Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിഎസ്‌സി ആസ്ഥാനത്തും കോവിഡ് പ്രതിസന്ധി; ചെയർമാനും നിരവധി ജീവനക്കാർക്കും കോവിഡ്; സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി ഉദ്യോഗാർത്ഥികളെ വിളിച്ചുവരുത്തുന്നത് വൈറസ് കോട്ടയിലേയ്ക്ക്; ഓഫീസ് കോവിഡ് ഹബ്ബാകുമ്പോഴും ടെസ്റ്റുകൾ മാറ്റില്ലെന്ന പിടിവാശിയിൽ അധികൃതരും

പിഎസ്‌സി ആസ്ഥാനത്തും കോവിഡ് പ്രതിസന്ധി; ചെയർമാനും നിരവധി ജീവനക്കാർക്കും കോവിഡ്; സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി ഉദ്യോഗാർത്ഥികളെ വിളിച്ചുവരുത്തുന്നത് വൈറസ് കോട്ടയിലേയ്ക്ക്; ഓഫീസ് കോവിഡ് ഹബ്ബാകുമ്പോഴും ടെസ്റ്റുകൾ മാറ്റില്ലെന്ന പിടിവാശിയിൽ അധികൃതരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോവിഡ് പടർന്നുപിടിക്കുമ്പോൾ പട്ടത്തെ പിഎസ്‌സി ആസ്ഥാനവും കോവിഡ് ഭീതിയിലാണ്. നാൽപത്തിരണ്ടിലേറെ ജീവനക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പോസിറ്റീവായത്. പിഎസ്‌സി ചെയർമാനും ഒരു അംഗവും കോവിഡ് ബാധിതരായി ചികിൽസയിലാണ്. രണ്ട് അംഗങ്ങൾ നിരീക്ഷണത്തിലുമാണ്. എന്നാൽ കോവിഡ് ഹബ്ബായി മാറികൊണ്ടിരിക്കുന്ന പിഎസ്‌സി ആസ്ഥാനത്തേയ്ക്ക് ഉദ്യോഗാർത്ഥികളെ വിളിച്ചുവരുത്തി അഭിമുഖ പരീക്ഷകളും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടത്തുന്നതിൽ യാതൊരു നിയന്ത്രണങ്ങളുമില്ല. വകുപ്പുതല പരീക്ഷകളുടെ സർട്ടിഫിക്കറ്റുകളുടെ വിതരണവും ഇതിനിടയിൽ പിഎസ്‌സി ആസ്ഥാനത്ത് തകൃതിയായി നടക്കുന്നുണ്ട്.

പിഎസ്‌സി ജീവനക്കാർക്ക് കോവിഡ് പടർന്നുപിടിക്കുന്ന അവസ്ഥയിലും പരീക്ഷകൾ മാറ്റുന്ന കാര്യം പരിഗണനയിലില്ലെന്നാണ് അധികൃതർ പറയുന്നത്. ടെസ്റ്റുകൾ നടത്തുന്ന നഗരത്തിലെ പല സ്‌കൂളുകളും കോളേജുകളും കോവിഡ് ക്ലസ്റ്ററുകളാണ്. മാർ ഇവാനിയോസ് കോളേജ്, എംജി കോളേജ്, ഓൾ സെയ്ൻസ് കോളേജ് തുടങ്ങിയവ കോവിഡ് വ്യാപനത്തെ തുടർന്ന് പൂട്ടികഴിഞ്ഞു. കോവിഡ് മൂലം ഒമ്പതാം ക്ലാസുകൾ വരെ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വ്യാപകമായി കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പല സ്‌കൂളുകളും സ്വന്തം നിലയിൽ പത്താം ക്ലാസുകൾക്കും അവധി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനമുള്ള സ്‌കൂൾ കെട്ടിടങ്ങളിൽ വച്ച് ടെസ്റ്റ് നടത്താനുള്ള ശ്രമവും ചോദ്യം ചെയ്യപ്പെടുന്നു.

പിഎസ്‌സി ടെസ്റ്റുകൾ മാറ്റിവയ്ക്കാനുള്ള ആലോചന ഇപ്പോഴില്ലെന്ന് പിഎസ്‌സി പരീക്ഷാ കൺട്രോളർ വ്യക്തമാക്കി. അത്തരം ഒരു ആവശ്യവും ഉയർന്നിട്ടില്ലെന്നാണ് അവരുടെ വിശദീകരണം. എന്നാൽ ഭരണാനുകൂല യൂണിയനുകൾക്കുള്ളിൽ വരെ ഇക്കാര്യത്തിൽ എതിർപ്പുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല, പിഎസ്‌സി മാറ്റിവയ്ക്കുന്നതിന് സർക്കാർ അനുമതി ഇതുവരെ ലഭിക്കാത്തതാണ് തടസമെന്നും സൂചനകളുണ്ട്. പിഎസ്‌സി ആസ്ഥാനത്ത് നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒട്ടനവധി ജീവനക്കാരാണ് കോവിഡ് ബാധിതരായി മെഡിക്കൽ ലീവെടുത്ത് പോയിട്ടുള്ളത്. കൂടുതൽ പേരെ രോഗികളാക്കാനാണോ അധികാരികളുടെ ശ്രമമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.

ജിവനക്കാർക്കിടയിൽ കോവിഡ് പടർന്ന് പിടിക്കുമ്പോൾ പരീക്ഷ ഡ്യൂട്ടിയും അനിശ്ചിതാവസ്ഥയിലാണ്. ജനുവരി ഫെബ്രുവരി മാസങ്ങളിലായി എഴുപതോളം തസ്തികകളിലേയ്ക്കാണ് തിരുവനന്തപുരത്ത് മാത്രം പരീക്ഷ നടക്കാനുള്ളത്. എന്നാൽ ഡ്യൂട്ടി ലഭിച്ചിരിക്കുന്ന പല ജീവനക്കാരും കോവിഡ് പോസിറ്റീവായി ഐസുലേഷനിലേയ്ക്ക് മാറുകയാണ്. അവസാന നിമിഷങ്ങളിൽ ഡ്യൂട്ടികൾ മാറ്റി നൽകുന്നത് മൂലം വലിയ ബുദ്ധിമുട്ടാണ് ജീവനക്കാർക്കുണ്ടാകുന്നത്. ഇത് ജീവനക്കാരിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പിഎസ്‌സി ചെയർമാൻ അഡ്വ. സക്കീർ കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിൽസയിലാണ്. അദ്ദേഹത്തിനിത് രണ്ടാം തവണയാണ് അസുഖം ബാധിക്കുന്നത്. കോവിഡ് വ്യാപനം എത്ര ഉയർന്നാലും പരമാവധി പരീക്ഷകൾ നടത്തുമെന്ന് പിടിവാശിയിലാണ് അദ്ദേഹം. വൈറസ് കോട്ടയായി മാറുന്ന ആസ്ഥാന ഓഫീസിലെ അഭിമുഖങ്ങൾക്കും സെർട്ടിഫിക്കറ്റ് വെരിഫിക്കേഷനുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്ന് പിഎസ്‌സിയോട് അടുത്ത വൃത്തങ്ങൾ പരാതിപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP