Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സദുദ്ദേശ്യത്തോടെ നായനാർ ഭരണകാലത്തുകൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്; ഓർഡിനൻസിൽ നിന്നും പിന്നോട്ടില്ല; ലോകായുക്തയിൽ കോടിയേരി നയപ്രഖ്യാപനം നടത്തുമ്പോൾ

സദുദ്ദേശ്യത്തോടെ നായനാർ ഭരണകാലത്തുകൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്; ഓർഡിനൻസിൽ നിന്നും പിന്നോട്ടില്ല; ലോകായുക്തയിൽ കോടിയേരി നയപ്രഖ്യാപനം നടത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്താ നിയമ ഭേദഗതിയിൽ ഓർഡിനൻസിൽ നിന്നും സിപിഎം പിന്നോട്ട് പോകില്ല. ദേശാഭിമാനിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എഴുതിയ ലേഖനത്തിലെ സൂചനകൾ ഇതാണ്. കേന്ദ്ര സർക്കാർ നീക്കം തിരിച്ചറിഞ്ഞാണ് ഓർഡിനൻസ് എന്നാണ് കോടിയേരിയുടെ വിശദീകരണം. പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം - എന്ന തലക്കെട്ടിലാണ് ഓർഡിനൻസിനെ ന്യായീകരിക്കുന്നത്.

നിയമഭേദഗതിക്കെതിരെ ഉയരുന്ന ഒരു ചോദ്യം ഈ നിയമം 1999ൽ നായനാർ സർക്കാർ കൊണ്ടുവന്നതല്ലേ എന്നതാണ്. ശരിയാണ്; അഴിമതിക്കെതിരെ നിയമനിർമ്മാണം എന്നത് ജവാഹർലാൽ നെഹ്‌റുവിന്റെ കാലംമുതൽ കേട്ടതാണ്. പക്ഷേ, അത് നടന്നില്ല. 1982-87ൽ യുഡിഎഫ് ഭരണകാലത്ത് ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഒരു അഴിമിതി നിരോധന കമീഷനെ കൊണ്ടുവന്നിരുന്നെങ്കിലും അതിലെ അംഗങ്ങൾ സർക്കാരിന്റെ പാവകളായ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു. അതിന് അന്ത്യംകുറിച്ചാണ് പുതിയ ലോകായുക്ത നിയമം നായനാർ ഭരണത്തിൽ എൽഡിഎഫ് കൊണ്ടുവന്നത്. ആ നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്.

ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കേന്ദ്രഭരണകക്ഷി നഗ്‌നമായി ലംഘിക്കുന്ന ദുരവസ്ഥയാണ്. സദുദ്ദേശ്യത്തോടെ നായനാർ ഭരണകാലത്തുകൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നത്. ഈ നിർദ്ദേശം വന്നത് 2021 ഏപ്രിലിലാണ് എന്നതിനാൽ ഇപ്പോൾ കമീഷന് മുമ്പാകെയുള്ള പരാതികളുമായി ഈ വിഷയത്തെ ബന്ധിപ്പിക്കുന്നത് അസംബന്ധമാണെന്നും കോടിയേരി പറയുന്നു.

നിയമസഭ സമ്മേളിക്കാത്ത അവസരത്തിൽ മന്ത്രിസഭയ്ക്ക് ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് സമർപ്പിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയിൽ വരുമ്പോൾ അതിന്മേൽ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷത്തിന് അഭിപ്രായം പറയാനുള്ള എല്ലാ അവസരവുമുണ്ട്. പ്രതിപക്ഷ അഭിപ്രായങ്ങൾ സർക്കാർ ഗൗരവത്തോടെ കേൾക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും-ഇതാണ് കോടിയേരിയുടെ പ്രഖ്യാപനം.

ദേശാഭിമാനി ലേഖനത്തിന്റെ പൂർണ്ണ രൂപം ചുവടെ

പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

ശ്രീബുദ്ധനെ കൊള്ളക്കാരനും കൊള്ളക്കാരനെ ശ്രീബുദ്ധനുമാക്കുന്ന ഒരു മറിമായത്തിലേക്ക് നാടിനെ കൊണ്ടുപോകാനുള്ള സംഘടിതശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതാണ് നിർദിഷ്ട ലോകായുക്ത ഭേദഗതി ഓർഡിനൻസ് കരടിനെ ആസ്പദമാക്കിയുള്ള വിവാദം. അഴിമതി തീണ്ടാത്ത സംശുദ്ധഭരണം നടത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെ അഴിമതിയുടെ വ്യത്യസ്തധ്രുവങ്ങളിലെ രാഷ്ട്രീയശക്തികൾ യോജിച്ച് അപവാദം പ്രചരിപ്പിക്കുകയാണ്. ഇതിന് മാറ്റുകൂട്ടാൻ ചില പിന്തിരിപ്പൻ മാധ്യമങ്ങൾ വിരമിച്ച ന്യായാധിപന്മാരെ ഉൾപ്പെടെ അണിനിരത്തി ചർച്ചകളും ലേഖനങ്ങളുമായി വിവാദത്തെ പൊലിപ്പിക്കുകയാണ്.

ഈ കോലാഹലങ്ങൾക്കു മധ്യേയും എൽഡിഎഫ് സർക്കാർ നടപടി അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും കേന്ദ്രഭരണത്തിന്റെ ഏകാധിപത്യ പിടിമുറുക്കലിനെ തടയുന്നതും ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നതുമാണെന്നും നിഷ്പക്ഷമതികളും ജനാധിപത്യവാദികളുമായ ബുദ്ധിജീവികളും ചിന്തകരും സാഹിത്യകാരന്മാരും വിലയിരുത്തുന്നുണ്ട്. അത്തരമൊരു ട്വീറ്റാണ് എൻ എസ് മാധവന്റേത്. ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനെ അദ്ദേഹം ന്യായീകരിക്കുന്നു. നിലവിലെ നിയമപ്രകാരം ലോകായുക്തയ്ക്ക് മന്ത്രിമാരെ നീക്കം ചെയ്യാനുള്ള ശുപാർശയ്ക്ക് അധികാരമുണ്ട്. ജനാധിപത്യവിരുദ്ധമായ ഈ വ്യവസ്ഥ നിയമഭേദഗതിയിലൂടെ എടുത്തുകളയുന്നത് ന്യായീകരിക്കത്തക്കതാണ്. കാരണം നമ്മൾ ജനാധിപത്യ നാട്ടിലാണ്. പക്ഷേ, മലയാള മാധ്യമങ്ങൾ ഈ വസ്തുത മറച്ചുവയ്ക്കുന്നെന്നും ഇത് ദയനീയമാണെന്നും മുൻ ഐഎഎസ് ഉദ്യോഗസ്ഥൻകൂടിയായ എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.

എന്തുകൊണ്ട് ഭേദഗതി ഓർഡിനൻസ്

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ തുടർച്ചയായ നടപടിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ അനുച്ഛേദം 164ന് അനുസൃതമല്ലെന്നാണ് നിയമോപദേശം. സർക്കാരിന് 2021 ഏപ്രിൽ 13നാണ് അഡ്വക്കറ്റ് ജനറലിൽനിന്ന് ഇത് ലഭിച്ചത്. ഭരണഘടനാ സ്ഥാപനമായ ഗവർണറുടെ പ്രീതിക്ക് വിധേയമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരത്തിലിരിക്കുന്നത്. ഇതാണ് ഭരണഘടനയുടെ അനുച്ഛേദം 164 വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. ഈ ഇടത്തിലേക്ക് അർധ ജുഡീഷ്യൽ സംവിധാനമായ ലോകായുക്ത കടന്നുകയറുന്നതാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14. അഡ്വക്കറ്റ് ജനറൽ നൽകിയ ഉപദേശത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും കേന്ദ്ര ലോക്പാൽ നിയമവും സംസ്ഥാന ആഭ്യന്തരവകുപ്പ് വിശദമായി പരിശോധിച്ച ശേഷമാണ് ഭേദഗതിക്കായുള്ള ഫയൽ നീക്കിയത്. ഇതു പരിശോധിച്ചാണ് മന്ത്രിസഭ ഗവർണറുടെ അനുമതിക്കായി ഓർഡിനൻസ് സമർപ്പിച്ചിരിക്കുന്നത്.

മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരം ഗവർണറാണ്. നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മുന്നണിയോ കക്ഷിയോ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നിയമിക്കുന്നതും ഗവർണറാണ്. ഭരണഘടനാ പ്രകാരമുള്ള ഈ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ഒന്നാണ് അർധ ജുഡീഷ്യൽ സംവിധാനമായ ലോകായുക്തയിൽ നിക്ഷിപ്തമായിരിക്കുന്ന ഈ അധികാരമെന്നത് പകൽപോലെ വ്യക്തമാണ്. ലോകായുക്ത ശുപാർശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തിൽനിന്ന് ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ഒഴിവാക്കുന്ന നിലവിലുള്ള വ്യവസ്ഥ കേന്ദ്രഭരണകക്ഷിയുടെ ഇടംകോലിടൽ രാഷ്ട്രീയത്തിന് വാതിൽ തുറന്നുകൊടുക്കുന്നതാണ്.

നിയമഭേദഗതിക്കെതിരെ ഉയരുന്ന ഒരു ചോദ്യം ഈ നിയമം 1999ൽ നായനാർ സർക്കാർ കൊണ്ടുവന്നതല്ലേ എന്നതാണ്. ശരിയാണ്; അഴിമതിക്കെതിരെ നിയമനിർമ്മാണം എന്നത് ജവാഹർലാൽ നെഹ്‌റുവിന്റെ കാലംമുതൽ കേട്ടതാണ്. പക്ഷേ, അത് നടന്നില്ല. 1982-87ൽ യുഡിഎഫ് ഭരണകാലത്ത് ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഒരു അഴിമിതി നിരോധന കമീഷനെ കൊണ്ടുവന്നിരുന്നെങ്കിലും അതിലെ അംഗങ്ങൾ സർക്കാരിന്റെ പാവകളായ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു. അതിന് അന്ത്യംകുറിച്ചാണ് പുതിയ ലോകായുക്ത നിയമം നായനാർ ഭരണത്തിൽ എൽഡിഎഫ് കൊണ്ടുവന്നത്. ആ നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്.

ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കേന്ദ്രഭരണകക്ഷി നഗ്‌നമായി ലംഘിക്കുന്ന ദുരവസ്ഥയാണ്. സദുദ്ദേശ്യത്തോടെ നായനാർ ഭരണകാലത്തുകൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസർക്കാരിന് ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നത്. ഈ നിർദ്ദേശം വന്നത് 2021 ഏപ്രിലിലാണ് എന്നതിനാൽ ഇപ്പോൾ കമീഷന് മുമ്പാകെയുള്ള പരാതികളുമായി ഈ വിഷയത്തെ ബന്ധിപ്പിക്കുന്നത് അസംബന്ധമാണ്.

ഇന്ത്യൻ റിപ്പബ്ലിക്കിന് 72 വയസ്സ് പിന്നിടുന്ന ഈ ഘട്ടത്തിലും ദേശീയമായി നമ്മുടെ ജനാധിപത്യ സംവിധാനം പരിക്ഷീണമായിരിക്കുകയാണ്. ലജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയും നാലാം തൂണായ പത്രമാധ്യമങ്ങളും- ഈ വിധത്തിലാണ് ജനാധിപത്യ സൗധത്തെ സംരക്ഷിക്കേണ്ടത്. ഈ സങ്കൽപ്പം ശക്തമായി നിലനിർത്താൻ ഇവയിൽ ഓരോന്നിനും മുൻകൂർ നിശ്ചയിച്ചിട്ടുള്ള കടമയും ഉത്തരവാദിത്വങ്ങളും പരിധി ലംഘിച്ച് കൈയേറാതെ നടപ്പാക്കേണ്ടതുണ്ട്. അങ്ങനെ കൈയേറ്റം നടക്കുന്ന കാലമാണ് ആർഎസ്എസ് നയിക്കുന്ന ബിജെപി ഭരണത്തിന്റേത്. അതുകൊണ്ടാണ് ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കാൻ നിർദിഷ്ട ലോകായുക്ത ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത്.

ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് ആവശ്യപ്പെടുമ്പോൾ ബിജെപിയും ഇക്കാര്യത്തിൽ ഗവർണറുടെമേൽ സമ്മർദം ചെലുത്തുകയാണ്. നിലവിലുള്ള നിയമം മാതൃകാപരമെങ്കിൽ എന്തുകൊണ്ടാണ് കോൺഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാൻ രാഹുൽ ഗാന്ധിയോടും കോൺഗ്രസ് നേതൃത്വത്തോടും ഇവിടത്തെ കോൺഗ്രസും യുഡിഎഫും ആവശ്യപ്പെടാത്തത്. അതുപോലെ ഈ നിയമം ബിജെപി ഭരണമുള്ള ഇടങ്ങളിൽ പകർത്താൻ മോദി - അമിത് ഷാ- നദ്ദ നേതൃത്വത്തോട് ഇവിടത്തെ ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നില്ല. കേരളത്തിന് സമാനമായി ലോകായുക്ത നിയമഭേദഗതി കോൺഗ്രസ് ഭരണമുള്ള പഞ്ചാബിൽ നടത്തിയത് വി ഡി സതീശനും കൂട്ടരും മറയ്ക്കുകയാണോ?

യുഡിഎഫ് കാലത്ത് ചർച്ച നടത്തിയോ

ഓർഡിനൻസ് കൊണ്ടുവരുംമുമ്പ് പ്രതിപക്ഷവുമായി സർക്കാർ എന്തുകൊണ്ട് ചർച്ച ചെയ്തില്ല എന്ന വിചിത്രമായ ഒരു ചോദ്യം സതീശൻ ഉന്നയിച്ചിട്ടുണ്ട്. അങ്ങനെ ഒരു നടപടി ക്രമം ഭരണഘടനാപ്രകാരമോ കീഴ്‌വഴക്കമനുസരിച്ചോ നിലവിലുണ്ടോ? യുഡിഎഫ് ഭരണകാലത്ത് ഓർഡിനൻസ് പുറപ്പെടുവിക്കുംമുമ്പ് അങ്ങനെയൊരു ചർച്ച പ്രതിപക്ഷവുമായി നടത്തിയിട്ടില്ലല്ലോ. നിയമസഭ സമ്മേളിക്കാത്ത അവസരത്തിൽ മന്ത്രിസഭയ്ക്ക് ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് സമർപ്പിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയിൽ വരുമ്പോൾ അതിന്മേൽ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷത്തിന് അഭിപ്രായം പറയാനുള്ള എല്ലാ അവസരവുമുണ്ട്. പ്രതിപക്ഷ അഭിപ്രായങ്ങൾ സർക്കാർ ഗൗരവത്തോടെ കേൾക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും. ആ ജനാധിപത്യ പ്രക്രിയ ലോകായുക്ത ഭേദഗതിയുടെ കാര്യത്തിലും ഉണ്ടാകും. ഭരണഘടനയുടെ അനുച്ഛേദം 213 പ്രകാരമാണ് ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം ഗവർണർക്ക് ലഭ്യമായിട്ടുള്ളത്. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഈ അധികാരം ഗവർണർ വിനിയോഗിക്കുക.

സർക്കാരിനെതിരെ പ്രചരിപ്പിക്കുന്ന മറ്റൊരു ആക്ഷേപം പരാതി കേൾക്കാനുള്ള ലോകായുക്തയുടെ അധികാരം നിയമഭേദഗതി എടുത്തുകളയുന്നു എന്നതാണ്. ഇത് വസ്തുതാവിരുദ്ധമാണ്. പൊതുപ്രവർത്തകർ എന്ന നിലയിൽ അധികാരം സ്വാർഥലാഭത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നവരല്ല എൽഡിഎഫ് ഭരണാധികാരികൾ. നിയമം നിശിതബുദ്ധിയോടെ പ്രവർത്തിക്കുന്നതിൽ ഒരു അങ്കലാപ്പും എൽഡിഎഫ് ഭരണാധികാരികൾക്കില്ല. ഈ ഭരണത്തിന്റെ മുഖമുദ്ര അഴിമതിവിരുദ്ധതയാണ്. ഏതെങ്കിലും ആക്ഷേപത്തിൽ പ്രത്യക്ഷത്തിൽ കഴമ്പുണ്ടെന്ന് തോന്നുന്ന സംഭവങ്ങളിൽ ഇടപെടാനും അതിന്മേൽ വസ്തുതകൾ തെളിയുംവരെ മന്ത്രിമാരുടെ കാര്യത്തിൽപ്പോലും നടപടി എടുക്കാനും ധീരത കാട്ടുന്നതാണ് പിണറായി സർക്കാർ. അതെല്ലാം ചെയ്യുന്നത് അർധ ജുഡീഷ്യൽ സംവിധാനങ്ങളുടെയോ കോടതികളുടെയോ നിർദ്ദേശങ്ങളോ ശുപാർശകളോ ഇല്ലാതെ തന്നെയാണ്. ഈ സമീപനം മേലിലും തുടരും.

ഇപ്പോഴത്തെ ഭേദഗതി പ്രകാരം മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മറ്റ് പൊതുപ്രവർത്തകർക്കോ ലോകായുക്തയുടെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കപ്പെടുന്ന 'ഇമ്യൂണിറ്റി' ഒന്നും നൽകുന്നില്ല. അതായത്, ലോകായുക്തയുടെ പരിഗണനയ്‌ക്കെത്തുന്ന വിഷയങ്ങൾ വിപുലമാണ്. അതിന് കുറവുവരുത്തുന്ന ഒന്നും ചെയ്യുന്നില്ല. നീതിന്യായ സംവിധാനങ്ങളുടെ വിലയിടിക്കുന്ന നടപടികളാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ഭരണങ്ങൾ സ്വീകരിക്കാറുള്ളത്. അത്തരം നീതികേടൊന്നും എൽഡിഎഫ് സർക്കാർ ചെയ്യില്ല.

അഴിമതിവിരുദ്ധ യുദ്ധകാഹളം മുഴക്കുന്ന കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെയും ബിജെപിയുടെയും അഴിമതിയുടെ ജീർണമുഖം എന്തെന്ന് ആളുകൾക്ക് നന്നായി അറിയാവുന്നതാണ്. ബിജെപിയുടെ കേന്ദ്രഭരണത്തിലാണ് സൈന്യത്തിനുള്ള ആയുധ ഇടപാടിൽ മാത്രമല്ല ശവപ്പെട്ടി വാങ്ങുന്നതിൽപ്പോലും കുംഭകോണം നടത്തിയത്. ബിജെപി പ്രസിഡന്റായിരിക്കെ ബങ്കാരു ലക്ഷ്മണ കൈക്കൂലി പണം എണ്ണി മേശയിൽ നിക്ഷേപിക്കുന്ന ചിത്രം പുറത്തുവന്നിരുന്നല്ലോ. ഖനി കുംഭകോണം, സ്വകാര്യവൽക്കരണ കുംഭകോണം തുടങ്ങി എത്രയെത്ര അഴിമതികൾ. പ്രതിരോധസേനാ യുദ്ധവിമാനമായ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണം ഇപ്പോഴും നിലനിൽക്കുകയല്ലേ.

കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഭരണങ്ങളുടെ ദുർമുഖമായി തുറിച്ചുനോക്കുന്ന കുംഭകോണങ്ങളെത്രയാണ്. രാജീവ് ഗാന്ധി ഉൾപ്പെട്ട ബോഫോഴ്‌സ് തോക്ക് ഇടപാട് ഇപ്പോഴും തീരാത്ത തുടർക്കഥയല്ലേ. കോൺഗ്രസിന്റെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെതിരെ ഒരു സാധാരണ തട്ടിപ്പുക്കാരനെതിരെ ഉപയോഗിക്കുന്ന 420-ാം വകുപ്പ് പ്രകാരമുള്ള കേസ് ജുഡീഷ്യറിയുടെ നിർബന്ധത്താൽ എടുത്തില്ലേ. തട്ടിപ്പുവീരൻ ചന്ദ്രസ്വാമിക്കൊപ്പം റാവു പ്രതിചേർക്കപ്പെട്ടില്ലേ. ടു ജി സ്‌പെക്ട്രം അഴിമതി, കോമൺവെൽത്ത് കുംഭകോണം, ഖനി അഴിമതി, ഓഹരി കുംഭകോണം, പാമോയിൽ അഴിമതി, സോളാർ തട്ടിപ്പ്, പൈപ്പ് - വനം- ഭൂമി കുംഭകോണങ്ങൾ ഇങ്ങനെ എത്രയെത്ര അഴിമതികൾ. ഇപ്രകാരം ഭരണമെന്നാൽ അഴിമതിയുടെ ചക്കരക്കുടമെന്ന് കരുതുന്ന കോൺഗ്രസും ബിജെപിയും യുഡിഎഫും ലോകായുക്താ വിഷയത്തിൽ അഴിമതിവിരുദ്ധ 'വാചകമടി മത്സരം' നടത്തുകയാണ്. പൊള്ളയായ ഈ രാഷ്ട്രീയം ജനം തിരിച്ചറിയും. ഭരണം അഴിമതിരഹിതവും സംശുദ്ധവുമാകണം എന്നതാണ് എൽഡിഎഫ് ഭരണത്തിന്റെ പ്രഖ്യാപനവും പ്രവൃത്തിയും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP