Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നടിക്ക് എതിരെ കുറ്റകൃത്യം നടന്ന ശേഷം ദിലീപിൽ നിന്നടക്കം ഉണ്ടായ പ്രതികരണം ആഭാസം; വർഗ്ഗീസ് കൊലക്കേസിൽ മുൻ ഐ.ജി കെ ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത് 28 വർഷങ്ങൾക്ക് ശേഷം'; ലക്ഷ്മണയുടെ മകളുടെ മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ

'നടിക്ക് എതിരെ കുറ്റകൃത്യം നടന്ന ശേഷം ദിലീപിൽ നിന്നടക്കം ഉണ്ടായ പ്രതികരണം ആഭാസം;  വർഗ്ഗീസ് കൊലക്കേസിൽ മുൻ ഐ.ജി  കെ ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത് 28 വർഷങ്ങൾക്ക് ശേഷം'; ലക്ഷ്മണയുടെ മകളുടെ മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ വൈകിയെന്ന വിമർശനത്തിൽ മുൻ ഐ.ജി കെ ലക്ഷമണയുടെ മകളുടെ മകൻ അനന്ദു സുരേഷ് കുമാർ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ. നക്‌സലൈറ്റ് വർഗ്ഗീസ് കൊലക്കേസിൽ തന്റെ മുത്തച്ഛൻ ശിക്ഷിക്കപ്പെട്ട സാഹചര്യം അടക്കം പരാമർശിച്ചാണ് അനന്ദുവിന്റെ പ്രതികരണം.

ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് പറയാൻ ഞാൻ ആളല്ല. പക്ഷെ ബാലചന്ദ്രകുമാർ ഇത്ര വൈകി ചില വെളിപ്പെടത്തലുകൾ നടത്തിയത് അയാൾ ഒരു ഫ്രോഡ് ആയതുകൊണ്ടല്ലേ എന്ന ചോദ്യത്തിന് മറുപടി പറയാൻ എനിക്ക് വളരെ ചെറിയ ഒരു അവകാശമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന പരാമർശത്തോടെയാണ് ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.

നക്‌സലൈറ്റ് വർഗ്ഗീസ് കൊലക്കേസിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തി സംഭവം നടന്ന് 40 വർഷങ്ങൾക്ക് ശേഷം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മുൻ ഐ.ജി കെ ലക്ഷമണ എന്റെ മുത്തച്ഛനാണ്, അമ്മയുടെ അച്ഛൻ. അദ്ദേഹത്തിന് ശിക്ഷ ലഭിക്കാൻ വഴിത്തിരിവായത് സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷം രാമചന്ദ്രൻ നായർ എന്ന പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന ഒരു വ്യക്തിയുടെ വെളിപ്പെടതുലുകളുടെയും ശക്തമായ മൊഴിയുടെയും അടിസ്ഥാനത്തിൽ ആയിരുന്നു എന്ന് അനന്ദു പറയുന്നു.

രാമചന്ദ്രൻ നായരുടെ മരണത്തിന് ശേഷവും ഹനീഫ് എന്ന മറ്റൊരു സാദാ പൊലീസ്‌കാരൻ അദ്ദേഹത്തിന്റെ മൊഴിയിൽ വർഷങ്ങളോളം അടിയുറച്ച് നിന്നതുകൊണ്ടാണ് ഐ ജി ആയിരുന്ന ലക്ഷമണ ശിക്ഷിക്കപ്പെട്ടതും മൂന്നര കൊല്ലത്തോളം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നതും. കൊലപാതകത്തിന്റെ ജീവിച്ചിരിക്കുന്ന ഏക ദൃക്സാക്ഷി ആയിരുന്നു ഹനീഫ്.

മുൻ ഐജി ലക്ഷമണ കുറ്റക്കാരൻ ആണ് എന്ന സി ബി ഐ കോടതി വിധിക്കെതിരെ സുപ്രീം കോടതി വരെ കേസ് നടത്തിയിട്ടും അദ്ദേഹം കുറ്റക്കാരൻ തന്നെയാണ് എന്നതായിരുന്നു അവസാന വിധിയെന്നും അനന്ദു പറയുന്നു.

ലക്ഷ്മണയെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകൾക്കും അനന്ദു മറുപടി നൽകുന്നുണ്ട്. ജീവനോടെ പിടിച്ച നിരായുധനനായ ഒരു മനുഷ്യനെ മറ്റൊരു നിരപരാധിയായ വ്യക്തിയെ ഭീഷണിപ്പെടുത്തി പച്ചക്ക് വെടിവെച്ച് കൊല്ലിക്കുന്നതു ഒരു ധീരതയാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ നടപ്പാക്കേണ്ടതാണ് നിയമമെന്നും ഞാൻ കരുതുന്നില്ല എന്ന് അനന്ദു പ്രതികരിക്കുന്നു.

ലക്ഷമണ കുറ്റകാരൻ ആണോ അല്ലയോ എന്ന് എന്നോട് ചോദിച്ചാൽ, ഞാൻ ജനിച്ചപ്പോൾ മുതൽ കണ്ടുതുടങ്ങിയ എന്റെ മുത്തച്ഛന് ജയിലിൽ കിടന്ന് മരിക്കേണ്ട ഗതികേട് ഉണ്ടായില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ചെറിയ ആശ്വാസം ഉള്ളിൽ ഉണ്ടെങ്കിലും, അദ്ദേഹം വർഗ്ഗീസ് കൊലക്കേസിൽ നിരപരാധിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് ഉത്തരം എന്നാണ് അനന്ദു തന്റെ കുറിപ്പിൽ പറയുന്നത്.

വരാൻ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപിൽ നിന്ന് നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവർത്തികളും ശുദ്ധ ആഭാസമായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക് ഉള്ളത്. ജയിലിൽ ആവുന്നതിന് തൊട്ടു മുൻപ് ദിലീപ് നൽകിയ അഭിമുഖങ്ങളിൽ ആക്രമിക്കപ്പെട്ട നടിയെ വളരെ ക്രൂരമായി പരിഹസിക്കുന്നതും വ്യക്തിഹത്യ നടത്തി സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിച്ചതും ഇന്നും ആർക്ക് വേണമെങ്കിലും യൂട്യൂബിൽ കാണാവുന്നതെ ഉള്ളു.

അന്ന് മുതൽ ഇന്ന് വരെ ദിലീപ് അനുകൂലികൾ ആയ പല നടന്മാരും, നിർമ്മാതാക്കളും, മറ്റ് സിനിമാക്കാരും രാഷ്രീയക്കാരും പറഞ്ഞ് കൂട്ടിയ മുഴുവൻ പുലഭ്യങ്ങളും കേരളം മുഴുവൻ കേട്ടിട്ടുള്ളതാണ്. അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം, ദിലീപ് അറസ്റ്റിൽ ആയപ്പോൾ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയുള്ള ആത്മരോഷത്താൽ അദ്ദേഹത്തിന്റെ ഹോട്ടലും തീയേറ്ററും തല്ലി തകർക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും അതിനെയൊക്കെ രോമാഞ്ചത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്ത കേരള മനസാക്ഷി കഴിഞ്ഞ ദിവസം നീട്ടി വലിച്ച് കോട്ടുവായ് ഇടുകയായിരുന്നു പി സി ജോർജ് ഒരു ടെലിവിഷൻ ചർച്ചയിൽ തത്സമയം 'ഈ വിഷയത്തിൽ സുഖം കിട്ടിയത് പൾസർ സുനിക്കും ആ നടിക്കും മാത്രമാണ്' എന്ന് പറഞ്ഞത് കേട്ടപ്പോഴും എന്നതാണ്.

അവളോടൊപ്പമാണ് എന്ന് വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു സിനിമ-സാംസ്‌കാരിക-മാധ്യമ-സാമൂഹിക-രാഷ്ട്രീയ സൂപ്പർ താരങ്ങളെയും കണ്ടില്ല പി സി ജോർജ് പറഞ്ഞ ആ തല്ലുകൊള്ളിത്തരത്തിനെതിരെ ഒരു വാക്ക് കൊണ്ടെങ്കിലും പ്രതിഷേധ ശബ്ദമുയർത്താനെന്നും അനന്ദു പറയുന്നു.

ഈ മൃഗീയ പൈശാചിക പിതൃശൂന്യ കുറ്റകൃത്യ കേസിൽ അവനോടൊപ്പമാണോ അവളോടൊപ്പമാണോ എന്ന് ചോദിച്ചാൽ ഒരറ്റ ഉത്തരമേ ഉള്ളു. അവളോടൊപ്പം.. അവളോടൊപ്പം മാത്രം എന്നു തുറന്നു പറഞ്ഞാണ് അനന്ദു തന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർത്തിയാക്കുന്നത്.

സ്വന്തം മുത്തച്ഛൻ നിരപരാധിയാണെന്നു വിശ്വസിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ചുപറയാൻ ആർജ്ജവം കാണിച്ച അനന്ദുവിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
വ്യക്തിപരമായി പുലർത്തുന്ന സത്യസന്ധതയോട് ആദരവ്. എന്നാൽ കേരളത്തിലെ ലൈംഗിക അതിക്രമ കേസുകളിൽ എല്ലാം ഏകപക്ഷീയമായ അന്വേഷണങ്ങളാണ് നടക്കുന്നത്.
വലിയ തോതിൽ പബ്ലിക് അറ്റൻഷൻ കിട്ടുന്ന കേസുകളിലെല്ലാം തന്നെ സാമൂഹിക ജാഗ്രതാ എന്ന പേരിൽ ഒരുപാട് പേർ വന്ന് ഇടപെടുകയും എന്നാൽ കേസന്വേഷണം, വിചാരണ, തുടങ്ങിയ ഘട്ടങ്ങളിലെല്ലാം നിശബ്ദത പാലിക്കുകയും ഒടുവിൽ ഇരകളെ പരാജയപ്പെടുത്തിക്കൊണ്ട് വേട്ടക്കാർ വിജയിക്കുകയും ചെയ്യുന്ന സഹകരണം ആണ് നിലവിലുള്ളത്.
അവിടെ പ്രതി തന്നെ മാപ്പുസാക്ഷി ആകുന്ന ഒരു സാഹചര്യം ബോധപൂർവം സൃഷ്ടിച്ചെടുത്ത പ്പെടുന്നത് ആണെന്നും പാളിപ്പോയ കുറ്റാന്വേഷണ ത്തെ രക്ഷപ്പെടുത്തുന്നതിനുള്ള അടവ് നീക്കങ്ങൾ ആണെന്നും ചിലപ്പോഴൊക്കെ തോന്നാറുണ്ട് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് പറയാൻ ഞാൻ ആളല്ല. പക്ഷെ ബാലചന്ദ്രകുമാർ ഇത്ര വൈകി ചില വെളിപ്പെടത്തലുകൾ നടത്തിയത് അയാൾ ഒരു ഫ്രോഡ് ആയതുകൊണ്ടല്ലേ എന്ന ചോദ്യത്തിന് മറുപടി പറയാൻ എനിക്ക് വളരെ ചെറിയ ഒരു അവകാശമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നക്‌സലൈറ്റ് വർഗ്ഗീസ് കൊലക്കേസിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തി സംഭവം നടന്ന് 40 വർഷങ്ങൾക്ക് ശേഷം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മുൻ ഐ.ജി കെ ലക്ഷമണ എന്റെ മുത്തച്ഛനാണ്, അമ്മയുടെ അച്ഛൻ. അദ്ദേഹത്തിന് ശിക്ഷ ലഭിക്കാൻ വഴിത്തിരിവായത് സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷം രാമചന്ദ്രൻ നായർ എന്ന പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന ഒരു വ്യക്തിയുടെ വെളിപ്പെടതുലുകളുടെയും ശക്തമായ മൊഴിയുടെയും അടിസ്ഥാനത്തിൽ ആയിരുന്നു. രാമചന്ദ്രൻ നായരുടെ മരണത്തിന് ശേഷവും ഹനീഫ് എന്ന മറ്റൊരു സാദാ പൊലീസ്‌കാരൻ അദ്ദേഹത്തിന്റെ മൊഴിയിൽ വർഷങ്ങളോളം അടിയുറച്ച് നിന്നതുകൊണ്ടാണ് ഐ ജി ആയിരുന്ന ലക്ഷമണ ശിക്ഷിക്കപ്പെട്ടതും മൂന്നര കൊല്ലത്തോളം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നതും. കൊലപാതകത്തിന്റെ ജീവിച്ചിരിക്കുന്ന ഏക ദൃക്സാക്ഷി ആയിരുന്നു ഹനീഫ്. മുൻ ഐജി ലക്ഷമണ കുറ്റക്കാരൻ ആണ് എന്ന സി ബി ഐ കോടതി വിധിക്കെതിരെ സുപ്രീം കോടതി വരെ കേസ് നടത്തിയിട്ടും അദ്ദേഹം കുറ്റക്കാരൻ തന്നെയാണ് എന്നതായിരുന്നു അവസാന വിധി. തടവ് ശിക്ഷ തുടങ്ങി മൂന്നര വർഷത്തിന് ശേഷം അദ്ദേഹം പുറത്ത് ഇറങ്ങിയത് ജീവപര്യന്തം തടവുശിക്ഷയിൽ നിന്ന് കുറ്റവിമുക്തനായിട്ടല്ല, അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ പ്രത്യേക താല്പര്യപ്രകാരം 75 വയസ്സിന് മുകളിൽ പ്രായമുള്ള തടവുകാരെ വിട്ടയക്കാനുള്ള സർക്കാരിന്റെ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചുള്ള പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലിൽ ആയിരുന്നു അത്. ആ സർക്കാർ ഉത്തരവിനെതിരെ രാഷ്ട്രീയ പ്രതിഷേധമോ പ്രതിരോധമോ ഉണ്ടാകില്ല എന്ന ഉറപ്പ് അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണിയുടെ ഏറ്റവും മുകൾ തട്ടിലെ സമുന്നതരായ നേതാക്കൾ നൽകിയിരുന്നു എന്ന യാഥാർഥ്യം എനിക്ക് വ്യക്തിപരമായി നേരിട്ട് ബോധ്യമുള്ള കാര്യമാണ്. ലക്ഷമണ കുറ്റകാരൻ ആണോ അല്ലയോ എന്ന് എന്നോട് ചോദിച്ചാൽ, ഞാൻ ജനിച്ചപ്പോൾ മുതൽ കണ്ടുതുടങ്ങിയ എന്റെ മുത്തച്ഛന് ജയിലിൽ കിടന്ന് മരിക്കേണ്ട ഗതികേട് ഉണ്ടായില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ചെറിയ ആശ്വാസം ഉള്ളിൽ ഉണ്ടെങ്കിലും, അദ്ദേഹം വർഗ്ഗീസ് കൊലക്കേസിൽ നിരപരാധിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് ഉത്തരം.
ഇനി ദിലീപ് വിഷയം. കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. അദ്ദേഹം നിരപരാധി ആണെങ്കിൽ അത് തെളിയിക്കാൻ ഏത് ആറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. നടക്കുന്ന നിയമ പോരാട്ടങ്ങളെ മറ്റെല്ലാ മലയാളികളെയും പോലെ ഞാനും സസൂക്ഷ്മം നോക്കി കാണുന്നു. വരാൻ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപിൽ നിന്ന് നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളിലിൽ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവർത്തികളും ശുദ്ധ ആഭാസമായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക് ഉള്ളത്. ജയിലിൽ ആവുന്നതിന് തൊട്ടു മുൻപ് ദിലീപ് നൽകിയ അഭിമുഖങ്ങളിൽ ആക്രമിക്കപ്പെട്ട നടിയെ വളരെ ക്രൂരമായി പരിഹസിക്കുന്നതും വ്യക്തിഹത്യ നടത്തി സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിച്ചതും ഇന്നും ആർക്ക് വേണമെങ്കിലും യൂട്യൂബിൽ കാണാവുന്നതെ ഉള്ളു. അന്ന് മുതൽ ഇന്ന് വരെ ദിലീപ് അനുകൂലികൾ ആയ പല നടന്മാരും, നിർമ്മാതാക്കളും, മറ്റ് സിനിമാക്കാരും രാഷ്രീയക്കാരും പറഞ്ഞ് കൂട്ടിയ മുഴുവൻ പുലഭ്യങ്ങളും കേരളം മുഴുവൻ കേട്ടിട്ടുള്ളതാണ്. അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം, ദിലീപ് അറസ്റ്റിൽ ആയപ്പോൾ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയുള്ള ആത്മരോഷത്താൽ അദ്ദേഹത്തിന്റെ ഹോട്ടലും തീയേറ്ററും തല്ലി തകർക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും അതിനെയൊക്കെ രോമാഞ്ചത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്ത കേരള മനസാക്ഷി കഴിഞ്ഞ ദിവസം നീട്ടി വലിച്ച് കോട്ടുവായ് ഇടുകയായിരുന്നു ശ്രീ പി സി ജോർജ് ഒരു ടെലിവിഷൻ ചർച്ചയിൽ തത്സമയം 'ഈ വിഷയത്തിൽ സുഖം കിട്ടിയത് പൾസർ സുനിക്കും ആ നടിക്കും മാത്രമാണ്' എന്ന് പറഞ്ഞത് കേട്ടപ്പോഴും എന്നതാണ്. അവളോടൊപ്പമാണ് എന്ന് വീണ്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു സിനിമ-സാംസ്‌കാരിക-മാധ്യമ-സാമൂഹിക-രാഷ്ട്രീയ സൂപ്പർ താരങ്ങളെയും കണ്ടില്ല പി സി ജോർജ് പറഞ്ഞ ആ തല്ലുകൊള്ളിത്തരത്തിനെതിരെ ഒരു വാക്ക് കൊണ്ടെങ്കിലും പ്രതിഷേധ ശബ്ദമുയർത്താൻ. ഈ മൃഗീയ പൈശാചിക പിതൃശൂന്യ കുറ്റകൃത്യ കേസിൽ അവനോടൊപ്പമാണോ അവളോടൊപ്പമാണോ എന്ന് ചോദിച്ചാൽ ഒരറ്റ ഉത്തരമേ ഉള്ളു. അവളോടൊപ്പം.. അവളോടൊപ്പം മാത്രം !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP