Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഫ്രിക്കയിൽ സ്വർണം കുഴിച്ചെടുക്കാൻ പോയ എംഎൽഎയെ ചോദ്യം പോലും ചെയ്തില്ല; 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവറിനെതിരെ ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് റെഡി; 11 പേജുള്ള റിപ്പോർട്ടിൽ എംഎൽഎയെ ചോദ്യം ചെയ്‌തോ എന്നു പോലും രേഖപ്പെടുത്തിയില്ല; കോടതിയിൽ എതിർക്കാൻ പരാതിക്കാരൻ

ആഫ്രിക്കയിൽ സ്വർണം കുഴിച്ചെടുക്കാൻ പോയ എംഎൽഎയെ ചോദ്യം പോലും ചെയ്തില്ല; 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവറിനെതിരെ ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് റെഡി; 11 പേജുള്ള റിപ്പോർട്ടിൽ എംഎൽഎയെ ചോദ്യം ചെയ്‌തോ എന്നു പോലും രേഖപ്പെടുത്തിയില്ല; കോടതിയിൽ എതിർക്കാൻ പരാതിക്കാരൻ

ജംഷാദ് മലപ്പുറം

മലപ്പുറം: കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ പ്രതിയായ പി.വി അൻവർ എംഎ‍ൽഎയെ ചോദ്യം ചെയ്യാൻപോലും മെനക്കെടാതെ ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്. ജാമ്യമില്ലാവകുപ്പ് പ്രകാരം വഞ്ചനാകേസിൽ അറസ്റ്റു ചെയ്യേണ്ട കുറ്റം ചുമത്തിയ കേസിലാണ് പ്രതിയായ എംഎ‍ൽഎയെ ചോദ്യം ചെയ്യുകപോലും ചെയ്യാതെ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി പി. വിക്രമൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് ആരോപണം.

11 പേജുള്ള റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് എംഎ‍ൽഎയെ ചോദ്യം ചെയ്തതായോ മൊഴി രേഖപ്പെടുത്തിയതായോ പറയുന്നില്ല. പരാതിക്കാരനായ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നും ക്രഷർ ബിസിനസിൽ പങ്കാളിത്തത്തിനായി 50 ലക്ഷം വാങ്ങിയെന്ന് പി.വി അൻവർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കേസന്വേഷണ സമയത്ത് പൊലീസിനോട് സമ്മതിച്ചുവെന്നുമാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലുള്ളത്.

എന്നാൽ കേസ് സിവിൽ സ്വഭാവമെന്ന പൊലീസ് റിപ്പോർട്ട് തള്ളിയാണ് ക്രിമിനൽ വഞ്ചന നടന്നെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. തന്റെ വാദം കേൾക്കാതെയാണ് ഉത്തരവെന്നു കാണിച്ച് പി.വി അൻവർ എംഎ‍ൽഎ സമർപ്പിച്ച പുനപരിശോധനാഹർജി തള്ളി ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് പി.വി അൻവർ വിദേശത്തായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം നാട്ടിലെത്തുന്ന മുറക്ക് ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചതും നേരത്തെ വിവാദമായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതിയിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പിയുടെ റിപ്പോർട്ട്. എംഎ‍ൽഎ നിയമസഭാ സമ്മേളനത്തിലും പൊതുപരിപാടികളും പങ്കെടുക്കുന്ന സമയത്തായിരുന്നു വിദേശത്തായിരുന്നുവെന്ന റിപ്പോർട്ട് നൽകിയത്.

ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അൻവർ എംഎ‍ൽഎയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരൻ ആരോപിച്ചത്. ഇതോടെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്താടി സലീം സമർപ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലാക്കുകയായിരുന്നു.

പി.വി അൻവർ എംഎ‍ൽഎ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി നേരത്തെ കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പിയാണ്് ഒടുവിൽ കേസ് സിവിൽ സ്വഭാവമുള്ളതെന്ന് മലക്കംമറിഞ്ഞ് അന്തിമറിപ്പോർട്ട് സമർപ്പിച്ചത്. മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അൻവർ പ്രവാസി എൻജിനീയർ നടുത്തൊടി സലീമിൽ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്.

എന്നാൽ ക്രഷർ സർക്കാരിൽ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുൻ ഉടമസ്ഥനായിരുന്ന ഇബ്രാഹിമിന്റെ മൊഴി. പി.വി അൻവർ കരാറിൽ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷർ എന്ന് പറയുന്നതും ക്രഷർ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി സെപ്റ്റംബർ 30ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

ഈ റിപ്പോർട്ടിന് കടകവിരുദ്ധമായാണിപ്പോൾ കേസ് സിവിൽ സ്വഭാവമാണെന്ന ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്. ക്രഷർ സ്ഥിതി ചെയ്യുന്ന കർണാടക സർക്കാർ ഭൂമിയിൽ എംഎ‍ൽഎക്ക് പട്ടയ അവകാശമുണ്ടെന്ന വിചിത്രവാദവും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് തെളിയിക്കുന്ന ഒരു രേഖയും റിപ്പോർട്ടിൽ ഹാജരാക്കിയിട്ടുമില്ല. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽപോലും കർണാടകയിലെ ഭൂമിയിൽ തനിക്ക് പാട്ടാവകാശം മാത്രമാണെന്നാണ് എംഎ‍ൽഎപോലും അവകാശപ്പെട്ടത്.

മറ്റൊരാളുടെ വസ്തുകാണിച്ച് വഞ്ചന നടത്തി പണം തട്ടിയെടുത്ത എംഎ‍ൽഎയെ അറസ്റ്റിൽ നിന്നൊഴിവാക്കി രക്ഷിക്കാനുള്ള ഒത്തുകളിയാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടെന്നും ഇതിനെ കോടതിയിൽ തെളിവുകൾ സഹിതം എതിർക്കുമെന്നും പരാതിക്കാരനായ നടുത്തൊടി സലീം പറഞ്ഞു. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സലീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി 3ന് കോടതി പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP