Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനി കർണാടക ഉടക്കില്ല; കൂട്ടുപുഴ പാലം ഉദ്ഘാടനം 31ന് തന്നെ; പ്രതിസന്ധിക്കിടെ ഇഴഞ്ഞുനീങ്ങിയ പാലം നിർമ്മാണം ഒടുവിൽ മറുകര തൊട്ടു

ഇനി കർണാടക ഉടക്കില്ല; കൂട്ടുപുഴ പാലം ഉദ്ഘാടനം 31ന് തന്നെ; പ്രതിസന്ധിക്കിടെ ഇഴഞ്ഞുനീങ്ങിയ പാലം നിർമ്മാണം ഒടുവിൽ മറുകര തൊട്ടു

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശേരി - വീരാജ് പേട്ട അന്തർ സംസ്ഥാന പാതയിൽ കൂട്ടുപുഴയിൽ നിർമ്മിച്ച പുതിയ പാലം 31ന് തന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ തീരുമാനമായി. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറിൽ കർണാടക വനംവകുപ്പ് ഈക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നു പറഞ്ഞ് ഉടക്കിയതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.

ഇതേ പാതയിൽ നിർമ്മാണം പൂർത്തിയാക്കിയ എരഞ്ഞോളി പാലത്തിനൊപ്പം 31ന് രാവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പാലം നാടിന് സമർപ്പിക്കുക. പേരാവൂർ എംഎൽഎ സണ്ണിജോസഫ് അധ്യക്ഷനാകും. ഇതോടൊപ്പം കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി തലശ്ശേരി - വളവുപാറ റോഡിൽ പണിത ഏഴു പാലങ്ങളും ഗതാഗതത്തിന് തുറന്നു കൊടുക്കും.

കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിൽ (കെഎസ് ടിപി) പെടുത്തി 356 കോടിയുടെ തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് കൂട്ടുപുഴയിൽ പുതിയ പാലം നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണത്തിൽ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്. 90 മീറ്റർ നീളത്തിൽ അഞ്ചുതൂണുകളിലായി നിർക്കേണ്ട പാലത്തിന്റെ നിർമ്മാണ പ്രവർത്തി 2017 ഒക്ടോബറിൽ ആണ് തുടങ്ങുന്നത്.

പാലത്തിന്റെ കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂർത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയിൽ തൂണിന്റെ നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. പുഴയുടെ മറുകര പൂർണ്ണമായും കർണ്ണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുൻകൂർ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കർണ്ണാടക വനം വകുപ്പ് നിർമ്മാണം തടയുകയായിരുന്നു.പുഴയുടെ മറുകരവരുന്ന മാക്കൂട്ടം പുഴക്കര പൂർണ്ണമായും തങ്ങളുടേതാണെന്ന് സ്ഥാപിക്കാൻ കൂടിയാണ് അവർ ഈ വാദം ഉന്നയിച്ചത്.

പലതട്ടിൽ ചർച്ച നടത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ല. മൂന്ന് വർഷം ഒരു പ്രവ്യത്തിയും നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിൽ പ്രശ്‌നമെത്തി. ചർച്ചകർക്കും അസംഖ്യം രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രിൽ 23-നാണ് ദേശീയ വന്യജീവി ബോർഡിന്റെ അന്തിമാനുമതിയോടെയാണ് പാലം പണി പുരനാരംഭിക്കാൻ കഴിഞ്ഞത്.

കർണ്ണാടക വനം വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായി നിർമ്മാണം പുനരാരംഭിച്ചപ്പോൾ ആക്സ്മികമായെത്തിയ കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചു. ആറുമാസംകൊണ്ട് തീർക്കേണ്ട നിർമ്മാണം നാലുതവണ നീട്ടിനൽകിയാണ് ഇപ്പോൾ പൂർത്തിയായത്. പാലം നിർമ്മാണം പൂർത്തിയായിട്ടും അയൽക്കാരായ കർണാടക പാരപണിയൽ അവസാനിപ്പിച്ചില്ല.

ഇതോടെ പുതുവർഷ ദിനത്തിൽ നിശ്ചയിച്ച ഉദ്ഘാടനവും പെട്ടെന്ന് റദ്ദാക്കേണ്ടി വന്നു. കർണ്ണാടക വനംവകുപ്പും കൂർഗ് ജില്ലയിലെ ജനപ്രതിനിധികളുമാണ് കൂട്ടുപുഴ പാലം ഉദ്ഘാടനത്തിന് തടസവാദങ്ങളുമായി രംഗത്തുവന്നത്. എന്നാൽ ഇത്തവണ അതുണ്ടാവില്ലെന്നാണ് സൂചന. കോവിഡ് വ്യാപനമുള്ളതിനാൽ വളരെ ലളിതമായ ചടങ്ങുകളോടെയാണ് കൂട്ടുപുഴ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP