Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൽക്കാലിക ഭരണത്തിന് നിയോഗിച്ച ഡയറക്ടർ ബോർഡ് നടത്തിയത് തൊഴിൽ കുംഭകോണം; സെറിഫെഡിൽ നടത്തിയത് 300 പേരുടെ പിൻവാതിൽ നിയമനം; ക്രമക്കേട് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അറിവോടെ; അന്വേഷണം വേണമെന്ന് ഹൈക്കോടതി

താൽക്കാലിക ഭരണത്തിന് നിയോഗിച്ച ഡയറക്ടർ ബോർഡ് നടത്തിയത് തൊഴിൽ കുംഭകോണം; സെറിഫെഡിൽ നടത്തിയത് 300 പേരുടെ പിൻവാതിൽ നിയമനം; ക്രമക്കേട് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അറിവോടെ; അന്വേഷണം വേണമെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള സ്റ്റേറ്റ് സെറികൾചർ കോഓപറേറ്റിവ് ഫെഡറേഷൻ ലിമിറ്റഡിനെ തകർത്തത് ആറുമാസത്തേക്ക് നാമനിർദ്ദേശം ചെയ്ത ഡയറക്ടർ ബോർഡ് നടത്തിയ ദുർഭരണമാണെന്ന് ഹൈക്കോടതി. സെറിഫെഡിന്റെ തകർച്ചയ്ക്കു വഴിവച്ച വമ്പൻ തൊഴിൽതട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കണമെന്നു കോടതി നിർദ്ദേശിച്ചു.

സെറിഫെഡിലെ അനധികൃത നിയമനം കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. നിയമനങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണം. സെറിഫെഡ് പുനർജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. സെറിഫെഡ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സെറിഫെഡിൽ സർക്കാർ നോമിനേറ്റ് ചെയ്ത ബോർഡിന്റെ ദുർഭരണത്തിനു രാഷ്ട്രീയ, ഭരണ തലത്തിലെ രക്ഷാകർതൃത്വം പ്രകടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സെറിഫെഡിൽ 300 പേരുടെ പിൻവാതിൽ നിയമനം നടത്തിയതും ഇതിൽ 271 പേരെ പിന്നീടു സർക്കാർ സർവീസിൽ ഉൾപ്പെടുത്തിയതും നിയമവിരുദ്ധമാണെന്നു ഹൈക്കോടതി വ്യക്തമാക്കി.

നോമിനേറ്റഡ് ബോർഡ് സഹകരണ നിയമ പ്രകാരം സ്റ്റാഫ് പാറ്റേണിന് അനുമതി തേടാതെ 300 പേരെ റിക്രൂട്ട് ചെയ്തു. ഇതിൽ 2010 വരെ തുടർന്ന 271 പേരെ പിഎസ്‌സിയുടെ മുൻകൂർ അനുമതി വാങ്ങാതെ തദ്ദേശ വകുപ്പിലും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലുമായി സർക്കാർ ഉൾപ്പെടുത്തി. ഇവർക്കു ശമ്പള പരിഷ്‌കരണവും ആശ്രിത നിയമനവും വരെ അനുവദിച്ചു.

ഭരണതലത്തിൽ സർക്കാർ നൽകിയ സംരക്ഷണം ഇതിൽ വ്യക്തമാണ്. ആയിരക്കണക്കിനു യുവജനങ്ങൾ പിഎസ്‌സി വഴി തൊഴിൽ കാത്തു നിൽക്കുന്നതിനിടെയാണ് ഈ അനധികൃത നടപടിയെന്നു കോടതി കുറ്റപ്പെടുത്തി.

താൽക്കാലിക ഭരണത്തിനായി നോമിനേറ്റ് ചെയ്ത ബോർഡിന്റെ അധികാര വിനിയോഗം പരിധി കടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഹൈക്കോടതി വിമർശിച്ചു. ബോർഡ് നടത്തിയ ദുർഭരണം സെറിഫെഡിനെ നഷ്ടത്തിലേക്കു നയിച്ചുവെന്നു വിലയിരുത്തിയ കോടതി ക്രമക്കേടുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി. പോസ്റ്റ് കൊക്കൂൺ മേഖലയിലെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ പിന്നോട്ടു പോയതു ന്യായമല്ലെന്നും കോടതി പറഞ്ഞു.

പട്ടുനൂൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി സ്ഥാപിച്ച സ്ഥാപനം പൂട്ടാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. തുടർന്ന് ജസ്റ്റീസ് നഗരേഷ് നടത്തിയ പരിശോധനയിലാണ് മുന്നൂറോളം പേരെ വിവിധ വർഷങ്ങളായി അനധികൃതമായി നിയമിച്ചതായി തിരിച്ചറിഞ്ഞത്. ജില്ലകൾ തോറും ഓഫീസുകൾ തുറന്നായിരുന്നു നിയമനം.

സർക്കാർ നാമനിർദ്ദേശം ചെയ്ത ഡയറക്ടർ അനുമതിയില്ലാതെ ജില്ലകൾ തോറും ഇത്രയും പേരെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ഉത്തരവിലുണ്ട്. മാത്രവുമല്ല സെറിഫെഡ് പൂട്ടാൻ തീരുമാനിച്ചതോടെയാണ് ഇതിൽ 271 ജീവനക്കാരെ സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് പുനർ വിന്യസിച്ചത്. രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അറിവോടെയാണ് ഈ ക്രമക്കേട് നടന്നതെന്നാണ് സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ.

സെറിഫെഡിന്റെ തകർച്ചയിലേക്ക് നയിച്ചത് ഈ അനധികൃത നിയമനമാണെന്നും കോടതി കണ്ടത്തി. അക്കൗണ്ടന്റ് ജനറൽ, ധനകാര്യവകുപ്പ്, പ്ലാനിങ് ബോർഡ് എന്നിവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിഗമനം.

പി എസ് സി വഴി തൊഴിൽ നേടാൻ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ കാത്തുനിൽക്കുമ്പോഴാണ് സർക്കാർ അറിഞ്ഞുള്ള ഈ പിൻവാതിൽ നിയമനം നടന്നത്. സെറിഫെഡിന്റെ തകർച്ചയിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം ഈ അനധികൃത നിയമനമാണെന്നാണ് കോടതി വിലയിരുത്തൽ.

സെറിഫെഡ് പൂട്ടിക്കെട്ടാൻ സർക്കാർ 2017 ൽ പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കി. പുനരുജ്ജീവന നടപടികൾക്കായി മൂന്നംഗ സമിതിയെ നിയോഗിക്കണം. ഈ സമിതി നാലു മാസത്തിനുള്ളിൽ സെറിഫെഡിനേയും പട്ടുനൂൽ കൃഷിയേയും പുനരുജ്ജീവിപ്പിക്കാനുള്ള റിപ്പോർട് സർക്കാരിന് നൽകണം. ശുപാശയിൽ രണ്ടു മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

കോടതി നിർദ്ദേശം
അനധികൃത നിയമനത്തിൽ അന്വേഷണം നടത്തി നിയമപരമായ നടപടിയുണ്ടാകണം.

സെറിഫെഡ് പുനരുജ്ജീവിപ്പിക്കേണ്ടെന്ന് 2017-ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി.

പുനരുജ്ജീവന നടപടികൾക്കായി നിർദ്ദേശിച്ചിരിക്കുന്ന മൂന്നംഗ സമിതിയിലേക്ക് കേന്ദ്ര സിൽക്ക് ബോർഡ്, സെറിഫെഡ്, ഹാൻഡ്ലൂം ആൻഡ് ടെക്സ്‌റ്റൈൽസ് ഡയറക്ടർ എന്നിവർ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യണം.

സമിതി നാല് മാസത്തിനുള്ളിൽ സെറിഫെഡ്, പട്ടുനൂൽപ്പുഴു കൃഷി, സിൽക്ക് നെയ്ത്ത് എന്നിവ പുനരുജ്ജീവിപ്പിക്കാനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിക്കണം.

ശുപാർശയിൽ രണ്ട് മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം

സെറിഫെഡ് തുടക്കവും ഒടുക്കവും
1994-ലാണ് സെറിഫെഡിന് രൂപംനൽകുന്നത്. ഡയറക്ടർ ബോർഡിൽ സർക്കാർ നാമനിർദ്ദേശം ചെയ്തവരായിരുന്നു. ആറുമാസംകൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതലയായിരുന്നു ഇവർക്ക്. അത് ചെയ്യാതെ ഇവർ പദവിയിൽ തുടരുകയും അനധികൃത നിയമനം നടത്തുകയുമായിരുന്നു.

സെറിഫെഡിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും സെൻട്രൽ സിൽക്ക് ബോർഡും അനുവദിച്ച കോടിക്കണക്കിന് രൂപ ജീവനക്കാർക്ക് ശമ്പളം നൽകാൻ വകമാറ്റി. ഇതോടെ സെറിഫെഡ് പ്രതിസന്ധിയിലായി. 2010-ൽ ജീവനക്കാരെ വിവിധ വകുപ്പുകളിലേക്ക് സർക്കാർ പുനർവിന്യസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP