Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീനിയോറിറ്റിയിൽ മുമ്പിലുള്ള പുരുഷ ജഡ്ജിമാരുടെ ക്യൂ തെറ്റിച്ചുള്ള വരവ്; ബലാൽസംഗ കേസുകളിൽ ഇരകൾക്ക് ടൂ ഫിംഗർ ടെസ്റ്റും കന്യകാത്വ പരിശോധനയും നിർത്തലാക്കിയ ജസ്റ്റിസ്; പാക്കിസ്ഥാൻ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ആയിഷ മാലിക്ക് ചരിത്രത്തിൽ ഇടം നേടുമ്പോൾ

സീനിയോറിറ്റിയിൽ മുമ്പിലുള്ള പുരുഷ ജഡ്ജിമാരുടെ ക്യൂ തെറ്റിച്ചുള്ള വരവ്; ബലാൽസംഗ കേസുകളിൽ ഇരകൾക്ക് ടൂ ഫിംഗർ ടെസ്റ്റും കന്യകാത്വ പരിശോധനയും നിർത്തലാക്കിയ ജസ്റ്റിസ്; പാക്കിസ്ഥാൻ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ആയിഷ മാലിക്ക് ചരിത്രത്തിൽ ഇടം നേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: പാക് ജുഡീഷ്യറി തിങ്കളാഴ്ച ഒരു ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ലാഹോർ ഹൈക്കോടതി ജസ്റ്റിസ് ആയിഷ് മാലിക്ക് സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി അധികാരമേറ്റു. 1956 ൽ സ്ഥാപിക്കപ്പെട്ട പാക്കിസ്ഥാൻ സുപ്രീം കോടതിയിൽ ഒരു വനിത തലപ്പത്ത് എത്താൻ ഇത്രയും കാലതാമസം എടുത്തു എന്ന നെഗറ്റീവ് പോയിന്റ് അവിടെ നിൽക്കട്ടെ. പോസിറ്റീവായ കാര്യം ഇത് വലിയ സാധ്യതകൾ തുറക്കുന്നു എന്നതാണ്.

പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷന്റെ രേഖകൾ പ്രകാരം, മൊത്തം കണക്കെടുത്താൻ, 17 ശതമാനമാണ് ജഡ്ജിമാരിൽ വനിതാ സാന്നിധ്യം. അതിൽ ഹൈക്കോടതികളിൽ 4.4 ശതമാനവും. ഇന്ത്യയിലെ കണക്കുകളുമായി താരതമ്യം ചെയ്താൽ, സുപ്രീം കോടതിയിലെ 34 ജഡ്ജിമാരിൽ നാല് പേർ വനിതകളാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇതിൽ മൂന്നുപേരെ നിയമിച്ചത്. ജസ്റ്റിസ് ബി വി നാഗരത്‌ന 2027 ൽ ഇന്ത്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുണ്ട്.

ഇന്ത്യയുടെ ആദ്യ വനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവിയെ നിയമിച്ചത് 1989 ലാണ്. യുഎസ് സുപ്രീം കോടതിയിൽ സാന്ദ്ര ഡേ കോണർ ആദ്യ വനിത ജഡ്ജിയായതിന് എട്ട് വർഷത്തിന് ശേഷമായിരുന്നു ഫാത്തിമ ബീവിയുടെ നിയമനം.

ജസ്റ്റിസ് ആയിഷ മാലിക്കിന്റെ സ്ഥാനലബ്ധി കരുതും പോലെ എളുപ്പമായിരുന്നില്ല, ലാഹോർ ഹൈക്കോടതിയിൽ സീനിയോരിറ്റി മാനദണ്ഡപ്രകാരം നാലാമതായിരുന്നു ആയിഷ. മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആയിഷയ്ക്ക് വേണ്ടി വാദിച്ചവരും, സീനിയോരിറ്റി മറികടക്കരുതെന്ന് വാദിച്ചവരുമായി ജുഡീഷ്യറി രണ്ടുപക്ഷമായിരുന്നു. മാസങ്ങൾ നീണ്ടസംവാദത്തിന് ശേഷമാണ് ഈ തീരുമാനത്തിൽ എത്തിയത്.

നിയമനം അംഗീകരിച്ച പാർലമെന്ററി കമ്മിറ്റി ജഡ്ജിമാരുടെ നിയമനത്തിൽ സീനിയോറിറ്റി തത്വത്തിൽ തന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ, ആയിഷയെ നിയമിച്ചാൽ, ഇത് ആദ്യമായി ചരിത്രമാകും എന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. 2031 വരെ അയിഷ മാലിക്കിന് സുപ്രീം കോടതി ജഡ്ജിയായി തുടരാനാകും.

വനിത തലപ്പത്ത് എത്തുമ്പോൾ

ജുഡീഷ്യൽ സംവിധാനത്തിൽ കൂടുതൽ വനിതകൾ കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മനുഷ്യാവകാശ പ്രവർത്തകർ കരുതുന്നു. ലിംഗസമത്വത്തിൽ ഊന്നിയ ഒരു കാഴ്ചപാട് വളർത്തിയെടുക്കാൻ അത് സഹായിക്കും. ജുഡീഷ്യൽ സംവിധാനത്തിലെ പുരുഷാധിപത്യ സ്വഭാവത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ആയിഷ മാലിക്കിന് കഴിയുമെന്നാണ് പലരും വിശ്വസിക്കുന്നത്.

ഹാർവാഡ് സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ അയിഷ ലാഹോർ ഹൈക്കോടതിയിൽ കഴിഞ്ഞ ഇരുപതു വർഷത്തോളം ജഡ്ജിയായി പ്രവർത്തിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് അധ്യക്ഷനായ പാക്കിസ്ഥാൻ ജുഡീഷ്യൽ കമ്മീഷനാണ് അയിഷയുടെ നിയമനത്തിന് അംഗീകാരം നൽകിയത്. നാലിനെതിരെ അഞ്ചു വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അയിഷയെ സുപ്രീം കോടതി ജഡ്ജിയാക്കിയത്.

രണ്ടുതവണ അയിഷ മാലിക്കിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ പാക്കിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ യോഗം ചേർന്നിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പാക് ജുഡീഷ്യൽ കമ്മീഷനു മുമ്പാകെ അയിഷ മാലിക്കിന്റെ പേര് ആദ്യമായി വരുന്നത്. പക്ഷേ, പാനൽ രണ്ടായി തിരിഞ്ഞതോടെ സ്ഥാനാർത്ഥിത്വം നിരസിക്കപ്പെട്ടു.

അയിഷയുടെ നിയമനത്തിൽ സീനിയോറിറ്റി പ്രശ്‌നം ആരോപിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ രംഗത്തെത്തുകയും ചെയ്തിരുന്നു. അയിഷ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധം അറിയിച്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഫ്രീദി രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ ആയിഷ മാലിക്ക് തലപ്പത്ത് എത്തുമ്പോൾ, വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്.

2021 ലെ ജസ്റ്റിസ് ആയിഷയുടെ ഒരു ചരിത്രപ്രധാന വിധിയുണ്ട്. ലൈംഗികാതിക്രമ കേസുകളിൽ ഇരകൾക്ക് നടത്തുന്ന ടൂ ഫിംഗർടെസ്റ്റ് അനധികൃതവും ഭരണഘടനാവിരുദ്ധവും ആണെന്ന് അവർ വിധിച്ചു. 30 പേജുകളുളേള വിധിയിൽ ജസ്റ്റിസ് പറഞ്ഞത് ടൂ ഫിംഗർ ടെസ്റ്റും, കന്യകാത്വ പരിശോധനയും ഇരകളുടെ വ്യക്തിപരമായ അന്തസ്സിനെ ഹനിക്കുന്നത് ആണെന്നായിരുന്നു.

പാക്കിസ്ഥാനിലെ വനിതകൾക്ക് ബലാൽസംഗ, ലൈംഗികാതിക്രമകേസുകളിൽ നീതി കിട്ടുക വിഷമം പിടിച്ച കാര്യമായിരുന്നു. ഇരകളുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ മറയാക്കിയതും ഈ കന്യകാത്വ പരിശോധന ആയിരുന്നു. അതാണ് ജസ്റ്റിസ് ആയിഷ മാലിക്ക് പൊളിച്ചടുക്കിയത്. വനിതകൾക്ക് നീതി കിട്ടുന്ന കൂടുതൽ അനുകൂല തീരുമാനങ്ങൾക്ക് ആയിഷയുടെ സ്ഥാനലബ്ധി കളമൊരുക്കും എന്നാണ് മനുഷ്യാവകാശ പ്രവർത്തകയായ ഖദീജ സിദ്ദിഖി പ്രതീക്ഷിക്കുന്നത്. എന്തായാലും ചരിത്രപരമായ തീരുമാനത്തോടെ, കൂടുതൽ, വനിതകൾ പാക്കിസ്ഥാന്റെ പുരുഷാധിപത്യ കേന്ദ്രീകൃത ജുഡീഷ്യൽ സംവിധാനത്തിലേക്ക് കടന്നുവരാൻ വഴിയൊരുക്കും എന്ന ശുഭപ്രതീക്ഷയും ഉണർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP