Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛനൊപ്പം ഉത്സവക്കച്ചവടത്തിനെത്തിയ പത്തുവയസ്സുകാരനെ കാണാതായി; ലോറിയിൽ കയറി കിടന്ന് ഉറങ്ങിയ കുട്ടിയെത്തിയത് 75 കിലോമീറ്റർ അകലെ തമിഴ്‌നാട് അതിർത്തിയിൽ

അച്ഛനൊപ്പം ഉത്സവക്കച്ചവടത്തിനെത്തിയ പത്തുവയസ്സുകാരനെ കാണാതായി; ലോറിയിൽ കയറി കിടന്ന് ഉറങ്ങിയ കുട്ടിയെത്തിയത് 75 കിലോമീറ്റർ അകലെ തമിഴ്‌നാട് അതിർത്തിയിൽ

സ്വന്തം ലേഖകൻ

കൊല്ലം: പന്തളത്ത് അച്ഛനൊപ്പം ഉത്സവക്കച്ചവടത്തിനെത്തിയ പത്തുവയസ്സുകാരനെ കാണാതായി. പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിനുസമീപത്തു നിന്നുമാണ് കുട്ടിയെ കാണാതായത്. പുലർച്ചെ മൂന്ന് മണിയോടെ വഴിയരികിൽ നിർത്തിയിട്ടിയിരുന്ന ലോറിയിൽ കയറി കിടന്നുറങ്ങിയ കുട്ടി അബദ്ധത്തിൽ തമിഴ്‌നാട് അതിർത്തി വരെ എത്തപ്പെടുക ആയിരുന്നു. പന്തളത്തു നിന്നും 75 കിലോമീറ്റർ അകലെ തമിഴ്‌നാട് അതിർത്തിക്കടുത്ത് ആര്യങ്കാവിൽ എത്തിയപ്പോഴാണ് ലോറിക്കുള്ളിൽ കുട്ടിയുണ്ടെന്ന വിവരം ഡ്രൈവർ അറിയുന്നത്..

പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകൻ കാർത്തിക്കിനെയാണ് ഞായറാഴ്ച പുലർച്ചെ കാണാതായത്. ധർമശാസ്താക്ഷേത്രത്തിലെ തിരുവാഭരണ ഉത്സവത്തിന് പിതാവിനൊപ്പം വളക്കച്ചവടത്തിനെത്തിയതായിരുന്നു കാർത്തിക്. കട്ടിയെ കാണാതായെന്ന വാർത്ത പരന്നതോടെ ആകെ ബഹളമായി, മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ ആശ്വാസം പകർന്ന് കുട്ടിയെ കണ്ടെത്തിയെന്ന സന്തോഷ വാർത്തയും എത്തി.

സംഭവമിങ്ങനെ: അച്ഛനൊപ്പം കടയിൽ നടക്കുകയായിരുന്ന കുട്ടി പുലർച്ചെ മൂന്നോടെ കുമാറിന്റെ കടയ്ക്കുസമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കയറി അവിടെ കിടന്നുറങ്ങി. കുട്ടി ലോറിയിലുള്ളത് അറിയാതെ ലോറിക്കാർ സിമന്റെടുക്കാനായി തമിഴ്‌നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. കുട്ടിയെ കാണാതെ പരിഭ്രാന്തനായ കുമാർ പലയിടത്തും കുട്ടിയെ അന്വേഷിച്ചു. നാട്ടുകാരും ഒപ്പം കൂടി. എന്നിട്ടും കണ്ടെത്താനാവാതെ വന്നതോടെ പൊലീസിൽ പരാതി നൽകി. ഉടൻ പൊലീസും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ തുടങ്ങി.

ഇതിനിടെ രാവിലെ എട്ടരയോടെ കുട്ടി ഉറക്കം വിട്ടുണർന്നു. ലോറിയിലാണെന്ന് അറിഞ്ഞതോടെ കുട്ടി ഉച്ചത്തിൽ കരഞ്ഞു. ലോറി ആര്യങ്കാവിലെത്തിയപ്പോൾ പിന്നിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് ഡ്രൈവർ വണ്ടി നിർത്തി. കുട്ടിയെക്കണ്ട ജീവനക്കാർ അമ്പരന്നു. തുടർന്ന് ആര്യങ്കാവ് പൊലീസ് ഔട്ട്‌പോസ്റ്റിൽ അറിയിച്ചു. തെന്മല സ്റ്റേഷൻ ഓഫീസർ വിനോദിന്റെ നിർദേശപ്രകാരം സി.പി.ഒ. മാരായ അനൂപ്, കണ്ണൻ, സുനിൽ, അഭിലാഷ് എന്നിവർ സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു.

പന്തളം സ്റ്റേഷനിൽനിന്ന് കുട്ടിയെ കാണാതായെന്ന സന്ദേശം കിട്ടിയിരുന്നതിനാൽ കാർത്തിക്കിനെ തിരിച്ചറിയുന്നത് എളുപ്പമായി. രാവിലെ പത്തുമണി കഴിഞ്ഞപ്പോൾ പന്തളത്തുനിന്ന് കുമാറും ക്രൈം എസ്‌ഐ. സി.കെ.വേണുവിന്റെ നേതൃത്വത്തിൽ പൊലീസും തെന്മലയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP