Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെച്ചൂർ പശുക്കളെ വീണ്ടെടുത്ത ശോശാമ്മ ഐപ്പ്; കവിയും നിരൂപകനുമായ പി നാരായണകുറുപ്പ്; കായിക മേഖലയിൽ ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ; പരിമിതികളെ മറികടന്ന കെ വി റാബിയ; പത്മശ്രീയിൽ നാല് മലയാളി തിളക്കം

വെച്ചൂർ പശുക്കളെ വീണ്ടെടുത്ത ശോശാമ്മ ഐപ്പ്; കവിയും നിരൂപകനുമായ പി നാരായണകുറുപ്പ്; കായിക മേഖലയിൽ ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ; പരിമിതികളെ മറികടന്ന കെ വി റാബിയ; പത്മശ്രീയിൽ നാല് മലയാളി തിളക്കം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പത്മശ്രീയിൽ മലയാളി തിളക്കം. നാല് മലയാളികൾക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. പി. നാരായണക്കുറുപ്പ് (സാഹിത്യം - വിദ്യാഭ്യാസം), ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗ സംരക്ഷണം), കെ.വി. റാബിയ (സാമൂഹ്യസേവനം) എന്നിവരാണ് പുരസ്‌ക്കാരത്തിന് അർഹരായ മലയാളികൾ. വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഡോ. ശോശാമ്മ ഐപ്പിനെ പത്മശ്രീ നൽകി രാഷ്ട്രം ആദരിക്കുന്നത്. സാഹിത്യമേഖലയിലെ സംഭാവനയ്ക്കാണ് കവിയും നിരൂപകനുമായ പി നാരായണ കുറുപ്പിനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

കവിയും നിരൂപകനുമായ പി നാരായണകുറുപ്പ്

പ്രശസ്ത കവിയും നിരൂപകനുമാണ് പി നാരായണ കുറുപ്പ്. കേന്ദ്ര വാർത്താവകുപ്പ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ എഡിറ്റർ, റിസർച് ഓഫീസർ എന്നീ നിലകളിൽ പ്രലർത്തിച്ചു. 1956-ൽ അദ്ധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. 1957-ൽ സെൻട്രൽ സെക്രട്ടേറിയേറ്റ് സർവീസിലും 1971-75 കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും (റിസർച്ച് ഓഫീസർ) പ്രവർത്തിച്ച ഇദ്ദേഹം, സെൻട്രൽ ഇൻഫർമേഷൻ സർവീസിൽ എഡിറ്റർ, വിശ്വവിജ്ഞാനകോശം, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഗസ്റ്റ് എഡിറ്റർ, ആഗ്രയിലെ സൻസ്‌കാർ ഭാരതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിശാഗന്ധി, അസ്ത്രമാല്യം, ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത എന്നിവ ഉൾപ്പടെ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ കവിയും കവിതയും രണ്ടു ഭാഗങ്ങളിൽ, വൃത്തപഠനം, കാവ്യബിംബം, ഭാഷാവൃത്തപഠനം, തനതുകവിത എന്നിങ്ങനെ നിരൂപണങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1986ലും 1990ലും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും 1991ൽ ഓടക്കുഴൽ പുരസ്‌ക്കാരവും 2014ലെ വള്ളത്തോൾ പുരസ്‌ക്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

പത്മശീ പുരസക്കാരം അങ്ങേയറ്റം അഭിമാനം നൽകുന്നതായി പി നാരായണക്കുറുപ്പ്. കവിതയും നിരൂപണവും മാത്രം എഴിതിയിട്ടുള്ള എനിക്ക് ഇത്രയും വലിയൊരു പുരസ്‌ക്കാരം കിട്ടിയത് വളരെ വലിയ അംഗീകാരമാണ്. അത്രയക്ക് എഴുതിയിട്ടുണ്ട് എന്ന തോന്നുന്നില്ല. പേരൂർക്കട ഇന്ദിരാ നഗറിലെ വീട്ടിലിരുന്ന് അദ്ദേഹം പറഞ്ഞു. എൻ വി കൃഷ്ണൻ നായർ. എസ് ഗുപ്തൻ നായർ തുടങ്ങിയ ഗുരുക്കന്മാരാണ് എഴുത്തിലേക്ക് വഴികാട്ടിയത്. കവിതയോടുതന്നെയാണ് പ്രേമം. വാശിയും പ്രതിഷേധവും എതിർപ്പും ഉള്ളപ്പോളാണ് നിരൂപണം എഴുതുക. കവിതയുടേയും നിരൂപണത്തിന്റേയും ജനപ്രീതി ഇടഞ്ഞു നിൽക്കുന്ന കാലാത്ത് കിട്ടുന്ന പുരസ്‌ക്കാരം ഇനിയും ഏറെ എഴുതാനുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്നു.

വെച്ചൂർ പശുവിനെ വീണ്ടെടുത്ത ഡോ. ശോശാമ്മ ഐപ്പ്

വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളർത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ഡോ. ശോശാമ്മ ഐപ്പ്. കേരള കാർഷിക സർവ്വകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആയിരുന്നു ഈ വഴിയിൽ അവർ പ്രവർത്തനം ആരംഭിച്ചത്. 1950കളിൽ അവരുടെ വീട്ടിലും വെച്ചൂർ പശുക്കളെ വളർത്തിയിരുന്നു. 1989ലാണ് അന്യം നിന്നുപോകുമായിരുന്ന കേരളത്തിലെ തനതു കന്നുകാലികളെ സംരക്ഷിക്കാനുള്ള പ്രവർത്തനം ആരംഭിച്ചത്.

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഈ പശുക്കൾ ഉരുത്തിരിഞ്ഞത്. ഇവയുടെ സംരക്ഷണത്തിനായുള്ള വെച്ചൂർ പശു സംരക്ഷണ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയാണവർ. വെച്ചുർ പശുവിന്റെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങിയില്ല അവരുടെ പ്രവർത്തനങ്ങൾ. കാസർകോഡിന്റെ തനതു ജനുസായ കാസർകോഡ് പശുവിനെയും കോട്ടയത്തെ ചെറുവള്ളി പ്രദേശത്തുള്ള ചെറുവള്ളിപ്പശുവിനെയും സംരക്ഷിക്കാൻ അവർ മുൻകയ്യെടുത്തു.

കുട്ടനാടൻ ചാര-ചെമ്പല്ലി താറാവുകളുടെയും അങ്കമാലി പന്നിയുടെയും സംരക്ഷണത്തിനായും അവർ പ്രവർത്തിച്ചു. ലോക ഭക്ഷ്യ കാർഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രൊജക്ടിന്റെയും (യു. എൻ. ഇ. പി)അംഗീകാരം ലഭിച്ചു.

1980ൽ ഒരു കൂട്ടം വെറ്ററിനറി ഡോക്ടർമാർ ഇടവഴികളും മൺപാതകളും ടാറിട്ട റോഡുകളും താണ്ടി ഒഴുക്കിയ വിയർപ്പാണ് ഇന്നത്തെ വെച്ചൂർ പശു. വംശനാശത്തിന്റെ വക്കിൽ നിന്ന് വെച്ചൂർ പശുവിന് പുനർജന്മം നൽകാനായി അവർ നിരത്തിലിറങ്ങുമ്പോൾ അതിന് നേതൃത്വം നൽകിയത് പത്തനംതിട്ടയിലെ നിരണത്ത് നിന്നുള്ള ഡോ.ശോശാമ്മ ഐപ്പ് ആയിരുന്നു. കർഷകനായ നാരയണ അയ്യർ വഴി മനോഹരൻ എന്ന വ്യക്തിയുടെ വീട്ടിൽ നിന്ന് ആദ്യമായി ഇവർക്ക് ഒരു വെച്ചൂർ പശുവിനെ കിട്ടി. അതിൽ നിന്ന് തുടങ്ങിയ വെച്ചൂർ പശു പരിരക്ഷണ യഞ്ജം ഇന്നും മുന്നേറുകയാണ്.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും വെച്ചൂർ പശു കൺസർവേഷൻ ട്രസ്റ്റിൽ സജീവമാണ് ശോശാമ്മ. ഒടുവിൽ രാജ്യത്തിന്റെ ആദരമായി പത്മശ്രീ പുരസ്‌കാരവും ശോശാമ്മയെ തേടിയെത്തിയിരിക്കുന്നു.ഇപ്പോൾ മണ്ണുത്തിയിൽ ഇന്ദിരാനഗറിൽ താമസം. കാർഷിക സർവ്വകലാശാലയിലെ റിട്ട. പ്രൊഫസ്സർ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്. രണ്ടു മക്കൾ.

വെച്ചൂർ പശുക്കളുടെ സവിശേഷതകൾ
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഇവ ഉരുത്തിരിഞ്ഞത്. എട്ടുമാസത്തോളം കറവക്കാലമുള്ള ഇവയിൽനിന്ന് പ്രതിദിനം മൂന്നു ലിറ്ററോളം പാലുകിട്ടും. കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനമാണ്. അധികം ചെലവില്ലാതെ വളർത്താം. ശരാശരി ഉയരം 90 സെന്റീമീറ്ററേയുള്ളൂ. തൂക്കം 140 കിലോഗ്രാം വരെ. ചുവപ്പ്, കറുപ്പ്, വെളുപ്പ്, ചാരനിറം... ഇങ്ങനെ നാലുനിറങ്ങളിലുണ്ട്. പാലിലെ കൊഴുപ്പുകണികകൾ വളരെ ചെറുതാണ്. അതുകൊണ്ട് അത് എളുപ്പത്തിൽ ദഹിക്കും. പാലിന് പോഷകമൂല്യവും കൂടും. ഇത് രോഗികൾക്കും പ്രായമായവർക്കും വളരെ ഗുണം ചെയ്യും. ആയുർവേദമരുന്നുകളിൽ വെച്ചൂർ പശുക്കളുടെ പാൽ, നെയ്യ്, ഗോമൂത്രം മുതലായവ ധാരാളമായി ഉപയോഗിക്കാറുണ്ട്. ഇവയുടെ പാലിലുള്ള ബീറ്റ കേസിൻ പ്രോട്ടീൻ എ 2 രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. പാലിൽ ആർജിനിന്റെയും ലാക്ടോഫെറിന്റെയും അളവും കൂടുതലാണ്.

പരിമിതികളെ മറികടന്ന് കെ വി റാബിയ

അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് കെ വി റാബിയ. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. റാബിയയുടെ ആത്മകഥയാണ് 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന കൃതി.

ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യുവരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാൺ സിങ്, സാഹിത്യകാരൻ രാധേശ്യാം ഖേംക (മരണാനന്തര ബഹുമതി), പ്രഭാ ആത്ര എന്നിവർക്ക് പത്മവിഭൂഷൺ നൽകും. പത്മഭൂഷൺ പുരസ്‌കാരത്തിന് 17 പേരും പത്മശ്രീ പുരസ്‌കാരത്തിന് 107 പേരും അർഹരായി.

മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചി ത്ര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ സത്യനാരായണ നാദെല്ല, സുന്ദരൻ പിച്ചെ, സൈറസ് പൂണെവാലെ, പ്രതിഭ റേ, സ്വാമി സച്ചിദാനന്ദ്, വസിഷ്ഠ് ത്രിപദി, എൻ. ചന്ദ്രശേഖരൻ, വിക്ടർ ബാനർജി, മധുർ ജഫ്രി, ദേവേന്ദ്ര ജഹാരിയ, റാഷിദ് ഖാൻ, രാജീവ് മെഹർഷി, എന്നിവർ പത്മഭൂഷണ് തെരഞ്ഞെടുക്കപ്പെട്ടു. ഗുർമീത് ബാവ, സഞ്ജയ് രാജാറാം എന്നിവർക്ക് മരണാനന്തര ബഹുമതിയായും പത്മഭൂഷൺ നൽകും.

128 പേരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്. ഇതിൽ 13 പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നൽകുന്നത്. 10 പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും 34 പേർ വനിതകളുമാണ്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP