Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലേഖനത്തിൽ പല്ലും നഖവുമുള്ള കാവൽ നായയെന്ന് വിശേഷിപ്പിച്ചു; തനിക്കെതിരെ കേസു വന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രമം ലോകായുക്തയുടെ പല്ലുപറിക്കാൻ; പിണറായിക്ക് അധികാരം കിട്ടിയപ്പോൾ എന്തും ചെയ്യാമെന്ന ധാർഷ്ട്യം; ഭേദഗതിയിൽ ആദ്യം സിപിഐക്ക് മറുപടി കൊടുക്കൂ; പിണറായിക്കെതിരെ സതീശൻ

ലേഖനത്തിൽ പല്ലും നഖവുമുള്ള കാവൽ നായയെന്ന് വിശേഷിപ്പിച്ചു; തനിക്കെതിരെ കേസു വന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രമം ലോകായുക്തയുടെ പല്ലുപറിക്കാൻ; പിണറായിക്ക് അധികാരം കിട്ടിയപ്പോൾ എന്തും ചെയ്യാമെന്ന ധാർഷ്ട്യം; ഭേദഗതിയിൽ ആദ്യം സിപിഐക്ക് മറുപടി കൊടുക്കൂ; പിണറായിക്കെതിരെ സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താനാണെന്ന് ഇപ്പോഴത്തെ ശ്രമമെന്ന് സതീശൻ കുറ്റപ്പെടുത്തി. 2019ൽ എഴുതിയ ലേഖനത്തിൽ പല്ലും നഖവുമുള്ള കാവൽ നായയാണ് ലോകായുക്ത എന്നാണ് മുഖ്യമന്ത്രി നിയമത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്നാൽ 2022ൽ തനിക്കെതിരേ കേസ് വന്നപ്പോൾ ഇതിന് മാറ്റമുണ്ടായി. ലോകായുക്തയുടെ പല്ല് പറിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നു. അധികാരം കിട്ടിയപ്പോൾ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള നീക്കമെന്നും വി.ഡി സതീശൻ ആരോപിച്ചു.

ഫെബ്രുവരി നാലിന് മുഖ്യമന്ത്രിക്കെതിരായ കേസും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരായ കേസും ലോകായുക്തയിൽ വരികയാണ്. അതിന് മുൻപായി 22 വർഷമായി നിലനിൽക്കുന്ന ലോകായുക്ത നിയമം ഓർഡിനൻസ് കൊണ്ടുവന്ന് ഭേദഗതി വരുത്താനുള്ള നീക്കം കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ്. 22 വർഷമായി എൽഡിഎഫ് മുന്നോട്ടുവെയ്ക്കാത്ത ലോകായുക്തയിലെ ഭരണഘടനാ വിരുദ്ധത എന്ന വാദം മുഖ്യമന്ത്രിക്കെതിരായ കേസ് വന്നപ്പോൾ മാത്രമാണ് അവർ ഉന്നയിക്കുന്നത്. കേസിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു നീക്കമെന്ന് വളരെ വ്യക്തമാണ്.

നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ യോഗ്യതയുള്ള ഏക അധികാരം കോടതിക്ക് മാത്രമാണ്. അത് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്തയെ ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ പാർട്ടി സെക്രട്ടറിയും മന്ത്രിമാരും ഉന്നയിക്കുന്ന വാദങ്ങൾ വെറും ന്യായീകരണം മാത്രമാണ്. വാദങ്ങൾക്കൊന്നും യാതൊരു വിധത്തിലുള്ള അടിത്തറയുമില്ല. ഓർഡിനൻസ് കൊണ്ടുവരുന്നതിലെ ദുരൂഹത ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ തന്നെ ഉയർത്തിയിട്ടുണ്ട്. ആദ്യം കോടിയേരി ബാലകൃഷ്ണനും പാർട്ടിയും കാനം രാജേന്ദ്രനും സിപിഐക്കും മറുപടി കൊടുക്കട്ടേയെന്നും വി.ഡി സതീശൻ പറഞ്ഞു.

നേരത്തെ ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയ വിഷയത്തിൽ സിപിഐ സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു. മുന്നണിക്കുള്ളിൽ വിഷയം ചർച്ച ചെയ്യാത്തതു കൊണ്ടാണ് വിഷയത്തിൽ എതിർപ്പുമായി സിപിഐ രംഗത്തുവന്നത്. 22 വർഷമായി നിലനിന്നിരുന്ന ഒരു നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അത് മുന്നണിക്കുള്ളിൽ കൂടിയാലോചന നടത്തിയില്ലെന്നാണ് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ ആരോപിച്ചു.

ആർക്കെങ്കിലും ഒരാൾക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതിൽ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തിൽ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് വിഷയം നിയമസഭയിൽ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അതിൽ എല്ലാ വിഭാഗം എംഎൽഎമാർക്കും അവരവരുടെ പാർട്ടിയുമായി ചർച്ച ചെയ്ത് അഭിപ്രായം പറയാനുള്ള അവസരമുണ്ടാകണമായിരുന്നു.

ക്യാബിനറ്റിൽ പോലും ആവശ്യത്തിന് ചർച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ലെന്നാണ് സിപിഐയുടെ വ്യക്തമായ അഭിപ്രായമെന്നും പ്രകാശ് ബാബു പറഞ്ഞു. നിയമസഭ സമ്മേളിക്കാത്ത സമയം ഇത്തരത്തിലൊരു ഓർഡിനൻസ് പുറപ്പെടുവിച്ച് ഗവർണർക്ക് അയക്കുന്നതിൽ ഭരണഘടനാപരമായി തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്.

ഓർഡിനൻസിലേക്ക് പോകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നാണ് സിപിഐ ചോദിക്കുന്നത്. 1996-2001 നിയമസഭ ഈ വിഷയം ചർച്ച ചെയ്താണ് നിയമം പാസാക്കിയത്. അതിന് ഭേദഗതി കൊണ്ടുവരുമ്പോൾ അതും നിയമസഭ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നാണ് സിപിഐ ആവർത്തിച്ച് അഭിപ്രായപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP