Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിയുടെ മോഹം കോടിയേരിയെ ആഭ്യന്തരം ഏൽപ്പിച്ച് മരുമകനെ എകെജി സെന്റർ ഏൽപ്പിക്കാൻ; ന്യൂനപക്ഷ ചർച്ചകളുടെ നേട്ടം സ്വന്തമാക്കാൻ എളമരം കരിമും; സിപിഎമ്മിനെ വെട്ടിലാക്കി മുരളീധരന്റെ റിയാസിന്റെ മുഖ്യമന്ത്രിപദ മോഹ ചർച്ചയും; അസ്വസ്ഥരായി ബേബിയും തോമസ് ഐസക്കും; എറണാകുളത്ത് ചർച്ചകൾ കൊഴുക്കും

പിണറായിയുടെ മോഹം കോടിയേരിയെ ആഭ്യന്തരം ഏൽപ്പിച്ച് മരുമകനെ എകെജി സെന്റർ ഏൽപ്പിക്കാൻ; ന്യൂനപക്ഷ ചർച്ചകളുടെ നേട്ടം സ്വന്തമാക്കാൻ എളമരം കരിമും; സിപിഎമ്മിനെ വെട്ടിലാക്കി മുരളീധരന്റെ റിയാസിന്റെ മുഖ്യമന്ത്രിപദ മോഹ ചർച്ചയും; അസ്വസ്ഥരായി ബേബിയും തോമസ് ഐസക്കും; എറണാകുളത്ത് ചർച്ചകൾ കൊഴുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മിൽ ഒറ്റക്കെട്ടാണ്. ബിനീഷ് കോടിയേരിയ്‌ക്കെതിരെ അതിരൂക്ഷ ആരോപണവും കേസും വന്നു. ബിനീഷ് ഏതാണ്ട് ഒരു വർഷം ജയിലിലും കിടന്നു. നാണക്കേട് കാരണം കോടിയേരി പാർട്ടിയിൽ നിന്ന് അവധി എടുത്തു. ഈ അവധി റദ്ദാക്കി തിരിച്ചു കൊണ്ടു വന്നത് പിണറായി വിജയനായിരുന്നു. ഇതിന് കാരണം രാഷ്ട്രീയത്തിൽ സജീവമാക്കി കോടിയേരിയെ മന്ത്രിസഭയിൽ രണ്ടാമനാക്കാനായിരുന്നു. കോടിയേരിയെ ആഭ്യന്തര മന്ത്രിയാക്കി മരുമകൻ കൂടിയായ മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടറിയാക്കാനായിരുന്നു ഇതെല്ലാം. എന്നാൽ കോടിയേരി മാറുന്നുവെങ്കിൽ മാറട്ടെ പാർട്ടി സെക്രട്ടറിയായി ഞാനെത്തുമെന്ന നിലപാട് എളമരം കരിം എടുത്തതായാണ് സൂചന. ഈ രണ്ട് നിലപാടുകളോടും അതൃപ്തിയിലാണ് എംഎ ബേബിയും തോമസ് ഐസക്കും. അങ്ങനെ സിപിഎമ്മിൽ വല്ലാത്തൊരു സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്.

രണ്ടു പതിറ്റാണ്ടിലേറെയായി വി എസ് അച്യുതാനന്ദനും പിണറായി വിജയുമായിരുന്നു സിപിഎമ്മിലെ രണ്ട് ചേരികളുടെ നേതാക്കൾ. വിഎസിന വെട്ടുന്നതിൽ പിണറായി വിജയിക്കുകയും ചെയ്തു. സെക്രട്ടറി പദവിയിൽ സംഘടനയെ കൈയിലൊതുക്കിയായിരുന്നു ഇതെല്ലാം. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനത്തിൽ ഒന്നും വി എസ് ഫാക്ടറില്ല. സംസ്ഥാന സമ്മേളനത്തിന് അസുഖ കിടക്കയിലുള്ള വി എസ് എത്താനും സാധ്യതയില്ല. അപ്പോഴും എറണാകുളത്തെ സംസ്ഥാന സമ്മേളനത്തിൽ അതിശക്തമായ ചർച്ചകൾ നടക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ സീനിയോറിട്ടി മറികടന്ന് ഉയർത്തുന്നതിനെ എളമരം കരിമും കൂട്ടരും എതിർക്കും. സിപിഎമ്മിന്റെ മത നിരപേക്ഷതയെ അട്ടിമറിക്കുന്നതിനെ എംഎ ബേബിയും തോമസ് ഐസക്കും അനുകൂലിക്കില്ല.

കോൺഗ്രസ് ന്യൂനപക്ഷങ്ങളെ തഴഞ്ഞു വെന്ന ചർച്ച സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ ഇരുന്ന് കോടിയേരി ചെയ്യാൻ പാടില്ലെന്ന വികാരം സിപിഎമ്മിൽ ശക്തമാണ്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരേ സമുദായക്കാരനാണെന്ന ചർച്ചയുടെ ലക്ഷ്യം സിപിഎമ്മിൽ റിയാസിനെ ഉയർത്തിക്കൊണ്ടു വരലായിരുന്നു. ഈ രഹസ്യനീക്കത്തെയാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രത്യക്ഷ അഭിപ്രായ പ്രകടനത്തിലൂടെ പൊതു സമൂഹത്തിൽ ചർച്ചയാക്കുന്നത്. കോൺഗ്രസിന്റെ ചെലവിൽ റിയാസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഫലത്തിൽ ഇനിയാരെയെങ്കിലും ന്യൂനപക്ഷത്തു നിന്ന് സിപിഎം പാർട്ടി സെക്രട്ടറിയാക്കിയാൽ അതു പോലും വർഗ്ഗീയ പ്രീണനമാണെന്ന ചർച്ചയായി മാറും. ഇതാണ് തോമസ് ഐസക്കിനേയും ബേബിയേയും അലോസരപ്പെടുത്തുന്നത്.

ഏതായാലും ഈ ചർച്ച തനിക്ക് അനുകൂലമാക്കാനാണ് എളമരത്തിന്റെ ശ്രമം. പാർട്ടിയിൽ റിയാസിനേക്കാൾ എത്രയോ സീനിയറായ തനിക്ക് പാർട്ടിയിൽ അർഹതപ്പെട്ട സ്ഥാനം വേണമെന്ന നിലപാട് എളമരം എടുക്കും. ഇത് റിയാസിന്റെ മോഹങ്ങളെ തകർക്കുകയും ചെയ്യും. എഎൻ ഷംസീറിനെക്കാൾ ജൂനിയറായ റിയാസിന് തുണ മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവെന്ന പരിഗണനയാണെന്ന ചർച്ചയും സജീവമാക്കും. ഇങ്ങനെ റിയാസിന് വേണ്ടി കോടിയേരിയും തനിക്ക് വേണ്ടി എളമരും കളത്തിൽ നിറയുമ്പോൾ പാർട്ടിയിലെ സീനിയർ നേതാക്കളായ എംഎ ബേബിയും തോമസ് ഐസക്കും അടക്കമുള്ളവർ നിരാശരാണ്. യുവാക്കളെ ഉയർത്തിക്കാട്ടിയുള്ള നയങ്ങളൊരുക്കലെല്ലാം റിയാസിന് വേണ്ടിയുള്ളതാണെന്ന് അവർ തിരിച്ചറിയുന്നുണ്ട്.

കോഴിക്കോട്ടെ ബേപ്പൂർ സിപിഎമ്മിന്റെ ഉറച്ച സീറ്റാണ്. റിയാസിന്റെ ജയം ഉറപ്പിക്കാൻ വികെസി മുഹമ്മദ് കോയയെ അവിടെ നിന്ന് മാറ്റിയതും മറ്റും നേരത്തെ തന്നെ കോഴിക്കോട്ടെ പാർട്ടിയിൽ വലിയ ചർച്ചയാണ്. ഇനിയും വളഞ്ഞ വഴിയിലൂടെ റിയാസിനെ ഉയർത്തിക്കാട്ടാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന വാദവും ശക്തമാണ്. ഷംസീറിനെ മന്ത്രിയാക്കാത്തതും എംബി രാജേഷിനും സ്പീക്കറാക്കിയതും റിയാസിനെ പൊതുമരാമത്ത് മന്ത്രിയാക്കാനായിരുന്നു. ടൂറിസവും റിയാസിന് മുഖ്യമന്ത്രി നൽകി. വിദേശത്ത് പോയപ്പോൾ പോലും മുഖ്യമന്ത്രി പദം ആർക്കും നൽകിയില്ല. എല്ലാം ഏകപക്ഷീയമാണെന്ന നിലപാട് പാർട്ടിയിൽ ബഹുഭൂരിഭാഗത്തിനുമുണ്ട്. എന്നാൽ അധികാരവും സംഘടനയും പിണറായിയ്‌ക്കൊപ്പമാണ്. എതിർത്താൽ പാർട്ടിയിൽ നിന്ന് പുറത്താകുകയും ചെയ്യും. അതുകൊണ്ട് വിമതരെല്ലാം മൗനത്തിലാണ്. എങ്കിലും എറണാകുളം സമ്മേളനത്തിൽ ആഞ്ഞടിക്കാനാണ് ചിലരുടെ തീരുമാനം.

പാലീസിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പ് പിണറായി ഒഴിയുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ഉപമുഖ്യമന്ത്രി പദത്തോടെ ആഭ്യന്തര വകുപ്പ് നൽകാനാണ് ആലോചന. മയോ ക്ലീനിക്കിൽ നിന്ന് കിട്ടുന്ന ഉപദേശങ്ങൾ കൂടി പരിഗണിച്ചാകും തീരുമാനം എടുക്കുക. എറണാകുളത്താണ് പാർട്ടി സംസ്ഥാന സമ്മേളനം. ഇവിടെ നടക്കുന്ന ചർച്ചകളാകും നിർണ്ണായകം. മന്ത്രിമാരുടെ പ്രവർത്തനത്തിൽ പലർക്കും അതൃപ്തിയുണ്ട്. അങ്ങനെ വന്നാൽ മന്ത്രിസഭയും പുനഃസംഘടിപ്പിച്ചേക്കും. പാർട്ടി സമ്മേളനത്തിലെ വിമർശനങ്ങൾ പരിഗണിച്ചാകും ഇത്തരം തീരുമാനം. മുഖ്യമന്ത്രിക്ക് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപ്പര്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോടിയേരിയെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നത്. ഇതിനൊപ്പം മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടറിയായാൽ ന്യൂനപക്ഷങ്ങളെ കൂടുതലായി സിപിഎമ്മിലേക്ക് അടുപ്പിക്കാനും കഴിയുമെന്നാണ് പിണറായിയുടെ പക്ഷം. ലോക്സഭയിൽ പരമാവധി സീറ്റ് നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മന്ത്രിസഭയിലേക്ക് വരാൻ കോടിയേരിക്കും താൽപ്പര്യമുണ്ടെന്നാണ് സൂചന. പൊലീസിന്റെ നിയന്ത്രണം കോടിയേരിക്ക് നൽകി കൂടുതൽ ശക്തമായ ഭരണ നിർവ്വഹണമാണ് പിണറായി ലക്ഷ്യമിടുന്നത്. മറ്റ് ഭരണപരമായ കാര്യങ്ങളുടെ നിർവ്വഹണത്തിനിടെ പൊലീസിങിൽ കാര്യമായി ശ്രദ്ധിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പൊലീസിന് മുഴുവൻ സമയ മന്ത്രിയെന്നതാണ് പിണറായിയുടെ താൽപ്പര്യം. എറണാകുളത്തെ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ കണ്ണൂരിലാണ് പാർട്ടി കോൺഗ്രസ്. ഇതിന് മുമ്പു തന്നെ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്തും. യുവ നേതൃത്വം പാർട്ടിക്ക് വരാൻ മുഹമ്മദ് റിയാസിനെ സെക്രട്ടറിയാക്കുന്നതിലൂടെ കഴിയുമെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് എളമരം കരിം ടീമും പാർട്ടി സെക്രട്ടറി സ്ഥാനം പിടിച്ചെടുക്കാൻ നീക്കം സജീവമാക്കുന്നത്.

പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ റിയാസ് നടത്തുന്ന ഇടപെടലുകളിൽ ഭാര്യാ പിതാവ് കൂടിയായ പിണറായി പൂർണ്ണ തൃപ്തനാണ്. ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കാൻ പിണറായി ആഗ്രഹിച്ചാൽ അർക്കും അതിനെ എതിർക്കാനാകില്ല. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി റിയാസ് മാറണമെങ്കിൽ അധികാരമുള്ളപ്പോൾ തന്നെ പാർട്ടിയിലെ താക്കോൽ സ്ഥാനത്ത് വരേണ്ടതുണ്ടെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കോടിയേരിക്ക് ആഭ്യന്തരവും ഉപമുഖ്യമന്ത്രി പദവും നൽകി മന്ത്രിസഭയിലേക്ക് കൊണ്ടു വരാനുള്ള നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP