Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമർ ജവാൻ ജ്യോതി ലയനം; അനുകൂലിച്ചും എതിർത്തും മുൻ സൈനിക മേധാവികൾ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ കക്ഷികൾ; വീരജവാന്മാർക്കു വേണ്ടിയുള്ള അനശ്വര ജ്വാല അണച്ചതു ദുഃഖകരമായ കാര്യമെന്ന് രാഹുൽ ഗാന്ധി

അമർ ജവാൻ ജ്യോതി ലയനം; അനുകൂലിച്ചും എതിർത്തും മുൻ സൈനിക മേധാവികൾ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ കക്ഷികൾ; വീരജവാന്മാർക്കു വേണ്ടിയുള്ള അനശ്വര ജ്വാല അണച്ചതു ദുഃഖകരമായ കാര്യമെന്ന് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വീരമൃത്യു വരിച്ച സൈനികരുടെ നിത്യസ്മരണയ്ക്കായുള്ള ഇന്ത്യാഗേറ്റിലെ അണയാദീപം 'അമർ ജവാൻ ജ്യോതി' ജ്യോതി ദേശീയയുദ്ധസ്മാരകത്തിൽ ലയിപ്പിച്ചതിനെ അനുകൂലിച്ചും എതിർത്തും മുൻ സൈനികോദ്യോഗസ്ഥർ. അതേ സമയം പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

1971ൽ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ഓർമ്മയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിർമ്മിച്ച സ്മാരകത്തിലെ അണയാജ്യോതി 2019ൽ നിർമ്മിച്ച ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയിലാണ് ലയിപ്പിച്ചത്.

ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണയാണു അമർ ജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ചത്. ഇന്ത്യയുടെ സൈനിക ചരിത്രത്തിന്റെ തിളക്കമായി 50 വർഷം ജ്വലിച്ച വിളക്ക് 400 മീറ്റർ അകലെ ദേശീയ യുദ്ധ സ്മാരകത്തിന്റെ ഭാഗമാക്കിയതു രാഷ്ട്രീയ വിവാദമായി.

 

രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ സൈനികരുടെ സ്മരണാർഥമുള്ള ജ്വാലകൾ ഒന്നിച്ചു ജ്വലിക്കട്ടെ എന്നാണു കേന്ദ്ര സർക്കാർ വിശദീകരണം. എന്നാൽ ചരിത്രത്തെ ഇല്ലാതാക്കാനാണു കേന്ദ്ര നീക്കമെന്നു കോൺഗ്രസ് ആരോപിച്ചു. ഇന്ത്യാഗേറ്റിനു സമീപത്തേക്കു പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

വീരജവാന്മാർക്കു വേണ്ടിയുള്ള അനശ്വര ജ്വാല അണച്ചതു ദുഃഖകരമായ കാര്യമാണെന്നു ട്വിറ്ററിൽ കുറിച്ച രാഹുൽ ഗാന്ധി, ചിലർക്കു രാജ്യസ്‌നേഹവും ത്യാഗവും എന്താണെന്നു മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും തങ്ങൾ ഒരിക്കൽ കൂടി അമർ ജവാൻ ജ്യോതി തെളിയിക്കുമെന്നും വ്യക്തമാക്കി.

1914-1921ലെ ഒന്നാം ലോകമഹായുദ്ധത്തിൽ വീരചരമമടഞ്ഞ, ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 90,000 സൈനികരുടെ സ്മാരകമായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഇന്ത്യാ ഗേറ്റ്. ബ്രിട്ടിഷുകാർ ഇന്ത്യാ ഗേറ്റ് 1931ലാണ് നിർമ്മിച്ചത്. 1971ലെ ഇന്ത്യ - പാക് യുദ്ധത്തിന് ശേഷമാണ് ഇന്ത്യാ ഗേറ്റിൽ അമർജവാൻ ജ്യോതി സ്മാരകം നിർമ്മിച്ചത്.

1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധം ജയിച്ചതിന്റെ സ്മരണയിലാണ് 1972 ലെ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യാഗേറ്റിൽ അമർ ജവാൻ ജ്യോതി തെളിച്ചത്. തലകീഴായി സ്ഥാപിച്ച റൈഫിളിന് മുകളിൽ വച്ച ഹെൽമറ്റും ചുറ്റിലും നാലു ദീപസ്തംഭങ്ങളും ചേർന്നതാണ് സ്മാരകം. ഇതിലൊരു ദീപം അണയാതെ സൂക്ഷിച്ചിരുന്നു. സെൻട്രൽ വിസ്ത പരിഷ്‌കാരം കണക്കിലെടുത്താണ് ഇപ്പോഴത്തെ മാറ്റങ്ങൾ.

ഇന്ത്യാ ഗേറ്റ് പരിസരത്തെ പ്രിൻസസ് പാർക്കിൽ 40 ഏക്കറിൽ 2019 ഫെബ്രുവരി 25നാണു ദേശീയ യുദ്ധസ്മാരകം സ്ഥാപിച്ചത്. മുൻപു റിപ്പബ്ലിക് ദിനം ഉൾപ്പെടെയുള്ള എല്ലാ സൈനിക ചടങ്ങുകളിലും ദീപം തെളിയിച്ചിരുന്നതു ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിലായിരുന്നെങ്കിൽ യുദ്ധ സ്മാരകം വന്നതോടെ ചടങ്ങുകളെല്ലാം അവിടേക്കു മാറ്റി.

കേന്ദ്ര നടപടിയിൽ സന്തോഷമുണ്ടെന്നായിരുന്നു മുൻ ലെഫ്. ജനറൽ സതീഷ് ദുവയുടെ പ്രതികരണം. ഒന്നാം ലോകയുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണയിൽ നിർമ്മിച്ചതാണ് ഇന്ത്യാഗേറ്റ്. അവിടെ പിന്നീട് കൂട്ടിച്ചേർത്തതാണ് അമർ ജവാൻ ജ്യോതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ കരസേനാമേധാവി ജനറൽ വേദ് മാലിക്ക്, കരസേനയിലെ മിലിറ്ററി ഓപ്പറേഷൻസ് മുൻ ഡയറക്ടർ ജനറൽ വിനോദ് ഭാട്യ, 1971-ലെ യുദ്ധത്തിൽ പങ്കെടുത്ത മുൻ ഡെപ്യൂട്ടി ചീഫ് ലെഫ്റ്റ. ജനറൽ ജെ.ബി.എസ്. യാദവ, മുൻ ലെഫ്റ്റ. ജനറൽ കമൽജീത് സിങ് തുടങ്ങിയവരും കേന്ദ്രസർക്കാരിനെ പ്രശംസിച്ചു.

അതേസമയം, കേന്ദ്രം തീരുമാനം പുനഃപരിശോധിക്കണമെന്ന് മുൻ എയർ വൈസ് മാർഷൽ മന്മോഹൻ ബഹാദൂർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ പ്രാണനാണ് അമർ ജവാൻ ജ്യോതി. താനും പ്രധാനമന്ത്രിയുമടക്കമുള്ള തലമുറ അവിടത്തെ രക്തസാക്ഷികളെ അഭിവാദ്യംചെയ്തു വളർന്നവരാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഒരാൾക്ക് ഒന്നും നിർമ്മിക്കാനായില്ലെങ്കിൽ നശിപ്പിക്കുക. അതാണ് ആധുനിക ഇന്ത്യക്കായി ബിജെപി.യുടെ മന്ത്രമെന്ന് മുൻ ലെഫ്റ്റ. കേണൽ അനിൽ ദുഹൂൺ വിമർശിച്ചു. അണയാത്ത രണ്ടു ജ്വാലകളുള്ളതിൽ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. മുൻ കേണൽ രാജേന്ദ്ര ബഹാദൂരിയും കേന്ദ്രസർക്കാർ നടപടിയെ കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി സർക്കാർ നിർമ്മിച്ച ദേശീയ യുദ്ധസ്മാരകത്തിലുള്ള അമർ ജവാൻ ജ്യോതിക്കു മുന്നിലാണ് 2019 മുതൽ സൈനികരെ ആദരിക്കുന്ന ചടങ്ങുകൾ. വലിയ സ്തൂപത്തിന് ചുറ്റും വൃത്താകൃതിയിൽ നിർമ്മിച്ച സ്മാരകത്തിൽ 1947 മുതൽ 2020ൽ ഗാൽവൻ വരെയുള്ള യുദ്ധങ്ങളിലും ഭീകര ഓപ്പറേഷനുകളിലും വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP