Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടി; നിയമോപദേശം തേടുക മറുപടി കിട്ടിയ ശേഷം; നായനാർ സർക്കാരിന്റെ കാലത്ത്‌ ലോകായുക്ത ഉത്തരവിനെ തിരുത്താമെന്ന വ്യവസ്ഥയെ എതിർത്തത് തെറ്റായിപ്പോയെന്ന കുമ്പസാരവുമായി സിപിഎം നേതാക്കൾ

ലോകായുക്ത നിയമഭേദഗതിയിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടി; നിയമോപദേശം തേടുക മറുപടി കിട്ടിയ ശേഷം; നായനാർ സർക്കാരിന്റെ കാലത്ത്‌ ലോകായുക്ത ഉത്തരവിനെ തിരുത്താമെന്ന വ്യവസ്ഥയെ എതിർത്തത് തെറ്റായിപ്പോയെന്ന കുമ്പസാരവുമായി സിപിഎം നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ പ്രതിപക്ഷം നൽകിയ പരാതിയിൽ, ഗവർണർ സർക്കാരിനോട് വിശദീകരണം തേടി. പരാതി ലഭിച്ചു കഴിഞ്ഞാൽ സാധാരണ നടപടിക്രമം എന്ന നിലയിൽ ഗവർണർ അത് സർക്കാരിന് അയയ്ക്കാറുണ്ട്. സർക്കാരിന്റെ മറുപടികൂടി ലഭിച്ചശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം ഫെബ്രുവരി ഒന്നിനു മടങ്ങി എത്തിയശേഷമായിരിക്കും ഓർഡിനൻസ് സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടുക.

ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പിലാണ് സർക്കാർ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നതെന്നും ലോകായുക്ത നിയമത്തിന്റെ പല്ലും നഖവും കൊഴിച്ചുകളയുന്ന ഓർഡിനൻസാണിതെന്നും പ്രതിപക്ഷം ഗവർണർക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പാർലമെന്റോ നിയമസഭയോ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമെന്നു പറയാൻ കോടതിക്കു മാത്രമേ സാധിക്കൂവെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന നിയമന്ത്രിയുടെ വാദം തന്നെ സുപ്രീം കോടതി വിധിക്ക് എതിരാണ്.

ബിൽ അവതരിപ്പിച്ച കാലത്ത് രാഷ്ട്രപതിയുടെ അനുമതി തേടിയ സാഹചര്യത്തിൽ ഓർഡിനൻസും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്ന് ഗവർണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പുതിയ ഭേദഗതി പാർലമെന്റ് പാസാക്കിയ ലോക്പാൽ നിയമത്തിന് എതിരാണോയെന്നു പരിശോധിക്കേണ്ടതും രാഷ്ട്രപതിയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഓർഡിനൻസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നേരത്തെ ഗവർണർക്ക് കത്തയച്ചിരുന്നു. കത്ത് കൂടാതെ നിയമപരമായ കാര്യങ്ങൾ പരിഗണിച്ച് ഒപ്പ് വയ്ക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. 22 വർഷത്തിന് ശേഷം ലോകായുക്ത നിയമവിരുദ്ധമെന്ന് പറയുന്നത് ശരിയല്ല. ഇത് പരിശോധിക്കാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ലോകായുക്ത നിയമത്തെ പ്രശംസിച്ചിരുന്ന മുഖ്യമന്ത്രി സർക്കാരിനെതിരായ കേസ് നിലനിൽക്കുന്നതു കൊണ്ടാണ് നിയമ ഭേദഗതിയുമായി വരുന്നതെന്നും പ്രതിപക്ഷം നേതാവ് ആരോപിച്ചു. ഓർഡിനൻസിലൂടെ ഇകെ നായനാരെയും അന്നത്തെ നിയമമന്ത്രി ചന്ദ്രശേഖരനെയും അപമാനിക്കുന്ന തീരുമാനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സർക്കാരിന്റെ വാദമുഖങ്ങൾ ദുർബലമാണെന്നും കെടി ജലീലിന്റെ കാര്യത്തിൽ ഭരണഘടനാ വിരുദ്ധമെന്ന് പറയാത്തത് ഇപ്പോൾ വിരുദ്ധമെന്ന് പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനും എതിരെ ലോകായുക്തയിൽ പരാതികൾ നിലനിൽക്കുന്ന കാര്യവും പ്രതിപക്ഷ സംഘം ഗവർണറെ ധരിപ്പിച്ചിരുന്നു.

അതേസമയം, നായനാർ സർക്കാരിന്റെ കാലത്ത് ലോകായുക്ത നിയമ ഭേദഗതിയെ എതിർത്തത് തെറ്റായിപ്പോയെന്ന് തുറന്ന് സമ്മതിച്ച് സി പി എം മുതിർന്ന നേതാവും മുൻ എം എൽ എയുമായ ആനത്തലവട്ടം ആനന്ദൻ. 1999ൽ ലോകായുക്ത നിയമത്തിന്റെ ഭേദഗതിയെ എതിർത്തത് സെക്ഷൻ 14 ലെ ഭരണഘടന വിരുദ്ധതയെക്കുറിച്ച് ബോധ്യമില്ലായിരുന്നതുകൊണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്ന് നിയമ വിദഗ്ധരാരും ഇതേക്കുറിച്ച് പറഞ്ഞുതന്നില്ല. നിയമത്തിലെ ഭരണഘടന വിരുദ്ധത തിരിച്ചറിഞ്ഞതുകൊണ്ടാണ് സർക്കാർ ഇപ്പോൾ തിരുത്തുന്നതെന്നും തെറ്റ് ജനങ്ങളോട് തുറന്നുപറയലാണ് ഈ തിരുത്തലെന്നും ആനത്തലവട്ടം ആനന്ദൻ ചാനൽ ചർച്ചയിൽ പറഞ്ഞു. 1999ലെ നിയമസഭാ പ്രസംഗം മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ആനത്തലവട്ടം ആനന്ദന്റെ വിശദീകരണം.

ലോകായുക്തയുടെ ഉത്തരവ് സർക്കാരിന് ചോദ്യം ചെയ്യാമെന്ന വ്യവസ്ഥ നായനാർ സർക്കാരിന്റെ കാലത്ത് ഒഴിവാക്കിയത് തെറ്റായിപ്പോയെന്നാണ് ആനത്തലവട്ടം ആനന്ദൻ തുറന്ന് സമ്മതിക്കുന്നത്. ലോകായുക്ത ഉത്തരവിനെ സർക്കാരിന് തള്ളാം എന്ന വ്യവസ്ഥ 99 ലെ നായനാർ സർക്കാരിന്റെ കാലത്ത് ബില്ലവതരിപ്പിക്കുമ്പോൾ ഒഴിവാക്കിയത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. സർക്കാർ ഇന്ന് കൊണ്ടുവന്ന ഭേദഗതിയെ 1999 ൽ ഇടത് നേതാക്കൾ എതിർത്തിരുന്നുവെന്ന നിയമസഭാ രേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 99 ൽ നായനാർ സർക്കാരിന്റെ കാലത്ത് ആദ്യം നിയമസഭയിൽ അവതരിപ്പിച്ച ലോകായുക്ത നിയമത്തിന്റെ കരടിൽ ഇന്ന് സർക്കാർ കൊണ്ടുവന്ന ഭേദഗതിയും ഉണ്ടായിരുന്നു. ലോകായുക്ത ഉത്തരവിനെ ഗവർണർ അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് തിരുത്താമെന്ന വ്യവസ്ഥക്കെതിരെ ജി സുധാകരൻ, ആനത്തലവട്ടം ആനന്ദൻ അടക്കമുള്ള ഇടത് അംഗങ്ങൾ അന്ന് ശക്തമായി എതിർത്തുവെന്നാണ് സഭാ രേഖകളിലുള്ളത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP