Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബേക്കലിലെ സർക്കാർ സ്ഥലം വളഞ്ഞ വഴിയിൽ പാട്ടത്തിന് എടുത്തു; എസ് ബി ഐയിൽ നിന്ന് 73 കോടിയുടെ ലോണെടുത്തത് പഞ്ചനക്ഷത്ര റിസോർട്ട് കെട്ടാൻ; കടമെടുക്കാൻ ജാമ്യം നിന്നത് ഡോക്ടറായ ചേട്ടന് വിനയായി; കള്ള ഒപ്പെന്ന വാദത്തിലെ കേസ് തള്ളിയപ്പോൾ ചർച്ചയാകുന്നത് കിംസ് ഗ്രൂപ്പിലെ പ്രതിസന്ധി; ഡോ സഹദുള്ളയെ വെട്ടിലാക്കി ട്രെബ്യൂണൽ

ബേക്കലിലെ സർക്കാർ സ്ഥലം വളഞ്ഞ വഴിയിൽ പാട്ടത്തിന് എടുത്തു; എസ് ബി ഐയിൽ നിന്ന് 73 കോടിയുടെ ലോണെടുത്തത് പഞ്ചനക്ഷത്ര റിസോർട്ട് കെട്ടാൻ; കടമെടുക്കാൻ ജാമ്യം നിന്നത് ഡോക്ടറായ ചേട്ടന് വിനയായി; കള്ള ഒപ്പെന്ന വാദത്തിലെ കേസ് തള്ളിയപ്പോൾ ചർച്ചയാകുന്നത് കിംസ് ഗ്രൂപ്പിലെ പ്രതിസന്ധി; ഡോ സഹദുള്ളയെ വെട്ടിലാക്കി ട്രെബ്യൂണൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിംസ് മുതലാളി സഹദ്ദുള്ള എംഐയ്‌ക്കെതിരെ നിയമ നടപടിയുമായി എസ് ബി ഐ. ട്രാവൽ രംഗത്തെ പ്രമുഖനായ ഇഎം നജീബിന്റെ സഹോദരനാണ് സഹദ്ദുള്ള. എസ് ബി ഐയുമായുള്ള കേസിന്റെ ഭാഗമായി കൊച്ചിയിലെ നാഷണൽ കമ്പനി ട്രെബ്യൂണലാണ് ഇടപെടൽ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പരസ്യവും ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ വന്നു കഴിഞ്ഞു. ആരും ശ്രദ്ധിക്കാത്ത വിധം ചർച്ചകളൊഴിവാക്കി കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനാണ് കിംസ് മുതലാളിയുടെ നീക്കമെന്നാണ് സൂചന.

ഈ മാസം 21നാണ് ബന്ധപ്പെട്ട ഏജൻസിയിൽ നിന്നും ഇതിനുള്ള ഉത്തരവ് എസ് ബി ഐ നേടിയത്. പിന്നാലെ പരസ്യവും എത്തി. തന്റെ സ്വത്തു വിവരമെല്ലാം തെളിവുകൾ സഹിതം സഹദ്ദുള്ള നാഷണൽ കമ്പനി ട്രെബ്യൂണലിന് നൽകണം. ഫെബ്രുവരി 19ന് മുമ്പ് സമർപ്പിക്കാനാണ് നിർദ്ദേശം. ഇത് പരിശോധിച്ചാകും തീരുമാനം എടുക്കുക. സഹദുള്ളയിൽ നിന്നും കടക്കാരായവരെല്ലാം 19ന് മുമ്പ് അതിന്റെ വിശദാംശങ്ങൾ കമ്പനി ട്രെബ്യൂണലിനെ അറിയിക്കണമെന്നും പത്രപരസ്യത്തിലുണ്ട്. ഇതോടെ കിംസ് ആശുപത്രി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലെത്തുകയാണ്.

ബേക്കൽ റിസോർട്ട് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ പാട്ടത്തിനെടുത്ത ഭൂമിയിൽ ഫൈവ് സ്റ്റാർ റിസോർട്ട് പണിയുന്നതിന് വേണ്ടി എസ് ബി ഐയിൽ നിന്നും ലോൺ എടുത്തിരുന്നു. ഇത് തിരിച്ചടച്ചില്ല. ഈ സാഹചര്യത്തിലാണ് എസ് ബി ഐ വസ്തു വകകൾ കണ്ടു കെട്ടാൻ നിയമ നടപടി തുടങ്ങിയത്. ഫ്‌ളാറ്റ് നിർമ്മാണത്തിൽ അടക്കം നിരവധി പരാധികൾ കിംസ് ഗ്രൂപ്പിനെതിരെ ഉയർന്നിരുന്നു. കടക്കാർക്ക് പണം നൽകാനുള്ള മതിയായ ആസ്തി ഇപ്പോഴും സഹദുള്ളയ്ക്കുണ്ടെന്നാണ് വിലയിരുത്തൽ. സഹദുള്ളയുടെ ശതകോടികളുടെ ആസ്തി ഇഡി കണ്ടു കെട്ടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പണം നഷ്ടമാകുമെന്ന ഭയം ആർക്കും വേണ്ടെന്നാണ് പൊതുവേയുള്ള കണക്കു കൂട്ടൽ.

എങ്കിലും കിംസ് ഗ്രൂപ്പിലെ പ്രതിസന്ധി ഏറുകയാണ്. ബേക്കൽ റിസോർട്ട് 73 കോടിയുടെ ലോണാണ് എസ് ബി ഐയിൽ നിന്ന് എടുത്തത്. ഇതിന് ജാമ്യം നിന്നത് സഹദ്ദുള്ളയായിരുന്നു. പണം തിരിച്ചടയ്ക്കാതെ വന്നതോടെ എസ് ബി ഐ നിയമ നടപടി തുടങ്ങുകയായിരുന്നു. സഹദ്ദുള്ളയുടെ വസ്തുക്കൾ കണ്ടു കെട്ടാനും നീക്കം തുടങ്ങി. ഇതാണ് പുതിയ നിയമ നടപടിക്ക് കാരണമാകുന്നത്. ജാമ്യത്തിനായി ഒപ്പിട്ട് താൻ നൽകിയിട്ടില്ലെന്ന വാദവുമായി സഹദുള്ള കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളി. ഇതോടെയാണ് സഹദുള്ളയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി എസ് ബി ഐ മുമ്പോട്ട് പോകുന്നത്.

ഇതോടെ കൊച്ചയിലെ ട്രെബ്യൂണലിൽ പരാതി എത്തി. ഇതിന്റെ ഭാഗമായാണ് പത്രപരസ്യം. ബേക്കലിലെ റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് കടക്കാർ ആരെങ്കിലുമുണ്ടെങ്കിൽ ഉത്തരവ് അനുസരിച്ച് നീങ്ങിയാൽ പണം കിട്ടും. ഹാജരാക്കുന്ന തെളിവ് നോക്കി ഇവർക്കും പണം തിരിച്ചു കിട്ടാനുള്ള നടപടികൾ ഉണ്ടാകും. കേരളത്തിലെ ഏറ്റവും വലിയ ആശുപത്രി ഗ്രൂപ്പാണ് കിംസ്. കേരളത്തിലെ സാമൂഹിക മേഖലയിൽ വലിയ ഇടപെടലാണ് സഹദുള്ളയുടെ അനുജനായ നജീബ് നടത്തുന്നത്. എയർട്രാവൽ എന്റർപ്രൈസസ് എന്ന സ്ഥാപന ഉടമയായ നജീബിനെതിരേയും ഇഡി അന്വേഷണം പോലും നടന്നിരുന്നു.

അടുത്ത കാലത്ത് കിംസിന്റെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് കേന്ദ്ര ഏജൻസികൾ നടത്തിയിരുന്നു. കോട്ടയത്തെ കിംസ് ആശുപത്രി കൈമാറ്റത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇതെല്ലാം. ഇതിനിടെയാണ് പാപ്പർ സ്യൂട്ടുമായി കിംസ് മുതലാളി എത്തുന്നതെന്നതും ശ്രദ്ധേയമാണ്. അതി സമ്പന്നന്നായി മലയാളി കരുതുന്ന സഹദുള്ളയുടെ ഈ നീക്കം സ്വത്തുക്കളെല്ലാം ബിനാമിയുടെ പേരിലേക്ക് മാറ്റിയിട്ടാണോ എന്ന സംശയവും സജീവമാണ്. ബേക്കലിലെ നിർമ്മാണങ്ങൾ സഹദുള്ളയുടെ ഗ്രൂപ്പ് സ്വന്തമാക്കിയത് പോലും തട്ടിപ്പിലൂടെയാണ്. ഇതെല്ലാം മറുനാടൻ വാർത്തയായി നൽകിയിട്ടുണ്ട്. കിംസ് ആശുപത്രിയിലെ ഷെയറുകൾ സഹദുള്ള കൈമാറ്റം ചെയ്തതായും സംശയങ്ങളുണ്ട്.

28 വർഷത്തെ പ്രവാസജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ച് നാട്ടിൽ ആശുപത്രി തുടങ്ങിയ സംരംഭകനെ ബിസിനസ് പങ്കാളി വഞ്ചിച്ചെന്നു പരാതി കിംസ് ഗ്രൂപ്പിന് തലവേദനയായിരുന്നു. കിംസ് ആശുപത്രി ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.ഐ. സഹദുള്ള അടക്കമുള്ളവർക്കെതിരേ കോട്ടയം സ്വദേശി ജൂബി എം. ദേവസ്യയാണു കമ്പനി ലോ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ പരാതി നൽകിയത്. ഇത് പിന്നീട് ഇഡി അന്വേഷണത്തിലും വഴി മാറി. കിംസിന്റെ സ്വത്തുക്കളിൽ വ്യാപക അന്വേഷണവും നടന്നു. ഇതോടെയാണ് കിംസ് പ്രതിസന്ധിയിലേക്ക് വീണത് എന്നു വേണം പാപ്പർ സ്യൂട്ടിൽ നിന്ന് മനസ്സിലാക്കാൻ. കുടമാളൂരിൽ താൻ തുടക്കമിട്ട ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പങ്കാളിത്തം നേടിയ സഹദുള്ളയും കൂട്ടരും ആശുപത്രിയിൽ വൻ നിക്ഷേപം നടത്തിയെന്നു വരുത്തിത്തീർത്ത് തന്റെയും ഭാര്യയുടെയും ഓഹരി പങ്കാളിത്തം നാമമാത്രമായി ചുരുക്കിയെന്ന് കമ്പനി ലോ ട്രിബ്യൂണലിനു നൽകിയ പരാതിയിൽ ജൂബി ദേവസ്യ ആരോപിച്ചിരുന്നു.

ദീർഘകാലം അമേരിക്കയിലായിരുന്ന ജൂബി ദേവസ്യയും പത്‌നി ബേവിസ് തോമസും 2010-ലാണ് ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ടത്. രണ്ടര ഏക്കർ സ്ഥലത്ത് അര ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മിച്ചാണ് ആശുപത്രി തുടങ്ങിയത്. ആശുപത്രി വികസനവും മികച്ച നടത്തിപ്പും ലക്ഷ്യമിട്ടാണു ബിസിനസ് പങ്കാളിയെ തേടിയത്. കിംസ് ആശുപത്രി ഗ്രൂപ്പുമായാണു കൈകോർത്തത്. കിംസ് മേധാവി എം.ഐ. സഹദുള്ള അടക്കം ആറു പേരെ കിംസ് ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന പുതിയ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ചേർത്തു. ആയിരം രൂപയുടെ 14,025 ഓഹരികൾ ഇവർക്കു നൽകി. ഇത് മൊത്തം ഓഹരിയുടെ 55 ശതമാനമായിരുന്നു.

ശേഷിക്കുന്ന 45 ശതമാനമായിരുന്നു സ്ഥാപക ദമ്പതികളുടെ പങ്കാളിത്തം. എം.ഐ. സഹദുള്ള എം.ഡി. സ്ഥാനത്തെത്തി. വൈകാതെ എം.ഐ. സഹദുള്ള അടിച്ചമർത്തൽ സമീപനം തുടങ്ങിയതോടെ സൗഹൃദപരമായ ബിസിനസ് ബന്ധം വഷളായി. ഡയറക്ടർ ബോർഡിലെ മേൽക്കൈ ഉപയോഗിച്ച് എം.ഡിയുടെ ഏകപക്ഷീയമായി ഓഹരിപങ്കാളിത്തക്രമം മാറ്റിമറിക്കാൻ തുടങ്ങി. ആശുപത്രിയുടെ വികസനത്തിനായി വായ്പയെടുക്കാനായിരുന്നു പിന്നീടുള്ള നീക്കം. പീഡിയാട്രിക് വെന്റിലേറ്റർ സ്ഥാപിക്കാനായി സഹദുള്ള ബാങ്കിൽനിന്നു വൻതുക വായ്പയെടുത്തതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. വായ്പയെടുക്കുന്ന വിവരം ജൂബിയെയോ പത്‌നിയെയോ അറിയിച്ചിരുന്നില്ല. കുടമാളൂരിലെ ആശുപത്രിയിൽ ന്യൂറോ സർജറി വകുപ്പ് ഇല്ലാത്തതിനാൽ പീഡിയാട്രിക് വെന്റിലേറ്റർ പോലെയുള്ള ഉപകരണങ്ങൾ വാങ്ങുന്നു എന്ന അറിവ് ഞെട്ടിച്ചെന്ന് ജൂബി പറയുന്നു.

ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിനെ ചോദ്യംചെയ്തു. പീഡിയാട്രിക് വെന്റിലേറ്റർ വാങ്ങിയതുകൊച്ചിയിലെ കിംസ് ആശുപത്രിക്കു വേണ്ടിയായിരുന്നെന്ന് യോഗത്തിൽ വച്ചുതന്നെ വിവരം കിട്ടി. ഇത് പണം വകമാറ്റിയതിന്റെ ഒരു ഉദാഹരണം മാത്രം. ആശുപത്രിയിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനു പണം ചെലവിട്ടതിലും വലിയ ക്രമക്കേടുകൾ നടന്നെന്നും ജൂബി പറയുന്നു. ക്രമേണ ആശുപത്രിയുടെ നടത്തിപ്പിൽ സ്ഥാപകർക്കു ശബ്ദം നഷ്ടപ്പെട്ടു. കിംസ് ബെൽറോസിലേക്കെന്ന വ്യാജേന എം.ഡി. വിദേശത്തുനിന്നടക്കം ആധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു. ഇതിന്റെ വിശദാംശങ്ങൾ ചോദിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ഉപകരണങ്ങൾ കുടമാളൂരിലെ ആശുപത്രിയിൽ സ്ഥാപിക്കുമെന്നു കരുതിയെങ്കിലും അവയെല്ലാം എം.ഡിയുടെ പേരിലുള്ള മറ്റു സ്ഥാപനങ്ങളിലാണ് ഉപയോഗപ്പെടുത്തിയത്.

ഇത് ഫണ്ട് വകമാറ്റലിന്റെ പരോക്ഷമായ തന്ത്രമായിരുന്നു. ഈ ആശുപത്രിയിൽ ഇല്ലാത്ത ഉപകരണങ്ങൾ പോലും സ്ഥാപിച്ചതായി രേഖകളുണ്ടാക്കി. ഉപകരണങ്ങൾ വാങ്ങിയതിന്റെ ബില്ലുകളും രസീതുകളും ഇൻവോയിസുകളും നികുതിവിവരങ്ങളുമൊക്കെ ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കപ്പെട്ടു. വായ്പയുടെയോ തിരിച്ചടവിന്റെയോ വിവരങ്ങൾ പോലും നൽകിയില്ല. ധനവിനിയോഗത്തിലെ ക്രമക്കേടുകൾ ചോദ്യംചെയ്തപ്പോൾ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായി. വലിയ നിക്ഷേപം നടത്തിയെന്ന വ്യാജേന ഓരോ വർഷവും സ്ഥാപക ദമ്പതികളുടെ ഓഹരിപങ്കാളിത്തം കുറച്ചുകൊണ്ടുവന്നു. കഴിഞ്ഞ ജനുവരി നാലിനു ചേർന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ വലിയ മാറ്റങ്ങളുണ്ടായി. സി.എം.ഡി. ഓഹരിമൂലധനം 10 രൂപയുടെ 5.5 കോടി ഓഹരിയെന്നത് 10 രൂപയുടെ 6.5 കോടി എണ്ണം എന്നാക്കിമാറ്റി.

എം.ഡിയുടെ സ്ഥാപനമായ കിംസ് ഹെൽത്ത്‌കെയർ മാനേജ്‌മെന്റ് ലിമിറ്റഡിന് 1,04,23,600 ഓഹരികൾകൂടി നൽകി. അതോടെ സ്ഥാപക ദമ്പതികളുടെ ഓഹരിപങ്കാളിത്തം നാമമാത്രമായെന്നും ആശുപത്രിയിൽ സ്വതന്ത്ര ഓഡിറ്റിങ്ങിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP