Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു; അന്ത്യം, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ

ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു; അന്ത്യം, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രംഗനാഥിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിലാണ് 2022ലെ ഹരിവരാസനം പുരസ്‌കാരം ആലപ്പി രംഗനാഥ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങിയത്. ശബരിമലയിൽ നേരിട്ടെത്തിയായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിയത്.

തന്റെ ജീവിതത്തിലെ മഹത്തായ നേട്ടമാണ് ഹരിവരാസനം പുരസ്‌കാരമെന്നും അയ്യപ്പന്റെ തിരുനടയിൽ പുരസ്‌കാരം സ്വീകരിക്കാനായത് പുണ്യമാണെന്നും മറുപടി പ്രസംഗത്തിൽ ആലപ്പി രംഗനാഥ് പറഞ്ഞിരുന്നു. മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസറും അദ്ധ്യാപികയുമായ ബി. രാജശ്രീ ആണ് ഭാര്യ.

സിനിമാ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭയാണ് ആലപ്പി രംഗനാഥ്. സംഗീത സംവിധാനവും രചനയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങി. 1949 മാർച്ച് 9ന് ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗതവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളുടെയും മകനായി പിറന്നു. നാടകത്തിനു സംഗീതം ഒരുക്കിയ ആദ്യകാലത്തിനു ശേഷം സിനിമയിലേക്ക് ആകർഷിച്ച് മദ്രാസിനു വണ്ടി കയറി. 'നാളികേരത്തിന്റെ നാട്ടിലെനിയ്‌ക്കൊരു' എന്ന പ്രശസ്ത ഗാനത്തിന്റെ ഉപകരണ വാദകനായി സിനിമ രംഗത്തു പ്രവേശിച്ചു.

തന്റെ ആദ്യ സിനിമയായ ജീസസിലെ 'ഓശാനാ ഓശാന കർത്താവിനോശാനാ' എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളിലെ 'സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാൻ' എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയവയിൽ പ്രധാനം.

എല്ലാ ദുഃഖവും തീർത്തുതരൂ എന്റയ്യാ, എൻ മനം പൊന്നമ്പലം ..., കന്നിമല, പൊന്നുമല.., മകര സംക്രമ ദീപം കാണാൻ.., തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളും ഹേ രാമാ രഘുരാമാ, മഹാബലി മഹാനുഭാവ, ഓർമയിൽപോലും പൊന്നോണമെപ്പോഴും, നിറയോ നിറ നിറയോ തുടങ്ങിയ ഓണപ്പാട്ടുകളും പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ, എന്റെ ഹൃദയം നിന്റെ മുന്നിൽ പൊൻതുടിയായ്, നാലുമണിപ്പൂവേ എന്നിങ്ങനെയുള്ള ലളിത ഗാനങ്ങളും ശ്രോതാക്കൾ കേൾക്കാൻ കൊതിക്കുന്നവയാണ്.

പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റൻ,ഗുരുദേവൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. പൂച്ചയ്‌ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്ക് പശ്ചാത്തലസംഗീതം ഒരുക്കി. അമ്പാടിതന്നിലൊരുണ്ണി, ധനുർവേദം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ത്യാഗരാജ സ്വാമികളെപ്പറ്റി ദൂരദർശനിൽ 17 എപ്പിസോഡുള്ള പരമ്പരയും അറിയാതെ എന്നൊരു ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. എംജി യൂണിവേഴ്‌സിറ്റി സയൻസ് ഓഫ് മെലഡി ആൻഡ് ഹാർമണി വിഭാഗത്തിൽ അതിഥി അദ്ധ്യാപകനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP