Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കന്യാസ്ത്രീ പീഡന കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം; സ്‌പെഷൽ പ്രോസിക്യൂട്ടർ ജില്ലാ പൊലീസ് മേധാവിക്ക് നിയമോപദേശം കൈമാറി; കുറവിലങ്ങാട്ടെ മഠത്തിൽ എത്തി പരാതിക്കാരിയുമായി സംസാരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ

കന്യാസ്ത്രീ പീഡന കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം; സ്‌പെഷൽ പ്രോസിക്യൂട്ടർ ജില്ലാ പൊലീസ് മേധാവിക്ക് നിയമോപദേശം കൈമാറി; കുറവിലങ്ങാട്ടെ മഠത്തിൽ എത്തി പരാതിക്കാരിയുമായി സംസാരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ജില്ലാ അഡീഷനൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്ന് പൊലീസിനു നിയമോപദേശം.സ്‌പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബു ജില്ലാ പൊലീസ് മേധാവിക്ക് നിയമോപദേശം കൈമാറി. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകൻ ജോൺ എസ്.റാഫും അപ്പീൽ നൽകും

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. 'വെറുതേ വിടുന്നു' എന്ന ഒറ്റവരിയിൽ വിധി പറയുകയായിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് കേസ്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും സുബിൻ കെ. വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ബി.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്. വിധിയിൽ അപ്പീൽ നൽകുമെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് എഐജിയുമായ എസ്. ഹരിശങ്കർ പറഞ്ഞിരുന്നു.

പരാതിക്കാരിക്ക് അനുകൂലമായ തെളിവുകൾ കോടതി വേണ്ടവിധത്തിൽ പരിശോധിച്ചില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. നിസ്സാര പൊരുത്തക്കേടുകളുടെ പേരിലാണ് പരാതിക്കാരിയുടെ മൊഴിക്കു വിശ്വാസ്യതയില്ലെന്നു കോടതി വിലയിരുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.വിധിക്കെതിരെ അപ്പീൽ നൽകുന്നതിൽ ഉടൻ തന്നെ പ്രോസിക്യൂഷൻ തീരുമാനമെടുക്കും. കുറവിലങ്ങാട്ടെ മഠത്തിൽ എത്തി പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയുമായി സംസാരിച്ചിട്ടുണ്ട്.

കന്യാസ്ത്രീ നൽകിയ വിവിധ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് വിധിയിൽ കോടതിയുടെ പറയുന്നത്. ബലപ്രയോഗം നടത്തിയെന്ന് ആദ്യ മൊഴിയിൽ ഇല്ല. പിന്നീട് പരിശോധിച്ച ഡോക്ടറോടും ഇക്കാര്യം പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലെന്ന വിശദീകരണം മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

21 പോയിന്റുകൾ അക്കമിട്ടു നിരത്തിയാണ് കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാൻ കഴിയില്ലെന്നും വിധിന്യായത്തിൽ പറയുന്നു. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിഭാഗം സമർപ്പിച്ച രേഖകൾ കേസ് സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നൽകിയ ആദ്യ മൊഴിയിൽ 13 തവണ ലൈംഗികപീഡനം നടന്നു എന്നു വ്യക്തമാക്കിയിട്ടില്ല. മെഡിക്കൽ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം മൊഴി നൽകിയത്. ബിഷപ്പുമാർക്ക് അടക്കം ആദ്യം നൽകിയ പരാതിയിൽ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുന്നു എന്നു മാത്രമാണു വ്യക്തമാക്കിയത്. എന്നാൽ ശാരീരിക പീഡനം നടന്നെന്നു മൊഴി നൽകിയ തീയതികൾക്കു ശേഷമാണ് ഈ പരാതികൾ നൽകിയിരിക്കുന്നതെന്നും കണ്ടെത്തി.

കന്യാസ്ത്രിയുടെ മൊഴിയെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ശേഖരിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റി. കന്യാസ്ത്രീയുടെ മൊഴിയെ മാത്രം ആശ്രയിച്ചാണ് പൊലീസ് മുന്നോട്ടു പോയത്. 13 തവണയും പീഡനം നടന്നത് കോൺവെന്റിലെ 20ാം നമ്പർ മുറിയിൽ വച്ചാണെന്നാണ് കന്യാസ്ത്രീ പറയുന്നത്. ബിഷപ്പുമായി ഇവിടെ വെച്ച് മൽപ്പിടുത്തമുണ്ടായി എന്നു പറയുന്നു. ഇത് ആരും കേട്ടില്ല എന്നും പറയുന്നു.

ഇത് വിശ്വാസയോഗ്യമല്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മുറിക്ക് വെന്റിലേഷനുണ്ട്. തൊട്ടടുത്ത് ഓൾഡ് ഏജ് ഹോമുമുണ്ട്. കോൺവെന്റിലെ തൊട്ടടുത്ത മുറികളിൽ ആളില്ലായിരുന്നു എന്ന് പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ല എന്നും കോടതി വ്യക്തമാക്കി. കന്യാസ്ത്രീയുടെ മൊഴിയിൽ നിന്നും വിരുദ്ധമായ മൊഴിയാണ് മഠത്തിൽ താമസിച്ചിരുന്ന മറ്റൊരു സാക്ഷി നൽകിയത്. കേസിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.

കന്യാസ്ത്രിയുടെ മൊബൈലും ടാപ്ടോപ്പും കേസിൽ പ്രധാനപ്പെട്ട തെളിവുകളാണ്. ബിഷപ്പ് പലതവണ രാത്രി കന്യാസ്ത്രീയ്ക്ക് മെസ്സേജ് അയച്ചതായി പറയുന്നുണ്ട്. ആ മെസ്സേജ് വന്ന ഫോൺ പിടിച്ചെടുത്ത് പ്രധാനപ്പെട്ട തെളിവായി ഹാജരാക്കുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടു. ബിഷപ്പിന്റെ ശല്യം സഹിക്കവയ്യാതായതോടെ മൊബൈൽഫോണും സിം കാർഡും വീട്ടിലേക്ക് അയച്ചുകൊടുത്തെന്നും, പിന്നീട് വീട്ടുകാർ ഇത് ആക്രിക്കാർക്ക് വിറ്റുവെന്നുമാണ് കന്യാസ്ത്രീ പറഞ്ഞത്.

ഒരാളിൽ നിന്നും ശല്യം ഉണ്ടായാൽ ആ സിം നമ്പർ മാറ്റി, വേറൊരു സിം നമ്പർ എടുക്കുകയല്ലേ സാധാരണ ചെയ്യുക. അല്ലാതെ സിംകാർഡും മൊബൈലും ആക്രിക്കാരന് കൊടുക്കുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു മൊബൈലും സിംകാർഡും എടുക്കുന്നു. ഇതൊക്കെ എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്ന് കോടതി വിധിന്യായത്തിൽ ചോദിച്ചു. ഫോൺ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ച പറ്റി.

ഫോണിൽ വന്ന സന്ദേശങ്ങൾ ലാപ്ടോപ്പിലേക്ക് മാറ്റിയിരുന്നതായി പറയപ്പെടുന്നു. ആ ലാപ്ടോപ്പ് പിടിച്ചെടുക്കുന്നതിനോ, ഡിജിറ്റൽ തെളിവുകൾ പ്രധാനതെളിവായി ഹാജരാക്കുന്നതിൽ വീഴ്ചയുണ്ടായി. ലാപ്ടോപ്പ് കേടായിപ്പോയി എന്ന് പിന്നീട് പറയുന്നു. ഡിജിറ്റൽ തെളിവുകൾ നഷ്ടമായത് ചെറിയ കാര്യമായി കാണാനാവില്ല. മെഡിക്കൽ റിപ്പോർട്ടിലും തിരുത്തലുകൾ സംഭവിച്ചു.

ബലാത്സംഗം ചെയ്തു എന്നു പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ കന്യാസ്ത്രീ ബിഷപ്പിന് ഇ മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. വളരെ സൗഹൃദപരമായിട്ടുള്ളതാണ് അത്. ബിഷപ്പിന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന് കത്തിൽ ചോദിക്കുന്നുണ്ട്. ഇതിന്റെ പകർപ്പുകൾ പ്രതിഭാഗം അത് കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവത്തിന് ശേഷം തന്റെയൊരു ലേഖനം കന്യാസ്ത്രീ ബിഷപ്പിനെക്കൊണ്ട് തിരുത്തിച്ചിട്ടുമുണ്ട്.

ഈ മെയിലുകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമാകുന്നത്, സംഭവം നടന്നത് 2014 മുതൽ ആണെങ്കിലും 2016 മാർച്ച് വരെ ഇരുവരും നല്ല സൗഹാർദത്തിലായിരുന്നു എന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ബിഷപ്പും കന്യാസ്ത്രീയും പല ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. അതിൽ ഇരുവരും വളരെ സൗഹാർദപരമായി ഇടപെടുന്നതായി വീഡിയോയും ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ബലാത്സംഗത്തിന് ഇരയായതിന്റെ ട്രോമയിലാണെങ്കിൽ എങ്ങനെ ബിഷപ്പിനോട് സൗഹാർദ്ദത്തോടെ ഇടപെടാനാകുമെന്നും കോടതി ചോദിക്കുന്നു.

അതുകൊണ്ടു തന്നെ കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷന്റെ ആരോപണവും പൂർണ വിശ്വാസയോഗ്യമല്ലെന്ന് കോടതി വിലയിരുത്തുന്നു. കന്യാസ്ത്രീയുടെ ബന്ധു നൽകിയ പരാതിയും കോടതി പരിഗണനയിൽ എടുത്തു. പരാതി നൽകുന്നതിൽ വന്ന കാലതാമസം വിശദീകരിക്കാൻ പരാതിക്കാരിക്കു വ്യക്തമായി സാധിച്ചില്ലെന്നും കണ്ടെത്തലുണ്ട്. ഇതു സംബന്ധിച്ചു പ്രതിഭാഗം ഹാജരാക്കിയ ദൃശ്യമാധ്യമത്തിലെ ഇന്റർവ്യൂ സംബന്ധിച്ചും പരാമർശമുണ്ട്. ബിഷപ്പിനെതിരെ പരാതി നൽകിയപ്പോൾ കേസ് ഒത്തുതീർപ്പാക്കുന്നതിനല്ലേ ബിഷപ് ശ്രമിക്കൂവെന്ന ചോദ്യത്തെ മില്യൻ ഡോളർ ചോദ്യം എന്നു കോടതി വിശേഷിപ്പിച്ചു.

്അതേ സമയം മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റർ അനുപമയും മറ്റ് കന്യാസ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP