Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനിയുള്ള കാലം കോവിഡിന് ഒപ്പം ജീവിച്ച് ശീലിക്കണം; ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി; അടുത്ത ആഴ്ച മുതൽ മാസ്‌ക് പോലും വേണ്ട; വർക്ക് ഫ്രം ഹോം നിർത്തലാക്കി; ഒരാവശ്യത്തിനും വാക്‌സിൻ സർട്ടിഫിക്കറ്റും ആവശ്യമില്ല; വൻചുവടുമാറ്റവുമായി ബോറിസ് ജോൺസൻ

ഇനിയുള്ള കാലം കോവിഡിന് ഒപ്പം ജീവിച്ച് ശീലിക്കണം; ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി; അടുത്ത ആഴ്ച മുതൽ മാസ്‌ക് പോലും വേണ്ട; വർക്ക് ഫ്രം ഹോം നിർത്തലാക്കി; ഒരാവശ്യത്തിനും വാക്‌സിൻ സർട്ടിഫിക്കറ്റും ആവശ്യമില്ല; വൻചുവടുമാറ്റവുമായി ബോറിസ് ജോൺസൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. അടുത്ത ആഴ്ച മുതൽ മാസ്‌ക് പോലും ധരിക്കേണ്ട. വർക് ഫ്രം ഹോം നിർത്തലാക്കി. സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പോലും മുഖാവരണം ധരിക്കേണ്ട. ഓമിക്രോൺ തരംഗം ദേശീയതലത്തിൽ ഉയർന്ന നിലയിലെത്തിയതായി വിദഗ്ദ്ധർ വിലയിരുത്തിയ ഘട്ടത്തിലാണ് ഈ തീരുമാനം.കോവിഡ് പാസ്സ്പോർട്ടും, നിർബന്ധിത മാസ്‌ക് ധാരണവും ഉൾപ്പടെയുള്ള പ്ലാൻ ബി നിയന്ത്രണങ്ങൾ വരുന്ന വ്യാഴാഴ്‌ച്ചയോടെ ഇല്ലാതെയാകും. ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കി ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പാർട്ടി ഗെയ്റ്റ് വിവാദത്തിൽ പാർട്ടിക്കുള്ളിൽ നഷ്ടപ്പെട്ട പിന്തുണ തിരികെ നേടാനുള്ള ബോറിസിന്റെ ശ്രമമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഈ ചുവടുമാറ്റത്തെ വിലയിരുത്തുന്നത്.

വലിയ പരിപാടികൾക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നതും അവസാനിപ്പിക്കും. രാജ്യത്ത് ഐസൊലേഷൻ ചട്ടങ്ങളിലും മറ്റമുണ്ട്. രോഗം സ്ഥിരീകരിച്ചാൽ ഏഴ് ദിവസത്തെ ഐസൊലേഷൻ എന്നത് അഞ്ചായി കുറച്ചു. മാർച്ചോടെ ഇതും അവസാനിപ്പിക്കാൻ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് വാക്സിൻ നൽകിയ ആദ്യ രാജ്യമാണ് യുകെയെന്നും യൂറോപ്പിൽ ഏറ്റവും വേഗത്തിൽ വാക്സിൻ നൽകിയ രാജ്യങ്ങളിലൊന്നാണെന്നും ജോൺസൺ അവകാശപ്പെട്ടു. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയെ ഒഴിവാക്കി സ്വയം വാക്സിൻ സംഭരണം നടത്തിയതിനാലാണ് ഇത് സാധ്യമായതെന്നും ജോൺസൺ പറഞ്ഞു.

കോവിഡ് പോസിറ്റീവ് ആയവർക്കുള്ള നിർബന്ധിത ഐസൊലേഷൻ, അതുപോലെ കോവിഡ് ബാധിച്ചവർ പേരും വിലാസവും എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസിന് നൽകണം തുടങ്ങിയ നിബന്ധനകൾ മാർച്ച് 24 ആകുമ്പോഴേക്കും പിൻവലിക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. തുടർച്ചയായ 14-ാം ദിവസവും കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനംഉണ്ടായിരിക്കുന്നത്. ഇന്നലെ 1,08,069 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 16.6 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

വ്യാപന നിരക്കിന് വിരുദ്ധമായി കഴിഞ്ഞ ദിവസങ്ങളിലൊക്കെയും വർദ്ധിച്ചു വരികയായിരുന്ന മരണ നിരക്കും കുറയുവാൻ തുടങ്ങിയിട്ടുണ്ട്. ഇന്നലെ 359 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 9.8 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലാണെങ്കിൽ 14.5 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ബോറിസ് ജോൺസൺ നിയന്ത്രണങ്ങൾ പിൻവലിക്കുവാനുള്ള തീരുമാനം ജനപ്രതിനിധി സഭയിൽ പ്രഖ്യാപിച്ചത്. പിന്നീട് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പത്രസമ്മേളനത്തിലൂടെ ഇത് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു. ഓമിക്രോൺ അതിന്റെ മടക്കയാത്ര ആരംഭിച്ചു എന്ന് പറഞ്ഞ ജാവിദ് പക്ഷെ, ഇത് ഒരിക്കലും കോവിഡ് എന്ന രോഗത്തിന്റെയോ കൊറോണ എന്ന വൈറസിന്റെയോ അവസാനമല്ലെന്നും കൂട്ടിച്ചേർത്തു. മറ്റു പല രോഗങ്ങളേയും പോലെ ഇനിയുള്ള കാലം കോവിഡുമൊത്ത് ജീവിച്ച് ശീലിക്കണം. അടിസ്ഥാനപരമായ കരുതലോടെയുള്ള ജീവിതമായിരിക്കും ഇനിയങ്ങോട്ട് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനം തടയുകയല്ല മറിച്ച് വൈറസിനൊപ്പം ജീവിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന പുതിയ നയത്തിന്റെ ഭാഗമായി ജൂലായ് മാസം മുതൽ സൗജന്യ ലാറ്ററൽ ഫ്ളോ പരിശോധനകൾ നിർത്തലാക്കുമെന്ന് ചില സൂചനകൾ ലഭിക്കുന്നു. ഓമിക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായി, ജനങ്ങളോടെ സ്ഥിരമായി സ്വാബ് ടെസ്റ്റുകൾ നടത്താൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യാപകമായ സൗജന്യ പരിശോധന നിർത്തലാക്കുന്നതോടെ അത്യാവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായിരിക്കും സൗജന്യ പരിശോധന ലഭ്യമാവുക.

അതിനുപകരമായി, ജൂൺ അവസാനത്തോടെ ജനങ്ങൾക്ക് ഇത് വാങ്ങുവാനുള്ള ഓൺലൈൻ സംവിധാനം ഒരുക്കും. ഏഴ് എണ്ണത്തിന്റെ ഒരു പാക്കിന് 30 പൗണ്ടായിരിക്കും വില. ഇതുവരെ ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് ഫാർമസികളിൽ നിന്നും മറ്റും സൗജന്യ കോവിഡ് പരിശോധന ലഭിക്കുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP