Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഐ പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകർ; നിലത്തിട്ടു ചവിട്ടി, സോഡാ കുപ്പിയും കല്ലും കൊണ്ടും എറഞ്ഞു വീഴ്‌ത്തിയും അക്രമം തുടർന്നു; അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ അക്രമ ദൃശ്യങ്ങൾ പുറത്ത്

സിപിഐ പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകർ; നിലത്തിട്ടു ചവിട്ടി, സോഡാ കുപ്പിയും കല്ലും കൊണ്ടും എറഞ്ഞു വീഴ്‌ത്തിയും അക്രമം തുടർന്നു; അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ അക്രമ ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ പ്രവർത്തകരെ ഡിവൈഎഫ്ഐ. പ്രവർത്തകർ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തിൽ ഇവിടെ സിപിഐയും സിപിഎമ്മും തമ്മിൽ സംഘർഷം ശക്തമായിരിരുന്നു. ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

സിപിഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എൻ.കെ. ഉദയകുമാർ, എൽ.സി. സെക്രട്ടറി സുരേഷ് ബാബു എന്നിവർക്കാണ് ക്രൂരമായ മർദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ബാങ്ക് തിരഞ്ഞെടുപ്പിനിടെ പ്രദേശത്ത് സിപിഐ-സിപിഎം. സംഘർഷം ഉടലെടുത്തിരുന്നു. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തവർ വോട്ട് ചെയ്യാനെത്തിയത് സിപിഐ. പ്രവർത്തകർ ചോദ്യംചെയ്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്.

സിപിഎം - സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സോഡാ കുപ്പിയും കല്ലും കൊണ്ടുള്ള ഏറിൽ ഇരുവിഭാഗത്തിൽപ്പെട്ട നിരവധി പാർട്ടി പ്രവർത്തകർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൊടുമൺ പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കുമാർ (39), സിവിൽ പൊലീസ് ഓഫിസർമാരായ ജിനു കോശി (30), രാഹുൽ (28) എന്നിവർക്കും പരിക്കേറ്റിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതായി ആരോപിച്ച് രാവിലെ ബഹളം നടന്നിരുന്നു. ഇത് പൊലീസ് ഇടപെട്ട് ശാന്തമാക്കി. പിന്നീട് ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് കള്ളവോട്ടിനെ ചൊല്ലി ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടിയത്.

ഇതിനിടയിൽ സമീപത്തെ കടയിൽനിന്ന് സോഡാ കുപ്പികളും കല്ലുകളും വലിച്ചെറിയുകയായിരുന്നു. വൈകീട്ട് ബാങ്ക് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുഴുവൻ സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചു. ഏറുകൊണ്ട പലർക്കും തലക്കാണ് പരിക്കേറ്റത്. ഇതിനിടയിൽ പൊലീസിനും ഏറുകൊണ്ടു. മറ്റ് പ്രദേശങ്ങളിൽനിന്നുവന്ന ചിലരും സംഘർഷ സ്ഥലത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

സിപിഎമ്മിന്റെ ജില്ല പഞ്ചായത്ത് അംഗം ബീന പ്രഭയുടെ ഭർത്താവ് ഹൈസ്‌കൂൾ ബ്രാഞ്ച് സെക്രട്ടറിയായ പ്രഭക്കും (57) പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തലക്കാണ് പരിക്ക്. ഡിവൈഎഫ്ഐ മേഖല ട്രഷറർ സുധീഷ് (20), ഡി.വൈ എഫ്.ഐ കമ്മിറ്റി അംഗം എം. കിരൺ (21), സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു (51) സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയകുമാർ (53), എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി ജിതിൻ മോഹൻ (35) എന്നിവർക്കും പരിക്കേറ്റിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ സീറ്റ് ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. വർഷങ്ങളായി സിപിഎം ഭരിക്കുന്ന ബാങ്കാണിത്. നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചതിനാൽ സീറ്റ് നൽകാൻ കഴിയില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചതോടെയാണ് സിപിഐ സ്ഥാനാർത്ഥികളെ നിർത്തിയത്. തെരഞ്ഞെടുപ്പ് കോൺഗ്രസ് നേരത്തേ ബഹിഷ്‌ക്കരിച്ചിരുന്നു. അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. പൊലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ.

സംഭവത്തിൽ പൊലീസ് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതായി സിപിഐ. ആരോപിച്ചിരുന്നു. ജില്ലാ സെക്രട്ടറി ജയൻ അടക്കമുള്ളവരാണ് പൊലീസിനെതിരേ രംഗത്തുവന്നത്. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐക്കാർ സിപിഐ പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.

മൂന്നാഴ്ച മുമ്പ് സിപിഎം അങ്ങാടിക്കൽ ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള അങ്ങാടിക്കൽ വടക്ക് സീയോൻ കുന്ന് ബ്രാഞ്ചിലെ മുഴുവൻ പാർട്ടി മെംബർമാരും രാജിവെച്ച് സിപിഐയിൽ ചേർന്നിരുന്നു. ഇതാണ് ഇവിടെ സംഘർഷത്തിന് ഇടയാക്കിയത്. അങ്ങാടിക്കൽ വടക്ക് ചേർന്ന സ്വീകരണ സമ്മേളനം സിപിഐ ജില്ല സെക്രട്ടറി എ.പി. ജയനാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതൽ അങ്ങാടിക്കൽ മേഖലയിൽ ഇരുപാർട്ടികളും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. പിന്നീട് സിപിഎം അങ്ങാടിക്കൽ പ്രദേശത്ത് വിശദീകരണ യോഗങ്ങൾ നടത്തുകയും പാർട്ടിവിട്ട ചിലരെ തിരികെക്കൊണ്ടുവരുകയും ചെയ്തിരുന്നു.

വിശദീകരണ യോഗങ്ങളിൽ പാർട്ടി മാറിയവരെ സിപിഎം നേതാക്കൾ പരസ്യമായി അസഭ്യം പറയുകയും ചെയ്തിരുന്നു. സിപിഎം ഭരിക്കുന്ന ചന്ദനപ്പള്ളി സർവിസ് സഹകരണ ബാങ്കിലെ അഴിമതി വിവരങ്ങൾ ജനങ്ങളുടെ മുമ്പാകെ പരസ്യപ്പെടുത്തുമെന്നും പാർട്ടി വിട്ടവർ പറഞ്ഞിരുന്നു. മുൻ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സഹദേവനുണ്ണിത്താൻ ഉൾപ്പെടെ 70 ഓളം പേരാണ് സിപിഎം വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP