളത്.

ഭേദഗതി വന്നാലും റിപ്പോർട്ട് നൽകാനുള്ള അധികാരം ലോകായുക്തക്ക് തന്നെയാണ്. ചില സംസ്ഥാനങ്ങൾ ലോകായുക്ത നിയമത്തിന്റെ മൂർച്ച വല്ലാതെ കുറച്ചിട്ടുണ്ട്. ചിലർ മുഖ്യമന്ത്രിയെ ഒഴിവാക്കി, ചിലർ മന്ത്രിമാരെയും ഒഴിവാക്കി. ഈ വിധത്തിലൊരു നടപടിയും കേരളത്തിൽ സ്വീകരിച്ചിട്ടില്ല. പൂർണമായിട്ടും എല്ലാവരും നിയമത്തിന്റെ പരിധിക്കകത്താണ്. ലോകായുക്ത ഒരു ക്വാസി ജുഡീഷ്യറി സംവിധാനമാണ്. നിയമസഭ പാസാക്കുന്ന ബില്ലിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്നൊരു സംവിധാനത്തിന് ഭരണഘടനാ പദവിയിലിരിക്കുന്നൊരാളെ അയോഗ്യനാക്കാൻ സാധിക്കില്ല. അങ്ങനെ സാധിക്കുന്നുണ്ടെങ്കിൽ അത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം, ശ്രദ്ധയിൽ വന്നയുടനെ ഭരണഘടനാ വിധേയമാക്കാൻ ശ്രമിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP