Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരമല്ല; വിവാദങ്ങളിലല്ല സർക്കാരിന്റെ കണ്ണ്; കുതിരാന്റെ രണ്ടാം തുരങ്കം പൂർണമായി ജനങ്ങൾക്ക് തുറന്നുകൊടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരമല്ല; വിവാദങ്ങളിലല്ല സർക്കാരിന്റെ കണ്ണ്; കുതിരാന്റെ രണ്ടാം തുരങ്കം പൂർണമായി ജനങ്ങൾക്ക് തുറന്നുകൊടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുതിരാൻ രണ്ടാം തുരങ്കം ഇന്ന് ഭാഗികമായി തുറന്നു കൊടുത്ത പശ്ചാത്തലത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമായി. വിവാദങ്ങളിൽ സർക്കാരിന് താൽപര്യമില്ലെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. കുതിരാനിൽ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നുകൊടുത്തത്. നാടിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ആര് ചെയ്യുന്നു എന്ന് സ്ഥാപിക്കാനോ അതിലൂടെ എവർറോളിങ് ട്രോഫി ലഭിക്കുവാനോ വേണ്ടിയുള്ള മത്സരമായിട്ടല്ല ഇതിനെ കാണുന്നത്. ദീർഘകാലമായുള്ള ഒരു പ്രശ്‌നം പരിഹരിച്ച് വികസനം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കുറിച്ചു.

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

 എൽഡിഎഫ് സർക്കാറിൽ മന്ത്രിയായി ചുമതലയേൽക്കുന്നത് 2021 മെയ് 20 നാണ്. അന്നുമുതൽ കുതിരാൻ തുരങ്കം പണി പൂർത്തിയാക്കി നാടിനു തുറന്നുകൊടുക്കുക എന്നത് ഒരു പ്രധാന ലക്ഷ്യമാക്കിയിരുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണപ്രവൃത്തി വർഷങ്ങളായി ഇഴഞ്ഞു നീങ്ങുകയായിരുന്നു എന്നത് ജനങ്ങളിൽ ദേശീയപാത അഥോറിറ്റിയോടും കരാർ കമ്പനിയോടും കടുത്ത നീരസം സൃഷ്ടിച്ചിരുന്നു.

2009 ൽ ദേശീയപാതാ അഥോറിറ്റി തുടക്കമിട്ട പദ്ധതിയാണ് കാലങ്ങളായി മന്ദഗതിയിൽ പൊയ്‌ക്കൊണ്ടിരുന്നത്. ഇത്രയും കാലതാമസം ഒരു പ്രവൃത്തിക്കും അനുവദിക്കാൻ കഴിയില്ല. അത് പൊതുജനങ്ങളെ വെല്ലുവിളിക്കലാണ്. ഒരു സാമൂഹ്യപ്രശ്‌നമായി ഈ വിഷയം മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ദേശീയപാത അഥോറിറ്റിയാണ് നിർമ്മാണം നടത്തുന്നതെങ്കിലും പ്രശ്‌നം പരിഹരിക്കൽ കേരള സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വമായി കാണുകയായിരുന്നു. അങ്ങനെയാണ് പദ്ധതിയുടെ പൂർത്തീകരണം ഒരു ദൗത്യമായി തന്നെ ഏറ്റെടുത്തത്.

കുതിരാൻ ടണൽ നിർമ്മിക്കുന്ന ദേശീയപാതാ അഥോറിറ്റിയുടെ പ്രവൃത്തിക്ക് വേഗം കൂട്ടാൻ സംസ്ഥാന സർക്കാരിന് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന പരിശോധനയാണ് പിന്നെ നടത്തിയത്. തുടർന്ന് 2021 ജൂണിൽ തൃശൂർ ജില്ലയിലെ മന്ത്രിമാർക്കൊപ്പം കുതിരാനിലെത്തി പ്രശ്‌നങ്ങൾ പഠിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ പദ്ധതി അതിവേഗം മുന്നോട്ട് കൊണ്ടുപോകാൻ സ്വീകരിച്ച നടപടികളും മനസിലാക്കി. തടസ്സങ്ങൾ തിരിച്ചറിഞ്ഞു.

ഒന്നാം ടണൽ തുറക്കാൻ കൃത്യമായ ടൈംലൈൻ ഉണ്ടാക്കുകയും ബഹു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ടൈംലൈനിന് അംഗീകാരം വാങ്ങുകയും ചെയ്തു. പിന്നീട് ഓരോ ആഴ്ചയും പൊതുമരാമത്ത് വകുപ്പ് അവലോകന യോഗങ്ങൾ നടത്തി പുരോഗതി വിലയിരുത്തി. ജില്ലയിലെ മന്ത്രിമാർ ജനപ്രതിനിധികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം കൂട്ടായ പരിശ്രമത്തിലൂടെ പ്രവൃത്തി വേഗത്തിലാക്കിയും ഓരോ പ്രശ്‌നത്തിലും ഇടപെട്ട് പരിഹരിച്ചും ഒരു നോഡൽ ഓഫീസറെ ഇതിനായി ചുമതലപ്പെടുത്തിയുമാണ് ഒന്നാം ടണൽ നിശ്ചയിച്ച സമയത്ത് തന്നെ തുറന്നു കൊടുക്കാൻ സാധിച്ചത്. ഒന്നാം ടണൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ പോകാൻ ആഗ്രഹിക്കുന്നില്ല എന്നും രണ്ടാം ടണൽ തുറക്കലാണ് മുന്നിലുള്ള ലക്ഷ്യമെന്നും അന്നുതന്നെ വ്യക്തമാക്കിയതാണ്. രണ്ടാം ടണൽ പൂർത്തിയാക്കാനും ഒരു ടൈംലൈൻ ഉണ്ടാക്കിയിരുന്നു. 2021 ഓഗസ്റ്റ് 7 ന് തന്നെ രണ്ടാം ടണൽ പ്രവൃത്തി പുരോഗതി വിലയിരുത്തി യോഗം ചേർന്നു.

പിന്നീട്
2021 സെപ്റ്റംബർ 30,
ഒക്ടോബർ 10,
ഒക്ടോബർ 13,
ഡിസംബർ 10,
ഡിസംബർ 16,
2022 ജനുവരി 05 തീയതികളിൽ വിവിധ യോഗങ്ങൾ നേരിട്ട് നടത്തി. ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച യോഗത്തിലും കുതിരാൻ പ്രധാന വിഷയമാക്കി. പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യുകയും മന്ത്രി കെ രാജൻ, ടി എൻ പ്രതാപൻ എംപി, ജില്ലാ കളക്ടർ എന്നിവരെ ഇക്കാര്യത്തിൽ ഇടപെടുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ കൂട്ടായ ശ്രമമാണ് ഇപ്പോഴും നടത്തിവരുന്നത്.

വികസന കാര്യത്തിൽ കുതിരാനിൽ ഉണ്ടായ കൂട്ടായ്മ മാതൃകയാണ്. എന്നാൽ ചിലർക്ക് ഇപ്പോഴും വിവാദങ്ങളിലാണ് കണ്ണ്. ഈ സർക്കാറിന് അതിൽ താല്പര്യമില്ല. നാടിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. ആര് ചെയ്യുന്നു എന്ന് സ്ഥാപിക്കാനോ അതിലൂടെ എവർറോളിങ് ട്രോഫി ലഭിക്കുവാനോ വേണ്ടിയുള്ള മത്സരമായിട്ടല്ല ഇതിനെ കാണുന്നത്. ദീർഘകാലമായുള്ള ഒരു പ്രശ്‌നം പരിഹരിച്ച് വികസനം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.രണ്ടാം ടണലും അനുബന്ധ റോഡുകളും പൂർത്തിയാക്കുക എന്നതിനാണ് ഇപ്പോൾ മുൻഗണന. അതിന് ഇനിയും സഞ്ചരിക്കാനുണ്ട്.

അത് പൂർത്തിയാക്കാൻ ഈ ടീം വർക്ക് തുടരും. രണ്ടാം ടണലിന്റെ റോഡ് നിർമ്മാണ പ്രവൃത്തിയുടെ വേഗം കൂട്ടുന്നതിനുള്ള ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് ഇന്ന് രണ്ടാം തുരങ്കം ഭാഗികമായി തുറന്നത്. രണ്ടു മാസം കൊണ്ട് അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കി ഗതാഗതം പൂർണ സജ്ജമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടി. രണ്ടാം ടണലിന്റെ പ്രവൃത്തി പരിപൂർണമായി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കുംവരെ ദേശീയപാതാ അതോറ്റിയുമായി ചേർന്ന് സംസ്ഥാന സർക്കാർ എല്ലാ നിലയിലും മുന്നോട്ട് പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP