Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ബാഡ് പ്രൈം മിനിസ്റ്ററെ നോട്ടി സെന്ററിലേക്ക് അയയ്ക്കണം; അഞ്ചു വയസ്സുകാരിയുടെ ആഹ്വാനം ഏറ്റെടുത്ത് ബ്രിട്ടൻ; രാജ്ഞിയോട് കണ്ണീരോടെ മാപ്പ് ചോദിച്ച് ബോറിസ് ജോൺസൺ; ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവച്ചേക്കും; തിരുവാതിരക്കളിയെ ന്യായീകരിക്കുന്നവർക്ക് ഇതാ ബ്രിട്ടണിലെ വിവാദക്കഥ

ഈ ബാഡ് പ്രൈം മിനിസ്റ്ററെ നോട്ടി സെന്ററിലേക്ക് അയയ്ക്കണം; അഞ്ചു വയസ്സുകാരിയുടെ ആഹ്വാനം ഏറ്റെടുത്ത് ബ്രിട്ടൻ; രാജ്ഞിയോട് കണ്ണീരോടെ മാപ്പ് ചോദിച്ച് ബോറിസ് ജോൺസൺ; ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവച്ചേക്കും; തിരുവാതിരക്കളിയെ ന്യായീകരിക്കുന്നവർക്ക് ഇതാ ബ്രിട്ടണിലെ വിവാദക്കഥ

മറുനാടൻ മലയാളി ബ്യൂറോ

കോവിഡിന്റെ ആദ്യകാലങ്ങളിൽ ഏറെ പഴി കേൾക്കേണ്ടി വന്നെങ്കിലും, പിന്നീട് കൂടുതൽ കർക്കശവും അതുപോലെ അനുയോജ്യവുമായ നടപടികളെടുത്ത്, ബോറിസ് ജോൺസൺ ഒരുകാലത്ത് ബ്രിട്ടണിസെ ജനങ്ങളുടെ ഹീറോ ആയിരുന്നു. കോവിഡിനെ തുരത്താൻ ഒരു ഭാഗത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോഴും, ഫർലോ പോലുള്ള ധനസഹായ പദ്ധതികളിലൂടെ അത്തരം നിയന്ത്രണങ്ങൾ ആരെയും പ്രതികൂലമായി ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചു.റിയൽ എസ്റ്റേറ്റ് മേഖലയെ ഉയർത്തിയെടുക്കാൻ സ്റ്റാമ്പ് ഡ്യുട്ടി ഇളവ്, ഹോസ്പിറ്റാലിറ്റി മേഖലയ്ക്കായി പ്രത്യേക പദ്ധതികൾ എന്നിങ്ങനെ കളം നിറഞ്ഞ് ആടുകയായിരുന്നു ബ്രിട്ടണിൽ ബോറിസ് ജോൺസൺ.

എന്നിട്ടും ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുകയാണ് ബോറിസ് ജോൺസൺ. നാടുമുഴുവൻ ചെണ്ടകൊട്ടി വിളംബരം ചെയ്ത് പള്ളിമുറ്റത്ത് തിരുവാതിരക്കളി നടത്തിയില്ല. സംഗീത നിശയും സംഘടിപ്പിച്ചില്ല. കൂടെ ജോലിചെയ്യുന്നവർക്കൊപ്പം സ്വന്തം ഔദ്യോഗിക വസതിയിൽ ഒന്ന് ഒത്തുകൂടി, അതും കുടുംബ സമേതം. അതൊരു വലിയ തെറ്റാണോ എന്ന് നമ്മൾ ചിന്തിക്കുന്നുണ്ടാകാം. എന്നാൽ, ഈ ഒത്തുചേരൽ നടക്കുന്ന സമയത്ത്, ബ്രിട്ടനിൽ ഒത്തുചേരലുകളും വിരുന്നുകളും നിരോധിച്ചുകൊണ്ടുള്ള ലോക്ക്ഡൗൺ ആയിരുന്നു. ജനാധിപത്യ രാജ്യത്ത് ആരും നിയമത്തിന് അതീതരല്ലെന്ന് ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ബ്രിട്ടനിലെ ജനതയ്ക്ക് നന്നായി അറിയാം. അതാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.

എല്ലാത്തിനും കാരണഭൂതനായ ഒരു പ്രധാനമന്ത്രിയെ വാഴ്‌ത്തിപ്പാടാൻ സ്തുതിപാഠകരും സൈബർ ചാവേറുകളും ഇല്ലാത്തതിനാലാകാം, ഒരു നിയമ ലംഘനത്തിന്റെ പേരിൽ ഇപ്പോൾ ബോറിസ് ജോൺസൺ ഏതാണ്ട് ഒറ്റപ്പെട്ടുപോകുന്നത്. കോവിഡ് നിയന്ത്രണം നിലനിൽക്കേ, പ്രധാനമന്ത്രിയുടെ വസതിയിൽ വിരുന്നു സൽക്കാരം നടത്തിഎന്ന വിവാദമാണ് ബോറിസ് ജോൺസന്റെ പിന്തുണ ഏറെ നഷ്ടപ്പെടുത്തിയത്.

ഇപ്പോഴിതാ ബോറിസ് ജോൺസനെതിരെ വന്ന ഒരു കുരുന്നിന്റെ വാക്കുകൾ ബ്രിട്ടൻ ഏറ്റെടുക്കുകയാണ്. ഡൗണിങ് സ്ട്രീറ്റിൽ നടന്ന പാർട്ടിയിലെ പങ്കെടുത്ത ബോറിസ് ജോൺസന്റെ മണ്ടത്തരത്തെ കളിയാക്കുകയാണ് ഈ നിഷ്‌കളങ്കയായ കുഞ്ഞ്. ഈ കുഞ്ഞിന് അറിയാവുന്നത്ര കാര്യങ്ങൾ പോലും കോവിഡിനെ കുറിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അറിയില്ലേ എന്നാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നത്.ലെസ്റ്ററിലെ ലൈല സൊമാനി എന്ന കുരുന്നാണ് പ്രാതൽ സമയത്ത് താൻ കണ്ട വാർത്തയിലെ വിശേഷങ്ങൾ തന്റെ മുത്തച്ഛനും മുത്തശ്ശിക്കും പറഞ്ഞുകൊടുക്കുന്നതിനിടയിൽ ബോറിസ് ജോൺസനെ കുറിച്ച് പരാമർശിച്ചത്.

ലൈലയുടെ മാതാപിതാക്കൾ തന്നെയാണ് ഈ സംഭാഷണം വീഡിയോയിലാക്കി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയത്. മിനിറ്റുകൾ കൊണ്ടായിരുന്നു ഈ കുരുന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പലരും ഈ കുരുന്നിനെ ഭാവിയിലെ പ്രധാനമന്ത്രി എന്നും വിശേഷിപ്പിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ വിരുന്നിൽ പങ്കെടുത്തതിൽ കഴിഞ്ഞയാഴ്‌ച്ച ബോറിസ് ജോൺസൺ ക്ഷമാപണം നടത്തിയിരുന്നു. അത് വിരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ജോലിയുടെ ഭാഗമായ ഒരു കാര്യമാണെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഞിയോട് കരഞ്ഞ് മാപ്പ് അപേക്ഷിക്കേണ്ടി വന്നു ബോറിസ് ജോൺസന് എന്നാണ് ഒരുകാലത്ത് ബോറിസിന്റെ ഉറ്റ അനുയായി ആയിരുന്ന ഡൊമിനിക് കമ്മുംഗ്സ് പറഞ്ഞത്.ഇത്തരത്തിൽ യുക്തിക്ക് നിരക്കാത്ത വിശദീകരണങ്ങൾ നൽകി ബോറിസ് സ്വയം തന്റെ ജനപിന്തുണ നഷ്ടപ്പെടുത്തുകയാണെന്നും കമ്മിങ്സ് പറഞ്ഞു. മാത്രമല്ല, ഫിലിപ്പ് രാജകുമാരന്റെ മൃതദേഹം കൊട്ടാരത്തിൽ കിടത്തിയിരിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ പാർട്ടി നടന്നത്.

കർശനമായ കോവിഡ് നിയന്ത്രണങ്ങൾ മൂലം രാജ്ഞിക്ക് മാത്രമായിരുന്നു മൃതദേഹത്തിന് അടുത്ത് ഇരിക്കാൻ അനുവാദമുണ്ടായിരുന്നത്. ഒരേ ബബിളുകളിൽ ഉള്ളവർക്ക് മാത്രമായിരുന്നു ഒത്തുകൂടാൻ അനുവാദം ഉണ്ടായിരുന്നത്. അതിനാൽ തന്നെ മറ്റ് ബന്ധുക്കളും ഉറ്റവരുമൊകെ പന്ത്രണ്ടടി മാറിയായിരുന്നു നിലകൊണ്ടത്. അത്തരം ഒരു സാഹചര്യത്തിൽ പോലും രാജകുടുംബം നിയമം ലംഘിക്കുവാൻ തയ്യാറായില്ല എന്നതാണ് ബോറിസിന്റെ പാർട്ടിഗെയ്റ്റിനെ ഏറ്റവും വലിയ ഹീനകൃത്യമാക്കി മാറ്റുന്നത്. അതുതന്നെയാണ് അതിനെതിരെ ഇത്രയും വലിയ ഒരു പ്രതിഷേധം ഉയരാൻ ഇടയാക്കുന്നതും

വളരെ ലളിതമായ ഭാഷയിലാണ് വീഡിയോയിൽ ആ കുരുന്ന് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ബോറിസ് ജോൺസൺ എല്ലാരോടും വീട്ടിലിരിക്കാൻ പറഞ്ഞു, എന്നിട്ട് പുള്ളി പാർട്ടിയിൽ പങ്കെടുക്കാൻ പോയി എന്നാണ് ആ കുഞ്ഞ് പറായുന്നത്. ശരിക്കുൻ ഒരു വികൃതിചെക്കനാണ് ബോറിസ്. അതുമാറ്റാൻ ഏതെങ്കിലും നോട്ടി സെന്ററിൽ ചേർക്കണം പുള്ളിക്കാരനെ എന്നും ആ കുഞ്ഞ് പറയുന്നുണ്ട്. ഇനി പുള്ളിക്ക് പ്രധാനമന്ത്രിയാകാൻ പറ്റില്ല. അയാൾ ഒരു ചീത്ത പ്രധാനമന്ത്രിയാണ് എന്നും ആ കുഞ്ഞ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP