Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

' കേരളത്തിലെ സിപിഎമ്മുകാർ കേന്ദ്രത്തിൽ വീണ്ടും ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നവർ; പച്ചക്ക് വർഗീയത പറയുന്നവർക്കെതിരെ നടപടിയെടുക്കാൻ രാജ്യത്ത് നിയമമുണ്ട്; അത് മോദിയായാലും കോടിയേരി ആയാലും; വിമർശിച്ച് കെ മുരളീധരൻ

' കേരളത്തിലെ സിപിഎമ്മുകാർ കേന്ദ്രത്തിൽ വീണ്ടും ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നവർ; പച്ചക്ക് വർഗീയത പറയുന്നവർക്കെതിരെ നടപടിയെടുക്കാൻ രാജ്യത്ത് നിയമമുണ്ട്; അത് മോദിയായാലും കോടിയേരി ആയാലും; വിമർശിച്ച് കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രത്തിൽ വീണ്ടും ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാരെന്നും കോൺഗ്രസിന്റെ മതേതരത്വത്തിന് സർട്ടിഫിക്കറ്റ് തരാൻ കോടിയേരി വരണ്ടെന്നും കെ. മുരളീധരൻ എംപി. കോൺഗ്രസിന്റെ മതേതരത്വ മുഖ നഷ്ടപ്പെടുത്താൻ ആയിരം കോടിയേരിമാർ വന്നാലും കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.പ്രതിപക്ഷത്തെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ആരുമില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'അഖിലേന്ത്യാ തലത്തിൽ കോൺഗ്രസുമായുള്ള ബന്ധം ഇല്ലാതാക്കണമെന്ന് കേരളത്തിലെ സിപിഎം ആഗ്രഹിക്കുന്നു. കേന്ദ്രത്തിൽ വീണ്ടും ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാർ. അതിനോടൊപ്പം ഈ രഹസ്യ അജണ്ടയുമുണ്ട്. കോൺഗ്രസിൽ നിന്ന് മുസ്ലിം വിഭാഗത്തിൽ നിന്ന് ആരെയും മുഖ്യമന്ത്രിയാക്കിയിട്ടില്ല. അതുകൊണ്ട് തങ്ങൾ അങ്ങനെ ചെയ്യുന്നു എന്ന് വരുത്തി പാർട്ടിയിൽ അംഗീകാരം നേടാനും പൊതുചർച്ചയാക്കാനുള്ള ഗൂഢലക്ഷ്യമാണ്. ഇത് കേരളത്തിൽ ചെലവാകില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി- കോടിയേരി അജണ്ട നടപ്പാക്കാനാണ് ശ്രമം. പിണറായി വിജയന് ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ഇപ്പോഴത്തെ സിപിഎം ചർച്ചകളുടെ പിന്നിലെ ലക്ഷ്യം. ന്യൂനപക്ഷത്തിൽപ്പെട്ട ആരെയും പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാർട്ടിയാണ് സിപിഎം എന്നും മുരളീധരൻ പറഞ്ഞു.

'ഇതുവരെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആരെയും പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാർട്ടിയാണ് സിപിഎം. അത് കോടിയേരിക്ക് അറിയാത്തതല്ല. ഇന്ന് ഇങ്ങനെയൊരു ചർച്ച കൊണ്ടുവന്നതിന്റെ പിന്നിൽ ഒരു ഗൂഢ ഉദ്ദേശമുണ്ട്. അത് പിണറായിക്ക് ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള ചരടുവലിയുടെ ഭാഗമാണ്. പക്ഷെ അത് കോൺഗ്രസിന്റെ അക്കൗണ്ടിൽ വേണ്ട. കമ്മ്യൂണിസ്റ്റുകാർ ഇങ്ങനെ പച്ചയ്ക്ക് വർഗീയത പറയുന്നത് ശരിയല്ല,' മുരളീധരൻ പറഞ്ഞു.

പച്ചക്ക് വർഗീയത പറയുന്നവർക്കെതിരെ നടപടിയെടുക്കാൻ ഈ രാജ്യത്ത് നിയമമുണ്ടെന്നും അത് നരേന്ദ്ര മോദി ആയാലും കോടിയേരി ബാലകൃഷ്ണൻ ആയാലും എല്ലാവർക്കും ബാധകമാണെന്നും മുരളീധരൻ പറഞ്ഞു.

'ഭരിക്കുന്നവരുടെ ഇംഗിതമനുസരിച്ച് പൊലീസിനേയും നിയമത്തിനേയും ദുർവ്യാഖ്യാനം ചെയ്യുകയും ലംഘിക്കുകയുമാണ്. അതിന്റെ ഭാഗമായിട്ടാണ് കോടിയേരിയുടെ പ്രസ്താവനയെയും കാണുന്നത്,' അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആരുമില്ലെന്നായിരുന്നു കോടിയേരി നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് ദേശീയ തലത്തിൽ ന്യൂനപക്ഷങ്ങളെ അവഗണിച്ചു. കോൺഗ്രസ് നേതാക്കളിൽ ന്യൂനപക്ഷ നേതാക്കൾ ഇല്ല. ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതല്ലേ വർഗീയത. അതിനെ എതിർക്കാൻ എന്തുകൊണ്ടാണ് കേരളത്തിലെ കോൺഗ്രസുകാർക്ക് ചങ്കൂറ്റമില്ലാത്തെന്നും അദ്ദേഹം ചോദിച്ചിരുന്നു.

മോഹൻ ഭാഗവതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് രാഹുൽ സംസാരിച്ചത്. നേരത്തേയുള്ള നിലപാട് കോൺഗ്രസ് മാറ്റിയോ എന്നും കോൺഗ്രസ് മത നിരപേക്ഷ നിലപാടിൽ നിന്ന് മാറിയോ എന്നുമാണ് അറിയേണ്ടത് എന്നും കോടിയേരി പ്രതികരിച്ചു.

മതപരമായ സംവരണം രാഷ്ട്രീയ പാർട്ടിക്ക് ഏർപ്പെടുത്തേണ്ട ആവശ്യമില്ല. യു.ഡി.എഫിന്റെ കാലത്ത് സാമുദായിക സംഘടനകളാണ് ഭരണം നടത്തിയത്. എസ്‌പിമാരേയും കലക്ടർമാരെയും വരെ സാമുദായിക അടിസ്ഥാനത്തിൽ തീരുമാനിച്ചവരാണ് യു.ഡി.എഫ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ 20 പാർലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നൽകിയാൽ കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 സീറ്റ് കിട്ടിയ യു.ഡി.എഫിന് ഒരു പ്രതിപക്ഷമാകാൻ പോലും കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP