Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെമിഫൈനലിൽ ബിജെപി വമ്പൻ ജയം നേടിയാലും ഫൈനലിൽ അടിതെറ്റിക്കാം; 2024 ൽ രാജ്യം ഭരിക്കുന്ന കക്ഷിയെ മറികടക്കാൻ പ്രതിപക്ഷ സഖ്യത്തിന് കഴിയുമോ? നരേന്ദ്ര മോദിയെ 2014 ൽ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ച പ്രശാന്ത് കിഷോർ പറയുന്നു ബിജെപിയെ തളയ്ക്കാൻ പോന്ന തന്ത്രങ്ങൾ

സെമിഫൈനലിൽ ബിജെപി വമ്പൻ ജയം നേടിയാലും ഫൈനലിൽ അടിതെറ്റിക്കാം; 2024 ൽ രാജ്യം ഭരിക്കുന്ന കക്ഷിയെ മറികടക്കാൻ പ്രതിപക്ഷ സഖ്യത്തിന് കഴിയുമോ? നരേന്ദ്ര മോദിയെ 2014 ൽ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ച പ്രശാന്ത് കിഷോർ പറയുന്നു ബിജെപിയെ തളയ്ക്കാൻ പോന്ന തന്ത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2014 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ചു, ബിഹാറിൽ നിതീഷ്, ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡി, പിന്നീട് മമതയും. എന്നാൽ, താൻ ആരെയെങ്കിലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കി എന്നുപറയുന്നതിൽ കഥയില്ല എന്നാണ് പ്രശാന്ത് കിഷോർ പറയാറുള്ളത്.

ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മോദിയെ ഇന്ത്യൻ പ്രധാനമന്ത്രി കസേരയിലേക്ക് എത്തിച്ചതിൽ പ്രശാന്ത് കിഷോറിന്റെ കൂടി സഹായത്തോടെയാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടിയുള്ള തെരഞ്ഞെടുപ്പു കാമ്പയിന് നേതൃത്വം നൽകിയത് പ്രശാന്തായിരുന്നു. പിന്നീട് മോദിയുമായി സഹകരിക്കാതെ ബിജെപി പാളയം വിട്ടെങ്കിലും തൊട്ടതെല്ലാം പൊന്നാക്കി പ്രശാന്ത് കിഷോർ കരുത്തു കാട്ടി.

പഞ്ചാബിൽ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രിയാക്കിയത് മുതൽ തെക്ക് തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയതിൽ വരെ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളുണ്ട്. മമത ബാനർജിയെ പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിൽ എത്തിച്ചതും പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു. ഇടക്കാലത്ത് കോൺഗ്രസുമായി സഹകരിക്കാൻ ഇറങ്ങിയ പ്രശാന്ത് കിഷോർ ഒടുവിൽ കളം മാറുകയായിരുന്നു.

രാഹുൽ ഗാന്ധിയുമായി സഹകരിക്കാൻ തയ്യാറായെങ്കിലും അതിന് മുതിർന്ന നേതാക്കൾ തടസ്സമായതോടെ കോൺഗ്രസ് പാളയം വിട്ടു പ്രശാന്ത് കിഷോർ. അഞ്ച് സംസ്ഥാനങ്ങളിൽ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എല്ലായിടത്തും സംസാര വിഷയം ജയം ആർക്ക് എന്നത് തന്നെയാണല്ലോ. പൊതുതിരഞ്ഞടുപ്പിനുള്ള സെമിഫൈനലായി കണക്കാക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ജയിച്ചുകയറിയാൽ പിന്നെ ആർക്കും അവരെ തൊടാനാവില്ലേ? 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുക സാധ്യമോ? ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് എൻഡി ടിവിയിൽ ശ്രീനിവാസൻ ജയിനുമായി ഉള്ള അഭിമുഖത്തിൽ പ്രശാന്ത് കിഷോർ നൽകുന്നത്.

ബിജെപിയെ കീഴടക്കാൻ കഴിയുമോ?

കഴിയും എന്നാണ് പ്രശാന്ത് കിഷേറിന്റെ മറുപടി. എന്നാൽ, ഇപ്പോഴത്തെ പ്രതിപക്ഷ സഖ്യങ്ങളും, കൂട്ടായ്മകളും അതിന് പോന്നതാണോ? അല്ല. ഇവിടെയാണ് ഉത്തരത്തിന്റെ മർമ്മം കിടക്കുന്നത്. ബിജെപിയെ തോൽപ്പിക്കാൻ പണിയെടുക്കണം, പക്ഷേ ഇപ്പോഴത്തെ പോലെ പണിയെടുത്തിട്ട് കാര്യമില്ല. ഈ റൗണ്ടിൽ, അതായത്, അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി വൻ ജയം കൊയ്‌തേക്കാം. എന്നിരുന്നാലും, 2024 ൽ അവർ പരാജയപ്പെട്ടേക്കാം. 2012 ൽ യുപിയിൽ എസ്‌പിയും, ഉത്തരാഖണ്ഡിലും മണിപ്പൂരിലും കോൺഗ്രസും, പഞ്ചാബിൽ അകാലിദളുമാണ് ജയിച്ചത്. എന്നാണ് 2014 ൽ ഫലം വ്യത്യസ്തമായിരുന്നു, പ്രശാന്ത് കിഷോർ പറഞ്ഞു. അതുകൊണ്ട് ഈ റൗണ്ടിലെ വിജയം, ഫൈനൽ റൗണ്ടിലെ വിജയത്തിന് ഇടയാക്കണം എന്നില്ല.

യുപിയിൽ ബിജെപിയെ നേരിടണമെങ്കിൽ, നിങ്ങളുടെ സാമൂഹികാടിത്തറ വിപുലമാക്കേണ്ടത് അത്യാവശ്യമാണ്. സംയുക്ത പ്രതിപക്ഷത്തിന്റെ സാമൂഹികാടിത്തറ ഇപ്പോഴത്തേക്കാൾ വിശാലമാകണം. അത് യാദവ ഇതര ഒബിസി വിഭാഗങ്ങളിലായാലും, ദളിത്, മുന്നോക്ക വിഭാഗങ്ങളുടെ ഇടയിൽ ആയാലും.

തന്ത്രങ്ങൾ എങ്ങനെ?

ബിഹാർ, ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 200 മണ്ഡലങ്ങളിൽ പ്രതാപകാലത്ത് പോലും 50 സീറ്റുകളാണ് ബിജെപിക്ക് നേടാൻ കഴിയുന്നത്. ബാക്കി വരുന്ന 350 സീറ്റുകളിൽ ബിജെപി തൂത്തുവാരുകയാണ്. കോൺഗ്രസോ, തൃണമൂലോ, മറ്റേതെങ്കിലും പാർട്ടികളോ ഉൾപ്പെടുന്ന സഖ്യം പുനരേരീകരിക്കുകയും, തങ്ങളുടെ വിഭവങ്ങളും തന്ത്രങ്ങളും പുതുക്കുകയും ചെയ്യുകയും, 200 ൽ 100 സീറ്റ് നേടുകയും ചെയ്താൽ പ്രതിപക്ഷത്തിന് 250-260 സീറ്റ് വരെ നേടാനാകും. വടക്കേന്ത്യയിലും പടിഞ്ഞാറുമായി നൂറ് സീറ്റ് അധികം നേടിയാൽ ബിജെപിയെ തോൽപ്പിക്കുക സാധ്യമാകും. 2024 ൽ കൂടുതൽ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാൻ കഴിയുന്ന ഒരു പ്രതിപക്ഷ സഖ്യം രൂപീകരിക്കാൻ തനിക്ക് സഹായിക്കണമെന്ന് ഉണ്ടെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

കോൺഗ്രസിൽ അഴിച്ചുപണി വേണം

ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിൽ അഴിച്ചുപണി വേണമെന്ന് പ്രശാന്ത് കിഷോർ നേരത്തെയും പറഞ്ഞിട്ടുണ്ട്. 2019 മുതൽ അദ്ദേഹം കോൺഗ്രസുമായി ചർച്ച നടത്തി വരുന്നു. എന്നാൽ രാഹുലിനെയും, പ്രിയങ്കയെയും സോണിയയെയും വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞില്ല. തന്റെ പൂർവകാല രാഷ്ട്രീയ പശ്ചാത്തലം കൊണ്ട് താൻ 100 ശതമാനം കോൺഗ്രസിനോട് വിശ്വസ്തത പുലർത്തുമോ എന്ന് നേതൃത്വത്തിന് സംശയം ഉണ്ട് എന്നാണ് പ്രശാന്ത് കിഷോർ അഭിമുഖത്തിൽ പറഞ്ഞത്.

ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്ന പ്രതിപക്ഷ സഖ്യത്തെ അണിനിരത്താൻ കോൺഗ്രസ് നിർണായകമാണ്. എന്നാൽ, നിലവിലെ നേതൃത്വം ഈ റോൾ വഹിക്കാൻ പ്രാപ്തമല്ല എന്നാണ് പ്രശാന്ത് കിഷോർ സൂചിപ്പിക്കുന്നത്. കോൺഗ്രസിൽ സമഗ്രമായ അഴിച്ചുപണി അല്ലാതെ മറ്റുമാർഗ്ഗമില്ല.

ബിജെപിയെ എങ്ങനെ തളയ്ക്കാം?

ബിജെപി ശക്തമായ വെല്ലുവിളി ഉയർത്തുന്നത് ഹിന്ദുത്വ വാദം, അതിദേശീയത, പൊതുജനക്ഷേമം എന്നിവ മുൻനിർത്തിയാണ്. ഇതിൽ ഏതെങ്കിലും രണ്ടുകാര്യത്തിൽ എങ്കിലും പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ വെല്ലുന്ന പ്രകടനം കാഴ്ച വയ്ക്കണം. പ്രതിപക്ഷ സഖ്യത്തിന് മുന്നോട്ട് വയ്ക്കാൻ ഒരാശയവും, കെട്ടുറപ്പും വേണം, പ്രശാന്ത് കിഷോർ പറഞ്ഞു. 2015 ൽ ബിഹാറിന് ശേഷം ഒരു മഹാസഖ്യം പോലും വിജയിച്ചിട്ടില്ല.

വെറുതെ പാർട്ടികളും നേതാക്കളും ഒന്നിച്ചുകൂടിയിട്ട് കാര്യമില്ല. ഈ കെട്ടുറപ്പും, ഐക്യത്തോടെയുള്ള പ്രവർത്തനവും വേണം.പാർലമെന്റ് തിരഞ്ഞെടുപ്പിലെ ജയങ്ങൾ നിയസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ആവർത്തിക്കാനാവുന്നില്ല. ഇതിനുള്ള കാരണം ദേശീയതയുടെ പ്രയോഗത്തിലെ വ്യത്യാസമാണ്. പൊതു തിരഞ്ഞെടുപ്പിൽ ദേശീയത ചർച്ചയാകും. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളാണ് കൂടുതലും ചർച്ചയാകുന്നത്.

ബിജെപിയെ തോൽപ്പിക്കാൻ പരിശ്രമിക്കുന്ന ഏതു പാർട്ടിക്കും നേതാവിനും 5-10 വർഷത്തെ ദീർഘവീക്ഷണം വേണം. അത് വെറും അഞ്ച് മാസത്തിനുള്ളിൽ ചെയ്യാൻ കഴിയില്ല. എന്നാൽ, അത് സംഭവിക്കും, അതാണ് ജനാധിപത്യത്തിന്റെ ശക്തി, പ്രശാന്ത് കിഷോർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP