Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിന്റെയും കെഎസ്ടിഎയുടെയും നേതാവായ സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ സർവീസിലിരിക്കേ എയ്ഡഡ് സ്‌കൂളിന്റെ മാനേജരായി; സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രേഖകൾ തിരുത്തി അദ്ധ്യാപകനെ രക്ഷിക്കാൻ നീക്കം; വിവരാവകാശ നിയമപ്രകാരം ആദ്യം ലഭിച്ച രേഖ വീണ്ടും നൽകിയപ്പോൾ തിരുത്തലുകൾ വ്യക്തം

സിപിഎമ്മിന്റെയും കെഎസ്ടിഎയുടെയും നേതാവായ സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ സർവീസിലിരിക്കേ എയ്ഡഡ് സ്‌കൂളിന്റെ മാനേജരായി; സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രേഖകൾ തിരുത്തി അദ്ധ്യാപകനെ രക്ഷിക്കാൻ നീക്കം; വിവരാവകാശ നിയമപ്രകാരം ആദ്യം ലഭിച്ച രേഖ വീണ്ടും നൽകിയപ്പോൾ തിരുത്തലുകൾ വ്യക്തം

ശ്രീലാൽ വാസുദേവൻ

അടൂർ: സർക്കാർ സർവീസിലിരിക്കുന്ന അദ്ധ്യാപകൻ എയ്ഡഡ് സ്‌കൂളിന്റെ മാനേജരായ സംഭവത്തിൽ വഴിത്തിരിവ്. അദ്ധ്യാപകൻ നടപടി നേരിടേണ്ടി വരുമെന്ന് കണ്ടതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഇതു സംബന്ധിച്ച രേഖകൾ തിരുത്തി. വിവരാവകാശ നിയമപ്രകാരം നേരത്തേ നൽകിയിരുന്ന രേഖകൾ വീണ്ടും ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് തിരുത്തൽ വരുത്തിയ രേഖകൾ. ഇതിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.

അങ്ങാടിക്കൽ തെക്ക് എസ്എൻവിഎച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസിന്റെ ഭരണം പിടിക്കാൻ വേണ്ടി സിപിഎം ജില്ലാ-പ്രാദേശിക നേതൃത്വം നടത്തിയ നീക്കമാണ് തിരിച്ചടിച്ചിരിക്കുന്നത്. രേഖ തിരുത്തിയതിനെതിരേ വിജിലൻസിന് പരാതി പോയിട്ടുണ്ട്. തിരുത്തൽ പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്. ഇതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വന്നേക്കും.

അടൂർ എസ്എൻഡിപി യൂണിയന്റെ കീഴിൽ അങ്ങാടിക്കൽ തെക്ക് 171-ാം നമ്പർ ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ. ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ജില്ലാ സെക്രട്ടറിയും അറന്തക്കുളങ്ങര ഗവ. എൽപിഎസിലെ പ്രഥമാധ്യാപനുമായിരുന്ന രാജൻ ഡി ബോസിനെയാണ് സ്‌കൂൾ ഭരണം പിടിക്കാൻ സിപിഎം രംഗത്തിറക്കിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ രാജൻ ഡി ബോസിനെ പുതിയ ലോക്കൽ മാനേജരായി തെരഞ്ഞെടുത്തു.

ഈ സമയം രാജൻ സർക്കാർ സർവീസിലുണ്ടായിരുന്നു. മുൻ മാനേജർ കെ. ഉദയൻ കഴിഞ്ഞ 2021 ജനുവരി 31 ന് പദവി ഒഴിഞ്ഞു. ഫെബ്രുവരി ഒന്നിന് രാജൻ ഡി ബോസ് മാനേജരുടെ ചുമതല ഏൽക്കുകയും ചെയ്തു. ഈ വിവരം ബന്ധപ്പെട പത്തനംതിട്ട വിദ്യാഭാസ ജില്ലാ ഓഫീസറെ അറിയിച്ചിരുന്നില്ല. സർക്കാർ സർവീസിൽ അറന്തക്കുളങ്ങര ഗവ. എൽപിഎസിൽ പ്രഥമാധ്യാപകനായ രാജന് എയ്ഡഡ് സ്‌കൂളിന്റെ ലോക്കൽ മാനേജർ പദവി നിയമപരമായി ഏറ്റെടുക്കാൻ കഴിയില്ല എന്നതായിരുന്നു കാരണം. എന്നാൽ, മാർച്ച് 10 ന് മുൻ മാനേജർ ഉദയൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയ കത്തിൽ തന്റെ നിയമന കാലാവധി ജനുവരി 31 ന് അവസാനിച്ചിരുന്നുവെന്നും ഫെബ്രുവരി ഒന്നിന് അങ്ങാടിക്കൽ തെക്ക് പേരകത്ത്(ശ്രീപ്രിയ) വീട്ടിൽ രാജൻ ഡി. ബോസ് മാനേജരായി ചുമതലയേറ്റിരുന്നുവെന്നും പറഞ്ഞിരുന്നു. മെയ്‌ 31 ന് രാജൻ ഡി. ബോസ് സർവീസിൽ നിന്ന് വിരമിച്ചു.

ലോക്കൽ മാനേജരുടെ മാറ്റം വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കണമെങ്കിൽ ചേഞ്ച് ഓഫ് മാനേജ്‌മെന്റിന് പുതിയ മാനേജർ അപേക്ഷ നൽകണം. ഇങ്ങനെ ഒരു അപേക്ഷ മെയ്‌ ഏഴുവരെ നൽകിയിട്ടുമില്ല. അങ്ങാടിക്കൽ ശാഖാ കമ്മറ്റിയംഗം സെനി രാജ് ഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിവരാവകാശ നിയമപ്രകാരം രണ്ടു ചോദ്യം ഉന്നയിച്ചിരുന്നു. അങ്ങാടിക്കൽ എസ്എൻവിഎച്ച്എസ്എസിന്റെ മാനേജ്‌മെന്റിൽ മാനേജരുടെ മാറ്റത്തിന് അപേക്ഷ ലഭിച്ചുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം. ഇല്ലെന്ന് മറുപടിയും ലഭിച്ചു. രണ്ടാമത്തെ ചോദ്യം സർക്കാർ ജീവനക്കാരായവർക്ക് എയ്ഡഡ് സ്‌കൂളിന്റെ മാനേജർ സ്ഥാനത്ത് ഇരിക്കാൻ പറ്റുമോ എന്നായിരുന്നു. നിലവിലുള്ള നിയമപ്രകാരം സാധിക്കില്ലെന്നായിരുന്നു ഡിഇഓയുടെ മറുപടി. മാർച്ച് 17 നാണ് സെനിരാജ് അപേക്ഷ നൽകിയത്. ഏപ്രിൽ 13 ന് മറുപടി ലഭിക്കുകയും ചെയ്തു. ഈ കാലയളവിലെല്ലാം മാനേജരുടെ ചുമതല വഹിക്കുന്ന രാജൻ ഡി ബോസ് അറന്തക്കുളങ്ങര എൽപിഎസിൽ ഹെഡ്‌മാസ്റ്റർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാഖാ കമ്മറ്റിയംഗങ്ങൾ കോടതിയെ കൂടി സമീപിച്ചു.

സൈനിരാജ് വിവരാവകാശ നിയമപ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ആദ്യം കരസ്ഥമാക്കിയ സ്റ്റേറ്റ്മെന്റ് ഓഫ് ട്രാൻസ്ഫർ ഓഫ് മാനേജ്മെന്റിൽ 1.02.2021 ൽ സ്‌കൂൾ മാനേജർ സ്ഥാനം രാജൻ ഡി. ബോസിന് കൈമാറിയെന്ന് പറയുന്നു. 09.03.2021 ൽ സ്ഥാനം ഏറ്റെടുത്തതായി കാണിച്ച് രാജൻ ഡി. ബോസ് തീയതി വച്ച് ഒപ്പ് ചാർത്തിയിട്ടുമുണ്ട്. തൊട്ടുപിന്നാലെ മാർച്ച് 10 തീയതി വച്ച് സ്ഥാമൊഴിഞ്ഞ മാനേജർ ഉദയൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് രാജൻ ഡി. ബോസ് ഒപ്പിട്ടു കൊടുത്ത സ്റ്റേറ്റ്മെന്റ് ഓഫ് ട്രാൻസ്ഫർ ഓഫ് മാനേജ്മെന്റ് ഫോം സഹിതം കത്തും നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ സെനിരാജ് വീണ്ടും വിവരാവകാശ അപേക്ഷ നൽകിയപ്പോൾ കിട്ടിയ സ്റ്റേറ്റ്മെന്റ് ഓഫ് ട്രാൻസ്ഫർ ഓഫ് മാനേജ്മെന്റ് ഫോമിന്റെ പകർപ്പിലാണ് കൃത്രിമത്വം നടന്നതായി മനസിലാകുന്നത്. രണ്ടാമത് ലഭിച്ച പകർപ്പിൽ രണ്ടിടത്താണ് കൃത്രിമത്വം നടന്നിരിക്കുന്നത്. ആദ്യം ലഭിച്ച രേഖയിൽ പുതിയ മാനേജർക്ക് ചുമതല കൈമാറിയ തീയതിയായി എഴുതിയിരിക്കുന്നത് 1.02.2021 എന്നാണ്. എന്നാൽ രണ്ടാമത് ലഭിച്ച രേഖയിൽ 1.02.2021 എന്നുള്ളത് 1.06.2021 എന്നാക്കി തിരുത്തിയിരിക്കുന്നു.

ഇതിനൊപ്പം മുന്മാനേജർ ഉദയൻ ഒപ്പിട്ടിരിക്കുന്നതിന് അടിയിൽ എഴുതിയിരിക്കുന്ന തീയതി 1.02.2021 ആണ് താനും. താൻ ഒരു സ്റ്റേറ്റ്മെന്റ് ഓഫ് ട്രാൻസ്ഫർ ഓഫ് മാനേജ്മെന്റ് ഫോം മാത്രമാണ് ഒപ്പിട്ടു നൽകിയിട്ടുള്ളതെന്നും അതിൽ ചുമതല കൈമാറിയ തീയതിയായി 1.02.2021 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉദയൻ ആണയിട്ടു പറയുന്നു. ഇതോടെ രേഖകളിൽ കൃത്രിമത്വം വരുത്തിയെന്ന കാര്യം വ്യക്തമായി.
വീണ്ടുമൊരു തിരുത്ത് വരുത്തിയിട്ടുള്ളത് രാജൻ ഡി. ബോസിന്റെ ഒപ്പിനൊപ്പമുള്ള തീയതിയിലാണ്. ആദ്യം ലഭിച്ച സ്റ്റേറ്റ്മെന്റ് ഓഫ് ട്രാൻസ്ഫർ ഓഫ് മാനേജ്മെന്റ് രേഖയിൽ രാജൻ ഡി. ബോസ് ഒപ്പിട്ടിരിക്കുന്നത് 09.03.2021 എന്ന തീയതി വച്ചാണ്. രണ്ടാമത് കിട്ടിയിരിക്കുന്ന രേഖയിൽ ഇത് 1.06.2021 എന്നാക്കി തിരുത്തിയിരിക്കുന്നു.

രാജൻ ഡി. ബോസ് മാനേജർ സ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് സർക്കാർ സർവീസിൽ ഉണ്ടായിരുന്നു. 2021 മെയ്‌ 31 ന് രാജൻ സർവീസിൽ നിന്ന് വിരമിച്ചു. ജൂൺ ഒന്നിന് അങ്ങാടിക്കൽ സ്‌കൂൾ മാനേജരായുള്ള നിയമനത്തിന് ഡിഇഓഫീസ് അംഗീകാരം നൽകുകയും ചെയ്തു. നിയമവിരുദ്ധമായി രണ്ടു മാസമാണ് രാജൻ ഡി. ബോസ് സ്‌കൂൾ മാനേജർ സ്ഥാനത്തുണ്ടായിരുന്നത്. കെഎസ്ടിഎയുടെയും സിപിഎമ്മിന്റെയും നേതാവായ രാജനെതിരേ നിയമലംഘനത്തിന് നടപടി വരുന്നത് ഒഴിവാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ വഴി വിട്ടു പ്രവർത്തിക്കുകയായിരുന്നു.

എസ്എൻഡിപിയുടെ തലപ്പത്തും സിപിഎമ്മിന്റെ ഭാഗത്തു നിന്നുമുള്ള സമ്മർദത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയിരിക്കുന്നത്. ഒരു രേഖ വിവരാവകാശ നിയമപ്രകാരം ആദ്യം നൽകുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുക എന്ന അതീവ ഗുരുതരമായ ക്രമക്കേടാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡിപിഐയിൽ നിന്നും അന്വേഷണം തുടങ്ങിയിട്ടുണ്ട്. രേഖകളിൽ കൃത്രിമം കാണിച്ച ജീവനക്കാർ ഇതോടെ അങ്കലാപ്പിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP