Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങൾ അട്ടിമറിച്ചു; കാസർകോട് കളക്ടർ ഉത്തരവ് പിൻവലിച്ചതിന് പിന്നിൽ സിപിഎം സമ്മർദ്ദം; ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി തീരുമാനം എടുക്കുന്നത് മറ്റു ചിലർ; സർക്കാറിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ്

പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങൾ അട്ടിമറിച്ചു; കാസർകോട് കളക്ടർ ഉത്തരവ് പിൻവലിച്ചതിന് പിന്നിൽ സിപിഎം സമ്മർദ്ദം; ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി തീരുമാനം എടുക്കുന്നത് മറ്റു ചിലർ; സർക്കാറിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർകോട് കളക്ടർ ഉത്തരവ് പിൻവലിച്ചതിന് പിന്നിൽ സിപിഎം സമ്മർദ്ദമാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്താനുള്ള സൗകര്യത്തിനു വേണ്ടിയാണ് കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ സർക്കാർ വളച്ചൊടിച്ചത്. ടി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ മുതൽ മാനദണ്ഡങ്ങൾ മാറ്റിയെന്നും സതീശൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് സമ്മേളനം തുടങ്ങുന്ന തൃശൂർ, കാസർകോട് ജില്ലകളെ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിയിട്ടില്ല. അതായത് ഈ ജില്ലകളിൽ ഒരു തരത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളുമില്ല. ഇന്നലത്തെ ടി.പി.ആർ നിരക്ക് കാസർകോട് 36, തൃശൂർ 34 എന്നിങ്ങനെയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ആൾക്കൂട്ടവും അനുവദിക്കാൻ പാടില്ലാത്ത ഈ രണ്ടു ജില്ലകളെയും കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയത് സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണ്. ടി.പി.ആർ ഇത്രയും ഉയർന്നു നിൽക്കുന്ന ഈ രണ്ടു ജില്ലകളിലും നിയന്ത്രണങ്ങൾ ഒഴിവാക്കി മൂന്നൂറും നാനൂറും പേരെ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കും.

തിരുവനന്തപുരം ജില്ലയിലെ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിക്കും എംഎ‍ൽഎയ്ക്കും നൂറു കണക്കിന് നേതാക്കൾക്കും രോഗം ബാധിച്ചു. ആ പരിപാടിയിൽ പങ്കെടുത്ത മറ്റു നേതാക്കൾ ക്വാറന്റൈനിൽ പോകാതെ വിവിധ ജില്ലകളിൽ രോഗവാഹകരായി പ്രവർത്തിക്കുകയാണ്. പാർട്ടി സമ്മേളനങ്ങൾക്കു വേണ്ടി കോവിഡ് മാനദണ്ഡങ്ങൾ വളച്ചൊടിച്ചത് അപഹാസ്യമാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടക്കാത്ത കാര്യമാണിത്. സിപിഎം വാശിയോടെയാണ് പൊതുജനങ്ങളോട് പെരുമാറുന്നത്. എന്ത് കോവിഡ് വന്നാലും പാർട്ടി സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്നതാണ് അവരുടെ വാശി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ കഴിഞ്ഞാൽ ഏറ്റവുമധികം രോഗികളുള്ള ജില്ലയാണ് തൃശൂർ. അവിടെയാണ് പാർട്ടി സമ്മേളനം നടത്തുന്നത്. എല്ലാവരും വീട്ടിൽ ഇരുന്ന് ചികിത്സ നടത്തണമെന്നാണ് സർക്കാർ പറഞ്ഞത്. എന്നിട്ട് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണമെടുത്തു. മൂന്നാം തരംഗത്തിൽ മരുന്ന് ഉൾപ്പെടെയുള്ള ഒരു സംവിധാനങ്ങളും സർക്കാർ ആശുപത്രികളിലില്ല. ആരോഗ്യ വകുപ്പ് പൂർണമായും നിശ്ചലമായിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് ഒരു പിടിയുമില്ല. ആരോഗ്യ സെക്രട്ടറിയും എൻ.ആർ.എച്ച്.എം ഡയറക്ടറും വിദഗ്ധ സമിതി ചെയർമാനും എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് കോവിഡ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. ഇന്നലെ കാസർകോട് കളക്ടർ എല്ലാ പൊതുപരിപാടികളും നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറക്കി. എന്നാൽ രാത്രിയായപ്പോൾ കളക്ടറെക്കൊണ്ട് സിപിഎം ഉത്തരവ് പിൻവലിപ്പിച്ചു. എന്നിട്ട് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നാണ് പറയുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്.

രോഗികളോട് ആശുപത്രികളിൽ പോകേണ്ടെന്നും ഹോം കെയർ നിർദ്ദേശിച്ചതും സർക്കാരാണ്. എന്നിട്ടാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. സർക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതിന്റെ നാലും അഞ്ചും ഇരട്ടിയാണ് ഓരോ ജില്ലകളിലെയും രോഗികളുടെ എണ്ണം. പലരും ടെസ്റ്റ് പോലും ചെയ്യാതെ വീടുകളിൽ കഴിയുകയാണ്. രോഗബാധിതരോട് വീടുകളിൽ കഴിയാൻ നിർദ്ദേശിച്ചതോടെ കുടുംബത്തിലെ എല്ലാവരും പോസിറ്റീവാകുന്ന അവസ്ഥയാണ്. മൂന്നാം തരംഗത്തെ നേരിടുന്നത് സംബന്ധിച്ച് സർക്കാരിന് ഒരു പ്ലാൻ ഒഫ് ആക്ഷനും ഇല്ല. ആരോഗ്യവകുപ്പ് മന്ത്രിയെ മൂലയ്ക്കിരുത്തി ചിലർ ചേർന്ന് എല്ലാം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. മന്ത്രിക്ക് വെറുതെ യേഗത്തിൽ പോയി ഇരിക്കാമെന്നേയുള്ളൂ. രണ്ടു ജില്ലകളെ ഒഴിവാക്കാൻ വേണ്ടി മാത്രമാണ് പുതിയ മാനദണ്ഡം കൊണ്ടുവന്നത്. ടി.പി.ആർ നിരക്കിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന തൃശൂർ ജില്ലയിൽ അഞ്ഞൂറോളം പേർ ഒത്തുചേരുന്നത് നിയമപരിമായി ശെരിയാണോ ? ഇന്ധന വില വർധനവിനെതിരെ പ്രതിപക്ഷത്തെ 5 പേർ ചേർന്ന് നടത്തിയ സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോൾ തിരുവാതിരകളിയും ആഘോഷവും എല്ലാം നടത്തുകയാണ്. സിപിഎമ്മിന് ഒരു നിയമം മറ്റുള്ളവർക്ക് മറ്റൊന്ന് എന്ന നയമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.

പാലക്കാട് അതിർത്തിയിൽ പൊരിവെയിലത്ത് ഭക്ഷണമില്ലാതെ കാത്തുകെട്ടിക്കിടന്നവർക്ക് ഭക്ഷണം വിതരണം ചെയ്യാൻ പോയ രണ്ട് എംപിമാരെയും മൂന്നു ജനപ്രതിനിധികളെയും പരിഹസിച്ച് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു. നൂറു കണക്കിനു പേർക്ക് അസുഖം ബാധിച്ച തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത സിപിഎം നേതാക്കൾ എന്തുകൊണ്ടാണ് ക്വാറന്റൈനിൽ പോകാത്തത്? ഇവരാണ് അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊക്കെ ജനങ്ങളെ ഉപദേശിക്കുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെ പ്രതിപക്ഷം ശക്തിയായി എതിർക്കും. വിദഗ്ധ സമിതിയും സർക്കാരും കാലഹരണപ്പെട്ട നിർദ്ദേശങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. അശാസ്ത്രീയമാണെന്നു തെളിഞ്ഞ ആന്റിജൻ പരിശോധന തമിഴ്‌നാട്ടിൽ പൂർണമായും ഉപേക്ഷിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നു മാത്രമാണ് സർക്കാർ പറയുന്നത്.

അനുമതി വാങ്ങിയാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നത് എന്നു പറയുന്നവർ കല്യാണങ്ങൾ നടത്താൻ അനുമതി നൽകുമോ? കല്യാണത്തോട് അനുബന്ധിച്ച് തിരുവാതിരകളി അനുവദിക്കുമോ? ഇപ്പോൾ കേരളത്തിൽ മരണത്തിന്റെ വ്യാപാരികൾ സിപിഎം നേതാക്കളും മന്ത്രിമാരുമാണ്. സിപിഎം സമ്മേളനം മാറ്റിവച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോ? ധാർഷ്ട്യവും അഹങ്കാരവും ധിക്കാരവുമാണ് കാണിക്കുന്നത്. - പ്രതിപക്ഷ നേതാവ് ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP