Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വേറെ ലെവൽ നടനാണ് ഷെയിൻ നിഗം; ഇത് ഈ യുവ നടന്റെ കരിയർ ബെസ്റ്റ്; സൂക്ഷ്മാഭിനയത്തിന്റെ ഫയർ കെടാതെ നടി രേവതി; സംവിധായകൻ രാഹുൽ സദാശിവൻ ഭാവിയുള്ള പ്രതിഭ; പ്രതികാരം ചെയ്യുന്ന പ്രേതങ്ങളുടെതല്ല ഇത് മനുഷ്യ സങ്കീർണ്ണതകളുടെ കഥ; ഭൂതകാലം വെറുമൊരു ഹൊറർ സിനിമയല്ല!

വേറെ ലെവൽ നടനാണ് ഷെയിൻ നിഗം; ഇത് ഈ യുവ നടന്റെ കരിയർ ബെസ്റ്റ്; സൂക്ഷ്മാഭിനയത്തിന്റെ ഫയർ കെടാതെ നടി രേവതി; സംവിധായകൻ രാഹുൽ സദാശിവൻ ഭാവിയുള്ള പ്രതിഭ; പ്രതികാരം ചെയ്യുന്ന പ്രേതങ്ങളുടെതല്ല ഇത് മനുഷ്യ സങ്കീർണ്ണതകളുടെ കഥ; ഭൂതകാലം വെറുമൊരു ഹൊറർ സിനിമയല്ല!

എം റിജു

ലയാളത്തിലെ സൈക്കോത്രില്ലർ- ഹൊറർ മൂഡിലുള്ള സിനിമകൾ എന്ന് പറഞ്ഞ് വരുന്നവ കാണുമ്പോഴാണ്, നമ്മുടെ സംവിധായകർ എന്തൊരു തോൽവിയാണെന്ന് മനസ്സിയാവുക. ഭയവും ടെൻഷനും ഇഴകിച്ചേർത്ത ഒരു സിനിമ എടുക്കണമെങ്കിൽ, ആറു പതിറ്റാണ്ടിനുമുമ്പ് എടുത്ത ഭാർഗവീനിലയത്തിന്റെ യക്ഷിക്കഥ മാത്രമാണ് നമുക്ക് റഫറൻസ്. വയലിൻ സ്ട്രിങ്ങുകൾ കൊണ്ട് ഒടുക്കത്തെ ഒരു മ്യൂസിക്ക് ഉണ്ടാക്കി, ഭയം അരിച്ചുകയറിപ്പിച്ച 'മണിച്ചിത്രത്താഴ്' അടക്കമുള്ള ഏതാനും സിനിമകൾ മാത്രമാണ് ഇതിന് അപവാദം. വിനയന്റെ 'ആകാശഗംഗ' മോഡൽ കോക്കാച്ചിപ്പടങ്ങൾ തന്നെയാണ് ഈ ജോണറിൽ കൂടുതലും ഉണ്ടാവാറാണ്. ഈ അടുത്ത് ഇറങ്ങിയ പൃഥീരാജിന്റെ 'കോൾഡ് കേസ്' അടക്കമുള്ളവ നോക്കുക. പ്രേതത്തെ അരൂപിയാക്കി ഒരു ഫ്രിഡ്ജിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മാത്രം. ബാക്കിയെല്ലാം പതിവുപോലെ. പൂർണ്ണ നിശബ്ദ സ്‌ക്രീനിൽ വരുത്തി പെട്ടെന്ന് ശബ്ദമുണ്ടാക്കുക, വലിയ നിലവിളി ശബ്ദമിടുക, ബൾബ് കെട്ടും മിന്നിയും കളിക്കുക... തുടങ്ങിയവയൊക്കെയാണ് ഇത്തരം സിനിമകളുടെ ഭയമുണ്ടാക്കാനുള്ള പൊതുരീതി.

എന്നാൽ ഇതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമാവുകയാണ് രാഹുൽ സദാശിവൻ യുവ നടൻ ഷെയിൻ നിഗത്തെ നായകനാക്കിയെടുത്ത ഭൂതകാലം എന്ന പുതിയ സിനിമ. സോണി ലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ ഈ ചിത്രം ശരിക്കും അത്ഭുദപ്പെടുത്തി. ഏത് വിദേശ സിനിമകളോടും കിടപിടിക്കാവുന്ന ചിത്രം. പലരും സോഷ്യൽ മീഡിയയിൽ എഴുതിയപോലെ ഇതിനെ ഒരു ഹൊറർ സിനിമയെന്ന് വിശേഷിപ്പിക്കാനാവില്ല. ഭയം ഒരു ശക്തമായ വികാരമായി ചിത്രത്തിൽ കടന്നുവരുന്നു എന്നേയുള്ളൂ. ഏത് നിമിഷവും വീണുപോകുന്ന ജീവിതസാഹചര്യങ്ങളുള്ള ഒരു അമ്മയുടെയും മകന്റെയും കഥയാണിത്.

ആരാലും മനസ്സിലാക്കപ്പെടാതെ പോകുന്നവർ

ഒരു വാടകവീട്ടിൽ ഒറ്റപ്പെട്ട് താമസിക്കുന്ന അമ്മ ആശയുടെയും ( രേവതി), മകൻ വിനുവിന്റെയും ( ഷെയിൻ നിഗം) കഥയിലുടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ആദ്യ സീൻ തന്നെ ഗംഭീരമാണ്. വത്സലമേനോൻ അവതരിപ്പിച്ച മുത്തശ്ശിയുടെ മുഖത്തെ ഭാവങ്ങൾപോലും അകാരണമായ ഒരു ഭീതി പ്രേക്ഷകനിൽ ഉണർത്തുന്നു. അൽഷിമേഴ്സ് ബാധിച്ച് കിടപ്പുരോഗിയായ മുത്തശ്ശിയുടെ ഡയപ്പർ മാറ്റുന്ന സീനുകളിൽ തന്നെയുണ്ട് വിനുവിന്റെ ഈർഷ്യയും നിരാശയും. മുത്തശ്ശിയുടെ മരണം ചിത്രീകരിക്കുന്ന ആദ്യ സീനിതന്നെ കാണാം സംവിധാകന്റെ ക്ലാസ്. പിന്നീട് ചിത്രത്തിൽ എന്ത് സംഭവിക്കുന്നുവെന്നതിന്റെ സൂചകമായി എടുക്കാവുന്ന ഒരു ഷോട്ട്. ഇതിലെ ശബ്ദ വിന്യാസവും നോക്കണം.

മുത്തശ്ശിയുടെ മരണം ഏറെക്കുറേ ആശ്വാസമാവുകയാണ് വിനുവിന്. ഡീഫാം കോഴ്സ് കഴിഞ്ഞിട്ടും ജോലിയില്ലാത്തതിന്റെ എല്ലാ അപകർഷതയും അയാളിൽ കാണാം. കിടപ്പിലായ മുത്തശ്ശിയെ നോക്കാൻ ആളില്ലാത്തതുകൊണ്ട് കൂടിയാണ്, വിനുവിന് ദൂരദിക്കിലേക്ക് ജോലിനേടി പോകാൻ കഴിയാത്തത്. നഴ്സറി സ്‌കൂൾ ടീച്ചറായ ആശയും പ്രശ്നങ്ങളുടെ നടുക്കാണ്. അനിനിയന്ത്രിതമായ ദേഷ്യവും മാനസിക സമ്മർദവും ആവരുടെയും കൂടെപ്പിറപ്പാണ്. അതിന് മരുന്നു കഴിക്കുന്നുമുണ്ട്. ഭർത്താവ് മരിച്ചതിനുശേഷം മകനെ ഒറ്റക്ക് വളർത്തിയ അവർക്ക് അവൻ മാത്രമാണ് ഏക പ്രതീക്ഷ. തന്നെ ഒറ്റക്കാക്കി മകൻ പുറത്ത് ജോലിക്കുപോകുന്നതിന്റെ പേരിൽ അവർ അവനുമായി കലഹിക്കുന്നുണ്ട്. അങ്ങനെ പ്രശ്നക്കടലിന്റെ നടുക്ക് ഒരു ചെറിയ വീട്ടിൽ അവർ അങ്ങനെ കഴിഞ്ഞുപോവുകയാണ്.

അങ്ങനെ ഇരിക്കയാണ്, മരിച്ച അമ്മൂമ്മയുടെ മുറിയിൽനിന്ന് അസാധാരണമായ ചില ശബ്ദങ്ങളും മറ്റും വിനു കേൾക്കുന്നത്. ഒരിക്കൽ ആ മുറിയിൽ അയാളെ ആരോ പൂട്ടിയിടുന്നു. അതോടെ ഉറക്കംപോലുമില്ലാത്ത അവസ്ഥയിലായി വിനു. എല്ലാവരും വിനുവിന് എന്തോ പ്രശ്നമാണെന്നാണ് പറയുന്നത്. അതിന് ചികിത്സയിലേക്കും കടക്കുന്നു. തന്നെ ആരും മനസ്സിലാക്കുന്നില്ല എന്നാണ് അയാളുടെ പരാതി. അമ്മയ്ക്കോ, കാമുകിക്കോ, സുഹൃത്തിനോ ഒന്നും അയാളുടെ പ്രശ്നം മനസ്സിലാവുന്നില്ല.

നഗരത്തിലെ ഒരു ലോക്കൽ ബാറിൽ രണ്ടുപെഗ് മദ്യവും വാങ്ങി ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയിൽപോയി അത് കഴിക്കുന്ന ആ യുവാവിൽ ഘനീഭവിച്ച വിഷാദം കൃത്യമായി സംവിധായകൻ ഒപ്പിയെടുക്കുന്നുണ്ട്. ഇന്റവ്യൂവിന് പോയി അപമാനിതനാവുന്ന, പ്രണയിനിപോലും ഭീതിയോടെ നോക്കുന്ന വിനുവിന്റെ മാനസികാവസ്ഥ എന്തായിരിക്കും. അതുപോലെ ആശയും . അമിതമായ ദേഷ്യത്തിന്റെ പേരിൽ അവർക്ക് നഴ്സറി സ്‌കൂളിലെ ഉള്ള ജോലിപോലും പോവുന്നു. അപ്പോഴും മകന് എന്ത്പറ്റും എന്ന ആശങ്കയിലാണ് അവർ. അങ്ങനെ ഈ വീടിനകത്ത് മനസ്സുകൊണ്ടും ജീവിതം കൊണ്ടും കുടുങ്ങിപ്പോയ മനുഷ്യരെയാണ് ചിത്രം കണിച്ചുതരുന്നത്.

ഞെട്ടിക്കലും പേടിപ്പിക്കലും മാത്രമല്ല ഈ സിനിമ

ഈ ചിത്രത്തിന്റെ പക്ഷേ ഏറ്റവും കൂടുതൽ പാരയാവുന്നത് സോഷ്യൽ മീഡിയയിൽ ഇത് ഒരു ഹൊറർ ചിത്രമാണെന്ന രീതിയിലുള്ള വിലയിരുത്തലുകൾ വന്നതാണ്. പക്ഷേ ഞെട്ടിപ്പിക്കലും പേടിപ്പിക്കലുമല്ല ഈ സിനിമയുടെ ടോൺ. അടിസ്ഥാനപരമായി അത് രണ്ട് മനുഷ്യജീവിതാവസ്ഥകളുടെ ചിത്രീകരണമാണ്. പക്ഷേ ഭയം എന്ന വികാരത്തെ ഈ ചിത്രം കൃത്യമായി ഡെവലപ്പ് ചെയ്തുകൊണ്ടുവുന്നുണ്ട്.

സാധാരണ ഹൊറർ മൂഡുള്ള ചിത്രങ്ങളെപ്പോലെ ഒരു വലിയ കാൻവാസും ഈ ചിത്രത്തിലില്ല. മൂന്ന് മുറികൾ മാത്രമുള്ള ഒരു കൊച്ചു വീട്ടിലാണ്, ചിത്രത്തിന്റെ പകുതിയിലേറെ ഭാഗങ്ങൾ നടക്കുന്നത്. ലൈറ്റിങ്ങും, സൗണ്ടും, കഥാപാത്രങ്ങളുടെ മാനറിസങ്ങുമൊക്കെയായി ഇവിടെ ഹൊറർ മൂഡ് ജനിപ്പിക്കയാണ്. ശബ്ദപഥത്തിന്റെ അതി സൂക്ഷ്മത ആവശ്യപ്പെടുന്ന ചിത്രമാണിത്. രാത്രിയിൽ വിനുവിന് പരിചിതമായ ശബ്ദമാണ് മുറിയടച്ചുള്ള അമ്മയുടെ കരച്ചിൽ. ഇതിനപ്പുറം അവൻ കേട്ടുതുടങ്ങുന്ന ചില ശബ്ദങ്ങളിലൂടെയാണ് കഥമാറുന്നത്. വീട്ടിലെ മറ്റു ചില സാന്നിധ്യങ്ങളെ നിഴലായും ഇരുളിലെ അവ്യക്തരൂപമായും, മുത്തശ്ശിയുടെ വീൽചെയറിന്റെ സൂക്ഷ്മമായ ചില ചലനങ്ങളായും ഒക്കെയായി പതുക്കെ ഭയം അങ്ങനെ അരിച്ചുകയറുന്നു. ക്യാമറാൻ ഷഹനാദ് ജലാലിനും, പശ്ചാത്തല സംഗീതം ചെയ്ത ഗോപീസുന്ദറിനും ഈ വിഷയത്തിൽ പ്രേത്യക ക്രഡിറ്റുണ്ട്. ഈ ചിത്രം കണ്ടുകഴിഞ്ഞതിനശേഷം രാത്രിയിൽ എന്തെങ്കിലും തട്ടിമറിഞ്ഞപോയാൽ പേടിയാവുന്ന എന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇവരുടെ മിടുക്കുകൊണ്ടാണ്.

സാധാരണ ഹൊറർ മൂഡുള്ള സിനിമകളിൽ നാം കാണുക പ്രേതം വന്ന് പ്രതികാരം ചെയ്ത് പോകുന്നതാണ്. ഇപ്പോൾ ഹൈട്ടക്ക് കാലമായതുകൊണ്ട് പാരാസൈക്കോളി എന്നൊക്കെപ്പറഞ്ഞ് നാം പ്രീസ്റ്റ് സിനിമയിലൊക്കെ കണ്ടുതുപോലുള്ള അൾട്രാസൗണ്ട് മെഷീനുമായുള്ള ആധുനിക മന്ത്രവാദികളും ഈ പടത്തിലില്ല. സാധാരണ ഇത്തരക്കാരെ വിളിക്കുന്നതിന് പകരം ഈ ചിത്രം ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും, സൈക്ക്യട്രിസ്റ്റിന്റെയും സേവനമാണ് തേടുന്നത്.

ഷെയിൻനിഗം വേറെ ലെവൽ

അടുത്തകാലത്തൊന്നും മലയാള സിനിമ കണ്ടിട്ടില്ലാത്ത ശക്തമായ അമ്മ- മകൻ റിലേഷൻഷിപ്പാണ് ഈ ചിത്രത്തിൽ. രേവതിയും ഷെയിൻ നിഗവും മത്സരിച്ച് അഭിനയിക്കുന്നു. തന്റെ അമ്മ മരിച്ചേപ്പോൾ 'ഇങ്ങനെ കിടക്കുന്നതിലും ഭേദമല്ലേ, പോയതു നന്നായെന്ന് കരുതി സമാധാനിക്കാൻ'' പറഞ്ഞ സ്ത്രീയുടെ നേർക്ക് ആശയുടെ ഒരു പൊള്ളുന്ന നോട്ടുമുണ്ട്. അതുപോലെ മകനോട് സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പക്കാനാവതെ പൊസസീവാകുന്ന, വിഷാദവും അരക്ഷിതത്വവും മൂലം ഉള്ളുലയുന്ന ഒരു അമ്മയെ ഉള്ളിൽ തട്ടുന്ന വിധം അവതരിപ്പിക്കുന്നുണ്ട് രേവതി. തന്റെ യൗവന കാലത്തെന്നപോലെ ഇപ്പോഴും ഭാവാഭിനയത്തിന്റെ ഫയർ കെടാതെ സൂക്ഷിക്കുന്നുണ്ട് അവർ.

ഷെയിൻ നിഗം എന്ന എന്ന നടന്റെ കരിയർ ബെസ്റ്റാണ് 'ഭൂതകാല'ത്തിലെ വിനു. തന്നെ സംശയിക്കുന്ന ഡോക്ടറോട് ശബ്ദം താഴ്‌ത്തി പ്രതികരിക്കുന്നതിലുടെ കാണാം ഈ നടന്റെ ക്ലാസ്. മിന്നൽ മുരളിയിൽ ഗുരു സോമസുന്ദരം 'നാട്ടുകാരെ ഓടിവരണേ, കടക്ക് തീപ്പിടിച്ചേ' എന്ന് പറയുന്നതുപോലുള്ള നിയന്ത്രിതവും ശക്തവുമായ നടന ചാതുര്യം. ഹാസ്യവും, ക്രോധവും, സന്തോഷവുമൊക്കെ അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നതിനേക്കാൾ പ്രയാസമാണ് ഭയം എന്ന വികാരത്തെ വിജയിപ്പിക്കാൻ. അതിലും ഷെയിൻ വിജയിക്കുന്നുണ്ട്. അതും അടിമുടി അപകർഷതയിൽ കുളിച്ചു നിൽക്കുന്ന ഒരു മുഖം സ്ഥായിഭാവമാക്കിക്കൊണ്ട്. സുഹൃത്തിന്റെ വീട്ടിൽവെച്ച് പേടിച്ച് നിന്ന നിൽപ്പിൽ മൂത്രമൊഴിച്ചുപോകുന്ന രംഗം, അമ്മയോട് എന്നെ ആരും മനസ്സിലാക്കുന്നില്ല എന്ന് പറയുന്ന രംഗം....വിനുവിന്റെ സൂക്ഷ്മാംശങ്ങളെ എത്ര കൃത്യമായാണ് ഈ ചെറുപ്പക്കാരൻ അവതരിപ്പിച്ചിട്ടുള്ളത്.

സമകാലീന മലയാളത്തിലെ യുവതാരങ്ങളെ വെച്ചുനോക്കുമ്പോൾ, അസാമാന്യ പ്രതിഭാ വിലാസമുള്ള നടനാണ് ഷെയിൻ നിഗം. കുറേക്കൂടി അച്ചടക്കവും ആത്മ നിയന്ത്രണവം വ്യക്തിജീവിതത്തിൽ കൊണ്ടുവന്ന് കരിയറിൽ ഫോക്കസ് ചെയ്താൽ പിന്നെ ഈ യുവ നടനെ പിടിച്ചാൽ കിട്ടില്ല. സൈജു കുറുപ്പ് അടക്കമുള്ള ചെറുതുംവലുതുമായ വേഷങ്ങൾ ചെയ്ത ഒരാളെയും മിസ്‌കാസ്റ്റ് എന്ന് പറയാൻ കഴിയില്ല.

ഭൂതകാലം എന്ന പേരിന് പാസ്റ്റ് എന്ന ഇംഗ്ലീഷ് തർജ്ജമ തന്നെയാണ്, ചിത്രത്തിന്റെ അണിയറ ശിൽപ്പികൾ നൽകുന്നതെങ്കിലും, ഗോസ്റ്റ്ടൈം എന്നും വേണമെങ്കിൽ ഈ ചിത്രത്തെ വ്യാഖ്യാനിക്കാം. നമ്മുടെ കാഴ്ചപ്പാടിന് അനുസരിച്ചായിരിക്കും ഈ ചിത്രത്തിന്റെ ആസ്വാദന മൂല്യവും.

വാൽക്കഷ്ണം: മലയാള സിനിമയിലെ ഹൊറർ സിനിമകളിലെ അനിവാര്യ ക്ലീഷേയായ ബൾബ് കെട്ടും മിന്നിയുമുള്ള കത്തൽ ഈ പടത്തിലുമുണ്ട്. ഇതുപോലെ വ്യത്യസ്തമായ ഒരു ചിത്രത്തിൽ ഒഴിവാക്കാവുന്നതായിരുന്നു അത്. അതുപോലെ ഈ ചിത്രത്തിലെ ഒരു ഗാനവും സന്ദർഭത്തിന് ചേരാത്തതുപോലെയാണ് തോന്നിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP