Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താജ് ഹോട്ടലുണ്ടാക്കി വെള്ളക്കാർക്കും നായ്ക്കൾക്കും പ്രവേശനമില്ല എന്നെഴുതിയ ജാംഷെഡ്ജി; എയർ ഇന്ത്യ തുടങ്ങിയ ജെ.ആർ.ഡി; ജാഗ്വറിനെയും ലാൻഡ് റോവറിനെയും വാങ്ങി ഞെട്ടിച്ച രത്തൻ ടാറ്റ; ലാഭത്തിന്റെ 70 ശതമാനവും ചാരിറ്റിക്ക്; ഹുമത ഹുക്ത ഹവർഷത... ഇന്ത്യയുടെ വികാരമായ ടാറ്റയുടെ കഥ!

താജ് ഹോട്ടലുണ്ടാക്കി വെള്ളക്കാർക്കും നായ്ക്കൾക്കും പ്രവേശനമില്ല എന്നെഴുതിയ ജാംഷെഡ്ജി; എയർ ഇന്ത്യ തുടങ്ങിയ ജെ.ആർ.ഡി; ജാഗ്വറിനെയും ലാൻഡ് റോവറിനെയും വാങ്ങി ഞെട്ടിച്ച രത്തൻ ടാറ്റ; ലാഭത്തിന്റെ 70 ശതമാനവും ചാരിറ്റിക്ക്; ഹുമത ഹുക്ത ഹവർഷത... ഇന്ത്യയുടെ വികാരമായ ടാറ്റയുടെ കഥ!

എം റിജു

താനും വർഷങ്ങൾക്ക് മുമ്പ് രത്തൻടാറ്റക്ക് ബിസിനസ് അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കവേ, ഒരു മാധ്യമ പ്രവർത്തകൻ ഇങ്ങനെ ചോദിച്ചു. ''ടാറ്റ കുടുംബം തലമുറകളായി ഇന്ത്യയിൽ ബിസിനിസ് ചെയ്യുന്നവരാണ്. എന്നാൽ ഇന്നലെ എന്നോണം വന്ന അംബാനി ഇവിടെ വളരെ പെട്ടെന്നാണെല്ലോ ശതകോടീശ്വരന്മാർ ആയത്. ഇതിൽ എന്താണ് താങ്കൾക്ക് പറയാനുള്ളത്''-ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക്ക് മറുപടി പറയാൻ ഒരു ആലോചനയും വേണ്ടി വന്നില്ല.

''അംബാനി ഒരു നല്ല ബിസിനസുകാരനാണ്. കമ്പനിയുടെ ലാഭമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിൽ ഒരു തെറ്റുപറയാനും കഴിയില്ല. പക്ഷേ ഞങ്ങൾ ഒരു ബിസിനസുകാർ മാത്രമല്ല. ഒരു ഇൻഡസ്ട്രിയലിസ്റ്റാണ്. ഞങ്ങൾക്ക് ബിസിനസിന് അപ്പുറം ഇന്ത്യയെ പുനർ നിർമ്മിക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ട്.''- ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും തന്റെ പേരിലേക്ക് മാറ്റിയാൽ, ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആകുമായിരുന്ന ആ മനുഷ്യൻ ഇതുപറയുമ്പോൾ സദസ്സിൽ നിറഞ്ഞ കൈയടി. ഇൻഫോസിസ് നാരായണ മൂർത്തി നേരെ എണീറ്റുവന്ന് കാൽക്കൽതൊട്ട് നമസ്‌ക്കരിക്കാൻ തുനിഞ്ഞു. രത്തൻ ടാറ്റ അദ്ദേഹത്തെ സ്നേഹപൂർവം വിലക്കി.

അതാണ് രത്തൻ ടാറ്റ. ഇത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകയല്ല. 150 വർഷംമുമ്പ് ജാംഷെഡ്ജി ടാറ്റ, ടാറ്റ ഗ്രൂപ്പ് തുടങ്ങുന്ന സമയത്തുതന്നെ അവർ കൊണ്ടുവന്ന ഒരു കാര്യമാണ് സാമൂഹിക പ്രതിബദ്ധത എന്നത്. ലാഭത്തിന്റെ 70 ശതമാനവും വിദ്യാഭ്യാസ- ആരോഗ്യ- ക്ഷേമപ്രവർത്തനങ്ങൾക്കായി ചെലവിടുന്ന വേറെ ഏതെങ്കിലും കമ്പനി ലോകത്തിൽ ഉണ്ടോയെന്നതും സംശയമാണ്! അതും യാതൊരു പബ്ലിസിറ്റിയുമില്ലാതെ. ( പത്തുരൂപയുടെ ചാരിറ്റി ചെയ്ത് നൂറുരൂപയുടെ പബ്ലിസിറ്റിയുണ്ടാക്കുന്ന നമ്മുടെ നാട്ടിലെ പ്രാഞ്ചിയേട്ടൻ മുതലാളിമാരെ ടാറ്റയുമായി ഒന്ന് താരതമ്യം ചെയ്തുനോക്കുക)

ഏഴരലക്ഷം ജോലിക്കാരും, നൂറിൽ അധികം രാജ്യങ്ങളിൽ പ്രവർത്തനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് കോർപ്പറേറ്റ് കമ്പനി ഇന്ന് ടാറ്റയാണ്. തൊഴിലാളി സൗഹൃദമായി എത്തിക്കൽ ബിസിനസ് ചെയ്യുന്ന ഗ്രൂപ്പ്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിലൊക്കെ ടാറ്റ എന്നത് ഒരു വികാരമാണ്. സർക്കാർജോലിപോലും ഉപേക്ഷിച്ചാണ് ചെറുപ്പക്കാർ ടാറ്റ കമ്പനിയിൽ ജോലിക്ക് കയറുന്നത്. ഇപ്പോൾ എയർ ഇന്ത്യ തിരിച്ച് ടാറ്റയുടെ കൈയിൽ എത്തുമ്പോൾ അതിനെ വികാരവായ്‌പ്പുകളോടെയാണ് ഉത്തരേന്ത്യ ഉൾക്കൊള്ളുന്നത്.

ഹുമത ഹുക്ത ഹവർഷത

ഹുമത ഹുക്ത ഹവർഷത... നല്ല ചിന്ത, നല്ല വാക്കുകൾ, നല്ല പ്രവർത്തനങ്ങൾ. ഇതാണ് ടാറ്റയുടെ ആപ്തവാക്യം. ഇന്ന് പത്തരലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധങ്ങളുടെ വിൽപ്പനയുമായി ടാറ്റ കുതിക്കയാണ്. ടാറ്റാ കുടുംബം സത്യത്തിൽ ഒരു ഹൈന്ദവ കുടുംബംപോലുമല്ല. ടാറ്റ സ്ഥാപകൻ ജാംഷെഡ്ജി ടാറ്റയുടെ വേരുകൾ ചെന്നു നിൽക്കുന്നത് ഇറാനിലാണ്. അവിടെ നിന്ന് വന്ന പാർസികൾ ആണ് അവർ.

ടാറ്റയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിത്തറയായി പല ബിസിനസ് അനലിസ്റ്റുകളും വിലയിരുത്തുന്നത് അവർ പാരമ്പര്യത്തിന് വലിയ വില കൊടുക്കുന്നില്ല എന്നതാണ്. അതിനേക്കാൾ വലുതാണ് കഴിവ്. പലരുടെയും വലിയ തെറ്റിദ്ധാരണയാണ് ജെആർഡി ടാറ്റയുടെ മകനാണ് രത്തൻ ടാറ്റയെന്ന്. അവർ അകന്ന ബന്ധുക്കൾ മാത്രമാണ് എന്നതാണ് സത്യം. അതുപോലെ ഇപ്പോൾ ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായിരിക്കുന്ന നടരാജൻ ചന്ദ്രശേഖറിന് ടാറ്റാ കുടുംബവുമായി യാതൊരു ബന്ധുത്വവുമില്ല. ടി.സി.എസിനെ ഭംഗിയായി നിയിച്ചുവെന്നയാണ് തന്റെ പിൻഗാമിയാവാൻ രത്തൻ ടാറ്റ അദ്ദേഹത്തിന് കണ്ട ഗുണം. മറ്റ് കമ്പനികളിലൊക്കെ നിങ്ങൾ മുതലാളിമാരുടെ മക്കളെ, അവർ എത്ര കഴിവ് കെട്ടവർ ആണെങ്കിലും സഹിക്കേണ്ടിവരും. അതുകൊണ്ടുമാത്രം മുടിഞ്ഞുപോയാവരും ഉണ്ട്. അനിൽ അംബാനി ഉദാഹരണം. എന്നാൽ ടാറ്റയിൽ അതുനടപ്പില്ല.

ഇന്ന് ടാറ്റ നൂറിലധികം കമ്പനികളിലായി വിഭജിച്ച് കിടക്കുന്ന തേയിലതൊട്ട് ഐ.ടിവരെ വളർന്നുകിടക്കുന്ന വലിയ സാമ്രാജ്യമായിരിക്കുന്നു. ഓരോ കമ്പനിക്കും ഓരോ ഡയറക്ടർ ബോർഡ് ഉണ്ടെങ്കിലു,ം ടാറ്റാ സൺസ് ആണ് മാതൃ കമ്പനി. അവർ തന്നെയാണ് മുഖ്യ ഷെയർ ഹോൾഡഴ്സും. അതായത് കമ്പനിയുടെ ലാഭം പോകുന്നതും ടാറ്റ സൺസിലേക്കാണ്. ഈ ടാറ്റ സൺസിന്റെ ഘടന നോക്കുമ്പോഴാണ് നാം ഞെട്ടുക. അത് ടാറ്റാകുടുംബത്തിന്റെ മക്കളും മരുമക്കളും മാത്രമുള്ള സംഘടനയല്ല. ടാറ്റാ സൺസിന്റെ ലാഭത്തിന്റെ 70 ശതമാനം പല ട്രസ്റ്റുകൾക്കും. ചാരിറ്റി- എഡുക്കേഷൻ സംഘടനകൾക്കുമാണ്! അങ്ങനെയാണ് അതിന്റെ രൂപ കൽപ്പന. ഒന്ന് ഓർത്തുനോക്കുക, ലോകത്തിൽ ഇതുപോലെ ഒരു കമ്പനി വേറെയുണ്ടാവുമോ.

നായകൾക്കും ബ്രിട്ടീഷുകാർക്കും പ്രവേശനമില്ല

ടാറ്റ കമ്പനി സ്ഥാപകൻ, ജാംഷെഡ്ജി ടാറ്റ വളരെ ചെറിയ പ്രായത്തിൽ തന്നെ ബിസിനസിൽ ഇറങ്ങിയ വ്യക്തിയാണ്. ഗുജറാത്തിലെ വ്യാപരിയായ പിതാവ് നുസ്സർവാൻജി ടാറ്റ മകന് എല്ലാ പിന്തുണയും നൽകി. 20ാം വയസ്സിൽ ലോകം കറങ്ങിയ ആ ചെറുപ്പക്കാരൻ തിരിച്ചുവന്നത് ഒരുപാട് ബിസിനസ് സ്വപന്ങ്ങളുമായിട്ടായിരുന്നു. നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന എണ്ണമിൽ ഏറ്റെടുത്തു അതൊരു തുണിമില്ലാക്കി മാറ്റിക്കൊണ്ടാണ്. പിന്നീട് വളർച്ചയുടെ പാതയായിരുന്നു. 1874 ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒന്നര ലക്ഷം രൂപ മുടക്കി അദ്ദേഹം തുടങ്ങിയ 'എമ്പ്രെസ്സ് മിൽ' ഇന്ത്യയുടെ തുണി വ്യവസായത്തെ വേറെ തലങ്ങളിൽ എത്തിച്ചു. ആ കാലത്ത് വിക്ടോറിയ മഹാറാണി ഇന്ത്യയുടെ എമ്പ്രെസ്സ് ആയതുകൊണ്ടാണ് ആ പേര് സ്വീകരിച്ചത്.

1893 ൽ ഒരു യൂറോപ്പ് യാത്രയിലാണ് ജാംഷെഡ്ജി കപ്പലിൽ വെച്ച് കാഷായവേഷധാരിയായ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. തന്റെ ബിസിനെസ്സ് പ്ലാനുകളെക്കുറിച്ചു ഇന്ത്യക്കാരനായ, ഇംഗ്ലീഷ് പാണ്ഡിത്യമുള്ള ആ കാഷായവേഷധാരിയോട് അദ്ദേഹം സംസാരിച്ചു. ഇന്ത്യ പോലെ പിന്നോക്കം നിൽക്കുന്ന രാജ്യത്തിന് മുന്നേറണമെങ്കിൽ ഇന്ത്യയിൽ വ്യവസായങ്ങളും വിദ്യാഭ്യാസവും വേണമെന്നും അയാൾ ജാംഷെഡ്ജിയോട് പറഞ്ഞു.ഷിക്കാഗോയിൽ ലോക മത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിക്കാൻ പോകുന്ന സ്വാമി വിവേകാനന്ദൻ ആയിരുന്നു ആ കാഷായ വസ്ത്രധാരി.

തിരച്ചെത്തില ജാംഷെഡ്ജി ബീഹാറിലെ മനുഷ്യവാസം ഇല്ലാത്ത ആ ഒരു പ്രദേശം മുഴുവൻ ഏറ്റെടുത്തു. വ്യാവസായിക ഇന്ത്യയുടെ ഭാവി മാറ്റിയെഴുതിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുമ്പു ഫാക്ടറിയായ ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനി അവിടെ ഉയർത്തി. ആ നഗരം അദ്ദേഹത്തിന്റെ പേരിൽ പിന്നീട് ജാംഷെഡുപുർ എന്നറിയപ്പെട്ടെങ്കിലും ടിസ്‌കോയുടെ വളർച്ച കാണും മുൻപേ അദ്ദേഹം വിട പറഞ്ഞു.

അതെ സമയം ദക്ഷിണേന്ത്യയിൽ, ബാംഗ്ലൂരിൽ, ശാസ്ത്രത്തിന്റെ ഗവേഷണത്തിനും വളർച്ചക്കും വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനം തുടങ്ങിയ ശേഷം ആ സന്തോഷം അറിയിച്ചു കൊണ്ട് അദ്ദേഹം സ്വാമി വിവേകാനന്ദന് കത്തയക്കുകയും ചെയ്തു. പ്രശസ്തമായ ആ സ്ഥാപനം ഇപ്പോൾ ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ സയൻസ് സർവകലാശാലകളിൽ ഒന്നാണ്. ഒരിക്കൽ ബോംബയിലെ വാട്‌സൺ ഹോട്ടലിലുമുന്പിൽ 'ഡോഗ്‌സ് ആൻഡ് ഇന്ത്യൻസ് ആർ നോട് അലവ്ഡ് (നായകൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ല) എന്ന ബോർഡ് കണ്ടു രക്തം തിളച്ച ജാംഷെഡ്ജി 1903 ൽ ഇന്ത്യക്കാർക്ക് വേണ്ടി പണിതുയർത്തിയതാണ് ഇന്ത്യയിലെ ആദ്യത്തെ, ഇന്നും ഉന്നതിയിൽ തല ഉയർത്തി നിൽക്കുന്ന ബോംബയിലെ താജ് ഹോട്ടൽ. അന്നതിന് മുൻപിൽ ജാംഷെഡ്ജി വലിയൊരു ബോർഡ് വെച്ചു - ഡോഗ്‌സ് ആൻഡ് ബ്രിട്ടീഷസ് ആർ നോട് അലവ്ഡ് (നായകൾക്കും ബ്രിട്ടീഷുകാർക്കും പ്രവേശനം ഇല്ല). 1904ൽ ഇംഗ്ലണ്ടിൽവെച്ച് മരിച്ച ജാംഷെഡ്ജിയെ അവിടെ തന്നെ അടക്കുകയായിരുന്നു. അപ്പോഴേക്കും ടാറ്റ ഒരു ശക്തമായ ഇന്ത്യൻ ബ്രാൻഡായി മാറിയിരുന്നു.

പറന്നുയർന്ന ജെആർഡി ടാറ്റ

1038 മുതൽ ജെആർഡി എന്ന ജഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ ചെയർമാനായി വരുന്നതോടെയാണ് ടാറ്റയുടെ സുവർണ്ണയുഗം തുടങ്ങുന്നത്. ജാംഷെഡ്ജി ടാറ്റയുമായി രക്തബന്ധമുള്ള ആളായിരുന്നില്ല ഇദ്ദേഹം. ജെആർഡിയുടെ മുത്തച്ഛൻ ദാദാഭോയ്, ജാംഷെഡ്ജിയുടെ അമ്മ ജീവൻബായി എന്നിവർ സഹോദരങ്ങളായിരുന്നു. ജെആർഡിയുടെ പിതാവ് രത്തൻജി ദാദാഭായ് ടാറ്റ, ജാംഷെഡ്ജിയുടെ പിതൃസഹോദരൻ കൂടിയായിരുന്നു. അങ്ങനെ വിശാലമായ ടാറ്റ കുടുംബത്തിൽപെട്ടയാൾ എന്ന നിലയിൽ ജെ.ആർ.ഡിയുടെ പിതാവ് ടാറ്റയുടെ ബിസിനസുകളിൽ സജീവമായിരുന്നു. രത്തൻജി ടാറ്റായുടെയും ഫ്രഞ്ചുകാരിയായ സൂനിയുടെയും മകനായി 1904 ജൂലൈ 29ന് പാരീസിലാണ് ജെആർഡി ടാറ്റ ജനിച്ചത്. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ടാറ്റാ ഗ്രൂപ്പിൽ പ്രവർത്തിച്ചു തുടങ്ങി.1938ൽ ടാറ്റാ ഗ്രൂപ്പിന്റെ സാരഥിയുമായി.

കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരനാണ് ജെ.ആർ.ഡി. 1932ൽ ടാറ്റാ എയർലൈൻസ് തുടങ്ങിക്കൊണ്ട് എയർ ഇൻഡസ്ട്രിയിൽ അദ്ദേഹം പ്രവേശിച്ചു. 1950 ആയപ്പോൾ എയർ ഇന്ത്യയാക്കി. അക്കാലത്ത് ഉയർന്നുവന്ന ദേശസാത്ക്കരണത്വരമുലം സർക്കാർ എയർ ഇന്ത്യയെ ഏറ്റെടുത്തെങ്കിലും, 1977വരെ ജെആർഡി ടാറ്റയുടെ തന്നെയായിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 77ൽ ഇന്ദിരാഗന്ധിയാണ് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് ഒഴിവാക്കി എയർഇന്ത്യയെ പൂർണ്ണമായും സർക്കാറിലേക്ക് കൊണ്ടുവരുന്നത്.എന്തായാലും ടാറ്റയിൽനിന്ന് പിടിച്ചെടുത്ത എയർ ഇന്ത്യക്ക് പിന്നീട് എന്തുസംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം. സർക്കാർ നടത്തി നടത്തി അത് ശതകോടികളുടെ കടം ഉണ്ടാക്കി. അവസാനം നിൽക്കക്കള്ളിയില്ലാതെ സർക്കാർ അത് ലേലത്തിൽ വിൽക്കുകയും ടാറ്റ തന്നെ വാങ്ങുകയും ചെയ്യുന്നു.

നിരവധി ഗവേഷണസ്ഥാപനങ്ങൾക്കും ജെആർഡി തുടക്കമിട്ടു. 1945 ടാറ്റ മോട്ടോർസിന് തുടക്കമിട്ടു. ആദ്യം ട്രെയിൻ എഞ്ചിൻ നിർമ്മാണമാണെങ്കിലും വൈകാതെ അത് പാസഞ്ചർ വെഹിക്കിൾ സെക്ഷനിലേക്ക് മാറി. ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർവ്വം വ്യക്തികളിലെരാളാണ് ജെ.ആർഡി. 1992ൽ ഭാരതരത്നവും അതേവർഷം തന്നെ ഐക്യരാക്ഷ്ട്രസഭയുടെ പോപ്പുലേഷൻ അവാർഡും അദ്ദേഹം നേടി. 1993 നവംബർ 29ന് അന്തരിച്ചു. തുടർന്നാണ് രത്തൻ ടാറ്റ യുഗം തുടങ്ങുന്നത്.

ടാറ്റയിൽ ട്രെയിനിയായി തുടങ്ങിയ രത്തൻ

ഇന്ന് പലരും കരുതുന്നപോലെ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച വ്യക്തയല്ല രത്തൻ ടാറ്റ. ഒരുപാട് പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്ക് ഇടയിലുടെയും കടന്ന് പോയാണ് അദ്ദേഹം ഈ നിലയിൽ എത്തിയത്. 1937 ൽ ഗുജറാത്തിലെ സൂറത്തിലാണ് രത്തൻ ടാറ്റ ജനിച്ചത്. പിതാവിന്റെ പേര് നേവൽ ടാറ്റ, സൂനി ടാറ്റയാണ് അമ്മ. ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷെഡ്ജി ടാറ്റയുടെ മകൻ രത്തൻജി ടാറ്റയുടെ ദത്തുപുത്രനായിരുന്നു നേവൽ ടാറ്റ. പത്താംവയസ്സിലെ മാതാപിതാക്കളുടെ വേർപിരിയൽ കുഞ്ഞ് രത്തനെ ഏറെ ബാധിച്ചിരുന്നു. അന്ന് മുത്തശ്ശിയാണ് തുണയായത്. അമേരിക്കയിലെ ഹാർവാർഡ് ബിസിനസ് സ്‌കൂളിലാണ് അദ്ദേഹം ബിരുദം എടുത്തത്. കോർണൽ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിൽ സ്ട്രക്ച്ചറൽ എഞ്ചിനീയറിങ്ങും പഠിച്ചു.എറ്റവും വിചിത്രമായ കാര്യം അദ്ദേഹം ചെറുപ്പത്തിൽ ടാറ്റയിൽ ജോലിചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ്. ഐബിഎമ്മിലെ വലിയ അവസരം തള്ളിക്കൊണ്ടാണ് അദ്ദേഹം കുടുബ ബിസിനസിനുവേണ്ടി ഇന്ത്യയിലേക്ക് എത്തുന്നത്. അക്കാലത്തുണ്ടായ മുത്തശ്ശിയുടെ മരണവും അദ്ദേഹത്തെ ഉലച്ചു.

അമേരിക്കയിൽവെച്ച രത്തൻ ടാറ്റക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അത് തകർന്നതുകൊണ്ടാണ് അദ്ദേഹം ഇന്നും അവിവാഹിതനായി കഴിയുന്നത് എന്ന് വിശ്വസിക്കുന്നവർ ഉണ്ട്. എന്തായാലും ഒട്ടും താൽപ്പര്യമില്ലാതെയാണ് രത്തൻ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയത്. എന്നിട്ട് കിട്ടിയ ജോലിയോ. ജംഷഡ്പൂരിലെ ടാറ്റാ സ്റ്റീലിൽ ഒരു സാധാരണ തൊഴിലാളിയായി അദ്ദേഹം തന്റെ കരിയർ തുടങ്ങി. സ്വന്തം കുടുംബ സ്ഥാപനത്തിൽ വെറും ട്രെയിനി. ലൈംസ്റ്റോൺ കുഴിച്ചെടുക്കൽ, ഫംഗസുകളെ നീക്കം ചെയ്യൽ, തുടങ്ങിയ വിവിധ ജോലികൾ ചെയ്തു. അതുകൊണ്ട് പിൽക്കാലത്ത് ഗുണമുണ്ടായി. ചെയർമാൻ ആയപ്പോൾ അദ്ദേഹത്തിന് തന്റെ കമ്പനിയുടെ ഓരോ ഡിപ്പാർട്ട് മെന്റിന്റെയും പ്രശ്നങ്ങൾ നേരിട്ട് അറിയാമായിരുന്നു.

ജെആർഡി ടാറ്റയെ ഏഷ്യയിലെ വൻ ശക്തികളാക്കിയെങ്കിൽ അതിനെ ഒരു അന്താരാഷ്ട്ര കമ്പനിയാക്കി വളർത്തിയെടുത്ത് രത്തൻ ടാറ്റയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വഴികൾ എളുപ്പമുള്ളതായിരുന്നില്ല. 1991ൽ നരസിംഹറാവും മന്മോഹൻസിങ്ങും കൊണ്ടുവന്ന ഉദാരവത്ക്കരണ നയം ടാറ്റയെപ്പോലുള്ള ഇന്ത്യൻ കമ്പനികളെ തുടച്ചു നീക്കുമെന്നായിരുന്നു പലരും കരുതിയത്. കാരണം ഇന്ത്യൻ വിപണിയിലേക്ക് വൻകിട കമ്പനികൾ കടന്നുവരികയാണ്.

ദുഃഖം നാനോ കാറിന്റെ കാര്യത്തിൽ മാത്രം

മറ്റൊരു പ്രശ്നം കൂടി രത്തൻ ടാറ്റ അഭിമുഖീകരിച്ചു. കാരണം അപ്പോഴെക്കും അമ്പതിലേറെ കമ്പനികൾ ആയിക്കഴിഞ്ഞിരുന്നു ടാറ്റ ഗ്രൂപ്പിൽ, സഹ കമ്പനികളിൽ, ടാറ്റാ സൺസ് എന്ന മാതൃകമ്പനിയുടെ ഓഹരികൾ കുറവായിരുന്നു. അതുകൊണ്ടുതന്നെ സബ്സിഡറി കമ്പനികളുടെ കാര്യങ്ങളിൽ ഫല പ്രദമായി ഇടപെടാനും മാതൃകമ്പനിക്ക് കഴിഞ്ഞില്ല. അത് ടാറ്റയുടെ കാര്യക്ഷമതയെ മൊത്തം ബാധിച്ചിരുന്നു. 1969ലെ കുത്തക നിയന്ത്രണ നിയമത്തിന്റെ ഭാഗമായി കൂടിയായിരുന്നു ടാറ്റ സൺസിന്റെ ഓഹരികൾ സഹ കമ്പനികളിൽ കുറച്ചത്. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറി. വിപണി തുറന്നുകൊടുക്കയാണ്. അപ്പോഴാണ് രത്തൻ ആ നിർണ്ണായക തീരുമാനം എടുത്തത്. ടാറ്റ സൺസിന്റെ 20 ശതമാനം ഓഹരികൾ വിറ്റുകൊണ്ട് അദ്ദേഹം ഫണ്ട് ശേഖരിച്ചു. ഇത് സബ്ഡിഡറി കമ്പനികളിൽ നിക്ഷേപിച്ച് ഷെയർ കൂട്ടി. അതോടെ ടാറ്റാ സൺസിന്റെ പടി മുറുകി. മൊത്തം കമ്പനികളുടെ കാര്യക്ഷമതയും ഉൽപ്പാദനവും വർധിച്ചു. ഇതിനെ ടാറ്റയുടെ മാസ്റ്റർ സ്ട്രോക്ക് എന്ന പേരിൽ പിന്നീട് ബിസിനിസ് മാഗസിനുകൾ വാഴ്‌ത്തി.

ഉദാരവത്ക്കരണത്തെ കാലത്തെ മാറ്റത്തിനൊപ്പം മുന്നേറാൻ രത്തൻ ടാറ്റയും തയ്യാറായി. അദ്ദേഹം ലോകം മൂഴവൻ സഞ്ചരിച്ചു. അപ്പോൾ അടുത്ത ബിസിസസ് സർജിക്കൽ സ്ട്രൈക്ക് അദ്ദേഹം നടത്തി. ലോകത്തിലെ വിവിധ നല്ല കമ്പനികളെ വാങ്ങി ടാറ്റയുടെ ഭാഗമാക്കി. ഒന്നും രണ്ടുമല്ല. നൂറിൽ പരം വലിയ കമ്പിനികളെയാണ് വാങ്ങിയത്. 98ൽ പാസഞ്ചർ കാറുകളുടെ നിർമ്മാണത്തിലേക്ക് ടാറ്റ കടുന്നു. പൂർണ്ണമായും ഇന്ത്യൻ നിർമ്മിത കാർ എന്ന സ്വപ്നം പക്ഷേ പരാജയപ്പെട്ടു. ബിൽ ഫോർഡ് എന്ന ഫോർഡ് കമ്പനി ഉടമ അക്കാലത്ത് പരിഹസിച്ചത് ' നിങ്ങൾക്ക് പാസഞ്ചർ കാറുകെളക്കുറിച്ച് ഒന്നും അറിയില്ലെങ്കിൽ, പിനെന എന്തിന് ഇറങ്ങിപ്പുറപ്പെട്ടു' എന്നായിരുന്നു.

പക്ഷേ രത്തൻടാറ്റയുടെ സമയം വരുന്നേ ഉണ്ടായിരുന്നുള്ളൂ. 2008 സാമ്പത്തിക മാന്ദ്യം ഫോർഡിനെയും തകർച്ചയിലേക്ക് എത്തിച്ചു. അന്ന് ഫോർഡിന്റെ ബ്രാൻഡുകളായ ജാഗ്വറിനെയും, ലാൻഡ് റോവറിനെയും ടാറ്റ വിലക്കുവാങ്ങി ലോകത്തെ ഞെട്ടിച്ചു. 200കോടി ഡോളർ കൊടുത്ത് ഫോർഡിന് വാങ്ങിയത്. ഈ തുകയാണ് തന്നെ തകച്ചയിൽനിന്ന് രക്ഷിച്ചത്, ബിൽ ഫോർഡ് പറയുന്നു. അങ്ങനെ മധുര പ്രതികാരം വീട്ടുമ്പോഴും രത്തൻ ടാറ്റ വിനീതനായി.

രത്തന്റെ നേതൃത്വത്തിൽ ടാറ്റ ലോകം മുഴുവൻ എത്തി. ടാറ്റാ ഇൻഡിക്കയെ രണ്ടുവർഷം കൊണ്ട് ആ ശ്രേണിയിലെ നമ്പർ വൺ ആക്കി. സ്റ്റീൽ മുതൽ സാൾട്ട് വരെ ട്രക്ക്മുതൽ ടീ വരെ എല്ലാം കുടക്കീഴിലാക്കി. അദ്ദേഹം നാനോ കാർ നിർമ്മാണത്തിലേക്ക് കടന്ന കഥയും ലോക പ്രശസ്തമാണെല്ലോ. അഞ്ചംഗ കുടുംബം ഇരുചക്ര വാഹനത്തിൽ മഴയത്ത് യാത്ര ചെയ്തത് കണ്ടാണ് ഒരു ലക്ഷം രുപയുടെ ഒരു കാർ എന്ന ലക്ഷ്യത്തിലേക്ക് അദ്ദേഹം പ്രയാണം തുടങ്ങിയത്. 2008 ൽ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോ കാർ പുറത്തിറക്കുകയും ചെയ്തു. പക്ഷേ അത് അത്ര വിജയമായി എന്ന് പറയാൻ കഴിയില്ല. നാനോയുടെ മാനുഫാക്ച്ചറിങ്ങ് ഡിഫക്റ്റിനെക്കുറിച്ചുള്ള വാർത്തകളും മറ്റും രത്തനെ ഏറെ ദുഃഖിതനാക്കിയിരുന്നു. ഇന്നും വ്യക്തിപരമായി അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദുഃഖവും നാനോ കാർ ഇന്ത്യയിൽ ട്രെൻഡിങ്് ആവാത്തതാണ്. 'എപ്പോഴും കയറ്റിറക്കങ്ങൾവേണം. ഇ.സി.ജിയിൽ വരകൾ നേർ രേഖയാണെങ്കിൽ, നമ്മൾ ജീവനോടെ ഇല്ല എന്നാണ് അർഥം.'' -രത്തൻ ടാറ്റ ഒരിക്കൽ പറഞ്ഞു.

2012ൽ 75വയസ്സുള്ളപ്പോൾ വിരമിച്ചു. പക്ഷേ വിരമിച്ച് വിശ്രമ ജീവിതം നയിക്കുക എന്ന അദ്ദേഹത്തിന്റെ സ്വപ്നം മാത്രം നടപ്പായില്ല. തുടർന്ന് വന്ന സൈറസ് മിസ്ട്രിയുമായി ടാറ്റാ ഗ്രൂപ്പിന് കടുത്ത ഭിന്നതയാണ് ഉണ്ടായത്. ടാറ്റാ കുടുംബത്തിൽ നിന്ന് പൂർണ്ണമായും പുറത്തുള്ള ഒരു വ്യക്തി ആദ്യമായായിരുന്നു ഗ്രൂപ്പിന്റെ ചെയർമാനാകുന്നത്.

ടാറ്റാഗ്രൂപ്പിന്റെ ഉപകമ്പനികൾ പലതും അടച്ചുപൂട്ടാനും തൊഴിലാളികളെ പിരിച്ചുവിടാനും സൈറസ് മിസ്ത്രി തീരുമാനമെടുത്തിരുന്നു. ഇത് ടാറ്റായുടെ പാരമ്പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു. ഇതിനൊക്കെ പുറമേ 2014ൽ ഒഡീഷ തെരഞ്ഞെടുപ്പിൽ പത്ത് കോടി രൂപയുടെ ഫണ്ട് നൽകാമെന്ന വാഗ്ദാനം സൈറസ് മിസ്ത്രിയുടെ ഉപദേശകൻ നൽകി. കൈക്കൂലി കൊടുക്കില്ലെന്ന ടാറ്റയുടെ ചിരപുരാതന നയത്തിന് വിരുദ്ധമായിരുന്നു ഇത്. ഇതോടെ നീണ്ട നിയമയുദ്ധത്തിന് ശേഷം മിസ്ട്രിയെ പുറത്താക്കി രത്തൻ ടാറ്റതന്നെ വീണ്ടും ചെയർമാനായി. പിന്നീട് കാര്യങ്ങൾ സ്മൂത്തായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തിയതോടെ, ടിസിഎസിനെ ഗംഭീരമായി നയിച്ച നടരാജൻ ചന്ദ്രശേഖറിന് ബാറ്റൻൺ കൈമാറി അദ്ദേഹം വീണ്ടും വിശ്രമജീവിതത്തിൽ പ്രവേശിച്ചു.

കൈക്കൂലിയില്ല; മദ്യ- പുകയില ബിസിനസും

ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള നൂറോളം കമ്പനികൾ ഏതൊക്കെയാണെന്ന് ആ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന പലർക്കുപോലും അറിയില്ല എന്നതാണ് രസം. ഗ്രൂപ്പിൽ തന്നെ കമ്പനികൾ പലതും ഉണ്ടെങ്കിലും, ടാറ്റ എന്ന നാലക്ഷരം എല്ലാവർക്കും ഉപയോഗിക്കാൻ ആവില്ല. ഇന്റേണൽ അസ്സെസ്സ്‌മെന്റ് കമ്മറ്റികൾ നടത്തുന്ന പല തരത്തിലുള്ള വിലയിരുത്തലുകൾക്ക് ശേഷമേ ഈ വാക്ക് ഉപയോഗിക്കാൻ പറ്റു. ആ നിലവാരത്തിൽ എത്തിയിട്ടും ആ നാലക്ഷരം ഉപയോഗിക്കാതെ വലിയ നിലയിൽ മുന്നിട്ടുനിൽക്കുന്ന കമ്പനികൾ തന്നെ ടാറ്റ ഗ്രൂപ്പിന് അകത്തുണ്ട്, ഉദാഹരണത്തിന് താജ് ഗ്രൂപ് ഹോട്ടൽസ്, വോൾട്ടാസ്, ടൈറ്റാൻ വാച്ചസ് എന്നിങ്ങനെ മുൻനിരയിൽ നിൽക്കുന്ന പല ഗ്രൂപ്പ് കമ്പനികളും ടാറ്റ എന്ന വാക്ക് ഉപയോഗിക്കുന്നില്ല.

ജാംഷെഡ്ജി ടാറ്റയൂടെ കാലം മുതൽക്കുതന്നെ കൃത്യമായ നയങ്ങളും നിലപാടുകളുമുള്ള ഗ്രൂപ്പാണ് ടാറ്റ. ഇവിടെ ജോലിക്കു കയറുന്ന ഓരോ ഉദ്യോഗാർത്ഥിയും ടാറ്റ കോഡ് ഓഫ് കണ്ടക്ട് എന്നൊരു കൊച്ചു പുസ്തകം വായിച്ചു ഒപ്പിട്ടു കൊടുക്കണം. അതിൽ പറഞ്ഞിട്ടുണ്ട് ഗ്രൂപ്പിലെ ബിസിനെസ്സ് മൂല്യങ്ങളെക്കുറിച്ചും അത് പാലിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും. കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും ഒരിക്കലും ബിസിനസ് വളർത്താൻ ഉപയോഗിക്കില്ല എന്നത് ഒരു അടിസ്ഥാന കമ്പനി പോളിസി യാണ്. നിരവധി കരാറുകൾ ടാറ്റ ഇതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്. ചുക്ക്തൊട്ട് ചുണ്ണാമ്പുവരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും മദ്യം, സിനിമ, പുകയില എന്നിവയിൽ നിക്ഷേപിക്കില്ല എന്നത് അവരുടെ ഒരു പോളിസിയാണ്. ടാറ്റയുടെ ബിവറേജസ് പട്ടികയിയൽ തേയില മാത്രമേയുള്ളൂ.

പക്ഷേ ഒരു സാധാരണക്കാരനു ബസ്സും കാറും ആണു ടാറ്റയെ കുറിച്ച് അറിയുകയുള്ളു. ടാറ്റാ മോട്ടോഴസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ആദ്യ പത്തിൽ ഉൾപ്പെടുന്ന കമ്പനിയാണ്. ടിസിഎസ് എന്ന ഒറ്റ ഐടി കമ്പനി മാത്രം എടുത്താൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാവും. മീഡിയകൾ കൊട്ടി ഘോഷിക്കാറുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ അത്രയും ആസ്ഥി ഇതിന് മാത്രം വരും.

ടാറ്റയുടെ വരുമാനത്തിന്റെ തൊണ്ണൂറു ശതമാനവും വരുന്നത് ഇന്ത്യക്ക് പുറത്ത് നിന്നാണ്. കേരളത്തിലെ ഇടതു തീവ്രാവാദികൾ പ്രചരിപ്പിക്കുന്നപോലെ, സാധാരണക്കാരെ പിഴിഞ്ഞല്ല ടാറ്റ ലാഭമുണ്ടാക്കുന്നത്. ടി.സി.എസിന്റെ ഏറ്റവും വലിയ ക്ലയൻസ്് മൈക്രേസോഫ്റ്റ്, ഗൂഗിൾ, ഫേസ്‌ബുക്ക പോലുള്ള വൻ കിട കോർപ്പറേറ്റുകൾ ആണ്്.ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 24 ശതമാനത്തിൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്.

ഇന്ത്യയിലാദ്യമായി ഡെ കെയർ, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട് എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കിയത് ഇവരാണ്. പിന്നീടാണ് ഗവൺമെന്റുകൾ പോലും നടപ്പിലാക്കി തുടങ്ങിയത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു ടാറ്റാ ഗ്രൂപ്പ്. 1912 ആദ്യമായി 8 മണിക്കൂർ ജോലി നടപ്പാക്കിത് ഇന്ത്യക്ക് മാത്രമല്ല ലോക രാഷ്ട്രങ്ങൾക്കും മാതൃകയിയിരുന്നു.പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി. അങ്ങനെ എന്നും ചരിത്രം തിരുത്തുകയായിരുന്നു ടാറ്റ.

കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് ടാറ്റയിലേക്ക്

പാരമ്പ്യമല്ല മെറിറ്റ് മാത്രമാണ് ടാറ്റ കണക്കിലെടുക്കാറ്. അതുകൊണ്ടാണല്ലോ രയറോത്തു കുട്ടമ്പള്ളി കൃഷ്ണകുമാർ എന്ന തലശ്ശേരിക്കാരൻ വർഷങ്ങളോളം താജ് ഹോട്ടൽസും ടാറ്റ ടീയും അടക്കമുള്ള ഗ്രൂപ്പ് കമ്പനികളുടെ അമരക്കാരൻ ആയത്. ടാറ്റായുടെ കഥകളിൽ പലരും അറിയാത്ത ഒരുപാട് മലയാളികൾ ഉണ്ട്. സാമ്പത്തിക ശാസ്ത്ര വിദഗ്ധനായ ഡോക്ടർ ജോൺ മത്തായി അവരിൽ ഒരാളാണ്. ടാറ്റ ഗ്രൂപ്പിൽ ഡയറക്ടർ ആയിരുന്ന ഡോ. ജോൺ മത്തായി എന്ന സാമ്പത്തിക വിദഗ്ദ്ധൻ നെഹ്റുവിന്റെ അഭ്യർത്ഥന പ്രകാരം ആദ്യത്തെ മന്ത്രി സഭയിൽ ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രിയായും പിന്നീട് ഇന്ത്യയുടെ ധനവകുപ്പ് മന്ത്രിയായും മാറി. പക്ഷെ പിന്നീട് അസ്വാരസ്യങ്ങളാൽ അദ്ദേഹം അവിടം വിട്ട് വീണ്ടും വീണ്ടും ടാറ്റയിലേക്ക് തിരിച്ചു വന്നു!

ലിംഗ നീതിയും കമ്പനികളിൽ കൊണ്ടുവന്നത് ടാറ്റാ ഗ്രൂപ്പാണ്.ടാറ്റ സ്റ്റീലിന്റെ ഫാക്ടറിയിലേക്ക് എഞ്ചിനീയർമാരെ വിളിച്ചുകൊണ്ടുള്ള അപേക്ഷയിൽ സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല എന്ന് എഴുതിയിരിക്കുന്നത് കണ്ടപ്പോൾ ബാംഗ്ലൂർകാരിയായ സുധ എന്നൊരു എഞ്ചിനീയർ പെൺകുട്ടി അതിനെതിരെ കത്തെഴുതിയത് നേരെ പോയത് ടാറ്റയുടെ ചെയർമാന്. കത്ത് വായിച്ച സാക്ഷാൽ ജെആർഡി ടാറ്റ പെൺകുട്ടിയോട് നേരിട്ട് ഹാജരാകാൻ പറഞ്ഞതും ബോംബയിൽ എത്തിയ സുധയോട് പുരുഷന്മാർ മാത്രം ജോലി ചെയ്യുന്ന ഫാക്ടറി ആയതു കൊണ്ടാണ് അങ്ങനെ പരസ്യം ചെയ്തത് എന്നും പറഞ്ഞതും സുധക്ക് താല്പര്യമാണെങ്കിൽ അവിടെ ജോലി ചെയ്യാം എന്നും പറഞ്ഞതും രേഖകൾ. രണ്ടും കല്പിച്ചു ജോലിക്കു കയറിയ സുധ അതിൽ വിജയിച്ചു. പിന്നീട് ടാറ്റായുടെ ഹെഡ് ഓഫീസിൽ ജോലി ചെയ്യുന്ന കാലം. ഒരുനാൾ സന്ധ്യ കഴിഞ്ഞു ടാറ്റ ഹെഡ് ഓഫീസിനു താഴെ ഒറ്റക്ക് നിൽക്കുമ്പോളാണ് ചെയർമാൻ ജെആർഡി താഴേക്ക് ഇറങ്ങി വന്നത്. എന്താണ് ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ച ജെആർഡിയോട് തന്റെ ഭർത്താവിനെ കാത്തു നിൽക്കുകയാണെന്ന് പറഞ്ഞ സുധക്ക് ആ പറഞ്ഞ പ്രിയതമൻ വരുന്നത് വരെ കമ്പനി കൊടുത്ത് അവിടെനിന്ന ചെയർമാന്റെ ലാളിത്യത്തെക്കുറിച്ച് സുധ പിന്നീട് എഴുതുകയുണ്ടായി. അന്ന് ഒരു ചപ്പടാച്ചി സ്‌കൂട്ടർ ഓടിച്ചു വന്ന ആ പ്രിയതമൻ ആണ് ഇന്ന് ലോകപ്രശസ്തമായ ഇൻഫോസിസ് കമ്പനിയുടെ മുൻ ചെയർമാൻ നാരായണമൂർത്തി. സുധ എന്ന സുധ നാരായണമൂർത്തി ഇന്നും തന്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോ ജെആർഡി ടാറ്റയുടേതാണ്.

ടാറ്റ മോട്ടോർസ് പുതിയ ഒരു വണ്ടി ആസൂത്രണം ചെയ്യുന്ന കാലത്തു അതിനു വേണ്ടി അഹോരാത്രം പണിയെടുത്ത അതിന്റെ തലവനായിരുന്ന സുമന്ത് മോൽഗാവോങ്കർ. ജെ.ആർഡി. ടാറ്റ എന്നും ഊണ് സമയത്ത്, റോഡരികിൽ വണ്ടി നിർത്തി ആഹാരം കഴിക്കുന്ന സാധാരണക്കാരായ വണ്ടി ഡ്രൈവർ മാരുടെ കൂടെ പോയിരുന്നു ആഹാരം കഴിക്കുമായിരുന്നു. ടാറ്റയുടെ പുതിയ വണ്ടിയിൽ ഉണ്ടാകേണ്ടതും ഡ്രൈവർമാർ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്നും ഉപേക്ഷിക്കേണ്ടത് എന്തൊക്കെയാണെന്നും അദ്ദേഹം മനസ്സിലാക്കി എടുത്തത് ആ ആഹാര സമയത്തായിരുന്നു. അതിന്റെ ഫലമായി ടാറ്റ പുറത്തിറക്കിയ ടാറ്റ സുമോ എന്ന വാഹനത്തിന്റെ രണ്ടാം പേരായാ സുമോ ഒരു ജപ്പാനീസ് പേരാണെന്ന് നിങ്ങൾ കരുതിയോ. കമ്പനിയുടെ തലവനായ, ആ വണ്ടിക്കു പുറകിലെ ബുദ്ധിയായ സുമന്ത് മോൽഗാവോങ്കറിന്റെ പേരിലെ ആദ്യാക്ഷരങ്ങൾ ആയിരുന്നു സുമോ.

കേരളത്തിൽ പതിവുപോലെ വില്ലൻ

ഇപ്പോൾ 84കാരനായ രത്തൻ ടാറ്റയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലും ചർച്ചകൾ. മാസം 90 കോടി രൂപയുടെ വരുമാനമുള്ള മനുഷ്യൻ. പേഴ്സൽ ആസ്തിമാത്രം പതിനായിരം കോടി രൂപവരും. അങ്ങനെയുള്ള രത്തൻ ടാറ്റ തന്റെ 84ാം ജന്മദിനം ആഘോഷിച്ചത് ഒരു കപ്പ് കേക്കിനുമുകളിൽ രണ്ട് മെഴുകുതിരി മാത്രം കത്തിച്ചായിരുന്നു. രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ മുംബൈയിൽ നിന്ന് പൂണെ വരെ യാത്ര ചെയ്‌തെത്തുന്ന വയോധികൻ. ഒരു ടാറ്റാ സെഡാൻ കാർ ഓടിച്ച്, തന്റെ തന്നെ ഹോട്ടലിലേക്ക് പാർക്കിങ്ങിനുവേണ്ടി മറ്റുള്ളവർക്ക് മുന്നിൽ ഊഴം കാത്തുനിൽക്കുന്ന രത്തൻ ടാറ്റ.. അങ്ങനെ അദ്ദേഹം ഇന്ന് ഒരു തരംഗമാണ്. ഇപ്പോൾ അദ്ദേഹത്തിന് ഭാരതരത്നം കൊടുക്കണം എന്നു ആവശ്യം ഉയരുകയാണ്. 'ഭാരതരത്ന ഫോർ രത്തൻ ടാറ്റ' എന്ന ഹാഷ്ടാഗിലുള്ള കാമ്പയിൻ, ഈ എയർഇന്ത്യ ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ട്വിറ്ററിൽ ട്രെന്റിങ്ങായിരുന്നു. അപ്പോഴും ''അതൊന്നും വേണ്ടി ഇന്ത്യക്കാരനായി എന്നതു ഭാഗ്യമായി കാണുന്നയാളാണ് ഞാൻ'' എന്നായിരുന്നു രത്തൻ ടാറ്റയുടെ പ്രതികരണം.

കേരളത്തിൽ പക്ഷേ അദ്ദേഹം ബൂർഷ്വയാണ്. പാട്ടക്കാലാവധി കഴിഞ്ഞും മൂന്നാറിലെ തേയിലത്തോട്ടങ്ങൾ ടാറ്റയുടെ കണ്ണൺ ദേവൻ കൈവശം വെക്കുന്നുവെന്നാണ് ആരോപണം. മൂന്നാറിൽ വി.എസിന്റെ മൂന്ന് പൂച്ചക്കുട്ടികൾ പോയി ടാറ്റയുടെ ബോർഡ് എടുത്തുമാറ്റിയതും, കേരള സർക്കാറിന്റെ ബോർഡ് സ്ഥാപിച്ചുമൊക്കെ കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ നാം മറുന്നപോയിട്ടില്ല. പക്ഷേ ടാറ്റ പറയുന്നത് തിരിച്ചും. മൂന്നാറിനെ തങ്ങൾക്ക് ആവുന്ന വിധത്തിൽ പുതുക്കിപ്പണിതിട്ടുണ്ടെന്നും, പാട്ടക്കാലാവധി കഴിഞ്ഞെങ്കിൽ സർക്കാറിന് തിരിച്ചുപിടിക്കാമെന്നും. തേയിലയുടെ ചെടികൾ നടാൻ പുതിയ മലകൾ മൂന്നാറിൽ കാണിച്ചു കൊടുത്ത ആദിവാസികളായ കണ്ണന്റെയും തേവന്റെയും പേരിലാണ് ടാറ്റ കണ്ണൻ ദേവൻ എന്ന ബ്രാൻഡ് ഉണ്ടായത്. മൂന്നാർ പോലെയൊരു ഉപേക്ഷിത മേഖലയെ തൊഴിൽ ശാലകളും, ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങുമൊക്കെ ഉയർന്നതും, പക്ഷേ ആരും കാണുന്നില്ല.

കോവിഡ് കാലത്ത് രത്തൻടാറ്റ തന്റെ പേഴ്സൺൽ അക്കൗണ്ടിൽനിന്ന് എടുത്താണ് 500 കോടിരൂപ രാജ്യത്തിന് കൊടുത്തത്. ഇത് ടാറ്റാ സൺസ് ഏറ്റെടുത്ത് 1500 കോടിയാക്കി ഉയർത്തി. അങ്ങനെയുള്ള എത്രയെത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ.പക്ഷേ കേരളത്തിൽ ടാറ്റാ, ബിർളാ, അംബാനി എന്ന കുത്തക- ചൂഷണ നിയോലിബറൽ ഭീകരർ മാത്രമാണിവർ. ( മെറിറ്റിന് മാത്രം പ്രധാന്യം നൽകുന്ന ടാറ്റാ ഗ്രൂപ്പ് എം.എ യൂസഫലിയെയും, രവിപിള്ളയെയും പോലെ, സിപിഎം നേതാക്കളുടെ മക്കൾക്ക് ജോലികൊടുക്കുകയുമില്ല) ശരിക്കും തൊഴിലാളി ക്ഷേമത്തിനായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടി ടാറ്റയെപ്പോലെയുള്ള ഒരു വെൽഫയർ സംരഭത്തെയല്ലേ പിന്തുണക്കേണ്ടത്?

വാൽക്കഷ്ണം: ഇങ്ങനെയൊക്കെയാണെങ്കിലും ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന് പറയുന്നപോലെ, രത്തൻടാറ്റ ഒരു സ്വവർഗ അനുരാഗിയാണെന്ന പ്രചാരണം നടത്താനാണ് ചില കേന്ദ്രങ്ങൾക്ക് താൽപ്പര്യം. അദ്ദേഹത്തിന്റെ ഒറ്റയ്ക്കുള്ള ജീവിതത്തെ അവർ വിലയിരുത്തുന്നത് അങ്ങനെയാണ്. ഇതേക്കുറിച്ച് ഒരു വിദേശ മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ രത്തൻടാറ്റ ഇങ്ങനെ തുറന്നടിച്ചു. '' ഗേ - ലെസ്‌ബിയൻ ദമ്പതികൾ സർവസാധാരണമായ ഒരു ലോകത്താണെല്ലോം നാം ജീവിക്കുന്നത്. അങ്ങനെ ആണെങ്കിൽ അത് ധൈര്യപുർവം ഞാൻ തുറന്നു പറയുമായിരുന്നു. നിർഭാഗ്യവശാൽ അത് അല്ലാതായിപ്പോയി''.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP