Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മക്കയിലേക്കുവരെ മിസൈൽ അയക്കുന്ന ഇസ്ലാമിക ഭീകരർ! ഒമ്പത് സുന്നി രാഷ്ട്രങ്ങളെ ഒറ്റക്ക് തോൽപ്പിച്ച ഷിയാ ശക്തി; കണ്ണ് ചൂഴ്ന്നും തൊലിയുരിച്ചും കൊല്ലുന്ന ക്രൂരർ; ബുർജ് ഖലീഫയിലും മിസൈൽ വീഴുമോ? ചോരക്കളമാക്കുന്ന ഹൂതികളുടെ കഥ

മക്കയിലേക്കുവരെ മിസൈൽ അയക്കുന്ന ഇസ്ലാമിക ഭീകരർ! ഒമ്പത് സുന്നി രാഷ്ട്രങ്ങളെ ഒറ്റക്ക് തോൽപ്പിച്ച ഷിയാ ശക്തി; കണ്ണ് ചൂഴ്ന്നും തൊലിയുരിച്ചും കൊല്ലുന്ന ക്രൂരർ; ബുർജ് ഖലീഫയിലും മിസൈൽ വീഴുമോ? ചോരക്കളമാക്കുന്ന ഹൂതികളുടെ കഥ

എം റിജു

സ്ലാമിന്റെ പഞ്ചമഹാ സ്തംഭങ്ങളിൽ ഒന്നാണ് മക്കയും മദീനയും. എല്ലാ ഇസ്ലാമിക വിശ്വാസികളും വിശുദ്ധമായി കാണുന്ന ഇടം. എന്നാൽ അടിയുറച്ച ഇസ്ലാമിക കാര്യങ്ങളാണ് ഞങ്ങൾ ചെയ്യുന്നത് എന്ന് പറയുന്ന ഒരു ഇസ്ലാമിക സംഘടന, ഈ വിശുദ്ധ സ്ഥലങ്ങളിലേക്ക് മിസൈൽ അയക്കുമോ? സൗദിയോട് എത്ര കടുത്ത വിയോജിപ്പുണ്ടെങ്കിലും ഐസിസും, ഹിസ്ബുല്ലയും, അൽഖായിദയും, താലിബാനുമൊന്നും അങ്ങനെ ചെയ്യില്ല. പക്ഷേ ഒരു ഒരു ഇസ്ലാമിക തീവ്രവാദ സംഘടന മാത്രം അങ്ങനെ ചെയ്യും. അതാണ് യമനിലെ ഹൂതികൾ!

ഷിയാ ഐസിസ് എന്ന് വിളിക്കുന്ന ഇവർക്ക് പല്ലിന് പല്ലിന് കണ്ണിന് കണ്ണ് എന്നതാണ് ശൈലി. കഴിഞ്ഞ വർഷം ഹൂതികൾ തൊടുത്തുവിട്ട മിസൈൽ മക്കക്ക് അടുത്താണ് വീണത്. മദീനക്കുനേരെയും അവർ മിസൈൽ തൊടുത്തൂ. സൗദിയെ തകർക്കുക എന്ന നീക്കത്തിനു മുന്നിൽ അവർക്ക് മത ശാസനകൾപോലും ഒന്നുമല്ല. അതുതന്നെ ആയിരിക്കണം, ലോകത്തിലെ ഏറ്റവം അപകടകാരികളായ സംഘടനകളിൽ ഒന്നാക്കി ഹൂതികളെ മാറ്റുന്നത്. ഇപ്പോൾ പൊതുവെ സമാധാന രാഷ്ട്രമായി അറിയപ്പെടുന്ന യു.എ.ഇയെ ആക്രമിച്ചുകൊണ്ട് ഹൂതികൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

ഇന്ന് അബൂദാബിയിലോ, ദുബൈയിലോ, ജിദ്ദയിലോ ഒക്കെ ഒരു ആക്രമണം ഉണ്ടായാല അത് നമ്മുടെ കോഴിക്കോടോ, കണ്ണൂരോ പോലെയാണ് നമ്മളെ ബാധിക്കുന്നത്. കാരണം അവിടെയെല്ലാം അത്രയേറെ മലയാളികൾ ഉണ്ട്. ഹുതികളുടെ അബൂദാബി ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരിൽ രണ്ടുപേരും ഇന്ത്യാക്കാരാണ്. നോക്കുക, ഐസിസ് അടക്കമുള്ള ഒരു സംഘടനകളും നമ്മൾ മലയാളികൾക്ക് ഇത്രയേറെ നേരിട്ട് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. അബൂദാബിയിലെ മുസഫിൽ പെട്രോൾ ടാങ്കറിലാണ് പൊട്ടിത്തെറിയുണ്ടായത്. പ്രസിഡന്റിന്റെ കൊട്ടാരത്തിന് അരികലും വിമാനത്താവളത്തിന് അരികിലും ആക്രമണം ഉണ്ടായി.

ഇത് യു.എ.ഇക്കുള്ള കൃത്യമായ മുന്നറിയിപ്പ്

അബുദാബിയിൽ നടന്നത് ഡ്രോൺ ആക്രമണം ആണെന്നാണ് ഏറ്റവും ഒടുവിൽ പറയുന്നത്. പക്ഷേ അവർ കവർ ചെയ്ത ദൂരം ലോകത്തെ ഞെട്ടിക്കുന്നതാണ്. യമനിൽനിന്ന് തൊടുത്ത് ഒമാനും, സൗദിയും കടന്ന് 2300ലേറെ കിലോമീറ്റർ താണ്ടിയാണ്, ഒരു റഡാറിന്റെയും കണ്ണിൽ പെടാതെ ഈ ഡ്രോൺ അബൂദാബിയിൽ കൃത്യമായ ആക്രമണം നടത്തിയത്! ഇന്ന് ലോകത്തിൽ അമേരിക്കയും ഇസ്രയേലും പോലുള്ള വൻ ശക്തികൾക്കൊക്കെ മാത്രമേ ഇത്ര കൃത്യമായി ആക്രമണം നടത്താൻ കഴിയൂ. ( ഹൂതികൾക്ക് പിന്നിൽ ഇറാൻ ആണെന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ ഒന്നും വേണ്ട) ഇതോടെ യു.എ.ഇയുടെ സുരക്ഷ സംബന്ധിച്ച് വൻ ആശങ്ക ഉയർന്നിരിക്കയാണ്. നാളെ ബുർജ് ഖലീഫയിലും മറ്റും ഇതുപോലെ ഒരു ഡ്രോൺ ആക്രമണം ഉണ്ടാവില്ല എന്ന് എന്താണ് ഉറപ്പ്. കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപങ്ങളുമായി, വികസനക്കുതിപ്പിന് തയ്യാറെടുക്കുന്ന, ഗൾഫ് മേഖലയിൽ വളരെ പെട്ടെന്ന് ആധുനികവത്ക്കരിക്കപ്പെട്ട ഒരു രാജ്യത്തെ, വൻ തോതിൽ പിറകോട്ട് അടിപ്പിക്കുന്നതായിപ്പോയി ഈ ആക്രമണം.

ഇത് ഹൂതികൾ യു.എ.ഇക്ക് നൽകുന്ന ഒരു മുന്നറിയിപ്പാണ്. യമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇടപെട്ടാൽ പണി കിട്ടുമെന്ന കൃത്യമായ സൂചന. ഹൂതികൾക്കെതിരെ പോരാടുന്ന ഒമ്പത് രാഷ്ട്ര സഖ്യത്തിൽനിന്ന് 2019ൽ യു.എ.ഇ പിന്മാറിയിരുന്നു. എന്നിട്ടും യു.എ.ഇ തങ്ങൾക്കെതിരെയുള്ള നീക്കത്തിന് പിന്തുണ കൊടുക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഹൂതികളുടെ ഈ ചെയ്ത്ത്. കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി സൗദിയിൽ ആരാംകോ അടക്കമുള്ള നിരവധി മലയാളികൾ ജോലിചെയ്യുന്ന എണ്ണക്കമ്പനികൾക്കും ടാങ്കറുകൾക്കും നേരെ ഹൂതികൾ നിരന്തരം മിസൈൽ ആക്രമണം നടത്തിയിരുന്നു. അതുപോലെ ഏദൻ കടലിലും ചെങ്കടലിലും സൗദിയുടെ നിരവധി കപ്പലുകൾ അവർ ആക്രമിക്കുകയും ചെയ്തിരുന്നു. തങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സൗദിയെ എത് വിധേനെയും ഒതുക്കുമെന്നാണ് ഹൂതികളുടെ ശപഥം. അതുപോലെ തന്നെ അവർ യൂ.എ.ഇക്ക് നേരയെും തിരുകയാണോ എന്നയാണ് ആശങ്ക ഉയർത്തുന്നത്.

ഈയിടെ 11 ജീവനക്കാരുള്ള യു.എ.ഇ കപ്പൽ ഹൂതികൾ പിടിച്ചെടുത്തിരുന്നു. യു.എൻ ആവശ്യപ്പെട്ടിട്ടുപോലും അവർ ഇത് തിരിച്ചുകൊടുത്തിട്ടില്ല. ഈ കപ്പലിൽ ആശുപത്രി ഉപകരണങ്ങളാണെന്നാണ് യു.എ.ഇ പറയുന്നത്. എന്നാൽ ഇതിൽ തങ്ങളെ തകർക്കാനുള്ള ആയുധങ്ങളാണെന്നാണ് ഹൂതികൾ പറയുന്നത്. അങ്ങനെ പശ്ചിമേഷ്യയിൽ മൊത്തം അശാന്തി വിതക്കുകയാണ് ഹൂതികൾ.

അടിസ്ഥാനം സുന്നി- ഷിയാ വൈരത്തിൽ

ലോകമെമ്പാടുമുള്ള സുന്നി-ഷിയാ സംഘർഷങ്ങളുടെ തുടർച്ച തന്നെയാണ് ഇന്ന് ഹൂതികൾക്ക് പകുതി രാജ്യ നിയന്ത്രണമുള്ള യമനിലും സംഭവിച്ചത്. യമനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികൾ. സുന്നികൾ സയിദികളെ അടിച്ചമർത്തുന്നതിനോടുള്ള ചെറുത്തുനിൽപ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്.ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇയാൾ സ്ഥാപിച്ച സംഘമാണ് പിന്നീട് ഹൂതികളായി രൂപാന്തരം പ്രാപിച്ചത്.

1990വരെ സോവിയറ്റ് നിയന്ത്രണത്തിലുള്ള കമ്യൂണിസ്റ്് രാഷ്ട്രമായ തെക്കൻ യമനും, സുന്നി രാഷ്ട്രമായ വടക്കൻ യമനുമായി രണ്ട് രാജ്യങ്ങളായിരുന്നു ഈ നാട്. സോവിയറ്റ് യൂണിയന്റെ പിടി അയഞ്ഞതോടെ, ജർമ്മനി ഒന്നായപോലെ, ഐക്യ യമൻ പിറന്നു. അലി അബ്ദുള്ള സലേ രാഷ്ട്രത്തലവനായി. 1990ൽ പുതിയ ഭരണഘടന വന്നു. പക്ഷേ, സലേയുടെ ഭരണരീതികൾ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കി. സലേ അവഗണിക്കുന്നുവെന്ന് ഷിയാ വിഭാഗമായ സെയ്ദികൾ ആരോപിച്ചു. അവർ അട്ടിമറി ശ്രമം നടത്തുന്നുവെന്ന് സലേയും.

1990 കളിൽ ആണ് ഹൂതികൾ ശക്തി പ്രാപിക്കുന്നത്. 2004 ൽ ഹുസൈൻ അൽഹൂതിയുടെ മരണത്തിന് ഇടയാക്കിയ സർക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. ഇതോടെ ലക്ഷണമെത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികൾ മാറി. ഇറാന്റെ പിന്തുണതോടെ വളരെ പെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെയും, ലങ്കയിലെ തമിഴ്പുലികളെപ്പോലെയും എല്ലാവിധ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.

2011ൽ ഏകാധിപതികളായ അറേബ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾക്ക് എതിരെയുണ്ടായ മുല്ലപ്പൂ വിപ്ലവം എന്ന് പേരിട്ട സായുധകലാപങ്ങൾ ഫലത്തിൽ ഹൂതികൾക്കും ഗുണം ചെയ്തു. 33 വർഷം അധികാരത്തിലിരുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയെ പുറത്താക്കാൻ യമെൻ ജനത തെരുവിലിറങ്ങി. വ്യാപകപ്രക്ഷോഭങ്ങൾ, ഉപരോധങ്ങൾ, വധശ്രമം, അയൽരാജ്യങ്ങളുടെ സമ്മർദം. എല്ലാമായപ്പോൾ സലേ രാജിവെച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് അബ്ദ്‌റബ്ബോ മൻസൂർ ഹാദി പ്രസിഡന്റായി. ആഭ്യന്തരയുദ്ധം തുടങ്ങി. ഇതോടെ ഹൂതികൾ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു.

പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യമനിലെ പ്രധാന കേന്ദ്രങ്ങൾ മുഴുവൻ ഹൂതികൾ പിടിച്ചടക്കി. സർക്കാരും സൈന്യവും പ്രതിരോധത്തിലായി. എതിർക്കുന്നവരെ പല്ലിന് പല്ല് കണ്ണിന് എന്ന ശൈലിയിൽ നേരിട്ടു. തങ്ങളിൽ ഒരാളെ കൊന്നാൽ പത്താളെ കൊന്ന് പകവീട്ടുക എന്നതാണ് ഹൂതികളുടെ ശൈലി. തലവെട്ടലും, കണ്ണ് ചൂഴ്്ന്ന് കൊല്ലലും, തിളപ്പിച്ച എണ്ണയിൽ മുക്കി തൊലിയിരിച്ച് കൊല്ലലുമെല്ലാമായി ക്രൂരതയുടെ പരമ്പരകൾ. അങ്ങനെ ഒരുവേള ഷിയാ ഐസിസ് എന്നപേര് ഞെട്ടലോടെ ലോകം ഇവർക്ക് നൽകി. 2014 സെപ്റ്റംബറിൽ ഹൂതികൾ തലസ്ഥാനമായ സനാ ആക്രമിച്ചു. നിയന്ത്രണം പിടിച്ചെടുത്തു. ഹാദി സൗദി അറേബ്യയിൽ അഭയം തേടി. എന്നാൽ സുന്നി രാജ്യമായ സൗദി അടക്കമുള്ളവർക്ക് ഇത് പിടിച്ചില്ല. ഷിയകൾ ഒരു സുന്നി രാഷ്ട്രത്തിൽ അധികാരം പിടിക്കയോ. അവർ ഒമ്പത് സഖ്യരാഷ്ട്രങ്ങളെയും ചേർത്ത് യമനെതിരെ പടനയിച്ചു. ആ യുദ്ധം ഇന്നും അവസാനിക്കാതെ തുടരുകയാണ്.

ഒമ്പത് സുന്നി രാഷ്ട്രങ്ങളെ ഒറ്റക്ക് തോൽപ്പിച്ച ഹൂതികൾ

ഇന്ന് ഷിയകൾ ജനസംഖ്യാപരമായും വളർന്നിരിക്കുന്നു. 54 ശതമാനം സുന്നികളും 45 ശതമാനം ഷിയകളും എന്ന രീതിയിലാണ് ഇപ്പാൾ യമന്റെ ജനസംഖ്യ. ആയത്തുള്ള ഖുമേനി ഇസ്ലാമിക വിപ്ലവകാലത്ത് ഇറാനിൽ ഉയർത്തിയ അതേ മുദ്രാവാക്യങ്ങളാണ് ഹൂതികൾ യമന്റെ തെരുവുകളിൽ ഉയർത്തിയത്. ''അള്ളാഹു അക്‌ബർ, അമേരിക്ക നശിക്കട്ടെ, ഇസ്രയേൽ നശിക്കട്ടെ, ദൈവം യഹൂദന്മാരെ ശപിക്കട്ടെ, ഇസ്ലാമിന്റെ വിജയം'' എന്ന അഞ്ച് മുദ്രാവാക്യങ്ങൾ.

ക്രൂരതയുടെ പര്യായമാണെങ്കിലും ഹൂതികളുടെ പേരാട്ടവീര്യത്തെ കാണാതിരിക്കാൻ ആവില്ല. സൗദി, യു.എ.ഇ, കുവൈത്ത്, മൊറോക്കോ, ഈജിപ്ത്, ജോർദാൻ, ലിബിയ, ഖത്തർ, ബഹഹൈൻ, എന്നീ ഒമ്പത് സുന്നി രാഷ്ട്രങ്ങളാണ് 2015ൽ സഖ്യസേനയുണ്ടാക്കി ഹൂതികൾക്കെതിരെ ആക്രമണത്തിന് തുനിഞ്ഞത്. പാക്കിസ്ഥാൻ, സുഡാൻ എന്നിവരും ഒട്ടുമിക്ക സുന്നി രാജ്യങ്ങളും പരോക്ഷ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. സൗദിയിലെ സൽമാൻ രാജാവ് ആയിരുന്നു എല്ലാറ്റിനും നേതൃത്വം കൊടുത്തിരുന്നത്. സൗദി ഒന്നരലക്ഷം ഭടന്മാരെയും യുദ്ധത്തിന് വിട്ടുകൊടുത്തു. യുദ്ധവിമാനങ്ങളും കപ്പലുകളുമാണ് സഖ്യരാഷ്ട്രങ്ങൾ കൊടുത്തത്. ഇതിനൊപ്പം യമനിലെ ഔദ്യോഗിക സേനയും ചേരുമ്പോൾ ഹൂതികളുടെ പതനം എളുപ്പമാവുമെന്നാണ് പൊതുവെ കരുതിയത്.

ഇതിന് പുറമെ അൽഖായിദയുടെയും ഐസിസിന്റെയും പിന്തുണ സഖ്യസേനക്ക് ഉണ്ടായിരുന്നു. സഖ്യസേനക്കുവേണ്ടി യുദ്ധത്തിന്റെ മൂൻ നിരയിൽ ഉണ്ടായിരുന്നത് അൽഖായിദയുടെ സൈനികർ ആയിരുന്നു. അമേരിക്കയുടെ ഉപഗ്രഹരാഷ്ട്രം എന്ന വിളിപ്പേരുള്ള സൗദി അന്നത്തെ യു.എസ് പ്രസിഡന്റ് ഒബാമയുടെ ആശീർവാദത്തോടെയാണ് പോരിന് ഇറങ്ങിയത്. മാത്രമല്ല ഇവർക്ക് ആധുനിക ആയുധങ്ങൾ നൽകിയത് അമേരിക്കയും, ഫ്രാൻസും, ബ്രിട്ടനുമായിരുന്നു.

2015ൽ യുദ്ധം തുടങ്ങുമ്പോൾ എളുപ്പത്തിൽ ജയിക്കാമെന്നായിരുന്നു സൽമാൻ രാജാവ് കരുതിയത്. കാരണം തങ്ങൾക്ക് ആധുനിക യുദ്ധോപകരങ്ങളും, കപ്പലുകളും, ഫൈറ്റർ ജെറ്റുകളും ഒക്കെയുണ്ട്. ഹൂതികളുടെ കൈയിൽ തോക്കുകളും, ടാങ്കുകളുമാണ് അധികമുള്ളത്. യുദ്ധം തുടങ്ങിയാൽ ഹൂതികൾ തവിടുപൊടിയാകുമെന്നാണ് പലരും കരുതിയത്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. 2015ൽ തുടങ്ങിയ സൈനിക നീക്കത്തിൽ അൽപ്പവും മുന്നേറാൻ സഖ്യസേനക്ക് ആയിട്ടില്ല. ആദ്യം ആക്രമിക്കാൻ ഓടിക്കൂടിയവർക്കെല്ലാം ആവേശം കുറഞ്ഞു. ഇപ്പോൾ സൗദിക്കുവരെ എങ്ങനെയെങ്കിലും ഇവിടെ തടിയൂരിയാൽ മതിയെന്നായി.

പുലിവാലുപിടിച്ച് സൗദി

67ൽ ഇസ്രയേൽ എന്ന കുഞ്ഞൻ രാഷ്ട്രത്തെ ആക്രമിക്കാനായി, ഈജിപ്തിലെ ആദരണീയനായ ലോക നേതാവ് നാസറിന്റെ നേതൃത്വത്തിൽ അറബ്ലോകം ഒറ്റക്കെട്ടായി എത്തിയതുപോലുള്ള അനുഭവമാണ് ഇവിടെയും ഉണ്ടായത്. ആദ്യം തവിടുപൊടിയാവുമെന്ന് കരുതിയ ഇസ്രയേൽ, കരുത്തുറ്റ വ്യോമാക്രമണത്തിലൂടെ ഈ വൻ ശക്തികളെ തോൽപ്പിച്ച കഥ, ലോകത്തിലെ യുദ്ധ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായാണ് കണക്കാക്കപ്പെടുന്നത്. ഹൂതികളുടെ കാര്യത്തിൽ നാസറിന് പറ്റിയ അതേ അബദ്ധം സൗദിയിലെ സൽമാൻ രാജാവിനും പറ്റി. അതിനകം സന എന്ന യമന്റെ തലസ്ഥാന നഗരം കൈയടക്കിയ ഹൂതികൾ അതിശക്തമായാണ് തിരിച്ചടിച്ചത്.

മലകളും കുന്നുകളും മരുഭൂമികളും ഇടകലർന്ന യമന്റെ ഭൂമിശാസ്ത്രം തന്നെയാണ് അറബ് സഖ്യകക്ഷികൾക്ക് തിരിച്ചടിയായതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഒരു തരം ഒളിപ്പോർ ആക്രമണമാണ് ഹൂതികൾ അഴിച്ചുവിട്ടത്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയ്ക്ക് പറ്റിയപോലുള്ള പറ്റ്. മറ്റൊരു ഘടകം അവർ ഫലസ്തീൻ തീവ്രവാദികൾ ചെയ്യുന്നപോലെ മനുഷ്യകവചവും നന്നായി ഉപയോഗിച്ചു എന്നതാണ്. സഖ്യസേനയുടെ ഓരോ ആക്രമണങ്ങളിലും സിവിലിയന്മാരാണ് കൂടുതൽ കൊല്ലപ്പെട്ടത്. സ്ത്രീകളെയും കൂട്ടികളെയും മറയാക്കി ഹൂതികൾ പ്രത്യാക്രമണം നടത്തി. പക്ഷേ ഹൂതികളുടെ യഥാർഥ ബലം ഇറാൻ തന്നെയായിരുന്നു. ഇന്ന് ആണവ ശക്തികൂടിയായ ഈ ഷിയാ രാഷ്ട്രത്തിന്, ലോകത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങൾവരെയുണ്ട്. ഇറാനിനിന്ന് കിട്ടിയ കൃത്യമായ പരിശീലനവും ആധുനിക ആയുധങ്ങളുമാണ് ഹൂതികളെ നിലനിർത്തിയത്. അത്യന്താധുനിക മിസൈൽ ശേഖരംവരെ ഇന്ന് അവരുടെ പക്കലുണ്ട്.

2018ൽ മാത്രം പതിനായിരത്തോളം സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതും സൗദിക്കെതിരെ രാജ്യന്തര തലത്തിൽ ആയുധമായി. സൽമാൻ രാജാവ് ബ്രിട്ടൻ സന്ദർശിച്ചപ്പോൾ ഈ കൊലയുടെ പേരിൽ അവിടെ ഷിയാക്കൾ പ്രതിഷേധിച്ചു. കൊലയാളിയായ സൽമാൻ രാജാവിനെ ബ്രിട്ടനിൽ കാലുകുത്താൻ അനുവദിക്കരുതെന്ന് പ്രഖ്യാപിച്ചു. യമനിലെ സഖ്യസേനാ മുന്നേറ്റങ്ങൾ എങ്ങുമെത്താതെ ആയതോടെ ഒരോരുത്തരായി പതുക്കെ വലിയാൻ തുടങ്ങി. 2019ൽ യു.എ.ഇ പിന്മാറി. അമേരിക്കയിലും ഇതിനിടെ രാഷ്ട്രീയ മാറ്റം വന്നു. ട്രംപ് അധികാരത്തിലേറി. അനാവശ്യമായി അമേരിക്ക എന്തിന് മറ്റ് രാജ്യങ്ങളിൽ പോയി തിരിച്ചടി ഏറ്റവും വാങ്ങുന്നുവെന്നാണ് ട്രംപിന്റെ ചോദ്യം. അഫ്ഗാനിൽനിന്ന് അമേരിക്കൻ സൈന്യം പിന്മാറുന്ന് അങ്ങനെയാണ്. ഇത് താലിബാന്റെ തിരിച്ചുവരവിന് ഇടയാക്കി. അതുപോലെ ആയുധവും സാങ്കേതിക സഹായാവും ചുമ്മാകൊടുത്ത് യമൻ സഖ്യസേനയെ നിലനിർത്തുന്ന കാര്യവും, അമേരിക്ക പുനപരിശോധിച്ചു. ഇപ്പോൾ സൗദിക്കും പഴയ ആവേശമില്ല. എങ്ങനെയെങ്കിലും തടിയൂരിയാൽ മതിയെന്ന അവസ്ഥയാണ് സൽമാൻ രാജാവിന്. പക്ഷേ ഹൂതികൾ വിടാനുള്ള ഭാവമില്ല. സൗദിയുടെയും യു.എന്നിന്റെയും എല്ലാ സമാധാന ചർച്ചകളും അവർ അംഗീകരിക്കുന്നില്ല. സൗദിയെ മൂച്ചൂടും മുടിക്കുമെന്നാണ് അവർ സൂചന നൽകുന്നത്.

അടുത്തിടെ ഡ്രോണുകൾക്ക് നേരെ തൊടുക്കാവുന്ന വിധത്തിലുള്ള യാസിൻ മിസൈലുകളാണ് ഇറാൻ പുതിയതായി വികസിപ്പിച്ചത്. ജി.പി.എസുകളും മറ്റ് സെൻസറുകളുമുപയോഗിച്ച് ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന ബലബാൻ എന്ന മിസൈലാണ് മറ്റൊന്ന്. ഇതിലേതൊ ഒന്നാണ് ഇപ്പോൾ യു.എ.ഇയിലേക്ക് ഡ്രോൺ വഴി തൊടുത്ത് എന്നാണ് കരുതുന്നത്.

സൗദിയെ പാട്രിയറ്റ് മിസൈൽ രക്ഷിക്കമോ?

ഇറാന്റെ പിന്തുണയോടെ ഹൂതികൾ മിസൈൽ ശക്തികൾ ആയത് തിരിച്ചടിയായത്് സൗദിക്കാണ്. സൗദി എണ്ണക്കമ്പനികൾക്കുനേരെ തുടർച്ചയായ ആക്രമണമാണ് ഇവർ നടത്തിയത്. 2019 സെപ്റ്റമ്പറിൽ നടത്തിയ ആരോംകോ ആക്രമണം ലോകത്തെ നടുക്കിയിരുന്നു. ഗൾഫ് മേഖലയിൽ ഇത് സൃഷ്ടിച്ചത് യുദ്ധ സമാനമായ അന്തരീക്ഷമാണ്. ദമാമിനടുത്ത്, ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റുകളുള്ള അബ്ഖുയൈഖ്, ഖുറൈസ് എന്നിവിടങ്ങളിലായിരുന്നു അന്ന് ഹൂതികളുടെ മിസൈൽ ആക്രമണം നടത്തിയത്.

ഇതോടെ എണ്ണ ഉത്പാദനം പകുതിയായി കുറയ്‌ക്കേണ്ടി വരുമെന്ന് ആശങ്കയുണ്ടായിരുന്നു. ഈ രണ്ട് കേന്ദ്രങ്ങളിലും 10 ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. യുദ്ധം തുടരുകയാണെങ്കിൽ ആക്രമണം ശക്തമാകുമെന്നും ഹൂതി സൈനികവക്താവ് അൽ മസരിയ അന്ന് സൗദിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സൗദിയിലെ ജനവാസകേന്ദ്രമായ അബഹയിലെ വിമാനത്താവളം ഉൾപ്പെടെ അതിർത്തിമേഖലകളിൽ ഒട്ടേറെ ഡ്രോൺ ആക്രമണങ്ങളാണ് ഹൂതി വിമതർ നടത്തിവന്നിരുന്നത്. 2018ൽ തന്നെ ശൈബയിലെ എണ്ണക്കുഴൽ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് തീപ്പിടിത്തമുണ്ടായിരുന്നു. മേയിൽ രണ്ട് പമ്പിങ് സ്റ്റേഷനുകൾ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇത് ഫലത്തിൽ സൗദിയെ സാമ്പത്തികമായും അസ്ഥിരമാക്കുകയാണ്.

യമനിലെ ജനവാസ കേന്ദ്രങ്ങളിൽ സൗദി അറേബ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് സൗദിയിലെ വിവിധ സ്ഥലങ്ങൾ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ പക്ഷം. 250ഓളം മിസൈലുകളാണ് അവർ ഇതുവരെ സൗദിയിലേക്ക് പ്രയോഗിച്ചത്. ലക്ഷ്യമെത്തും മുമ്പ് ഭൂരിഭാഗവും മിസൈൽ വേധ പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് സൗദി സേന തകർത്തു. 2017ലും മക്ക ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തായിഫിൽവെച്ച് തകർത്തിരുന്നു. സദ്ദാമിന്റെ സ്‌കഡ് മിസൈലുകളിൽനിന്ന് കുവൈറ്റിനെ രക്ഷിച്ച പാട്രിയറ്റ് അമേരിക്കയാണ് സൗദിക്ക് കൊടുത്തത്. പക്ഷേ ഇതൊന്നു നൂറുശതമാനം സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ സൗദിയിലും ഇപ്പോൾ ഭീതി ഉയരുന്നുണ്ട്. സൗദിയിൽ ആക്രമണം ഉണ്ടാകുമ്പോൾ അത് കേരളത്തിലും ഭീതി ഉയർത്തുകയാണ്. മാത്രമല്ല ആ രാജ്യം സാമ്പത്തികമായി അസ്ഥിരപ്പെടുകയുമാണ് ഇതുമൂലം ഉണ്ടാവുന്നത്.

അൽഖായിദ പ്ലസ് ഐസിസ് വേഴ്സസ് ഹൂതികൾ

ഇപ്പോൾ ആര് ആരെ ആക്രമിക്കും എന്ന് അറിയാത്ത അവസ്ഥയാണ് യമനിൽ ഉള്ളതെന്ന് ബി.ബി. സി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പകുതി ഷിയാക്കളുടെ കൈയിലും മറുഭാഗം സുന്നികളുടെ കൈയിലുമാണ്. അൽഖായിദക്കും ഐസിസിനും വേരുള്ള ഇടമാണ് ഇവിടം. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇപ്പോൾ അൽഖാദിയും ഐസിസും തമ്മിലും ഇവർ രണ്ടുപേരും ചേർന്ന് ഹൂതി വിമതർക്കെതിരെയും യുദ്ധം നടക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വെടിയൊച്ചകൾ കേൾക്കാത്ത നിമിഷങ്ങൾ ഈ രാജ്യത്ത് ഇല്ല. ഇതിനിടെ താരതമ്യേന മിതവാദികളായ ഒരു വിഭാഗവും ഉയർന്നുവന്നിട്ടുണ്ട്. യു.എ.ഇ ഇവരുടെ കൂടെയാണ്.പക്ഷേ ഹുതികൾ ഇവരെയും അംഗീകരിക്കുന്നില്ല.

ഇങ്ങനെ ഇസ്ലാമിക ശക്തികൾ പരസ്പരം പോരടിക്കുന്നതിനിടെ ജനം പകർച്ചവ്യാധികളും പട്ടിണികളുമായി ദുരിതത്തിലാണ്. ഇന്ന് ലോകത്തിൽ ഏറ്റവും വലിയ പട്ടിണിയുള്ള രാജ്യങ്ങളിൽ ഒന്നാണ് യമൻ. അഴിമതിയും അരാജകത്വവും സർവ സാധാരണം. ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന കോളറ പോലുള്ള പകർച്ചവ്യാധികൾ നൂറുകണക്കിന് ജീവനാണ് അപഹരിക്കാറുള്ളത്. നിലയ്ക്കാത്ത യുദ്ധവും കെടുതികളുംമൂലം രാജ്യം സമ്പൂർണ്ണമായ നാശത്തിലേക്കാണ് നീങ്ങുന്നത്. എണ്ണകൊണ്ട് സമ്പന്നമായ ഒരു ഗൾഫ് രാജ്യം ഇന്ന് മതയുദ്ധങ്ങൾ കൊണ്ട്, ആഫ്രിക്കയേക്കാൾ മോശമായ അവസ്ഥയിലാണ്. ഇനി ഇതിനൊരു പരിഹാരം എന്ന നിലയിൽ പലരും പറയുന്നത്, പഴയതുപോലെ യമനെ വടക്കൻ യമൻ എന്നും തെക്കൻ യെമൻ എന്നും രണ്ടായി തിരിക്കയാണ്. ഒരു ഭാഗം ഹൂതികൾക്കും മറുഭാഗം സുന്നികൾക്കും കൊടുക്കാമെന്ന് പറയുന്നു. പക്ഷേ ഇതും ഹൂതികൾ ഇപ്പോൾ അംഗീകരിക്കുന്നില്ല. യുദ്ധം ചെയ്ത് രാജ്യം മുഴുവൻ നേടുമെന്നാണ് അവർ പറയുന്നത്. പക്ഷേ അപ്പോഴേക്കും എത്രപേർ ജീവിച്ചിരിക്കുമെന്ന് കണ്ടറിയണം.

മാത്രമല്ല രണ്ടായിരം കിലോമീറ്ററിന് അപ്പുറത്തിന് നിന്ന് രണ്ട് രാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് ഡ്രോൺ ആക്രമണം നടത്താൻ കഴിയുമെങ്കിൽ അവർ എത്രകണ്ട് ശക്തരായിരിക്കണം. ഒരു ആണവ ശക്തിയായ ഇറാന്റെ സഹായവും ഹൂതികൾക്ക് ഉള്ളത് ഞെട്ടിക്കുന്നത്. നാളെ ബുർജ് ഖലീയിൽ അവർ ഒരു മിസൈൽ ആക്രമണം നടത്തിയാലുള്ള സ്ഥിതിയെന്താവും. അതുകൊണ്ടുതന്നെ അനന്തമായി നീളുന്ന യുദ്ധമല്ലാതെ ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. പക്ഷേ ജോ ബൈഡൻ ഭരണകൂടം അതിന് മുൻകൈ എടുക്കില്ല എന്ന് ഉറപ്പാണ്. യു.എന്നും സൗദിയും ഒന്നും പറഞ്ഞാൽ ഹൂതികൾ കേൾക്കില്ല. കാരണം ഇത് മതം ഇടപെട്ട പ്രശ്നമാണ്. സുന്നി-ഷിയ എന്ന പ്രവാചകന്റെ കാലത്തോളം പഴക്കമുള്ള വിഭജനത്തിന്റെ പ്രശ്നമാണ്. ഒരാൾ മറ്റൊരാളുടെ മുന്നിൽ തോറ്റുകൊടുക്കുന്നത് ഇരുകൂട്ടർക്കും താങ്ങാനാവില്ല. അതിനാൽ ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് ആർക്കും വ്യക്തതില്ലെന്നും യമനെ ദൈവം രക്ഷിക്കട്ടെ എന്നുമാണ് ഇതുസംബന്ധിച്ച് ഡോക്യുമെന്റികളും മറ്റും ചെയ്ത സഫ അൽ അഹമ്മദ് എന്ന സൗദി മാധ്യമ പ്രവർത്തക പറയുന്നത്. യമന്റെ കണ്ണുനീരിനും, ഹൂതികളുടെ പകയ്്ക്കും അടുത്തകാലത്തൊന്നും പരിഹാരം ഉണ്ടാവില്ലെന്ന് ചുരുക്കം.

വാൽക്കഷ്ണം: അങ്ങനെ അപരാജിതരായി ഇരിക്കുന്ന ഹൂതികൾക്ക് ശരിക്കും പൂട്ടു വീഴുക ഇസ്രയേൽ ഈ വിഷയത്തിൽ ഇടപെട്ടാലാണ്. കാരണം ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള രാജ്യമാണ് യു.എ.ഇ. സൗദിയും ഖത്തറും അടക്കമുള്ള രാജ്യങ്ങളുടെ എല്ലാ സമ്മർദവും തള്ളിയാണ് യൂ.എ.ഇ ഈ നിലപാട് എടുത്തത്. ഇപ്പോൾ യു.എ.ഇയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തെ കടുത്ത ഭാഷയിൽ ഇസ്രയേൽ അപലപിച്ചു കഴിഞ്ഞു. ഇനിയും ആക്രമണങ്ങൾ കൂടുകയാണെങ്കിൽ ഇസ്രയേലിൽ സ്ഥാപിച്ചപോലുള്ള മിസൈൽ പ്രതിരോധകവചമായ അയേൻ ഡോം യു.എ.ഇയിലും സ്ഥാപിക്കേണ്ടതുപോലുള്ള സാധ്യതകൾ പരിശോധിക്കേണ്ടിവരും. മാത്രമല്ല മൊസാദിന്റെ ഒരു കണ്ണ് ഇനി ഹൂതികളുടെ മേലും ഉണ്ടാവും. രാജ്യാന്തര മാധ്യമങ്ങൾ ആ സാധ്യതയും തള്ളിക്കളയുന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP