Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിഭ തെളിയിച്ച് പ്രണവ്, ശരിക്കും രാജാവിന്റെ മകൻ! 'ഹൃദയത്തെ' നെഞ്ചോട് ചേർക്കാനാവുന്നത് ഈ നടന്റെ മികവിൽ; കഥയിലും തിരക്കഥയിലും പുതുമയില്ലെങ്കിലും മേക്കിങ്ങ് മികച്ചത്; മൂന്നുമണിക്കൂറോളമുള്ള ദൈർഘ്യം ബാധ്യതയാവുന്നു; വിനീത് ശ്രീനിവാസനിൽനിന്ന് ഒരു ഫീൽഗുഡ് മൂവി കൂടി

പ്രതിഭ തെളിയിച്ച് പ്രണവ്, ശരിക്കും രാജാവിന്റെ മകൻ! 'ഹൃദയത്തെ' നെഞ്ചോട് ചേർക്കാനാവുന്നത് ഈ നടന്റെ മികവിൽ; കഥയിലും തിരക്കഥയിലും പുതുമയില്ലെങ്കിലും മേക്കിങ്ങ് മികച്ചത്; മൂന്നുമണിക്കൂറോളമുള്ള ദൈർഘ്യം ബാധ്യതയാവുന്നു; വിനീത് ശ്രീനിവാസനിൽനിന്ന് ഒരു ഫീൽഗുഡ് മൂവി കൂടി

എം റിജു

നയും കടലും പോലെ എത്ര കണ്ടാലും മലയാളികൾക്ക് മതിവരാത്ത പ്രതിഭാസമാണ് മോഹൻലാൽ. ആ ലാലേട്ടന്റെ മകൻ പ്രണവ് നായകനായ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന സിനിമ കണ്ടപ്പോൾ കട്ടഫാൻസുകാർ പോലും തലതാഴ്‌ത്തി പോവുകയായിരുന്നു. മോഹൻലാലിനെ ഓസി, പാരമ്പര്യത്തിൽ വളരുന്ന ഒരു പരാന്ന ജീവിയൊന്നൊക്കെ, ഇതോടെ ഫേസ്‌ബുക്കിൽ പ്രണവ് മോഹൻലാലിനെതിരെ ട്രോളുകൾ ഇറങ്ങി. എന്നാൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ, പ്രണവ് നായകനായ പുതിയ ചിത്രം 'ഹൃദയം' ഒന്ന് കണ്ടുനോക്കുക. 'ആദി'യിലും 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലു'മൊക്കെ നാം കണ്ട പ്രണവേ അല്ല. തീർത്തും കൺട്രോൾഡായ സ്റ്റെലിഷ് ആക്റ്റർ. ഫ്രീക്കനും ഉഴപ്പനുമായ പയ്യനായി, കുസൃതികൾ ഏറെയുള്ള കാമുകനായി, പ്രണയ നഷ്ടത്തിൽ ഭ്രാന്തനായി, ഉത്തരവാദിത്വമുള്ള ഭർത്താവായി, ഒരു ജീവിത ചക്രം എത്ര വൃത്തിയായാണ് ഈ നടൻ ചെയ്തിരിക്കുന്നതെന്ന് കണ്ടറിയുക.

ഹൃദയം ശരിക്കും ഒരു പുതിയ താരോദയത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇപ്പോഴാണ് പ്രണവ് ശരിക്കും രാജാവിന്റെ മകൻ ആവുന്നത്. 'ദർശനാ' എന്ന ഹിറ്റ് പാട്ടിലെ മൂവ്മെൻസ് മാത്രം മതി ഈ നടനെ എക്കാലവും ഓർത്തിരിക്കാൻ. സിനിമ മൂന്നുമണിക്കൂറിനടുത്ത് ദൈർഘ്യമുണ്ടായിട്ടും, വല്ലാതെ മടുപ്പുവരാത്തത് ഈ യുവ നടന്റെ ഒറ്റ സ്‌ക്രീൻ പ്രസൻസ്സ് കൊണ്ട് മാത്രമാണ്. പക്ഷേ ചിത്രത്തെ മൊത്തമായി എടുത്താൽ വിനീത് ശ്രീനിവാസന്റെ മുൻകാല ചിത്രങ്ങളെപ്പോലെ ഒരു ഫീൽഗുഡ് മൂവി എന്നതിന് അപ്പുറം ഒന്നും എത്തുന്നില്ല. രണ്ടാം പകുതിയിൽ തിരക്കഥയിലെ ബലക്കുറവും, വേഗക്കുറവും പ്രകടമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ സംവിധായകൻ എന്ന നിലയിൽ വിനീതിന് അഭിമാനിക്കാൻ കാര്യമായി ഒന്നുമില്ല. പക്ഷെ, നായകൻ എന്ന നിലയിൽ പ്രണവിന് അഭിമാനിക്കാൻ ഏറെയുണ്ട്.

നൊസ്റ്റാൾജിയ കൊണ്ട് പണ്ടാരമടങ്ങിയ സമൂഹം!

വിനീത് ശ്രീനിവാസനും സുഹൃത്തുക്കളും മുൻ കാലത്ത് ഉണ്ടാക്കിയ തട്ടത്തിൻ മറയത്തും, പ്രേമവും, ആനന്ദവും അടക്കമുള്ള നിരവധി സിനിമകളുമായ സാമ്യമുള്ള ഒട്ടും പുതുമയിലല്ലാത്ത ഒരു സബ്ജക്്റ്റാണ് ചിത്രത്തിന്റെത്. കോളജ് ലൈഫ് എന്ന മലയാളിയുടെ എക്കാലത്തെയും വലിയ ഗൃഹാതുരത്വത്തിൽ പിടിച്ചുകൊണ്ടാണ് ഇത്തവണയും കളി. ഏറെ സ്വപ്നങ്ങളുമായി ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജിൽ പഠനത്തിനെത്തുന്ന അരുൺ നീലകണ്ഠൻ ( പ്രണവ്) എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

അയാൾ ട്രെയിനിൽവെച്ചുതന്നെ തന്റെ കോളജിലേക്കുള്ള സുഹൃത്തുക്കളെ പരിചയപ്പെടുന്നു. പിന്നെ നമ്മെ അങ്ങാട്ട് ഒരു മനോഹരമായ കാമ്പസിൽ കുരുക്കുകയാണ് സംവിധായകൻ. റാഗിങ്ങും, അടിപടിയും, കശപിശയും, പ്രണയവും, ബ്രേക്കപ്പും, ഒരു സഹപാഠിയുടെ മരണവും, ചെന്നൈ ജീവിതവുമൊക്കെയായി ആദ്യപകുതി സംഭവ ബഹുലമാണ്. ഒപ്പം മികച്ച ഒന്നാന്തരം ഗാനങ്ങളും. മീശവടിച്ച് താടി ട്രീം ചെയ്തുള്ള ചുള്ളനായ ലുക്കിൽ വരുന്ന പ്രണവ് ആരാധകരെ ശരിക്കും കൈയിലെടുക്കുന്നുണ്ട്.

പക്ഷേ രണ്ടാം പകുതിയിൽ ചിത്രത്തിന്റെ വേഗത നഷ്ടമാവുന്നു. നാലുവർഷം പഠിച്ച് പാസ് ഔട്ട് ആയതിനുശേഷമുള്ള അരുണിന്റെ പ്രണയവും വിവാഹമുമൊക്കെയായി കഥ തണുത്തുപോകുന്നു. ചിത്രത്തിന് എഡിറ്റർ ഇല്ലെന്ന് തോനുന്ന രീതിയിൽ മൂന്നു മണിക്കൂറിനടുത്തേക്ക് കഥയങ്ങോട്ട് നീളുകയാണ്. അവസാനമാകുമ്പോഴേക്കും ഇത് എപ്പോൾ തീരുമെന്ന് നാം അറിയാതെ ചോദിച്ചുപോകും. ദൈർഘ്യം അരമണിക്കൂർ കുറച്ചിരുന്നെങ്കിൽ, ഹൃദയും ഇതിലും എത്രയോ നല്ല ദൃശ്യാനുഭവം ആവുമായിരുന്നു.

്ആദ്യപകുതിയെ സജീവമാക്കുന്നത് നടി ദർശനയും പ്രണവും ചേർന്നുള്ള കോമ്പോയാണെങ്കിൽ രണ്ടാം പകുതിയിൽ കല്യാണി പ്രിയദർശനാണ് നായകനൊപ്പം സജീവമാകുന്നത്. 'മരക്കാറിലെ'പോലെ തന്നെ ഇരുവരും ഈ ചിത്രത്തിലും നന്നായി ചെയ്തിട്ടുണ്ട്. നാളെ പുതിയ കാലത്തെ ഒരു താരജോഡിയായും ഇവർ മാറിയേക്കാം. അവിടെയും 'നഗുമോ' സോങ്ങ് ഒക്കെയിട്ട് മോഹൻലാൽ പ്രിയൻ സിനിമകളുടെ നൊസ്റ്റു ചൂഷണം ചെയ്യാൻ വിനീത് ശ്രമിക്കുന്നുണ്ട്. 'പോരുന്നോ എന്റെ കൂടെ' എന്ന ഡയലോഗ്, അരുൺ നീലകണ്ഠൻ എന്ന പേരിലെ നീലകണ്ഠൻ എന്ന പേര് മംഗലശ്ശേരി നീലകണ്ഠനാണോ എന്നൊക്കെ ചോദിച്ച്, ലാൽ-പ്രിയൻ വിന്റേജ് സിനിമകളുടെ ഓർമ്മകൾ നിലനിർത്താൻ ചിത്രം ശ്രമിക്കുന്നുണ്ട്.

തിരക്കഥയിലെ പാളിച്ചകൾ പ്രകടം

'തിര' എന്ന ചിത്രമൊഴിച്ചു നിർത്തിയാൽ, വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഇത്തരം 'ഫീൽ ഗുഡ് മൂവികളാണ്. 'തട്ടത്തിൻ മറയത്ത്,' 'ജേക്കബിന്റെ സ്വർഗ്ഗരാജ്യം,' 'മലർവാടി ആർട്സ് ക്ലബ്' തുടങ്ങിയവയിൽ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടാവുകയും അതിനെ തരണം ചെയ്യുന്നതുമൊക്കെയാണ് പ്രമേയമായി വരുന്നത്. ഇവിടെ പക്ഷേ നായകന്റെ ജീവിതം അങ്ങനെ പറഞ്ഞുപോവുകയാണ്. അയാൾ രാവിലെ കുളിക്കുന്നു, കോളേജിൽ പോവുന്നു, പ്രേമിക്കുന്നു, വെള്ളമടിക്കുന്നു, വിവാഹം കഴിക്കുന്നു, കുട്ടികളെ ഉണ്ടാക്കുന്നു എന്നല്ലാതെ കൃത്യമായ ഒരു കഥാസന്ദർഭം ചിത്രത്തിനില്ല. വിനീത് ശ്രീനിവാസന്റെ വിഷയ ദാരിദ്രം രണ്ടാം പകുതിയിൽ പ്രകടമാണ്.

ആദ്യപകുതിയിൽ കൊച്ചിയിലെ സദാചാര പൊലീസിങ്ങും ചുബന സമരത്തിന് കാരണമായ ശിവസേനയുടെ മറൈൻ ഡ്രൈവിലെ അടിച്ചോടിക്കലും കാണിക്കുന്നുണ്ട്. അങ്ങനെ പൊളിറ്റക്കലായും സമൂഹത്തെ അടയാളപ്പെടുത്താൻ കഴിയുന്ന ഒരു പാട് അവസരങ്ങൾ ഈ കാലത്തില്ലേ. പക്ഷേ ഞാനും എന്റെ തട്ടാനും പെരിങ്കൊല്ലനും എന്ന ലൈനിൽ, അരുണും പ്രണയിനികളും സുഹൃത്തുക്കളും എന്ന രീതിയിൽ, ഈ കഥ ഒതുങ്ങുകയാണ്. പൊളിറ്റിക്കൽ കറക്ടനസ് അന്വേഷിക്കുന്ന പൊ.ക വാദികൾക്ക്, അപ്പർ മഡിൽ ക്ലാസ് ജീവിതശൈലിയെ ആദർശവത്ക്കരിക്കുന്ന ചിത്രം എന്ന് പറഞ്ഞ് കാണ്ഡം കാണ്ഡം പ്രബന്ധമെഴുതാനുള്ള വകുപ്പുമുണ്ട്.

കല്യാണിയും ദർശനയും കുറേ പുതുമുഖങ്ങളും

ആക്ടേഴ്സ് ഓറിയൻഡഡ് മൂവിയാണ് ഹൃദയം. കഥയേക്കാൾ കഥാപാത്രങ്ങളുടെ പ്ലെയിസിങ്ങിനാണ് പ്രധാനം. അങ്ങനെ നോക്കുമ്പോൾ ഈ പടത്തിൽ ചെറുതും വലുതുമായ ഒരു കഥാപാത്രവും പതിരായിപ്പോയിട്ടില്ല. നടി ദർശന അതേപേരിലുള്ള തന്റെ നായികാ കഥാപാത്രത്തെ ഗംഭീരമാക്കുന്നുണ്ട്. തട്ടത്തിൻ മറയത്തിലെ ആയിഷയുടെ തട്ടം വീക്ക്നെസ്സ് ആക്കിയപോലെ ഇവിടെ വിനീത് അഴിച്ചിട്ട മുടിയാണ് നായകന്റെ കരളിലേക്ക് കയറ്റിവിടുന്നത്. ഈയിടെ ഇറങ്ങിയ 'മാനാട്' എന്ന ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ തമിഴ് ചിത്രത്തിൽ എന്നപോലെ ഈ പടത്തിലും കല്യാണി നന്നായിട്ടുണ്ട്. പക്ഷേ നേരെത്ത ഇറങ്ങിയ 'വരനെ ആവശ്യമുണ്ട്' അടക്കമുള്ള കല്യാണിയുടെ വേഷങ്ങൾ തട്ടിച്ചുനോക്കുമ്പോൾ ടൈപ്പായിപ്പോകാനുള്ള സാധ്യതയും ഏറെയാണ്.

പക്ഷേ ഒരു ഹൃദയാഭിവാദ്യം കൊടുക്കേണ്ടത് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ഈ പടത്തിലെ തമിഴ് നടന്മ്മാർക്കാണ്. നായകന്റെ സുഹൃത്തുക്കൾ എന്നതിനപ്പുറം വ്യക്തിത്വമുള്ളവരാണ് അവർ. സാധാരണ ഇത്തരം ചിത്രങ്ങളിൽ നായകന്റെ വെറും എർത്തുളായാണ് സഹ നടന്മ്മാരെ ചിത്രീകരിക്കാറ്. അതിൽ വിനീതിനെ നാം അഭിനന്ദിക്കണം. ഇത്രയധികം പാട്ടുകളുള്ള ചിത്രവും അടുത്തകാലത്ത് ഉണ്ടായിട്ടില്ല. ഹിഷാം അബ്ദുൽ വഹാബ് എന്ന യുവ സംഗീത സംവിധായകന്റെ ഒരു പിടി ഗാനങ്ങളും ചിത്രത്തിനു മുതൽക്കൂട്ടാണ് .ട്രെയിനിൽ വെച്ച് കണ്ടുമുട്ടി പിന്നീട് ജീവിതത്തിന്റെ ഭാഗമാകുന്ന ആന്റണി താടിക്കാരനും കോളേജിലെ സുഹൃത്തുക്കളായ സെൽവയും കാളിയും ദർശനയും പ്രതീകും നിത്യയുമെല്ലാം ഒന്നിനൊന്ന്മെച്ചം. വിജയരാഘവൻ, ജോണി ആന്റണി എന്നീ സീനിയർ താരങ്ങളും പതിവുപോലെ.

ഒരുകാലത്ത് മലയാളത്തിലെ പ്രശസ്തരായ നിർമ്മാതാക്കളായ മെരിലാൻഡ് കാലങ്ങൾക്കുശേഷം ഫിലിം പ്രൊഡക്ഷനിലേക്ക് മടങ്ങിവന്ന ചിത്രം കൂടിയാണിത്. ഈ കോവിഡ് കാലത്ത് റിലീസ് ചെയ്തിട്ടും, മെരിലാൻഡിന്റെ പണം പോകില്ലെന്ന് ഉറപ്പ് നൽകുകയാണ് ചിത്രം കാണാൻ ഇരച്ചുകയറുന്ന ചെറുപ്പക്കാർ. കാലമെത്ര കഴിഞ്ഞാലും കാമ്പസിൽ നിന്ന് മടങ്ങാനുള്ള മാനസികാവസ്ഥ ഇല്ലാത്ത ശരാശരി മല്ലു ഈ ചിത്രം ആഘോഷിക്കുക തന്നെ ചെയ്യുമെന്ന അണിയറ ശിൽപ്പികളുടെ കണക്കൂകൂട്ടൽ ക്ലിക്കാവുന്നുണ്ട്.



വാൽക്കഷ്ണം: ഹൃദയത്തിൽ ഒരു മസ്തിഷ്‌ക്കമുണ്ട്, എന്ന പരമാബദ്ധമായ പ്രസ്താവനടത്തയത് ഇസ്ലാമിക പ്രഭാഷകൻ എം.എം അക്‌ബാറാണ്. പക്ഷേ ഈ പടം കണ്ടപ്പോൾ ആ വാക്യം ഓർത്തുപോയി. ഹൃദയം എന്ന ഈ സിനിമയിൽ അൽപ്പംകൂടി മസ്തിഷ്‌ക്കം ഉപയോഗിച്ച് സംവിധായകൻ കഥാ സന്ദർഭങ്ങൾ രൂപപ്പെടുത്തിയെങ്കിൽ, മലയാളി ഒരിക്കലും മറക്കാത്ത ഒരു ചിത്രം ആവുമായിരുന്നു അത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP