Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചു; കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണംചെയ്തു; സ്ത്രീകളുടെ വിവാഹ പ്രായം 21ആയി ഉയർത്തുന്നത് തുല്യതക്കായി; കാർഷിക- സാമ്പത്തിക മേഖലയിലെ വളർച്ചകൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചു; കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണംചെയ്തു; സ്ത്രീകളുടെ വിവാഹ പ്രായം 21ആയി ഉയർത്തുന്നത് തുല്യതക്കായി; കാർഷിക- സാമ്പത്തിക മേഖലയിലെ വളർച്ചകൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വങ്ങളെയും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ വാക്സിനേഷൻ പരിപാടിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകൾ വിതരണംചെയ്തു. ഏറ്റവുമധികം ഡോസ് വാക്സിനുകൾ നൽകിയ രാജ്യങ്ങളിൽ ഒന്നായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചു.

കോവിഡ് മഹാമാരി രാജ്യത്തെ നിരവധി പേരുടെ ജീവനെടുത്തു. ഇത്തരമൊരു സാഹചര്യത്തിൽപോലും കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഡോക്ടർമാർ, നേഴ്സുമാർ, ശാസ്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ ഒരുമയോടെ പ്രവർത്തിച്ചു. അവർക്കെല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.

സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനായി സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽനിന്ന് 21 വയസ്സായി ഉയർത്തുന്നതിന് നിയമനിർമ്മാണം നടത്താൻ സർക്കാരിന് സാധിച്ചെന്ന് രാഷ്ട്പതി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ഉജ്ജ്വല യോജന, മുദ്ര യോജന, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികൾ ചൂണ്ടിക്കാട്ടി സ്ത്രീശാക്തീകരണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ആയുഷ്മാൻ ഭാരത്, ജൻ ഔഷധി കേന്ദ്ര, ഗരീബ് കല്യാൺ യോജന, പിഎം സ്വനിധി യോജന തുടങ്ങിയ സർക്കാർ പദ്ധതികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും രാഷ്ട്രപതി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

കാർഷിക മേഖലയിൽ വലിയ നേട്ടമുണ്ടായെന്ന് രാഷ്ട്രപതി പറഞ്ഞു. കാർഷിക കയറ്റുമതിയിൽ നല്ല വളർച്ചയുണ്ടായി. 11 കോടി കർഷകർക്ക് കിസാൻ സമ്മാൻ നിധിയിലൂടെ പണം നൽകി. കുടിവെള്ള വിതരണ പദ്ധതി വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. നദീസംയോജന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി വ്യക്തമാക്കി.ലോകത്തിലെ മൊബൈൽ ഫോൺ ഉത്പാദകരിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇലക്ട്രോണിക്‌സ്, ടെക്‌നോളജി എന്നിവയുടെ വളർച്ചയുടെ ഫലമായി അന്താരാഷ്ട്രപരമായി നേതൃസ്ഥാനത്തിലെത്തി. തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ചു. ഇന്ത്യ വേഗത്തിൽ വികസിക്കുന്ന സമ്പദ്വ്യവസ്ഥയായി മാറി.

7000 സ്റ്റാർട്ട് അപ്പുകളിലൂടെ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ ലഭിച്ചുവെന്നും രാഷ്ട്രപതി അറിയിച്ചു.സാമ്പത്തിക മേഖല കുതിക്കുകയാണ്. ജി എസ് ടി വരുമാനം മുൻ വർഷങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചു. കയറ്റുമതിയിൽ ഒന്നരയിരട്ടി വർദ്ധനവ് ഈ വർഷം നേടാൻ സാധിച്ചു. 11 കോടി കർഷകർക്ക് 6000 രൂപ വീതം പ്രതിവർഷം നൽകി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുന്നു. എട്ട് കൊല്ലത്തിനിടെ അരലക്ഷം കിലോമീറ്റർ ഹൈവേ പൂർത്തിയാക്കി. ഡൽഹി- മുംബയ് എക്സ്‌പ്രസ് വേ രാജ്യത്തെ ഏറ്റവും നീളമേറിയ എക്സ്‌പ്രസ് വേയാകുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട വ്യവസായ മേഖലയിൽ ഒന്നരക്കോടി തൊഴിൽ സംരക്ഷിച്ചു. സാമ്പത്തിക തൊഴിൽ രംഗത്തെ പരിഷ്‌കരണം ഇനിയും തുടരും. രാജ്യസുരക്ഷയ്ക്കും സർക്കാർ വളരെ പ്രധാന്യം നൽകുന്നു. രാജ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. സൈനിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കും. സേനകളുടെ ആധുനിക വത്ക്കരണത്തിൽ 85 ശതമാനം പങ്ക് തദ്ദേശ സ്ഥാപനങ്ങൾക്കായി നിശ്ചയിക്കുമെന്നും നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി വ്യക്തമാക്കി.

രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തികസർവേ ലോക്‌സഭയിൽ വെക്കും. ചൊവ്വാഴ്ച രാവിലെ ലോക്‌സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച ലോക്‌സഭയിൽ ബുധനാഴ്ച ആരംഭിക്കും. നാലുദിവസമാണ് ചർച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചർച്ചയ്ക്കു മറുപടി പറയും.

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കാരണം ബുധനാഴ്ചമുതൽ രാജ്യസഭ രാവിലെ 10 മുതൽ മൂന്നരവരെയും ലോക്‌സഭ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയുമാണ് ചേരുക. അതേസമയം, പ്രസംഗത്തിനിടെ പെഗസ്സസ് വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ഉയർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP