Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാതുവെയ്‌പ്പുകാർ സമീപിച്ചത് അറിയിക്കാൻ വൈകി; സിംബാബ്വെ മുൻ നായകൻ ബ്രെണ്ടൻ ടെയ്ലർക്ക് മൂന്നര വർഷം വിലക്ക്; കുറ്റങ്ങൾ സമ്മതിച്ചതിനാലാണ് ശിക്ഷ 'ചുരുങ്ങി'യതെന്ന് ഐസിസി

വാതുവെയ്‌പ്പുകാർ സമീപിച്ചത് അറിയിക്കാൻ വൈകി; സിംബാബ്വെ മുൻ നായകൻ ബ്രെണ്ടൻ ടെയ്ലർക്ക് മൂന്നര വർഷം വിലക്ക്; കുറ്റങ്ങൾ സമ്മതിച്ചതിനാലാണ് ശിക്ഷ 'ചുരുങ്ങി'യതെന്ന് ഐസിസി

സ്പോർട്സ് ഡെസ്ക്

ദുബായ്: വാതുവെപ്പുകാർ സമീപിച്ച കാര്യം അറിയിക്കാൻ വൈകിയതിനും ഉത്തേജകമരുന്ന് ഉപയോഗിച്ചതിനും സിംബാബ്വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ബ്രെണ്ടൻ ടെയ്ലറെ മൂന്നരവർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കി ഐസിസി. സമൂഹമാധ്യമങ്ങളിലൂടെയാണ് വാതുവെപ്പുകാർ സമീപിച്ച കാര്യം ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാൻ വൈകിയ കാര്യം 35കാരനായ ടെയ്ലർ അടുത്തിടെ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഐസിസി നടപടി. 2025 ജൂലായ് 28 വരെയാണ് താരത്തെ വിലക്കിയിരിക്കുന്നത്.

ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടത്തിന്റെ ലംഘനം ടെയ്ലർ സമ്മതിച്ചിട്ടുണ്ടെന്നും ഐസിസി ഉത്തേജക വിരുദ്ധ ചട്ടത്തിന്റെ ലംഘനവും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും ഐസിസി വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഐസിസി അഴിമതി വിരുദ്ധ ചട്ടത്തിന്റെ 2.4.2, 2.4.3, 2.4.4, 2.4.7 എന്നീ വകുപ്പുകളുടെ ലംഘനമാണ് ടെയ്ലർക്കെതിരേ ആരോപിക്കപ്പെട്ടിട്ടുള്ളത്.

ദിവസങ്ങൾക്കു മുമ്പ് ഇക്കാര്യം ടെയ്ലർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 2019 ഒക്ടോബറിൽ സിംബാബ്വെയിൽ ഒരു ട്വന്റി 20 ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നതിന്റെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ വ്യവസായി തന്നെ സമീപിച്ചുവെന്നും തനിക്ക് 15,000 ഡോളർ ഓഫർ ചെയ്‌തെന്നുമായിരുന്നു താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വെളിപ്പെടുത്തിയത്.

താൻ കൊക്കൈയ്ൻ ഉപയോഗിക്കുന്ന ചിത്രങ്ങൾ പകർത്തിയ ഒരു കൂട്ടം ഇന്ത്യൻ വ്യവസായികൾ വാതുവെപ്പിന് കൂട്ടുനിൽക്കാൻ തന്നെ നിർബന്ധിച്ചുവെന്നും ബ്ലാക് മെയിൽ ചെയ്തുവെന്നും ഈ മാസം 24ന് ടെയ്ലർ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. 2019ലാണ് സംഭവം നടന്നതെന്നും എന്നാൽ താൻ വാതുവെപ്പിന് കൂട്ടുനിന്നില്ലെന്നും ടെയ്ലർ വ്യക്തമാക്കിയിരുന്നു.

സംഭവം ഐസിസിയടെ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയതായി ടെയ്ലർ സമ്മതിച്ചിരുന്നു. ഇന്ത്യൻ വ്യവസായികളുമായി മദ്യപിച്ചിരുന്നുവെന്നും അതിനിടെയാണ് അവർ കൊക്കൈയ്ൻ നൽകിയതെന്നും ടെയ്ലർ പറഞ്ഞിരുന്നു. കൊക്കൈയ്ൻ രുചിച്ചു നോക്കിയ താൻ വിഡ്ഢിയായെന്നും ഇതേ ആളുകളാണ് പിന്നീട് തന്നെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് കാട്ടി ബ്ലാക്ക് മെയിൽ ചെയ്തതെന്നും ടെയ്ലർ വ്യക്തമാക്കിയിരുന്നു.

ഒരിക്കലും വാതുവെപ്പിന്റെ ഭാഗമായിട്ടില്ലെന്നും താനൊരു ചതിയനല്ലെന്നും ടെയ്ലർ പറഞ്ഞിരുന്നു. കുറ്റങ്ങൾ എല്ലാം സമ്മതിച്ചതിനാലാണ് ടെയ്ലറുടെ ശിക്ഷ മൂന്നര വർഷത്തെ വിലക്കിൽ ഒതുങ്ങിയതെന്ന് ഐസിസി ഇന്റഗ്രിറ്റി യൂണിറ്റ് തലവൻ അലക്‌സ് മാർഷൽ പറഞ്ഞു.

സിംബാബ്വെക്കായി 34 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള ടെയ്ലർ ആറ് സെഞ്ചുറി ഉൾപ്പെടെ 2320 റൺസടിച്ചു. 205 ഏകദിനങ്ങളിൽ 11 സെഞ്ചുറി ഉൾപ്പെടെ 6684 റൺസും 44 ടി20 മത്സരങ്ങളിൽ നിന്ന് 859 റൺസും ടെയ്ലർ നേടിയിട്ടുണ്ട്. ഏകദിനങ്ങളിൽ ഒമ്പത് വിക്കറ്റും ടി20യിൽ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP