Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്താംക്ലാസ് തോറ്റയാൾക്കും കെഎസ്ഇബിയിൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങാം! പിണറായി വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ കൊണ്ടുവന്ന ഭേദഗതി പത്താംക്ലാസു തോറ്റവർക്ക് സൂപ്പർലോട്ടോ ആയി; ഇപ്പോഴുള്ള 80 ശതമാനം ഓവർസീയർമാരും പത്ത് തോറ്റവർ; സർവീസിൽ പത്ത് വർഷം പൂർത്തിയാക്കിയാൽ അസിസ്റ്റന്റ് എൻജിനീയറുടെ ശമ്പളവും; കെഎസ്ഇബി കുത്തുപാളയെടുക്കുന്ന വിധം

പത്താംക്ലാസ് തോറ്റയാൾക്കും കെഎസ്ഇബിയിൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങാം! പിണറായി വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ കൊണ്ടുവന്ന ഭേദഗതി പത്താംക്ലാസു തോറ്റവർക്ക് സൂപ്പർലോട്ടോ ആയി; ഇപ്പോഴുള്ള 80 ശതമാനം ഓവർസീയർമാരും പത്ത് തോറ്റവർ; സർവീസിൽ പത്ത് വർഷം പൂർത്തിയാക്കിയാൽ അസിസ്റ്റന്റ് എൻജിനീയറുടെ ശമ്പളവും; കെഎസ്ഇബി കുത്തുപാളയെടുക്കുന്ന വിധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്താംക്ലാസ് തോറ്റാൽ ജീവിതം പോയി എന്നു കരുയിരുന്ന ഒരു തലമുറ കേരളത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഈ തോൽവി അവസരമായി മാറുന്ന തലതിരിഞ്ഞ സംവിധാനങ്ങളും കേരളത്തിൽ ഉണ്ട്. അത്തരത്തിൽ തോറ്റവരുടെ ദൈവമായി കണക്കക്കാക്കുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെയാണ്! കാരണം അന്ന് പത്ത് തോറ്റ ഇവർ ഇന്ന് ലക്ഷങ്ങളുടെ ശമ്പളം വാങ്ങുന്നതിന്റെ 'കാരണഭൂതൻ' ഒരിക്കൽ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയനാണ്. അതുകൊണ്ട് ഒരു പണിയും ചെയ്യാതെ ലക്ഷങ്ങൾ ശമ്പളം എണ്ണിവാങ്ങുമ്പോൾ അവർ പിണറായിയെ സ്തുതിക്കും, അവർക്ക് അദ്ദേഹം ദൈവമാകുകയും ചെയ്യും.

മുകളിൽ പറഞ്ഞത് ഒരു പരിഹാസമല്ല, പച്ചയായ ഒരു യാഥാർഥ്യമാണ്. കേരള സർക്കാറിന് കീഴിലുള്ള കമ്പനിയായ കെഎസ്ഇബിയിലാണ് ഒരു വിഭാഗം ജീവനക്കാർക്കാണ് മുഖ്യമന്ത്രി ഇപ്പോഴും ദൈവതുല്യനായിരിക്കുന്നത്. കാരണം അവിടെ ജോലി ചെയ്യുന്ന 80 ശതമാനത്തോളം ഓവർസീയർമാരും പത്താംക്ലാസ് തോറ്റവരാണ്. ഇവരിൽ പലരും ഇന്ന് ഓവർസീയർ തസ്തികയിൽ കയറിയിരുന്ന് വാങ്ങുന്നതാകട്ടെ ലക്ഷങ്ങളുടെ ശമ്പളവും. ഇത്തരത്തിൽ ലക്ഷങ്ങളുടെ ശമ്പളം കൈപ്പറ്റുന്നവരെ തീറ്റിപ്പോറ്റാൻ വേണ്ടി കഷ്ടപ്പെടുന്നത് ആകട്ടെ സാധാരണക്കാരായ ജനങ്ങളും.

സംസ്ഥാന സർക്കാറിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തിലാണ് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർ. ഒരു സർക്കാർ ഉദ്യോഗസ്ഥർക്ക് നാല് പ്രമോഷൻ കിട്ടുമ്പോൽ ലഭിക്കുന്ന ശമ്പളമാണ് കെഎസഇബിയിൽ ഒരു സാധാ ഉദ്യോഗസ്ഥന് ലഭിക്കുന്നത്. ലോകത്ത് ഒരിടത്തും ഇല്ലാത്ത ഈ സംവിധാനം തീർത്തു കൃത്രിമമായ വഴിയിലൂടെ സൃഷ്ടിച്ചെടുത്തതാണ്. ഒരു ഓവർസീയർക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം ശമ്പളമാണ് അടുത്തുവന്ന പരിഷ്‌ക്കരണത്തിലൂടെ ബോർഡിൽ ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ശമ്പളം വാങ്ങുന്നവരിൽ 80 ശതമാനവും പത്താംക്ലാസ് തോറ്റവരുമാണ്.

പിണറായി വിജയൻ വൈദ്യുതി മന്ത്രി ആയിരുന്ന കാലത്ത് സിഐടിയുവിന്റെ താൽപ്പര്യപ്രകാരം കൊണ്ടുവന്ന നിബന്ധന പ്രകാരം പത്താംക്ലാസ് തോറ്റവർ ആകണം അന്ന് വർക്കർ തസ്തികയിൽ ജോലിക്കു കയറാൻ. അതുവരെ അമ്പത് ശതമാനം പേർ ഐടിഐ പാസാകണം എന്ന നിബന്ധന ഉണ്ടായിരുന്നു. ഇത് മാറ്റുകയാണ് അന്നത്തെ വൈദ്യുതി മന്ത്രി ചെയ്തത്. ഇതോടെ പത്താം ക്ലാസ് തോറ്റ വർക്കർമാരായി ജോലിക്കു കയറി. പത്താംക്ലാസു ജയിച്ചതു കൊണ്ട് മാത്രം ഈ ജോലിയിൽ കയറാൻ പലർക്കും പറ്റിയതുമില്ല. ഇങ്ങനെ വർക്കർമാരായി ജോലിക്ക് കയറിയവർ പതിയെ ലൈന്മാന്മാരും ഓവർസീയർമാരുമായി പ്രമോഷൻ കിട്ടി.

ഇപ്പോഴത്തെ ശമ്പള പരിഷ്‌ക്കരണം കൂടി ആയതോടെ പലർക്കും ഒരു ലക്ഷത്തിന് മുകൡലായി ശമ്പളം. സർക്കാർ തലത്തിലുള്ള പിടുത്തങ്ങൾക്ക് ശേഷം ഒരു ലക്ഷത്തി പതിനേഴായിരത്തോളം രൂപയാണ് ഒരു ഓവർസീയർക്ക് മാസം ലഭിക്കുന്നത്. ശമ്പള വർധനവിന് മുമ്പ് ഇത് 96521 രൂപയായിരുന്നു. പലപ്പോഴും പ്രമോഷന് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നതും രസകരമായ കാര്യമാണ്. ഇലക്ട്രിക് ജോലികൾക്ക് പരിചയമായി നിശ്ചയിച്ചിരിക്കുന്ന അധിക യോഗ്യത പ്ലംബറോ വെൽഡറോ ആകണം എന്നതാണ്. 1995- 98 കാലയളവിൽ വരുത്തിയ പരിഷ്‌ക്കരണമാണ് ഈ വിഭാഗം ജീവനക്കാർക്ക് ലോട്ടറിയായി മാറിയിരിക്കുന്നത്.

ഓവർസീയറായി പത്ത് വർഷം പൂർത്തിയായവർ സബ് എൻജിനീയർ തസ്തികയിൽ എത്തുമ്പോൾ ഒര ലക്ഷത്തി മുപ്പതിനായിരം രൂപയിലേക്ക് മാറുകയും ചെയ്യും. ഓവർസീയർമാർ ഉണ്ടെങ്കിൽ കൂടി കോൺട്രാക് തലത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് പലപ്പോഴും വൈദ്യുതി ബോർഡിന്റെ രക്ഷകർ. ഇവരാണ് റിസ്‌ക്കെടുത്തു ജോലി ചെയ്യുന്നത്. ഒരു വിഭാഗം വെള്ളാനകൾ ചേർന്ന് പൊതജനത്തെയും ബോർഡിനെയും കാർന്നു തിന്നുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ബുദ്ധിമുട്ടുള്ള ജോലികൾ മുഴുവൻ കോൺട്രാക്റ്റ് കൊടുക്കുകയാണ് ബോർഡ് ചെയ്യുന്നത്. ഒരു പോസ്റ്റ് ഉയർത്തി ഒരു സ്പാൻ ലൈൻ വലിക്കണമെങ്കിൽ പോലും കോൺട്രാക്റ്റ് കൊടുക്കുകയാണ്. തൊഴിലാളികൾക്ക് വലിയ പണിയൊന്നുമില്ല. ഓവർസീയർമാർക്ക് ഏറ്റവും മടിയുള്ളത് ഫോൺ ഡ്യൂട്ടിയും അവർ ചെയ്യുന്നില്ല. ഇതിനായി പലയിടത്തും കരാറടിസ്ഥാനത്തിൽ പെൺകുട്ടികളെ വച്ചിട്ടുണ്ട്. ഇവർക്ക് ദിവസം കൂലി 650- രൂപ മാത്രമായിരിക്കുമ്പോൾ ഓവർസീയർക്ക് എല്ലാ ദിവസവും 4000 രൂപയും. കരാറിൽ വെയ്ക്കുന്ന കുട്ടികൾക്ക് ഡിഗ്രി നിർബദ്ധമാകുമ്പോൾ ഓവർസീയർ പത്ത് തോറ്റവർ മതിയെന്നുമുള്ള നിബന്ധനയാണ് വിചിത്രം!.

റെഗുലേറ്ററി കമ്മീഷൻ ഒരു സിറ്റിങ് നടത്തി ആറായിരം പേരെ കൂടി നിയമിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. 6196 ജീവനക്കാർക്കുള്ള ശമ്പളച്ചെലവ് കൂടി അംഗീകരിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. ബോർഡിന്റെ ഈ ആവശ്യം അംഗീകരിച്ചാൽ വൈദ്യുതി നിരക്കു കൂടുന്ന അവസ്ഥയുമാണ്. ബോർഡിന്റെ ആവശ്യം അംഗീകരിച്ചാൽ പ്രവർത്തനച്ചെലവിൽ 350 കോടിരൂപ കൂടും. ഇത് വൈദ്യുതിനിരക്കിൽ പ്രതിഫലിക്കും. യൂണിറ്റിന് 15 പൈസയെങ്കിലും വൈദ്യുതിനിരക്കിൽ കൂടും.

2009 വരെ 27,175 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിരുന്നത്. ബോർഡിന്റെ പ്രവർത്തനത്തിന് ഇത്രയുംപേർ മതിയെന്നാണ് കമ്മിഷൻ നിരീക്ഷിച്ചത്. ഇതിപ്പോൾ 33,371 ആയെന്നാണ് ബോർഡ് പറയുന്നത്. ഇത്രയുംപേർക്കുള്ള ശമ്പളച്ചെലവ് അംഗീകരിക്കണമെന്നാണ് ബോർഡിന്റെ അപേക്ഷ. കണക്ഷന്റെ എണ്ണം കൂടിയതും വൈദ്യുതിവിതരണ സൗകര്യങ്ങൾ മെച്ചപ്പെട്ടതും കാട്ടിയാണ് ബോർഡ് ഈ ആവശ്യം അംഗീകരിക്കുന്നത്. എന്നാൽ, ജീവനക്കാരുടെ ചെലവ് അന്യായമായി വർധിപ്പിക്കാതെ കാര്യക്ഷമത വർധിപ്പിക്കണമെന്നാണ് ബോർഡിന് പലവട്ടം കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

അടുത്തിടെ കെഎസ്ഇബിയിൽ കൊണ്ടവന്ന ശമ്പള പരിഷ്‌ക്കരണ തന്നെ ബോർഡിന് വൻ ബാധ്യതയാണ് വരുത്തി വെച്ചത്. സംസ്ഥാന തലത്തിലെ ശമ്പള വർധനവിന്റെ ചുവടു പിടിച്ചു നടത്തിയ ശമ്പള വർധനവിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ളവർക്ക് ശരിക്കും കോളടിച്ചിരുന്നു. അസി. എക്സി. എഞ്ചിനീയർ തസ്തികയിൽ ഉള്ള ഒരാൾക്ക് ഒറ്റയടിക്ക് ശമ്പളത്തിൽ വർധനയായി കൈയിൽ കിട്ടുന്നത് 28000 രൂപയോളമാണ്. ഉന്നത ഉദ്യോഗസ്ഥ തസ്തികയിലേക്ക് പോകുമ്പോൾ ഈ തുക വീണ്ടും ഉയരുകയും ചെയ്യും.

പതിറ്റാണ്ടുകൾക്ക് മുമ്പ് സർവീസിൽ കയറുമ്പോൾ കിട്ടിയിരുന്ന തുച്ഛമായ തുകയിൽ നിന്നും വ്യത്യസ്തമായാണ് ഇപ്പോൾ പുതുകാലഘട്ടത്തിൽ ജീവനക്കാർക്ക് വാരിക്കോരി ശമ്പളം നൽകുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയത്. കെ.എസ്.ഇ.ബി.യിൽ മാസ്റ്റർ സ്‌കെയിലിന്റെ തുടക്കം 24,400 രൂപയാണ്. മുപ്പത് ശതമാനം ഡി.എ.യും സംസ്ഥാനഗവൺമെന്റിലേതുപോലെ പത്ത് ശതമാനം ഫിറ്റ്‌മെന്റും ചേർത്താണ് പുതുക്കിയ ശമ്പളം നിലവിൽ വന്നിരിക്കുന്നത്. ശമ്പളപരിഷ്‌കരണ കരാറിൽ കെ.എസ്.ഇ.ബി. മാനേജ്‌മെന്റും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവെച്ചതോടെ ഏപ്രിൽ ഒന്നിന് ശമ്പള വർധന നിലവിൽ വന്നു.

പുതുക്കിയ ശമ്പള പരിഷ്‌കരണ കരാർ പ്രകാരം ഏറ്റവും കുറഞ്ഞ വർധന 2880 രൂപയാണ്. വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക, സ്ഥാപനത്തിന്റെ മാനവവിഭവശേഷി വികസനം കൂടുതലായി വിനിയോഗിക്കുക, സ്‌പെഷ്യൽ റൂൾ നടപ്പാക്കുക തുടങ്ങിയ ചർച്ചയ്ക്ക് കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ജീവനക്കാരുടെ പങ്കാളിത്തം വേണമെന്ന നിലയിലാണ് വലിയ ശമ്പള വർധന നൽകിയിരിക്കുന്നത് എന്നതാണ് കെഎസ്ഇബിയുടെ പക്ഷം.

അതേസമയം ഇപ്പോഴുണ്ടായ ശമ്പള വർധനവ് കേരള സർക്കാറിന്റെ കീഴിലുള്ള മറ്റൊരു കമ്പനികളിലേയും കൂടുതലാണെന്ന വികാരം പൊതുവിൽ ഉയരുന്നുണ്ട്. ഇത് കെഎസ്ഇബിയുടെ മുന്നോട്ടുള്ള പോക്കിനെ സാരമായി ബാധിക്കുമെന്നുമാണ് പൊതുവികാരം. ഇത്രയേറെ കൂടുതൽ ശമ്പളം വാരിക്കോരി കൊടുക്കുമ്പോൾ അത് താങ്ങാനുള്ള ത്രാണി വൈദ്യുതി ബോർഡിന് ഇല്ലെന്നതാണ് പൊതുവിൽ ഒരു വിഭാഗം ജീവനക്കാർ ഉന്നയിക്കുന്നത്. 2016 ലെ ശമ്പള പരിഷ്‌ക്കരണത്തിന് മുമ്പുണ്ടായിരുന്ന ശമ്പളത്തിനേക്കാൾ 113 ശതമാനം രൂപയുടെ വർധവുണ്ടായ വിവരം ചൂണ്ടിക്കാട്ടി കൊണ്ട് ജീവനക്കാരിൽ തന്നെ ചിലർ രംഗത്തുവന്നു.

ഇപ്പോഴുണ്ടായ ശമ്പള വർധനവ് വഴി കെഎസ്ഇബിക്ക് വലിയ ബാധ്യതയാണ് വരുന്നത്. പ്രതിമാസം ശമ്പള വർധനവായി 41 കോടിയോളം രൂപയാണ് ബാധ്യതയായി വരുന്നത്. പ്രതിവർഷം വർഷം 500 കോടി രൂപ ശമ്പള ഇനത്തിൽ അധികമായി കണ്ടെത്തേണ്ടി വരും. പെൻഷൻ കൂടി കണക്കാക്കിയാൽ ആ തുക ഇനിയും ഉയരങ്ങളിലേക്ക് എത്തും. ഈ ശമ്പള പരിഷ്‌ക്കരണത്തിന് പിന്നാലെ ഓരോ വർഷവും രണ്ടു ഗഡു ഡിഎ, ഒരു ഇൻക്രിമെന്റ്, ഈ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ എന്നിവ കൂടി ചേരുമ്പോൾ അതി ഭയങ്കരമായ സാമ്പത്തിക ബാധ്യതയിലേക്ക് സ്ഥാപനം എത്തും.

ഭീമമായ ഈ ശമ്പള വർധവിനെതിരെ കടുത്ത വിമർശനം ജീവനക്കാർക്കിടയിൽ തന്നെ ഉയരുന്നിരുന്നു. ഇത്രയും വലിയ സാമ്പത്തിക ബാധ്യത വൈദ്യുതി ബോർഡ് താങ്ങില്ലെന്നാണ് ഉയരുന്ന വിമർശനം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡിനെ ജീവനക്കാരൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റും സൈബർ ഇടത്തിൽ വൈറലായിരുന്നു. എസ് സുരേഷ് കുമാർ എന്നയാളായാണ് പോസ്റ്റിട്ടത്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

2021ലെ ശമ്പള പരിഷ്‌ക്കരണം ഉയർത്തുന്ന ചോദ്യങ്ങൾ.....
കെ.എസ്.ഇ.ബിയിൽ 22 വർഷത്തെ സർവ്വീസ് പൂർത്തിയാക്കാൻ ഇനി കൃത്യം മൂന്ന് മാസം. സബ് എഞ്ചിനീയറായി സർവ്വീസിൽ കയറുമ്പോൾ അടിസ്ഥാന ശമ്പളം 1640 രൂപ. ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം 128000രൂപ (അസി.എക്സി.എഞ്ചിനീയറുടെ ഗ്രേഡ്) 2021 ഫെബ്രുവരി മാസത്തെ ആകെ ശമ്പളം - 132400.
2021 മാർച്ച് മാസത്തെ ആകെ ശമ്പളം - 161220.
വർദ്ധനവ് - 28820 രൂപ.
2016 ലെ ശമ്പള പരിഷ്‌ക്കരണം നടക്കുന്നതിന് മുൻപത്തെ മാസത്തെ (മാർച്ചിലെ) ആകെ ശമ്പളം -75800 രൂപ
2016 ഏപ്രിലിൽ കിട്ടിയ പുതുക്കിയ ആകെ ശമ്പളം - 86937രൂപ
2016ലെ വർദ്ധന - 11137 രൂപ.
2016ലെ വർദ്ധനവിന്റെ (11137 രൂപ) 259% ആണ് 2021ൽ ഉണ്ടായ വർദ്ധനവ് (28820 രൂപ).
2016 ലെ ശമ്പള പരിഷ്‌ക്കരണത്തിന് മുമ്പുണ്ടായിരുന്ന ശമ്പളത്തിനേക്കാൾ (75800 രൂപ) 113% (85400 രൂപ )വർദ്ധിച്ചാണ് 2021 മാർച്ചിലെ പുതുക്കിയ ശമ്പളം വന്നിരിക്കുന്നത്.
KSEBLൽ 2021 ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ ശമ്പള ചെലവിൽ മാത്രം(പെൻഷൻ വർധന കണക്കിലെടുക്കാതെ ) ഉണ്ടായ വർദ്ധനവ് 41 കോടിയിലധികമാണ്. അതായത് 2021-22 ൽ ഏറ്റവും ചുരുങ്ങിയത് 500 കോടി രൂപ ശമ്പള ചെലവിനായി മാത്രം അധികമായി കണ്ടെത്തണം. പെൻഷൻ വർദ്ധന കൂടി കണക്കിലെടുത്താൽ അധികമായി വരുന്ന തുക 750 കോടിയോളം രൂപ വരും. 2018 മുതലുള്ള ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക കൂടിശ്ശികയുടെ ബാധ്യത 1000 കോടിക്കടുത്ത് വരും.
ഈ പരിഷ്‌ക്കരണത്തോടൊപ്പം ഓരോ വർഷവും രണ്ടു ഗഡു DA, ഒരു ഇൻക്രിമെന്റ്, ഈ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷൻ എന്നിവ കൂടി ചേരുമ്പോൾ അതി ഭയങ്കരമായ സാമ്പത്തിക ബാധ്യതയാണ് വരും വർഷങ്ങളിൽ ഈ സ്ഥാപനം നേരിടേണ്ടിവരിക.
കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ കരാറിൽ 2013 നും 2016 നും ഇടയിൽ സർവ്വീസിൽ വന്ന താഴ്ന്ന ശമ്പളം പറ്റുന്ന തൊഴിലാളികൾക്ക് ഒരു ഇൻക്രിമെന്റ് കൂടി നൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നു. മുൻപും ഈ രീതി തൊഴിലാളികളുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി ഓഫീസറന്മാരുടെ ശമ്പള പരിഷ്‌ക്കരണ ആഡിറ്റ് സർക്കുലറിലും എൻട്രി കേഡറിലുള്ള ഓഫീസറന്മാർക്കും വ്യവസ്ഥ എഴുതി വച്ചു. ഇതു വഴി 2013 ന് സർവ്വീസിൽ ഉണ്ടായിരുന്ന ചില അസി.എഞ്ചിനീയറന്മാരേക്കാൾ കൂടുതൽ അതിന് ശേഷം സർവ്വീസിൽ വന്നവർക്ക് കിട്ടുന്ന സ്ഥിതിയുണ്ടായി. ഇത്തവണ HRA യുടെ കാര്യം എഞ്ചിനീയേഴ്സ് അസോസിയേഷൻ ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. നഗരങ്ങളിലും പ്രോജക്ട് ഏര്യായിലും തമ്മിൽ HRA യുടെ കാര്യത്തിൽ വലിയ അന്തരം ഉണ്ടെന്നും അതിന് പരിഹാരം കാണണമെന്നും ആണ് ഇപ്പോൾ പറയുന്നത്. ശമ്പളം പുതുക്കാൻ കാർമ്മികത്വം വഹിക്കുമ്പോൾ പറയാതിരുന്ന കാര്യമാണ് അവർ ഇപ്പോൾ ഉന്നയിക്കുന്നത്. കഴിഞ്ഞ വർഷത്തെ രീതി പിൻതുടർന്നാൽ ഒടുവിൽ നഗര - ഗ്രാമ അന്തരത്തിന്റെ പേര് പറഞ്ഞുള്ള HRA വർദ്ധനവ് കൂടി ഇനി പ്രതീക്ഷിക്കാം.
ഇത് ന്യായമായ വർദ്ധനവ് എന്ന് ആര് പറഞ്ഞാലും അത് കണ്ണടച്ച് ഇരുട്ടാക്കലാകും. ഇത് കുത്തി വാരലാണ് എന്ന് കണ്ണ് തുറന്ന് നോക്കിയാൽ ആർക്കും കാണാൻ കഴിയും. ഇത്രയും വാരിക്കോരി കൊടുക്കാനുള്ള ത്രാണി ഈ സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിച്ചിരുന്നുവോ....? ഭാവിയിലും ശമ്പള പരിഷ്‌ക്കരണം വേണമെന്നില്ലയോ.....?
അതോ കേന്ദ്രത്തിലേതു പോലെ പത്ത് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌ക്കരണം മതിയോ.....? ഈ ശമ്പള പരിഷ്‌ക്കരണം ഉയർത്തുന്ന ചോദ്യങ്ങൾ അനവധിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP