Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാരാണസിയിൽ കഴിഞ്ഞതവണ സിപിഎമ്മിന് കിട്ടിയത് വെറും 740 വോട്ട്; യുപിയിൽ കെട്ടിവെച്ച കാശുപോയി; സുർജിത്തിന്റെ നാടായ പഞ്ചാബിലും സംപൂജ്യർ; മണിപ്പൂരിൽ വിഴുങ്ങിയത് ബിജെപി; ഗോവയിലും ഉത്തരാഖണ്ഡിലും പൊടിപോലുമില്ല; അഞ്ച് സംസ്ഥാനങ്ങളിൽ ഇടതിന്റെ കനൽ ഒരു തരി പോലുമില്ല!

വാരാണസിയിൽ കഴിഞ്ഞതവണ സിപിഎമ്മിന് കിട്ടിയത് വെറും 740 വോട്ട്; യുപിയിൽ കെട്ടിവെച്ച കാശുപോയി; സുർജിത്തിന്റെ നാടായ പഞ്ചാബിലും സംപൂജ്യർ; മണിപ്പൂരിൽ വിഴുങ്ങിയത് ബിജെപി; ഗോവയിലും ഉത്തരാഖണ്ഡിലും പൊടിപോലുമില്ല; അഞ്ച് സംസ്ഥാനങ്ങളിൽ ഇടതിന്റെ കനൽ ഒരു തരി പോലുമില്ല!

എം റിജു

ന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രതിപക്ഷം. ഇന്ത്യൻ പ്രധാനമന്ത്രിപദം വരെ വെച്ചു നീട്ടത്തക്ക രീതിയിൽ 90കളിൽ പ്രബലമായ കക്ഷി. ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് കിങ്ങ്മേക്കേഴ്സ്. സിപിഎം അടക്കമുള്ള ഇടതുപക്ഷ കക്ഷികൾക്ക് പക്ഷേ ഇന്ന് പറയാനുള്ളത് നഷ്ടപ്രതാപത്തിന്റെ കഥകൾ മാത്രം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ എന്ന് വിളിക്കാവുന്ന രീതിയിൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞടുപ്പ് നടക്കുന്ന സമയമാണിത്.യുപി, പഞ്ചാബ്, മണിപ്പുർ, ഗോവ, ഉത്താരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അസംബ്ലി ഇലക്ഷനുള്ള കേളികൊട്ട് ഉയരുമ്പോൾ, ഇടതുപാർട്ടികൾ ചിത്രത്തിലേയില്ല.

അപ്പോൾ നാം കരുതും ഈ സംസ്ഥാനങ്ങളിൽ പലതിലും പണ്ടേ ഇടതുപക്ഷത്തിന് സ്വാധീനം ഇല്ലല്ലോ എന്ന്. കാരണം, ഇന്ത്യൻ ലെഫ്റ്റ് എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ്മയിൽ വരിക കേരളം, ബംഗാൾ, ത്രിപുര, എന്നീ മൂന്ന് സംസ്ഥാനങ്ങളെയാണ്. പക്ഷേ ചരിത്രം അങ്ങനെയല്ല. പഞ്ചാബിലും, യു.പിയിലും, മണിപ്പൂരിലും ഒരു കാലത്ത് ശക്തമായിരുന്നു ഇടതുപാർട്ടികൾ. ഇന്ന് നരേന്ദ്ര മോദിയുടെ മണ്ഡലമായ യു.പിയിലെ വാരാണസിപോലും ഒരുകാലത്ത് സിപിഎമ്മിന്റെ ശക്തിദുർഗമായിരുന്നു! അതുപോലെ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയായിരുന്ന, ഹർകിഷൻ സിങ്ങ് സുർജിതിനെപ്പോലുള്ള സമുന്നത നേതാക്കൾ ഉള്ള സ്ഥലമായിരുന്നു പഞ്ചാബ്. മണിപ്പൂരിൽ സിപിഐക്കും കാര്യമായ വേരുകൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതെല്ലാം നഷ്ടമായി കനൽ ഒരു തരിപോലുമില്ലാത്ത അവസ്ഥയിലാണ് ഇടതുപാർട്ടികൾ.

കർഷക സമരം ഉണ്ടായിട്ടും പഞ്ചാബിൽ തളർച്ച

കിസാൻസഭ അടക്കമുള്ള സംഘടനകൾ കർഷക സമരത്തിൽ സജീവമായത് പഞ്ചാബിൽ ഇടതുപാർട്ടികൾക്ക് ഗുണം ചെയ്യുമെന്ന്, നമുക്ക് കേരളത്തിൽനിന്ന് നോക്കുമ്പോൾ തോന്നും. പക്ഷേ കാര്യങ്ങൾ അങ്ങനെയൊന്നുമല്ല. പരമ്പരാഗതമായി അകാലിദളിലും കോൺഗ്രസിനും ബിജെപിക്കും വോട്ട് ചെയ്യുന്ന എപ്പോഴും സിഖ്-പഞ്ചാബ് അഭിമാനത്തിന്റെ വക്താക്കളായ വൻകിട കർഷകരാണ് ഈ സമരത്തെ നിയന്ത്രിച്ചിരുന്നത്. നിഹാംഗുകൾ പോലുള്ള അതിതീവ്ര സായുധ സംഘടനകളുടെ പ്രവർത്തനത്തിൽനിന്ന് അത് വ്യക്തമാണ്. അല്ലാതെ ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവം കൃഷീവലന്മാർ അല്ല സരത്തിൽ ഉണ്ടായിരുന്നത്. ഒരുമാതിരി ഖാപ്പ് പഞ്ചായത്തുപോലുള്ള പ്രവർത്തനമാണ് ഈ സംഘടനകളുടേത്. ഈയിടെ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനൊക്കെ പഞ്ചാബിലെ കർഷക സംഘടനകളുടെ യോഗം ശക്തമായി എതിർത്തിരുന്നു. കർഷക സമരത്തിൽ ബിജെപിക്കുണ്ടായ നഷ്ടം കോൺഗ്രസിന് ഗുണമാവുമെന്നാണ് പൊതു വിലയിരുത്തൽ.

പഞ്ചാബിൽ സിപിഎമ്മിന്റെയും സിപിഐയുടെയും സംഘടനാശക്തിയും ദുർബലമാണ്. ഭഗത്സിങ്ങിന്റെ കാലംമുതൽ കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് വേരുള്ള മണ്ണാണ് പഞ്ചാബ്. ഹർകിഷൻ സിങ്ങ് സുർജിത്ത് എന്ന ദേശീയ ജനറൽ സെക്രട്ടറിയെ വരെ സംഭാവന ചെയ്ത പാരമ്പര്യമുണ്ട് പഞ്ചാബിന്. എന്നാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ഇവിടെ കമ്യൂണിസ്റ്റ് പാർട്ടികൾ. 52 സീറ്റിൽ മത്സരിക്കാൻ സിപിഐ, സിപിഎം, എംസിപിഐ പാർട്ടികൾ ധാരണയിലെത്തിയിട്ടുണ്ട്. സിപിഐ 5 സീറ്റിലും എംസിപിഐ 15 സീറ്റിലും സിപിഎം 12 സീറ്റിലും മത്സരിക്കും. ബംഗാൾ മാതൃകയ്ക്കായി കോൺഗ്രസുമായി ചില ശ്രമങ്ങൾ നടത്തിയെങ്കിലും അതത്ര ഫലവത്തായില്ല.

1951 ലെ പൊതു തിരഞ്ഞെടുപ്പു മുതൽ പഞ്ചാബിൽ കമ്യൂണിസ്റ്റ് പാർട്ടികൾ സജീവമായിരുന്നു. 1951 ൽ 26 സീറ്റിലാണ് കമ്യൂണിസ്റ്റ് പാർട്ടി നിയമസഭയിലേക്ക് മത്സരിച്ചത്. നാലു സീറ്റിൽ വിജയിച്ചു. 193,974 വോട്ടും നേടി. (3.89 %). ലോകസഭയിലേക്ക് മത്സരിച്ച നവാൻഷഹർ മണ്ഡലത്തിൽ പിന്നീട് സിപിഎം ജനറൽ സെക്രട്ടറിയായ ഹർകിഷൻ സിങ് സുർജിത് രണ്ടാമനായി എത്തിയതാണ് ചരിത്രം.

1964 ലെ പിളർപ്പിനു ശേഷം കരുത്തുകാട്ടിയത് സിപിഎം ആണെന്നു പറയാം. സിപിഐ അകട്ടെ കോൺഗ്രസുമായി ധാരണയുണ്ടാക്കിയാണ് എഴുപതുകളിൽ പഞ്ചാബിൽ മത്സരിച്ചത്. അതിനാൽ ചില തിരഞ്ഞെടുപ്പു നേട്ടങ്ങൾ സ്വന്തമാക്കാൻ സിപിഐ ക്ക് കഴിഞ്ഞു. എങ്കിലും 84വരെ നാലും അഞ്ചും സീറ്റുകളെങ്കിലും നേടി ഇടതുപാർട്ടികൾ പഞ്ചാബിൽ സജീവമായിരുന്നു.

രാഷ്ട്രീയകാര്യ ലേഖകൻ നിരണം സിങ്് ടൈംസ് ഓഫ് ഇന്ത്യയിൽ ഇങ്ങനെ എഴുതുന്നു.''മതം ശക്തമായ ഒരു വികാരം ആയിവരുമ്പോൾ ജാതി സംഘടനകൾ അപ്രസക്തമാവുകയാണ് പതിവ്. അതുപോലെ പഞ്ചാബിൽ ഖാലിസ്ഥാൻ വാദം ശക്തമായതോടെ കമ്യുണിസ്റ്റ് പാർട്ടികൾ നിർജ്ജീവമായി.അതിനുകാരണം പാർട്ടിയെ പിന്തുണച്ചിരുന്ന വിദ്യാർത്ഥികളും കൃഷിക്കാരും അകാലികളോ കോൺഗ്രസോ എന്ന രീതിയിൽ മാറിയിരുന്നു.'' 1985 ലെ തിരഞ്ഞെടുപ്പിൽ 38 സീറ്റിൽ മത്സരിച്ച സിപിഐ ക്ക് ഒരാളെ മാത്രമാണ് വിജയിപ്പിക്കാനായത്. സിപിഎം 28 സീറ്റിൽ മത്സരിച്ചങ്കിലും ഒരിടത്തും ജയിച്ചില്ല.

സിഖ് തീവ്രവാദം ശക്തമായി നിന്ന 1992 കാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ കരുത്ത് വീണ്ടെടുക്കാൻ ഇരു പാർട്ടികളും ശ്രമം നടത്തി. ജനപങ്കാളിത്തം വളരെ കുറഞ്ഞ ആ തിരഞ്ഞെടുപ്പിൽ ശരാശരി 25 ശതമാനം മാത്രമായിരുന്നു പോളിങ്. കമ്യൂണിസ്റ്റ് പാർട്ടികളിൽ സിപിഐ 20 ൽ മത്സരിച്ചു. നാലിടത്ത് വിജയിച്ചു. സിപിഎമ്മാകട്ടെ 17 ൽ പോരാടി ഒരിടത്താണ് ജയം കണ്ടത്. 1997 ൽ സിപിഐ 15 സീറ്റിലാണ് മത്സരിച്ചത്. രണ്ടിടത്ത് ജയിച്ചപ്പോൾ 25 സീറ്റിൽ പോരിനിറങ്ങിയ സിപിഎം എങ്ങും വിജയിച്ചില്ല.2002 ൽ 11 സീറ്റിൽ മാത്രം മത്സരിച്ച സിപിഐ രണ്ടിടത്ത് ജയിച്ചു. 2,22,076 വോട്ടും നേടി. സിപിഎം 13 ൽ മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ല. കിട്ടിയ വോട്ട് 2,20,785.

2007 ആയപ്പോഴേക്കും കമ്യൂണിസ്റ്റുകളുടെ ജനപിന്തുണയിൽ വൻ ഇടിവുണ്ടായി. സിപിഐ 25 സീറ്റിലും സിപിഎം 13 സീറ്റിലും മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചില്ല. എല്ലായിടത്തും ഇരു പാർട്ടിക്കും കെട്ടിവച്ച തുക നഷ്ടമായി. പലയിടത്തും പുതുശക്തിയായി ബിഎസ്‌പി കടന്നു കയറി. 1992ലെ തിരഞ്ഞെടുപ്പു മുതൽ പഞ്ചാബിൽ മത്സരരംഗത്ത് വന്ന ബിഎസ്‌പി, 1997 ൽ 67 ൽ മത്സരിച്ച് ഒരാളെ വിജയിപ്പിച്ച് കരുത്തു കാട്ടിയിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകളിൽ മത്സരിക്കുമ്പോഴും ആരും വിജയിച്ചില്ലെങ്കിലും അഞ്ച് ശതമാനം വോട്ട് സ്വന്തമാക്കുക പതിവായി.

2012 ൽ സിപിഐ 14, സിപിഎം 9 സീറ്റിലും മത്സരിച്ചെങ്കിലും ആരും ജയിച്ചില്ല ഒരിടത്തും കെട്ടിവച്ച തുക തിരികെ കിട്ടിയില്ല. 2017 ൽ സിപിഐ 23 സീറ്റിലും സിപിഎം 12 ലും പൊരുതി കെട്ടിവെച്ച തുക നഷ്ടമാക്കി. സിപിഐക്ക് 34,074 വോട്ടും (0.62%) സിപിഎമ്മിന് 10,001 വോട്ടും മാത്രമാണ് കിട്ടിയത്. ഇത്തവണയും എത്ര സീറ്റിൽ കെട്ടിവെച്ച കാശ് തിരിച്ചുപടിക്കാമെന്നതിന് ഒരു ഉറപ്പുമില്ല.

മണിപ്പൂരിൽ സിപിഐയെ ബിജെപി വിഴുങ്ങുന്നു

നമ്മുടെ നാട്ടിൽ സിപിഎമ്മിന്റെ ദയാദാക്ഷിണ്യങ്ങളിൽ ജീവിക്കാൻ വധിക്കപ്പെട്ട പാർട്ടിയാണ് സിപിഐ എങ്കിലും ഉത്തരേന്ത്യയിൽ അങ്ങനെയല്ല. ബീഹാറിലും യുപിയിലും ഇന്നും സിപിഐയാണ് സിപിഎമ്മിന് മുന്നിൽ. അതുപോലെ വടക്ക് കിഴക്കൻ മേഖലയിലെ സിപിഐയുടെ തുരുത്തുകളിൽ ഒന്നായിരുന്ന മണിപ്പൂർ. ത്രിപുരയിൽ സിപിഎം അധികാരത്തിലേക്ക് മുന്നേറിയപ്പോൾ, മണിപ്പുരിൽ രൂപീകരണം മുതൽ ശക്തമായ സാന്നിധ്യമാണ് സിപിഐ. ഒരിക്കലും അധികാരത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും നിയമസഭയിൽ മിക്ക തിരഞ്ഞെടുപ്പിലും പ്രതിനിധികളെ എത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് പൊരുതി 1967 ലും 1998 ലും സിപിഐ സ്ഥാനാർത്ഥികൾ മണിപ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചു കയറിയും ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.



2021 ൽ മണിപ്പൂരിൽ ബിജെപി നടത്തിയ മുന്നേറ്റത്തിൽ വോട്ടു നഷ്ടമായ പ്രസ്ഥാനങ്ങളിൽ മുഖ്യ കക്ഷിയാണ് സിപിഐ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1967ൽ മണിപ്പൂരായ ശേഷം ആദ്യ തിരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ മത്സരിച്ച സിപിഐക്ക് ഒരിടത്ത് ജയിക്കാനായി. തുടർന്ന് 90വരെ മൂന്നും നാലും സീറ്റുമായി അവർ നിയമസഭയിൽ ഉണ്ടായിരുന്നു. 1990 ലെ തിരഞ്ഞെടുപ്പിൽ 13 സീറ്റിൽ മത്സരിച്ച സിപിഐ മുന്നിടത്ത് വിജയിച്ചു. 41,101 വോട്ട് നേടി. സിപിഎം രംഗത്തുണ്ടായിരുന്നില്ല. 2000 ൽ സിപിഐ ക്കും സിപിഎമ്മിനും വലിയ തിരിച്ചടിയായി. സിപിഐ 15 ലും സി പി എം നാലിലും മത്സരിച്ചു. ഒരിടത്തും വിജയിക്കാനായില്ല സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ആറ് സീറ്റുമായി ബിജെപി സംസ്ഥാന നിയമസഭയിൽ പ്രവേശിച്ചു.

2002 ൽ 16 സീറ്റിൽ മത്സരിച്ച സിപിഐ അഞ്ചിടത്ത് ജയിച്ച് വീണ്ടും കരുത്തുതെളിയിച്ചു ഒരിടത്ത് മത്സരിച്ച സിപിഎമ്മിന് ആകെ 340 വോട്ടാണ് കിട്ടിയത്. 2007 ൽ 24 സീറ്റിൽ മത്സരിച്ച സിപിഐ നാലിടത്ത് ജയിച്ചു. സിപിഎം ഒരിടത്തു മാത്രമാണ് സ്ഥാനാർത്ഥിയെ നിർത്തിയത്. 2012 മുതൽ മണിപ്പൂരിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ദുരിതകാലമാണ്. ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയുന്നില്ല. 2012 ൽ 86,798 വോട്ടു നേടിയിട്ടും മത്സരിച്ച 24 ൽ 12 ലും കെട്ടിവെച്ച തുക നഷ്ടമായി.രണ്ടു സീറ്റിൽ മത്സരിച്ച സി പി എമ്മിന് ആകെ കിട്ടിയ 261 വോട്ടാണ്

2017 ആയപ്പോഴേക്കും മണിപ്പൂരിലെ രാഷ്ട്രീയ ചിത്രം മാറി. ബിജെപി അധികാരം പിടിക്കാൻ കരുത്തരായി. കോൺഗ്രസ് 28 സീറ്റുമായി വലിയ കക്ഷിയായിട്ടും 21 സീറ്റിൽ ജയിച്ച ബിജെപി മറ്റു കക്ഷികളുടെ പിന്തുണ സംഘടിപ്പിച്ച് അധികാരത്തിലേറി. സംസ്ഥാനത്തെ രാഷ്ടീയ അന്തരീക്ഷത്തിൽ വന്ന ഈ മാറ്റം സിപിഐയെയും ബാധിച്ചു. ശക്തിക്ഷയം നേരത്തേ തിരിച്ചറിഞ്ഞ പാർട്ടി ആറിടത്ത് മാത്രമാണ് മത്സരിച്ചത്. 0.74 ശതമാനമായി (12661) വോട്ടു കുറഞ്ഞു. എല്ലാ സീറ്റിലും കെട്ടിവച്ച കാശ് നഷ്ടമായി.രണ്ടിടത്ത് മത്സരിച്ച സിപിഎമ്മിന് 214 വോട്ടു മാത്രമാണ് കിട്ടിയത്. ബംഗാളിലും, ത്രിപുരയിൽ സിപിഎം ബിജെപിയെ വിഴുങ്ങിയതുപോലെ ഫലത്തിൽ മണിപ്പൂരിൽ ബിജെപി സിപിഐയെ വിഴുങ്ങുകയായിരുന്നു.

ഇത്തവണ രണ്ട് സീറ്റിൽ മാത്രം മത്സരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ സിപിഎം മത്സരത്തിനുണ്ടാവില്ലെന്നാണ് സൂചന.സംസ്ഥാനത്തെ രാഷ്ടീയ ചിത്രം ബിജെപിയും എതിരാളികളും എന്ന നിലയിലേക്ക് മാറ്റിയതിനാൽ ബിജെപിയെ പുറത്താക്കുക എന്നതാണ് സിപിഐ നയം. അതാണ് മത്സരം രണ്ട് സീറ്റിലേക്ക് ഒതുക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ സിപിഎം ഇനിയും നയം വ്യക്തമാക്കിയിട്ടില്ല.

ഗോവയിൽ ഇടതിന് കെട്ടിവെച്ച കാശ് കിട്ടില്ല

ഗോവയിൽ ആകെയുള്ള കമ്യൂണിസ്റ്റുകൾ എന്നത് ഇവിടെവരുന്ന ടൂറിസ്റ്റുകളായ മലയാളികളും ചില മലയാളി കച്ചവടക്കാരുമാണെന്നാണ് ഈ നാട്ടിൽ പ്രചരിച്ച ഒരു തമാശ. അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഗോവയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും സാന്നിധ്യമറിയിക്കാൻ കമ്യൂണിസ്റ്റുകൾക്കായിട്ടില്ല. 1967 ലെ ആദ്യ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി ഒഴിച്ച് മറ്റ് ദേശീയ പാർട്ടികളൊന്നും ഗോവയിൽ മത്സരിച്ചില്ല. കോൺഗ്രസ് പോലും ഇതിൽ വിട്ടുനിന്നു. 1972 ൽ സിപിഐ രണ്ടിടത്തും സിപിഎം അഞ്ചടത്തും മത്സരിച്ചെങ്കിലും ആർക്കും കെട്ടിവച്ച കാശ് മടക്കിക്കിട്ടിയില്ല. 1980 ൽ സിപിഐ അഞ്ചിടത്ത് മത്സരിച്ചെങ്കിലും ആകെ കിട്ടിയത് 1,089 വോട്ടുമാത്രം. പിന്നീടു നടന്ന പല തിരഞ്ഞെടുപ്പിലും ഒന്നോ രണ്ടോ സീറ്റിൽ മാത്രമാണ് മത്സരിച്ചത്.

ഉത്തരാഖണ്ഡിൽ അക്കൗണ്ട് തുറക്കാനായില്ല

2002 ൽ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന നാലു തിരഞ്ഞെടുപ്പിലും സിപിഎമ്മും സിപിഐക്കും അക്കൗണ്ട് തുറകക്കാനായിട്ടില്ല. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥാനത്ത് ഇടമില്ലെന്ന തിരിച്ചറിവിൽ നാമമാത്ര മത്സരമാണ് ഇരു കക്ഷികളും നടത്തുന്നത്. 2002 ൽ 70 അംഗ സഭയിലേക്ക് സിപിഐ 14 ൽ മത്സരിച്ചപ്പോൾ ഒരിടത്ത് കെട്ടിവെച്ച കാശ് തിരിച്ചു കിട്ടി. സിപിഎം മത്സരിച്ച അഞ്ചിലും തുക നഷ്ടമായി. കിട്ടിയതാകട്ടെ 8,672 വോട്ട് മാത്രം . 2007 ൽ സിപിഐ മൂന്നിടത്തും സിപിഎം ആറിടത്തും മത്സരിച്ചു. സിപിഐ ക്ക് 8,553 വോട്ടും സി പി എമ്മിന് 9,454 വോട്ടും മാത്രമാണ് കിട്ടിയത്.

2012 ൽ അഞ്ചിടത്ത് മത്സരിച്ച സിപിഐ ക്ക് 11,662 വോട്ടും ആറിടത്ത് നിന്ന സിപിഎമ്മിന് 8,922 വോട്ടും ലഭിച്ചു. ഒരിടത്തും ജാമ്യസംഖ്യ തിരിച്ചു കിട്ടിയില്ല. ബിജെപി വൻ കുതിച്ചു ചാട്ടം നടത്തിയ 2017 ൽ നാലിടത്ത് മത്സരിച്ച സിപിഐ ക്ക് 4,106 വോട്ടും അഞ്ചിടത്ത് മത്സരിച്ച സി പി എമ്മിന് 3895 വോട്ടും കിട്ടിയതാണ് ഉത്തരഖണ്ഡിലെ ചരിത്രം. നോക്കുക, എവിടെ ബിജെപി വളരുന്നുവോ അവിടെ ഇടതുപാർട്ടികളുടെ വോട്ട് ഇടിയുകയാണ്. ചില സീറ്റുകളിൽ സിപിഐ (എംഎൽ) മത്സരിക്കുന്നുണ്ടെങ്കിലും കാര്യമായി വോട്ടു നേടാറില്ല.ഇത്തവണയും രംഗത്തുണ്ടാവുമെന്ന് എംഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.

യു.പിയിലും വളർച്ച പടവലംപോലെ

1951 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പു മുതൽ ഉത്തർപ്രദേശിൽ പോരാട്ടത്തിനിറങ്ങിയ സിപിഐ പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ വിജയം നേടി ഹിന്ദി ഹൃദയഭൂവിൽ ശക്തി തെളിയിച്ചിരുന്നു.1964 ലെ പിളർപ്പിനു ശേഷവും ഇരു കമ്യൂണിസ്റ്റ് പാർട്ടികളും മിക്ക തിരഞ്ഞെടുപ്പിലും ഒട്ടേറെ സീറ്റുകളിൽ വിജയം സ്വന്തമാക്കിയെങ്കിലും, രണ്ട് പതിറ്റാണ്ടായി വളർച്ച നിലച്ച് ദുർബലമായ അവസ്ഥയാണ്. ഒരു മണ്ഡലത്തിൽ പോലും ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ശേഷിയില്ലാത്ത വിധം ദുർബലമാണ് ഇന്ന് അവർ.

1951 ലെ ആദ്യ തിരഞ്ഞെടുപ്പിൽ 43 സീറ്റുകളിൽ മത്സരിച്ച് മോശമല്ലാത്ത തുടക്കമിട്ട കമ്യൂണിസ്റ്റ് പാർട്ടിക്ക് പക്ഷേ ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. അഞ്ച് സീറ്റിൽ കെട്ടിവച്ച തുക തിരിച്ചുകിട്ടി. അതേസമയം, ലോക്‌സഭയിലേക്ക് ജാൻസി, അസംഗഡ് മണ്ഡലങ്ങളിൽ രണ്ടാമതെത്താൻ കഴിഞ്ഞിരുന്നു. അഞ്ചു വർഷം കൊണ്ട് ചിത്രം മാറി. സംസ്ഥാനത്ത് പലയിടത്തും ശക്തമായ ജനവിശ്വാസം ആർജിച്ച കമ്യൂണിസ്റ്റ് പാർട്ടി ലോക്സഭയിലേക്കും നിയമസഭയിലേക്കും വിജയം നേടി. 1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റിൽ മത്സരിച്ച് ഒൻപത് സീറ്റിൽ വിജയം നേടി. മൊത്തം 8,40,348 വോട്ടോടെ 3.83 ശതമാനം സ്വന്തമാക്കി. ലോക്സഭിയിലേക്ക് റസ്രയിൽ വിജയം നേടിയപ്പോൾ ഘോസി, ജാൻസി, മീററ്റ് എന്നിവിടങ്ങളിൽ രണ്ടാം സ്ഥാനവും നേടി.

1962 ആയപ്പോഴേക്കും സ്ഥിതി കൂടുതൽ മെച്ചപ്പെട്ടു. റസ്ര മണ്ഡലത്തിൽ വിജയം ആവർത്തിച്ച പാർട്ടി, ഘോസിയിലും വിജയം നേടി രണ്ടു പേരെ ലോക്സഭയിലെത്തിച്ചു. 430 അംഗ യുപി നിയമസഭയിൽ 147 സീറ്റിൽ മത്സരിക്കാൻ കരുത്തു നേടിയ പാർട്ടി, കാൻപുർ അടക്കമുള്ള 14 സീറ്റിൽ വിജയം നേടി. പത്തോളം സീറ്റിൽ രണ്ടാം സ്ഥാനവും നേടി യുപിയിലെ പ്രമുഖ കക്ഷിയായി മാറി. കിട്ടിയ വോട്ട് 9,05,696. 1964 ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് യുപിയിലെ പാർട്ടിയെയും തളർത്തി. സിപിഎമ്മും സിപിഐയുമായി മാറിയതോടെ ഇരുപക്ഷവും ബലാബലം നോക്കിയ യുപിയിൽ സിപിഐ ക്കായിരുന്നു നേട്ടം. 1967 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും സിപിഐ സ്വന്തമാക്കി. 17 സീറ്റിൽ മത്സരിച്ച പാർട്ടി ഘോസി, അംരോഹ, ഗസ്സിപ്പുർ, ബണ്ട, മുസഫർപുർ മണ്ഡലങ്ങളിൽ നിന്ന് ലോകസഭയിലെത്തിയത് മറ്റ് പ്രതിപക്ഷ പാർട്ടികളെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പിൽ ഇരുപക്ഷവും പലയിടത്തും പരസ്പരം പൊരുതി. ഫലം വന്നപ്പോൾ ശക്തി തെളിയിച്ചത് സിപിഐ തന്നെ ആയിരുന്നു.

നിയമസഭയിലേക്ക് മത്സരിച്ച 96 സീറ്റിൽ 13 ൽ വിജയിക്കുകയും 6,92,342 വോട്ട് നേടുകയും ചെയ്തു. 3.53 ശതമാനം. ഘോസി,വാരണാസി സൗത്ത്, ഘാസിപുർ തുടങ്ങിയ മണ്ഡലങ്ങൾ വിജയിച്ചവയിൽപ്പെടും. പത്തിലേറെ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി എത്തി.

വാരണാസി ചുവപ്പണിഞ്ഞ കാലം

ക്ഷേത്രനഗരമെന്ന് അറിയപ്പെടുന്ന വാരണാസി ഒരു കാലത്ത് ചുവപ്പണിഞ്ഞ നാടായിരുന്നു. അറുപതുകളുടെ തുടക്കത്തിൽ വാരണാസിയിലെ പല നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷം ശക്തി തെളിയിച്ചു. 1962 ൽ വാരാണാസിക്കു സമീപത്ത ചില നിയമസഭാ സീറ്റുകളിൽ വിജയിച്ചത് കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു. പിളർപ്പിനു ശേഷം 1967 ൽ സിപിഎമ്മിന് യുപിയിലെ ആദ്യ ലോക്സഭാംഗത്തെ സംഭാവന ചെയ്തത് വാരണാസിയാണ്. നിയമസഭയിലേക്ക് വാരണാസി സൗത്ത് മണ്ഡലത്തിൽ ജയിച്ചത് സിപിഐയാണ്. അക്കാലത്ത ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും അടിത്തറയുള്ള പ്രദേശമായി ഇവിടം വളർന്നിരുന്നു. എന്നാൽ, പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ ആ വിജയം ആവർത്തിക്കാൻ ഇടതിനായിട്ടില്ല.

1971 ൽ കോൺഗ്രസും 77 ൽ ജനതാ പാർട്ടിയും 1980 ലും 84 ലും കോൺഗ്രസും ജയിച്ചു. 1989 ൽ അനിൽ ശാസ്ത്രിയിലൂടെ ജനതാദളും വിജയിച്ച ഇവിടം പതിയെ ബിജെപിയിലേക്ക് ചാഞ്ഞു.1991ലും 1996ലും 1998 ലും ബിജെപി വിജയിച്ചു. 2004 ൽ കോൺഗ്രസ് വിജയിച്ചെങ്കിലും 2009 ൽ മുരളി മനോഹർ ജോഷി ബിജെപിക്കായി മണ്ഡലം തിരിച്ചുപിടിച്ചു. 2014 ൽ നരേന്ദ്ര മോദി മത്സരിക്കാൻ എത്തിയതോടെ ആ പഴയ ചുവപ്പു കോട്ട കാവിപുതയ്ക്കുകയായിരുന്നു. 2019 ലും വിജയിച്ച മോദി വാരണാസിയെ ബിജെപിയുടെ ഉറച്ച സീറ്റാക്കി.വാരണാസിയിലും മറ്റും സിപിഎമ്മിന്റെ സ്വാധീനം നഷ്ടമാവുന്നത് ജനസംഘം പിടിമുറുക്കിയതോടെയാണെന്ന് കാണക്കുകളിൽ വ്യക്തമാണ്. ഇവിടെ ഒരു കാലത്ത് കമ്യൂണിസ്റ്റുകൾ ജയിച്ച സീറ്റാണെന്നു പറയാൻ പറ്റാത്ത വിധത്തിൽ ഇപ്പോൾ പാർട്ടിയുടെ സ്വാധീനം നഷ്ടമായിരിക്കുന്നു.

1974മുതൽ 90കൾവരെ ഇടതുപാർട്ടികൾ യു.പിയുടെ അസംബ്ലയിൽ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടികളുടെ ശക്തിക്ഷയത്തിന്റെ തുടക്കമായിരുന്നു പിന്നീടുള്ള തിരഞ്ഞെടുപ്പുകൾ. ഇരു പാർട്ടികൾക്കും വോട്ട് ഒരു ശതമാനത്തിൽ താഴേക്കെത്തിയത് ഏതാണ്ട് ഇക്കാലത്താണ്. 1991 ൽ 44 സീറ്റിൽ മത്സരിച്ച സിപിഐ 4 ൽ ജയിച്ചെങ്കിലും 34 ൽ സീറ്റ് കെട്ടിവച്ച തുക നഷ്ടമായി. 14 ൽ മത്സരിച്ച സിപിഎം ഒരിടത്ത് ജയിച്ചതൊഴിച്ചാൽ മറ്റൊരിടത്തും കെട്ടിവച്ച തുക പോലും കിട്ടിയില്ല. 1993 ൽ പിന്നെയും ചോർച്ചയുണ്ടായി. 37 ഇടത്ത് മത്സരിച്ച സിപിഐ ജയിച്ചത് മൂന്നിടത്ത്. സിപിഎമ്മിന് 17 ൽ ഒരിടത്ത് ജയം. 1996 ൽ ജനതാദൾ പോലുള്ള കക്ഷികളുമായി ധാരണ ഉണ്ടാക്കിയെങ്കിലും വലിയ നേട്ടമുണ്ടായില്ല.സിപിഐ മത്സരിച്ച 15 ൽ ഒരിടത്ത് മാത്രം ജയിച്ചപ്പോൾ സിപിഎം മത്സരിച്ച 11 ൽ നാലിടത്ത് ജയം നേടി.

രണ്ടായിരമാണ്ട് ആയപ്പോഴേക്കും തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ സാന്നിധ്യം യുപിയിൽ നാമമാത്രമായി. മിത്രസെൻ യാദവിനെപ്പോലുള്ള നേതാക്കൾ സിപിഐ വിട്ട് മായാവതിക്കൊപ്പം പോയി. 2002 ൽ അഞ്ച് സീറ്റിൽ മത്സരിച്ച സിപിഐ എങ്ങും ജയിച്ചില്ല. ആറ് സീറ്റിൽ മത്സരിച്ച സിപിഎം രണ്ടിടത്ത് വിജയം കണ്ടു. 2007 ൽ 21 ൽ സീറ്റിൽ മത്സരിച്ച സിപിഐ ക്ക് എല്ലാ സീറ്റിലും കെട്ടിവച്ച തുക നഷ്ടമായി. കിട്ടിയതാകട്ടെ 48,286 വോട്ടു മാത്രം. 14 ൽ മത്സരിച്ച സിപിഎമ്മിന് മൂന്നിടത്ത് നിക്ഷേപതുക മടക്കിക്കിട്ടി. വോട്ട് 1.59,228. അപ്പോഴേക്കും 206 സീറ്റുമായി മായാവതിയുടെ ബിഎസ്‌പി യുപിയിൽ അധികാരത്തിലെത്തിക്കഴിഞ്ഞു. 2012 ൽ കുടുതൽ കരുത്തു നേടാൻ സിപിഐ ശ്രമിച്ചു. 51 സീറ്റിൽ മത്സരത്തിനിറങ്ങി. എന്നാൽ, എല്ലായിടത്തും തുച്ഛമായ വോട്ട് മാത്രം കിട്ടി. ആകെ കിട്ടിയ വോട്ട് 99,192.സി പിഎം 17 ൽ സ്ഥാനാർത്ഥികളെ നിർത്തി. കിട്ടിയ വോട്ട് 69,040 മാത്രം.

2017 ൽ ബിജെപിയുടെ വമ്പൻ കുതിച്ചുചാട്ടത്തിൽ മറ്റു പാർട്ടികളെപ്പോലെ കമ്യൂണിസ്റ്റുകളും തകർന്നടിഞ്ഞു. 68 സീറ്റിൽ മത്സരിച്ച സിപിഐക്ക് ആകെ കിട്ടിയത് 1,38.704 വേട്ട് മാത്രം. 26 സീറ്റിൽ മത്സരിച്ച സിപിഎമ്മിനാകട്ടെ 35,207 വോട്ടും ( 0.004%). ആ തിരഞ്ഞെടുപ്പിൽ യുപിയിൽ തകർപ്പൻ വിജയം നേടിയ ബിജെപി 344 ലക്ഷവും (3.44 കോടി) സമാജ്വാദി പാർട്ടി 189 ലക്ഷവും വോട്ട് നേടിയപ്പോഴാണ് കമ്യൂണിസ്റ്റു പാർട്ടികളുടെ പതനം എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒരിക്കൽ ശക്തി കേന്ദ്രമായിരുന്ന വാരണാസി സൗത്ത് നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിന് കിട്ടിയത് വെറും 740 വോട്ടാണ് .വാരണാസി കന്റോൺമെന്റിൽ സിപിഐക്ക് കിട്ടിയത് 1514 വോട്ടും.

അതേസമയം, കഴിഞ്ഞ ആറു തിരഞ്ഞെടുപ്പിലായി ശരാശരി 40 സീറ്റുകളിലാണ് നക്സൽ പ്രസ്ഥാനമായ സിപിഐ (എംഎൽ) യുപിയിൽ മത്സരിക്കുന്നത്. 2002 ൽ 65,292 വോട്ട് നേടിയ പാർട്ടി, മറ്റു വർഷങ്ങളിൽ ശരാശരി 40,000 വോട്ടാണ് നേടിയത്. ഇത്തവണ 10 സീറ്റിൽ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ''വർഗാധിഷ്ഠിത പാർട്ടികളെ ജാതിപാർട്ടികൾ വിഴുങ്ങുന്ന കാഴ്ചയാണ് യു.പിയിൽ കാണാൻ കഴിയുന്നത്. പഴയ കമ്യൂണിസ്റ്റുകാരെ ഇപ്പോൾ അധികവും കാണാൻ കഴിയുന്നത് ബി.എസ്‌പി പോലുള്ള പാർട്ടികളിലാണ്.''- എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വെങ്കിടേഷ് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.

സിപിഎം കേരളാ പാർട്ടിയോ?

അടിമുടി ഒറ്റപ്പെട്ട് സിപിഎം ഇപ്പോൾ വെറും കേരളാ പാർട്ടിയായി ഫലത്തിൽ മാറിയിരിക്കയാണ്. ആ രീതിയിലുള്ള ഒറ്റപ്പെടലാണ് അവർ ദേശീയ തലത്തിൽ അനുഭവിക്കുന്നത്. ആർക്കും സഖ്യകക്ഷികളായിപ്പോലും അവരെ വേണ്ട. ബംഗാളിൽപോലും കോൺഗ്രസ് സഖ്യത്തിനായി കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥയാണ് യെച്ചൂരിക്കും കൂട്ടർക്കും വന്നിരിക്കുന്നത്. ത്രിപുരയിലെ കാര്യം തന്നെ നോക്കുക.40 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തെ ലക്ഷ്യമിട്ട് ബിജെപി വ്യക്തമായ അജണ്ട തയ്യാറാക്കിയിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റിൽ 50 ഇടങ്ങളിൽ മത്സരിച്ച ബിജെപിക്ക് 49 മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. കിട്ടിയ വോട്ട് 1.47 ശതമാനം. അവിടെ നിന്നാണ് അവർ ഈ രീതിയിൽ വളർന്നയെന്ന് എന്ന് ഓർക്കണം. ഇന്നാകട്ടെ, രണ്ടു ലക്ഷം അംഗങ്ങൾ ബിജെപിക്ക് ഈ കൊച്ചു സംസ്ഥാനത്തുണ്ട്. ആർഎസ്എസ്- ബിജെപി കേഡറുകൾ കഴിഞ്ഞ മൂന്നു കൊല്ലമായി ഈ വടക്കു കിഴക്കൻ സംസ്ഥാനത്തെ ഓരോ വീടുകളും കയറിയിറങ്ങി പ്രചാരണം നടത്തി പാർട്ടി വളർത്തുന്നു. ഈ ഒരു കേഡർ രീതി സിപിഎം ഇടക്കുവെച്ച് മറന്നുപോയി.

ഭരണ മാറ്റം എന്ന മുദ്രാവാക്യമാണ് ത്രിപുരയിൽ ബിജെപി ഉയർത്തിയത്.
കാൽ നൂറ്റാണ്ടിലെ സിപിഎം ഭരണത്തിൽ ത്രിപുര എന്തു നേടി എന്ന ചോദ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ യോഗങ്ങളിൽ ഉന്നയിച്ചത്. തൃപുരയിൽ തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. ''മുഖ്യമന്ത്രി മണിക് സർക്കാറിന്റെ മൂവായിരം രൂപ ബാങ്ക് നിക്ഷേപമോ ശമ്പളം പാർട്ടിക്ക് നൽകി പാർട്ടി കൊടുക്കുന്ന അലവൻസ് മാത്രം വാങ്ങി അദ്ദേഹം ജീവിക്കുന്നതോ മുഖ്യമന്ത്രിയുടെ ഭാര്യ സൈക്കിൾ റിക്ഷയിൽ സഞ്ചരിക്കുന്നതോ ജനങ്ങൾ കണ്ടില്ല. അഥവാ ജനങ്ങൾക്ക് അതൊന്നും കാണേണ്ടതില്ല. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണ് അവർ ആഗ്രഹിക്കുന്നത്. അതു നൽകുന്നിടത്തേക്കു ജനങ്ങൾ ചായും.''- എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ രാമചന്ദ്രഗുഹ ഒരിക്കൽ എഴുതിയത് ഇങ്ങനെയാണ്.

പശ്ചിമ ബംഗാളിൽ സംഭവിച്ചതും അതു തന്നെയായിരുന്നു. 34 കൊല്ലം സംസ്ഥാനം ഭരിച്ച സിപിഎമ്മിനു ബംഗാൾ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചില്ല. ദാരിദ്ര്യത്തിനോ തൊഴിലില്ലായ്മക്കോ ഒട്ടും കുറവുണ്ടായില്ല. നന്ദിഗ്രാമം പ്രതിഷേധത്തിനൊപ്പം, മാറ്റത്തിന്റെ കാറ്റുമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വന്നപ്പോൾ സിപിഎമ്മിനെ അവർ പുറംകാൽ കൊണ്ടു തട്ടിയെറിഞ്ഞു. അതിനുശേഷം തൃണമൂലിന്റെ ആക്രമണം സഹിക്കാൻ കഴിയാതാവുകയും ചെയ്്തതോടെ അണികൾ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂറി മാറി. 24 പർഗാന എന്ന പാർട്ടി ഗ്രാമങ്ങളിലൊക്കെ പാർട്ടി ഓഫീസും, ലോക്കൽ- ഏരിയാ സെക്രട്ടറിയും അടക്കമാണ് ബിജെപിയിലേക്ക് മാറിയത്. പല പാർട്ടി ഓഫീസുകളും അതേപടി ചുവപ്പിന് മുകളിൽ കാവി അടിക്കയായിരുന്നു. ഇപ്പോൾ ബംഗാളിൽ തൃണമൂലിനും, ബിജെപിക്കും, കോൺഗ്രസിനും പിന്നാലെ നാലാംസ്ഥാനത്തിനയാണ് സിപിഎം മത്സരിക്കുന്നത്. അതായത് ദേശീയതലത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത രീതിയിലേക്ക് ഇടതുപാർട്ടികൾ മാറിയിട്ടും, കേന്ദ്രത്തിൽ എങ്ങനെ ഭരണം പിടിക്കാം എന്നൊക്കെയാണ് കേരളത്തിലെ ചർച്ച!

വാൽക്കഷ്ണം: ഒന്ന് ശ്രമിച്ച് നോക്കുകപോലും ചെയ്യാതെ ഇലക്ഷന്മുമ്പേ തോൽവി സമ്മതിച്ച നിരാശയിലാണ് ഈ അഞ്ചു സംസ്ഥാനത്തിലും ഇടതുപാർട്ടികൾ. തിരഞ്ഞെടുപ്പിനെക്കാൾ പാർട്ടി നേതൃത്വങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് പാർട്ടി സമ്മേളനങ്ങൾക്കാണ്. യു.പിയിലൊക്കെ പലയിടത്തും സിപിഎമ്മിന് ഓഫീസുകൾ ഒക്കെയുണ്ട്. പക്ഷേ അവിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പ്രവത്തനമല്ല, പാർട്ടി കോൺഗ്രസിന്റെ ചർച്ചകളാണത്രേ! 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP