Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ സ്മരണ ജ്വാലകൾ ഇനി ഒന്നിച്ച് ജ്വലിക്കും'; അമർ ജവാൻ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലേക്ക് ലയിപ്പിച്ചു; പ്രതിഷേധിച്ച് കോൺഗ്രസ്; കെടുത്തുകയല്ല, ലയിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാർ

'രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ സ്മരണ ജ്വാലകൾ ഇനി ഒന്നിച്ച് ജ്വലിക്കും'; അമർ ജവാൻ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലേക്ക് ലയിപ്പിച്ചു; പ്രതിഷേധിച്ച് കോൺഗ്രസ്; കെടുത്തുകയല്ല, ലയിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിൽ ലയിപ്പിച്ചു. ഇന്റർഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ, അമർ ജവാൻ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ചു.റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായാണ് അമർ ജവാൻ ജ്യോതി, ദേശീയ യുദ്ധസ്മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ചത്.

വെള്ളിയാഴ്ച 3.30ന് നടന്ന ചടങ്ങിൽ അഗ്‌നിയുടെ ലയനം നടന്നു. 1971 മുതൽ അണയാതെയാണ് അമർ ജവാൻ ജ്യോതിയിലെ ദീപം ജ്വലിച്ചിരുന്നത്. അമർ ജവാന് ജ്യോതി അണയ്ക്കുകയല്ലെന്നും ധീരജവാന്മാരുടെ സ്മരണയ്ക്കുള്ള അഗ്‌നിയുടെ ലയനമാണ് നടക്കുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ സ്മരണാർഥമുള്ള ജ്വാലകൾ ഒന്നിച്ച് ജ്വലിക്കട്ടെ എന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇരുജ്വാലകളും ഒന്നാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി. ചരിത്രത്തെ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ത്യ ഗേറ്റിന് സമീപം മാർച്ച് നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി.

ഇന്ത്യൻ സായുധ സേനയിലെ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്. 1971-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായാണ് ദേശീയ യുദ്ധസ്മാരകത്തിൽ അഗ്നി ജ്വലിപ്പിച്ചത്.

2019 ഫെബ്രുവരി 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ജ്വാല ജ്വലിപ്പിക്കുന്നത്. അണയാതെ ജ്വലിക്കുന്ന ജ്വാലയാണ് ഇതും. ദേശീയ യുദ്ധ സ്മാരകത്തിന്റെ പ്രധാന സ്തംഭമായ സ്മാരക സ്തംഭത്തിലെ അമർ ചക്രത്തിനുള്ളിലാണ് ഈ ജ്വാല ഉള്ളത്. 40 ഏക്കറിലായി പരന്നുകിടക്കുന്ന ദേശീയ യുദ്ധസ്മാരകം 176 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്.

ഇന്ത്യ ഗേറ്റിലുള്ള അമർ ജവാൻ ജ്യോതി എന്ന സ്മരണാദീപം മാറ്റാനുള്ള തീരുമാനം വിവാദമായതിനു തൊട്ടുപിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. വിവാദങ്ങളുണ്ടാക്കുന്നവർ ആ വിഷയത്തെ നോക്കിക്കാണുന്ന രീതിയാണ് പ്രശ്‌നം എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഈ വിഷയത്തിൽ തെറ്റിദ്ധാരണാജനകമായ നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്.

'അമർ ജവാൻ ജ്യോതി കെടുത്തുന്നു' എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. അമർ ജവാൻ ജ്യോതി കെടുത്തുകയല്ല, അതിനെ നാഷണൽ വാർ മെമോറിയലിലെ ദീപത്തിൽ വിലയം ചെയ്യിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് കേന്ദ്ര സർക്കാർ വിശദീകരിച്ചത്.

'ദീപങ്ങൾ പരസ്പരം വിലയം ചെയ്യിക്കുക' എന്ന സങ്കല്പത്തെ കൂടുതൽ വിശദീകരിച്ചുകൊണ്ട് പ്രസ്തുത വിഷയത്തിൽ കൂടുതൽ പരാമർശങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വരികയുണ്ടായി. അമർ ജവാൻ ജ്യോതി 1971 ലെയും മറ്റു യുദ്ധങ്ങളിലെയും വീരരക്തസാക്ഷികളെ സ്മരിച്ചുകൊണ്ടുള്ളതാണ്, എന്നാൽ അവരിൽ ഒരാളുടെ പോലും പേര് അവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഇന്ത്യ ഗേറ്റ് എന്നത് നമ്മുടെ കൊളോണിയൽ പാരമ്പര്യത്തിന്റെ സൂചകമാണ്.

അതിൽ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനുവേണ്ടി പോരാടി മരിച്ചവരുടെയും, ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ ജീവത്യാഗം ചെയ്തവരുടെയും പേരുകൾ മാത്രമേയുള്ളൂ. അതേസമയം, 1971 ഉൾപ്പെടെ ഇന്ത്യ ഇന്നോളം പോരാടിയ എല്ലാ യുദ്ധങ്ങളിലെയും, എല്ലാ രക്തസാക്ഷികളുടെയും പേരുകൾ നാഷണൽ വാർ മെമോറിയലിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ആ സ്ഥലത്ത് ഒരു സ്മരണാദീപം കെടാതെ കാക്കുന്നതാണ് എന്തുകൊണ്ടും ഉചിതം എന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത് എന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.

'കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി ഒരു നാഷണൽ വാർ മെമോറിയൽ നിർമ്മിക്കാൻ സാധിച്ചിട്ടില്ലാത്ത കൂട്ടരാണ് ഇപ്പോൾ അമർ ജവാൻ ജ്യോതി കെടുന്നതിനെപ്പറ്റി അലമുറയിട്ടുകൊണ്ടിരിക്കുന്നത്' എന്നത് എത്ര പരിഹാസ്യമാണ് എന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബിജെപിക്ക് ഹിതകരമാണ് എന്ന് തോന്നുന്ന രീതിയിൽ നമ്മുടെ ചരിത്രത്തിൽ മായ്ക്കലുകളും കൂട്ടിച്ചേർക്കലുകളും നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന ശശിതരൂർ അടക്കമുള്ള സീനിയർ കോൺഗ്രസ് നേതാക്കളിൽ നിന്ന് ഉയർന്നുവന്ന ആക്ഷേപങ്ങൾ മാധ്യമങ്ങൾ ചർച്ചചെയ്യുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഈ വിശദീകരണം ഉണ്ടായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP