Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലശേരി നഗരത്തിൽ അജ്ഞാതർ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചതിൽ ദുരൂഹത; ക്യാമറ രാഷ്ട്രീയ സംഘർഷം ഉള്ള പ്രദേശങ്ങളിലും; അന്വേഷണവുമായി പൊലീസ്

തലശേരി നഗരത്തിൽ അജ്ഞാതർ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചതിൽ ദുരൂഹത; ക്യാമറ രാഷ്ട്രീയ സംഘർഷം ഉള്ള പ്രദേശങ്ങളിലും; അന്വേഷണവുമായി പൊലീസ്

അനീഷ് കുമാർ

തലശേരി: തലശേരി നഗരത്തിന്റെ ചിലഭാഗങ്ങളിൽ അജ്ഞാത സംഘം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തുന്നുവെന്ന പരാതിയിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ അജ്ഞാത സംഘം സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതായി കഴിഞ്ഞ ദിവസം പൊതുപ്രവർത്തകർ പരാതിയുയർത്തിയിരുന്നു. ഇതു പിന്നീട് വിവാദമായപ്പോഴാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചത്. സി.സി.ടി.വി ക്യാമറകൾ ചില വ്യാപാര സ്ഥാപനങ്ങളിൽ കടയുടമകൾ സ്വയം സുരക്ഷയ്ക്കായി സ്ഥാപിക്കാറുണ്ടെങ്കിലും ഇപ്പോൾ കണ്ടെത്തിയ ക്യാമറകൾ അങ്ങനെയല്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

തലശേരി പഴയ ബസ് സ്റ്റാൻഡിലെ ട്രാഫിക് പൊലിസ് സ്റ്റേഷന് തൊട്ടു മുൻപിലും സമീപമുള്ള മെയിൻ റോഡിലെ ഒരു ആയുർവേദ സ്ഥാപന പരിസരത്തുമാണ് ഏറെ ദുരൂഹതയുള്ള ക്യാമറകൾ കണ്ടെത്തിയത്. ഇതിലൊന്ന് തലശേരി പൊലീസിന്റെ സി. സി. ടിവി ക്യാമറ സ്ഥാപിച്ചിരുന്ന തൂണിലും മറ്റൊന്ന് മെയിൻ റോഡിലെ വൈദ്യുതി തൂണിലുമാണ് സ്ഥിതി ചെയ്യുന്നത്.

ക്യാമറകളിൽ ഒന്നിന്റെ ഫോക്കസ് ലോഗൻസ് റോഡ് ഭാഗത്തെ ദൃശ്യങ്ങളും കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിന്റെ ദൃശ്യങ്ങളും തലശേരി ഗവ. ആശുപത്രി ഭാഗത്തേക്ക് നീളുന്ന റോഡിലെ ദൃശ്യങ്ങളും പതിയുന്ന തരത്തിലാണ്. ഹൈ ഫോക്കസ് കമ്പനിയുടെ സിംഗിൾ ക്യാമറയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്്. ഇതിനായി പ്രത്യേക പവർ ബാങ്കും മെമ്മറി കാർഡ് സംവിധാനവുമുണ്ട്.

വൈഫൈ വഴിയാണ് ദൃശ്യ ശേഖരണം. ബായ്ക്കപ്പ് മെമ്മറി കുറയുമെങ്കിലും കുറച്ച് ദിവസത്തെ നിരന്തര നിരീക്ഷണത്തിന് ഇതുപകരിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പൊലീസ് അന്വേഷണത്തിൽ നഗരസഭാധികൃതരോ വിവിധ സംഘടനകളോ ഇവിടെ ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്നാണ് വിവരം. രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുന്ന തലശേരി നഗരം കേന്ദ്രീകരിച്ചു സ്വർണക്കടത്ത് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.

കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകാരും ഇത് തട്ടിയെടുക്കുന്ന ഗുണ്ടാസംഘങ്ങളും തലശേരി വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും അന്വേഷണ വിധേയമാക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പൊലീസ് നഗരത്തിൽ 40 സി. സി. ടിവി ക്യാമറകൾ സ്ഥാപിച്ചിരുെന്നങ്കിലും ഇതിൽ ഒന്നുപോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ആർ. എസ്. എസ് - പോപ്പുലർ ഫ്രണ്ട് സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് തലശേരി. കഴിഞ്ഞ ഡിസംബർ ഒന്നിന് കെ.ടി. ജയകൃഷ്ണൻ ബലിദാനദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ച പ്രകടനത്തിൽ ഉയർന്ന വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നതിനെ തുടർന്ന് തലശേരി നഗരത്തിൽ ഇരുവിഭാഗങ്ങളുംപരസ്യമായ ഏറ്റുമുട്ടലിന്റെ വക്കത്ത് എത്തിയിരുന്നു. പൊലിസ് കർശന നടപടികളുമായി രംഗത്തിറങ്ങിയതോടെയാണ് സ്ഥിതി ശാന്തമായത്. ഇപ്പോൾ സ്ഥാപിക്കപ്പെട്ട അജ്ഞാത ക്യാമറകൾക്കു പിന്നിൽ ചില തീവ്രവാദ സംഘടനകളുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP