Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൗജിഹാദ്, ഹലാൽ ഭക്ഷണത്തിലെ അപകടം എന്നീ വിഷയങ്ങളിൽ ഫാ.ആന്റണി തറേക്കടവിലിന് ഒപ്പം; രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വൈദികനെ ജയിലിൽ അയയ്ക്കുവാൻ താൽപര്യമില്ല; മതവിദ്വേഷ പ്രസംഗവിവാദത്തിൽ വൈദികനെ പിന്തുണച്ച്‌ തലശേരി അതിരൂപത

ലൗജിഹാദ്, ഹലാൽ ഭക്ഷണത്തിലെ അപകടം എന്നീ വിഷയങ്ങളിൽ ഫാ.ആന്റണി തറേക്കടവിലിന് ഒപ്പം; രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വൈദികനെ ജയിലിൽ അയയ്ക്കുവാൻ താൽപര്യമില്ല; മതവിദ്വേഷ പ്രസംഗവിവാദത്തിൽ വൈദികനെ പിന്തുണച്ച്‌ തലശേരി അതിരൂപത

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: മതവിദ്വേഷ പ്രസംഗം നടത്തിയ വൈദികനെ സംരക്ഷിക്കാൻ ഉറച്ചുനിൽക്കുമെന്ന് തലശേരി അതിരൂപത. നിയമസംരക്ഷണം അടക്കം വൈദികന്റെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം ചെയ്യും. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെയാണ് ഫാ. ആന്റണി തറക്കടവിന്റെ പ്രകോപനപരമായ പ്രസംഗം ഉണ്ടായത്. ഫാ. ആന്റണി തറക്കടവിനെതിരെ സമൂഹത്തിൽ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഹലാൽ ഭക്ഷണം ക്രിസ്ത്യൻ വിരുദ്ധമാണെന്നു ഫാ. ആന്റണി നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഈ പ്രസംഗം വിവാദമായി മാറിയതോടെ ഇതിനെതിരെ ചില മുസ്ലിം സംഘടനകൾ നിലപാടെടുത്തിരുന്നു. എന്നാൽ പ്രശ്നം വർഗീയ ധ്രുവീകരണത്തിലേയ്ക്ക് കടക്കുന്നതിന് മുൻപ് തന്നെ രൂപതാ നേതൃത്വം ഇടപെട്ടു മുസ്ലിം സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഒത്തുതീർപ്പിലെത്തി.

എന്നാൽ, ഫാ. ആന്റണി തറേക്കടവിലിനെയോ, അച്ചൻ നടത്തിയ പ്രഭാഷണത്തിൽ സത്യവിശ്വാസത്തെയും, ലൗജിഹാദിനെയും, ഹലാൽ ഭക്ഷണത്തിലെ അപകടത്തെയും കുറിച്ചുള്ള പ്രസ്താവനകളെ തള്ളിപ്പറയാൻ തയ്യാറല്ലെന്ന് തലശേരി അതിരൂപത വാർത്താ കുറിപ്പിൽ അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലും ഇക്കാര്യം അർത്ഥശങ്കയില്ലാതെ വ്യക്തമാക്കിയതാണ്. മറിച്ചുള്ള പ്രചാരണങ്ങൾ അവാസ്തവവും, ഗൂഢലക്ഷ്യങ്ങളോട് കൂടിയുള്ളതുമാണെന്നും അതിരൂപത അറിയിച്ചു.

മതസൗഹാർദ്ദത്തിന് ഹാനികരമായി വ്യാഖ്യാനിക്കപ്പെടാനും, നിയമനടപടികൾക്ക് വിധേയമാകാനും ചുരുക്കം ചില പ്രസ്താവനകൾ അച്ചന്റെ പ്രസംഗത്തിലുണ്ട് എന്ന പൊലീസിന്റെയും നിയമവിദഗ്ധരുടെയും അഭിപ്രായത്തെ മാനിച്ചാണ് അതിരൂപത ചർച്ചയ്ക്ക് തയ്യാറായത്. സുവിശേഷത്തോടും സഭാദർശനങ്ങളോടും ഉള്ള പ്രതിബദ്ധതയെ ഭീരുത്വവും കാലുപിടിത്തവുമായി വ്യാഖ്യാനിക്കുന്നവരെ അവഗണിക്കുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് സഭയ്ക്ക് പ്രവർത്തിക്കാനാവില്ല.

സമീപകാലത്ത് ക്രൈസ്തവ സമൂഹത്തിൽ രൂപം കൊണ്ട ചില പ്രസ്ഥാനങ്ങൾ സമുദായബോധം വളർത്താനും, ലൗജിഹാദ് പോലെയുള്ള പ്രതിസന്ധികളെ നേരിടാനും സമുദായത്തെ ശക്തിപ്പെടുന്നു എന്നത് അഭിനന്ദനാർഹമാണ്. എന്നാൽ, അപക്വമായ പ്രചാരണങ്ങളും പ്രസ്താവനകളും വഴി സഭയിൽ ആന്തരിക ഭിന്നത ഉണ്ടെന്ന ധാരണ പരത്തുന്നത് അവിവേകമാണ്. അത് സഭയുടെ ശത്രുക്കൾക്ക് വിരുന്നൊരുക്കുന്ന നടപടിയാണ്. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ സഭയുടെ മക്കൾ ശ്രദ്ധിക്കണമെന്നും രൂപതയുടെ കുറിപ്പിൽ പറയുന്നു.

ഈശോമിശിഹായെയും, സഭയുടെ സത്യവിശ്വാസത്തെയും അവഹേളനപരമായി ചിത്രീകരിച്ച് സംസാരിക്കുന്ന ചില ഇസ്ലാമിക നേതാക്കളുടെ പ്രഭാഷണങ്ങളിലെ വർഗ്ഗീയ ലക്ഷ്യങ്ങൾക്കെതിരെ ഉഭയകക്ഷി ചർച്ചയിൽ ശക്തമായ നിലപാടാണ് അതിരൂപത സ്വീകരിച്ചത്. അതിരൂപതയുടെ നിലപാട് അവർ അംഗീകരിക്കുകയും ചെയ്തു. ഇത്തരം പ്രഭാഷണങ്ങൾക്കെതിരെ നിയമനടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇസ്ലാം നാമധാരികളായ ചില തീവ്രവാദികൾ നടത്തിയ മതസ്പർദ്ധ ഉളവാക്കുന്ന പ്രസ്താവനകളുടെ പേരിൽ, ക്രിസ്ത്യൻ-മുസ്ലിം സമുദായ സംഘർഷം രൂപപ്പെടാതിരിക്കാനുള്ള വിവേകവും പക്വതയും പ്രകടമാക്കുന്നത് ഭീരുത്വമല്ല. മറിച്ച് നാടിന്റെ മതേതരത്വം കാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. ഇതര മതങ്ങളെ അനാദരിക്കുന്നത് ക്രൈസ്തവമല്ല, കത്തോലിക്ക സഭയുടെ നിലപാടുമല്ല. എന്നാൽ, ഫാ.ആന്റണി തറേക്കടവിൽ ഉയർത്തിയ ധാർമികവും സാമൂഹികവുമായ വിഷയങ്ങൾ സഭയുടെയും ആകുലതയാണ്. അതിന് അച്ചന് പൂർണ പിന്തുണ അതിരൂപത നൽകുന്നുണ്ട്.

ഫാ ആന്റണി തറേക്കടവിലിനെ മറയാക്കി കലാപമോ, രക്തസാക്ഷികളെയോ സൃഷ്ടിക്കാൻ താൽപര്യം ഉള്ളവരുടെ കെണിയിൽ വീഴാൻ അതിരൂപത തയ്യാറല്ല. ആരുടെയെങ്കിലും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വൈദികനെ ജയിലിൽ അയയ്ക്കുവാൻ അതിരൂപതയ്ക്ക് താൽപര്യമില്ല. ഈ വിഷയത്തിൽ എല്ലാ തീരുമാനങ്ങളും ഫാ.ആന്റണി തറേക്കടവിലിന്റെ അറിവോടെയാണ് എടുത്തിട്ടുള്ളതെന്നും നിയമപരമായ സംരക്ഷണം അച്ചന് നൽകുമെന്നും തലശേരി അതിരൂപത അർത്ഥശങ്കയില്ലാതെ വ്യക്തമാക്കി.

ഇരിട്ടി കുന്നോത്ത് സെമിനാരിയിൽ മതപഠനം നടത്തുന്നവർക്ക് ക്ലാസ് എടുക്കുന്ന അദ്ധ്യാപകനാണ് ഫാ. ആന്റണി തറക്കടവിൽ.എസ്.കെ. എസ്. എസ്. എഫ് ഇരിട്ടി ശാഖാകമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹലാൽ അടക്കമുള്ള വിഷയങ്ങളിൽ മുസ്ലീങ്ങൾക്കെതിരെയും പ്രവാചകനായ മുഹമ്മദ് നബിക്കെതിരെയും മോശമായി പ്രസംഗിച്ചുവെന്നുവാണ് പരാതി.

ഇതിനിടെയാണ് ആരോപണവിധേയനായ വൈദികനെ തള്ളി പറഞ്ഞുകൊണ്ടു കത്തോലിക്ക സഭരംഗത്തു വന്നു എന്ന് വാർത്തകൾ വന്നിരുന്നു. അതാണ് തലശേരി രൂപത ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഇസ്ലാം മതത്തിനെതിരായ പരാമർശം സഭയുടെയോ രൂപതയുടെയോ നിലപാടെല്ലെന്നും മതസൗഹാദ്ദത്തെ തകർക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശേരി രൂപത ചാൻസലർ ഫാദർ തോമസ് തെങ്ങുമ്പള്ളിൽ നേരത്തെ അറിയിച്ചിരുന്നു.

അതേ സമയം പരസ്പര ബഹുമാനത്തോടെയും സൗഹാർദ്ദത്തോടെയും ഇരുമതങ്ങളും പ്രവർത്തിക്കണമെന്നും ഇത്തരം വിഷയങ്ങൾ തുടർന്ന് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെടുക്കണമെന്നും സുന്നി യുവജനസംഘം കണ്ണൂർ ജില്ലാ പ്രസിഡന്റുമായി സഭാ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു.

പള്ളി തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഹലാൽ വിശദീകരണത്തിനിടെയാണ് വൈദികൻ ചില വിവാദ പരാമർശങ്ങൾ നടത്തിയത്. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങൾക്ക് പുറമേ ഹലാൽ ഭക്ഷണം ക്രിസ്ത്യൻ വിരുദ്ധമാണെന്നുമൊക്കെ ഫാ. ആന്റണി നടത്തിയ പ്രഭാഷണത്തിൽ ഉണ്ടായിരുന്നു.

ഈ പ്രസംഗം വിവാദമായതോടെ മുസ്ലിംലീഗ്, എസ്വൈഎസ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രശ്നം കൂടുതൽ വർഗീയ ധ്രുവീകരണത്തിലേയ്ക്ക് പോകുന്നതിന് മുമ്പ് രൂപതാ നേതൃത്വം ഇടപെടുകയും രൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപ്പള്ളി മുസ്ലിം സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും 'ഫാ. ആന്റണിയുടെ വാക്കുകൾ സഭയുടെ ഔദ്യോഗിക അഭിപ്രായമല്ല എന്ന പ്രസ്താവന നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP