Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചരിത്രത്തിലേക്കുള്ള കഥയേറുകൾ

ചരിത്രത്തിലേക്കുള്ള കഥയേറുകൾ

ഷാജി ജേക്കബ്‌

ഹാവ്യാധികളുടെ കാലം സാഹിത്യത്തിൽ, വിശേഷിച്ചും നോവലിൽ, എങ്ങനെയാവും ഭാവന ചെയ്യപ്പെടുക? പ്രകൃതിയെയും സംസ്‌കൃതിയെയും നിഷ്‌കരുണം തലകീഴ്മറിക്കുന്ന ദുരിതപർവത്തെ എഴുത്തിന്റെ കല ഏതു രീതിയിൽ ആവിഷ്‌കരിക്കും? മനുഷ്യാവസ്ഥയിൽ നിന്ന് ജൈവകാമനകളെ അസ്ഥിയിൽ നിന്ന് മാംസമെന്നപോലെ ഉരിഞ്ഞുമാറ്റുന്ന കഷ്ടകാണ്ഡത്തെ പ്രത്യക്ഷരൂപകങ്ങളിലൂടെ നേരിട്ടവതരിപ്പിക്കലാണോ പാൻഡമിക് ഫിക്ഷന്റെ ധർമം? അതോ മനുഷ്യാനുഭവങ്ങളിൽ ചിലതിന്റെ സവിശേഷ പ്രതിനിധാനങ്ങൾ നിർമ്മിക്കലാണോ? തീർച്ചയായും വ്യാധികൾ സൃഷ്ടിക്കുന്ന പ്രത്യക്ഷ ദുരിതങ്ങളുടെ കണക്കെടുപ്പാവില്ല മികച്ച സാഹിത്യരചനകൾ. ആൽബർ കാമുവിന്റെ 'പ്ലേഗി'ൽ മനുഷ്യനും വിധിയും തമ്മിൽ നടക്കുന്ന അപാരമായ മരണക്കളിയുടെ അന്യാപദേശമായി ആഖ്യാനം മാറുന്നതോർക്കുക-കോളറക്കാലത്തെ പ്രണയമെന്ന മാർക്കേസിയൻ മഹാകാവ്യവും.

യുദ്ധങ്ങളും മഹാമാരികളും കൊടിയ ദുരന്തങ്ങളുമൊന്നും അത്രമേൽ ആഴത്തിലുള്ള അനുഭവമാകാത്ത മലയാളനോവലിൽ മനുഷ്യാനുഭവങ്ങളെ സ്ഥലകാലങ്ങളിൽ സ്തംഭിപ്പിച്ചു നിർത്തിയ കോവിഡ്കാല ജീവിതം സൃഷ്ടിച്ച ശ്രദ്ധേയമായ സാഹിതീയ മാതൃകകളിലൊന്നാകുന്നു, വി എം. ദേവദാസിന്റെ നോവൽ, 'ഏറ്'. ബഹുരൂപമാർന്ന അധികാരക്രമങ്ങളുടെ രാഷ്ട്രീയവിമർശനമെന്ന നിലയിൽ എഴുതപ്പെട്ടിരിക്കുന്ന അലിഗറിയാണ് ഇത്. കഥകൾ കൊണ്ട് ചരിത്രത്തിലേക്കു നടത്തുന്ന ഉന്നം തെറ്റാത്ത ഏറുകൾ. ഒന്നുകൂടി വിശദമായി പറഞ്ഞാൽ കഥയും ജീവിതവും; മിത്തും ചരിത്രവും; മതവും ശാസ്ത്രവും; രാഷ്ട്രീയവും അധികാരവും ഒന്നായി മാറുന്ന അസംബന്ധകാലത്തിന്റെ അന്യാപദേശം. കോവിഡ് ജീവിതം മനുഷ്യാവസ്ഥയെക്കുറിച്ചു മുന്നോട്ടുവച്ച അസാധാരണമായ ഒരു ചിന്താപാഠം. ഒരേസമയം തന്നെ പത്തോളം കഥകളുടെ പരമ്പരയും ഒറ്റനോവലുമായി മാറുന്ന രചന. പറച്ചിലിന്റെയും കാഴ്ചയുടെയും ഉഭയരൂപകല. ഭൂതത്തിന്റെയും ഭാവിയുടെയും ഓർമയുടെയും മറവിയുടെയും സന്ദിഗ്ദ്ധദ്വന്ദ്വങ്ങളെ പുനരാനയിച്ചുകൊണ്ട് റിയലിസത്തിൽ നിന്ന് മാജിക്കൽ റിയലിസത്തിലേക്ക് വഴുതിമാറുന്ന സിനിമാറ്റിക് ആഖ്യാനകലയാണ് ഏറിന്റേത്. ഏതു വേട്ടക്കാരനും ഒരിക്കൽ ഇരയായി മാറും എന്ന പ്രകൃതിനിയമത്തിന് നോവലിൽ കൈവന്ന ചരിത്രപാഠം.

മറ്റൊരു തരത്തിൽ ആലോചിച്ചാൽ, കാഫ്കയുടെ രചനകളെക്കുറിച്ചുള്ള പഠനത്തിൽ മാത്യു ടി. പവ്വൽ സൂചിപ്പിക്കുന്ന 'Entrapment' എന്ന അവസ്ഥയിൽ തന്നെയല്ലേ, കോവിഡ് കാലത്ത് ലോകമെങ്ങും മനുഷ്യർ അകപ്പെട്ടത്? വീടുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങാനാവാതെ, ഓരോ വീടും ഓരോ എലിപ്പത്തായമായി മാറിയ കാലം! 'ഏറി'ലെ ഏകാന്ത നായകൻ അകപ്പെട്ടുകിടക്കുന്നതും മറ്റൊരിടത്തല്ല. വീട് തന്നെ തടവായി മാറുന്ന കോവിഡ്കാലത്തെ മനുഷ്യാവസ്ഥയുടെ ആഗോളരൂപകമായി മാറുന്നുണ്ട്. ഏറിലെ ശ്രീധരന്റെ ജീവിതം-കാലൻ ശ്രീധരൻ എന്ന അയാളുടെ പൊലീസ് ജീവിതകാലത്തെ ഇരട്ടപ്പേര് വലിയ ഒരു ഐറണിയായി നിലനിൽക്കുകയും ചെയ്യുന്നു.

'പേടി കൂടിയ സമയത്ത് ആളുകൾ മുറിയടച്ചിരുന്നപ്പോഴാണ് ലോകത്തിലേക്കേറ്റവും നല്ല കുറെ കഥകളുണ്ടായത്' എന്ന് ലൈബ്രേറിയൻ ഹരിദാസ് ശ്രീധരനോട് പറയുന്നുണ്ട്. ബൊക്കാച്ചിയോ മുതൽ ഷേക്സ്പിയർ വരെയുള്ളവരെ അയാൾ ഉദാഹരിക്കുകയും ചെയ്യുന്നു. ഏറ്, ഘടനാപരമായി നോക്കിയാൽ കോവിഡ്കാലത്തിന്റെ ഡെക്കാമറൺകഥകളായി മാറുന്നുമുണ്ട്.

ടി.ഡി. രാമകൃഷ്ണനും ഇ. സന്തോഷ്‌കുമാറും വി എം. ദേവദാസുമുൾപ്പെടെയുള്ള എഴുത്തുകാർ കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച പാൻഡെമിക് ഫിക്ഷന്റെ മലയാളമാതൃകകളിൽ 'ഏറി'നുള്ള അന്യാപദേശകത്വം മറ്റൊരു കൃതിക്കുമില്ല. മിത്തിക്കലെന്നപോലെതന്നെ ചരിത്രബദ്ധവും സൗന്ദര്യാത്മകമെന്നപോലെതന്നെ രാഷ്ട്രീയ തീവ്രവുമാണ് 'ഏറി'ന്റെ കലയും പ്രത്യയശാസ്ത്രവും. മതവും വിശ്വാസവും ഒരു വശത്തും ശാസ്ത്രവും സാങ്കേതികതയും മറുവശത്തുമായി നടക്കുന്ന നമ്മുടെ കാലത്തിന്റെ ഏറ്റവും മൂർത്തമായ സാമൂഹ്യാസംബന്ധനാടകങ്ങളുടെ സ്ഥൂലപശ്ചാത്തലത്തിൽ, ഒരു റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ സ്വാസ്ഥ്യം തേടിയുള്ള പരക്കംപാച്ചിലുകളുടെ പുരാവൃത്തമെഴുതുകയാണ് ദേവദാസ്. ഒന്നോ രണ്ടോ ആഴ്ചയുടെ പ്രത്യക്ഷകാലപടത്തിൽ ഒരു ഗ്രാമത്തിന്റെ ദൈനംദിന ജീവിതം ഊടും പാവും നെയ്യുന്ന സംഭവങ്ങളാണ് 'ഏറി'ന്റെ ബാഹ്യതലം. സ്ഥലകാലങ്ങളെ മറികടന്ന് ചരിത്രത്തിന്റെയും മിത്തിന്റെയും വന്യഭൂതലങ്ങളിൽ നിന്ന് അധികാരരാഷ്ട്രീയത്തിന്റെ രക്തനിലങ്ങളിലേക്ക് ഭരണകൂടങ്ങൾ നടത്തിയ പാപപങ്കിലമായ കുതിരസ്സവാരികളുടെ പുനരാനയിക്കലാണ് 'ഏറി'ന്റെ ആന്തരതലം. ഈ രണ്ടു തലങ്ങളെയും കൂട്ടിയിണക്കുന്ന കഥകളുടെ (മനുഷ്യാവസ്ഥകളുടെ) ചങ്ങലക്കണ്ണികൾ പോലുള്ള-ഒരേസമയം വർത്തുളവും രേഖീയവുമായ രാഷ്ട്രീയ-സാഹിതീയ ഘടനയാണ് 'ഏറി'ന്റെ ആഖ്യാനകല. ഏറ് ഒരു രൂപകം മാത്രമല്ല, രാഷ്ട്രീയപ്രക്രിയയുമാണ്. മറവി, മാറാമുദ്രയാകുന്ന കാലത്തിന് ഓർമ്മകൾ കൊണ്ടു നൽകുന്ന മുന്നറിയിപ്പുകൾപോലെ ചരിത്രം ഏറുകളിലൂടെ ഈ കഥകളിൽ രാഷ്ട്രീയാബോധമായി മാറുന്നു.

സർവീസിൽ നിന്നു റിട്ടയർ ചെയ്ത ശ്രീധരന്റെ വീടിനു നേരെ ദിവസവും രാത്രി നടക്കുന്ന കല്ലേറുകളാണ് നോവലിന്റെ പ്രമേയം. ഒന്നും രണ്ടും ഓടുകൾ പൊട്ടിച്ചുകൊണ്ട് ഓരോ ഏറും ശ്രീധരന്റെ ദിനരാത്രങ്ങളെ അശാന്തമാക്കി. ഭാര്യ, മകളോടൊപ്പം അമേരിക്കയിലായതിനാൽ വീട്ടിൽ ഒറ്റക്കായിരുന്നു അയാൾ. മറവി ഒരു മേഘം പോലെ മറച്ചിരുന്ന ശ്രീധരന്റെ ഭൂതകാലത്തെ ഓർമ്മകളുടെ വെള്ളിടികൾ തെളിയിക്കാൻ തുടങ്ങി. വേട്ടക്കാരനായി വിരാജിച്ചിരുന്ന നാളുകളെക്കുറിച്ചുള്ള സ്മൃതികൾ അയാളെ കാലുവെന്ത നായയെപ്പോലെ പരക്കം പായിച്ചു. ഉറക്കം കെടുത്തുക എന്നതാണല്ലോ ഭയത്തിന്റെ രീതിശാസ്ത്രം. വർഗീസ് വധത്തെക്കുറിച്ച് രാമചന്ദ്രൻനായർ നടത്തിയ കുമ്പസാരം മലയാളിയുടെ രാഷ്ട്രീയചരിത്രത്തിലെഴുതിയ അധ്യായത്തിന്റെ പാഠാന്തരസാന്നിധ്യം 'ഏറി'ലുണ്ട് - ഒപ്പം അടിയന്തരാവസ്ഥയെക്കുറിച്ച് ഒരുദ്യോഗസ്ഥനും നടത്താത്ത കുമ്പസാരങ്ങളുടെയും. തുടർന്നങ്ങോട്ട് രണ്ടാഴ്ചക്കാലം ശ്രീധരന്റെ ജീവിതത്തിൽ സംഭവിക്കുന്ന നാടകീയമാറ്റങ്ങളുടെ അവതരണമാണ് ദേവദാസ് നിരവധി കഥകളിലൂടെ നോവലായെഴുതുന്നത്. മുൻപ് പറഞ്ഞതുപോലെ ചങ്ങലയുടെ രേഖീയതയായോ അതല്ലെങ്കിൽ വലയുടെ പരപ്പായോ വ്യാഖ്യാനിക്കാവുന്ന കഥകളുടെ സാന്നിധ്യമാണ് ഏറിന്റെ ലാവണ്യഘടനയും രാഷ്ട്രീയ കലയും നിർണയിക്കുന്നത്.

ആദ്യത്തെ ഏറ് തന്നെ ശ്രീധരന്റെ സമനില തെറ്റിച്ചു. രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടിയ അയാൾ രാവിലെ തന്നെ കലികയറി ബൈക്കുമെടുത്ത് നാലും കൂടി മുക്കിലെ ചായക്കടയിലേക്കു വച്ചുപിടിച്ച യാത്ര അപകടത്തിലും കലാശിച്ചു. ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ ശ്രീധരന് മുൻപിൽ ബാല്യകാലസുഹൃത്തായ താമിയാണ് ചില്ലുമേടയിലിരുന്ന കാലം കഴിഞ്ഞത് ഓർമ്മിപ്പിക്കുന്നതും പഴയ ഏതെങ്കിലും കേസിൽ താൻ അന്യായം പ്രവർത്തിച്ചവരാരെങ്കിലും നടത്തുന്ന പ്രതികാരമാകാം ഈ ഏറ് എന്ന സൂചന ശ്രീധരന് നൽകുന്നതും. അതോടെ ശ്രീധരന്റെ ജീവിതവും നോവലിന്റെ കഥനവും ആ വഴിക്കു തിരിയുന്നു. ഓടുമാറ്റിയിടാൻ വരുന്ന സുഗുണന്റെ ചാത്തനേറ് കഥകൾക്കും താമി വിരൽചൂണ്ടിയ പകയുടെ സാധ്യതകൾക്കുമിടയിൽ ശ്രീധരന്റെ ജീവിതവും നാട്ടുകാരുടെ ഇടപെടലുകളും മുന്നൂറ്ററുപതു ഡിഗ്രി കറങ്ങിത്തിരിഞ്ഞെത്തുന്നതാണ് ഏറിന്റെ ഇതിവൃത്തം.

ശ്രീധരന്റെ ഭൂതകാലജീവിതത്തെയെന്നപോലെ തന്നെ കേരളത്തിന്റെ ഭൂതാവിഷ്ടരാഷ്ട്രീയത്തെയും മൂർത്തമായടയാളപ്പെടുത്തുന്നവയാണ് ഏറിലെ പല ചരിത്ര/കഥകളും. സമാന്തരമായി മിത്തുകളുടെ നാട്ടുകഥകളുമുണ്ട്. എല്ലാം പലതരം ഏറുകളുടെ സാധ്യതകൾ തുറന്നിടുന്ന പകയുടെ പുരാവൃത്തങ്ങൾ.

ഗോല്യാത്ത് ആന്റണിയുടെ ജീവിതം തലകീഴ് മറിച്ച തന്റെ ഇടപെടലാണ് ശ്രീധരന്റെ ഓർമ്മയെ ആദ്യം കിടിലം കൊള്ളിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തുണ്ടായ രാജൻകേസിൽ കോയമ്പത്തൂർ കോടതിയിൽ നിർണായകമായ സാക്ഷിമൊഴി പറയാൻ ഇടയുണ്ടായിരുന്ന ആന്റണിയെ പാലക്കാട്ടെ ഒരു ലോഡ്ജ്മുറിയിൽ ദിവസങ്ങളോളം പൂട്ടിയിട്ട് മർദ്ദിച്ച് നിശ്ശബ്ദനാക്കിയത് ശ്രീധരനായിരുന്നു. കർമങ്ങൾ തന്നെ പിന്തുടർന്നു പിടികൂടുകയാണെന്നു ഭയന്ന ശ്രീധരൻ ആദ്യം തേടിപ്പോകുന്നതും ആന്റണിയെയാണ്. അയാൾക്ക് ഒരേറിനുള്ള ശേഷി പോലും ശാരീരികമായി ബാക്കിയില്ല എന്നു മനസ്സിലാക്കി ശ്രീധരൻ മടങ്ങി.

ശ്രീധരൻ തേടിപ്പോയ അടുത്ത ഇര ഹസൈനാരാണ്. 1990-കളുടെ തുടക്കത്തിൽ തന്റെ കടയിലെ ടേപ്പ്റെക്കോർഡറിൽ അബ്ദുൾനാസർ മദനിയുടെ പ്രസംഗം ഉറക്കെ വച്ച് നാട്ടുകാരെ കേൾപ്പിച്ചതിന്റെ പേരിൽ ഹസൈനാർ എന്ന സൈക്കിൾ റിപ്പയറോട് താൻ തീർത്ത കലിപ്പുകളുടെ തികട്ടൽ ശ്രീധരനെ നടുക്കി. ഹസൈനാരുടെ ജീവിതം മാത്രമല്ല, അയാളുടെ കുടുംബവും മുച്ചൂടും മുടിഞ്ഞുപോയിരുന്നു. ഹസൈനാരും പക്ഷെ ശ്രീധരനെ താൻ ഒരിക്കലും പരിഗണിച്ചിട്ടേയില്ല എന്നു പറഞ്ഞ് അയാളെ തിരിച്ചയച്ചു.

സ്വന്തം മകളെ പീഡിപ്പിച്ച വേശുമണിയനെ കുടുംബത്തിൽ നിന്നു മാത്രമല്ല ഭൂമിയിൽ നിന്നുതന്നെ പറഞ്ഞുവിട്ടതിന്റെ ഓർമയിൽ ശ്രീധരൻ അയാളുടെ മകൻ വിനയനെ തേടിപ്പോകുന്നു. വിനയൻ പക്ഷേ എന്നേ ശ്രീധരനു മാപ്പുകൊടുത്തിരുന്നു. ജീവിച്ചിരുന്നെങ്കിൽ താൻ ചെയ്യേണ്ടതാണ് തന്റെ കുടുംബത്തിനുവേണ്ടി ശ്രീധരൻ ചെയ്തത് എന്നയാൾ പറയുകയും ചെയ്തു.

ശ്രീധരന്റെ അടുത്ത അന്വേഷണം ചെന്നെത്തുന്നത് തമ്പാനിലാണ്. ആത്മഹത്യ ചെയ്ത അനുജന്റെ ശവം കാണാനെത്തുന്ന വഴി റയിൽവേ ഗേറ്റിൽ പ്രശ്നമുണ്ടാക്കിയ തമ്പാനെ മരണവീട്ടിൽ നിന്നുതന്നെ പൊക്കി തവിടുപൊടിയാക്കി, ശ്രീധരൻ. കാലം കഴിയവെ, മദ്യപാനവും പ്രമേഹവും മൂർച്ഛിച്ച് ഇരുകാലുകളും മുറിച്ച് കിടപ്പായിക്കഴിഞ്ഞിരുന്നു തമ്പാൻ.

കള്ളപ്പണക്കാരൻ മേസ്തിരി മഹാദേവനുവേണ്ടി രമേശൻ എന്ന ജീവനക്കാരനെ മർദ്ദിച്ചുകൊന്ന സംഭവമാണ് ശ്രീധരന്റെ ഓർമയിൽ പിന്നീടെത്തുന്നത്. അയാൾ രമേശന്റെ വീട് തപ്പിയിറങ്ങി. പക്ഷെ ആരെയും കണ്ടെത്താനായില്ല. ചിതറിത്തെറിച്ചുപോയിരുന്നു, ആ കുടുംബം.

തന്റെ മകൾ ശ്രീപ്രിയയെ പ്രണയിച്ചുവെന്ന് സംശയിച്ച് ശ്രീധരൻ തല്ലി നിരപ്പാക്കിയ ഷാജിയാണ് ഇപ്പോഴത്തെ ഏറിനു പിന്നിലെന്നു സംശയിക്കുന്നു, പിന്നീടയാൾ. ഷാജി ഗൾഫിലാണ് എന്നറിയുന്നതോടെ ആ കേസ് അയാൾ വിട്ടു.

ഗുജറാത്തിലെ ഒരു വ്യാജ ഏറ്റുമുട്ടൽ കേസിന്റെ തുടരന്വേഷണത്തിൽ താൻ എഴുതിയ റിപ്പോർട്ട് തിരുത്തിയ സീനിയർ ഓഫീസർ മഞ്ജുനാഥനുമായുണ്ടായ ഉരസലാവാം ഏറിനു പിന്നിലെന്ന് സംശയിച്ച് അയാൾ മഞ്ജുനാഥനെ തേടിയിറങ്ങി. മഞ്ജുനാഥന് തന്നോടു വൈരാഗ്യമേതുമില്ല എന്നു ബോധ്യപ്പെട്ട ശ്രീധരനോട് പക്ഷെ അയാൾ അടിമാലിയിലെ ഒരു കസ്റ്റഡികൊലപാതകത്തിന്റെ കഥ ഓർമയുണ്ടോ എന്നു ചോദിക്കുന്നതോടെ, ശ്രീധരൻ കുഴങ്ങുന്നു. മൂന്നാറിൽ, താനുൾപ്പെട്ട പൊലീസ് സംഘം കള്ളക്കേസിൽ കുടുക്കി ജീവപര്യന്തം ശിക്ഷവാങ്ങിക്കൊടുത്ത ഏഴിലരശൻ എന്ന നിരപരാധി പക്ഷെ ജയിലിൽ കിടന്നുതന്നെ മരിച്ചുപോയി എന്നറിയുന്നതോടെ ശ്രീധരന് ആശ്വാസമായി.

ഒരു രാഷ്ട്രീയകൊലപാതകത്തിൽ സംശയിച്ചു പിടികൂടി ഗരുഡൻതൂക്കം എന്ന ക്രൂരമർദ്ദനത്തിനിരയാക്കി ജീവച്ഛവമാക്കി പറഞ്ഞുവിട്ട സത്യനാഥനെന്ന പെയിന്റ് പണിക്കാരനെയായി, ശ്രീധരന് പിന്നെ സംശയം. അയാളെ തേടിപ്പോകുന്ന ശ്രീധരൻ, സത്യനാഥന് അതിനുള്ള ജീവൻ അവശേഷിച്ചിട്ടില്ല എന്ന ആശ്വാസത്തോടെ തിരിച്ചുപോകുന്നു.

ഈ ഒൻപത് കഥകളിൽ നിന്ന് ഏറ് എത്തിച്ചേരുന്ന പത്താമത്തെ കഥ, ശ്രീധരനും നാട്ടുകാരും ഒന്നടങ്കം പങ്കെടുക്കുന്ന നോവലിന്റെ കലാശക്കളി തന്നെയാണ്. ഏറുകളുടെ പൂരപ്പറമ്പായി മാറുന്ന നാട്ടുകവലയിൽ ദേവദാസ് തന്റെ രചനക്കു കല്പിച്ചുനൽകുന്ന മാന്ത്രികയാഥാർഥ്യത്തിന്റെ ഈ പരിണതിയാണ് ലിജോ ജോസ് സിനിമകളിലേതുപോലെ, റിയലിസത്തിന്റെ തന്നെ തുടർച്ചയിൽ മാജിക്കൽ റിയലിസം കൊണ്ടുവരുന്ന ഒരു ഭാവപ്രതലം ഏറിനു സൃഷ്ടിച്ചു നൽകുന്നത്.

ഈ പരിണാമഗുപ്തിയെ സാധൂകരിക്കാനെന്നോണം, ചരിത്രത്തിന്റെ കഥാപാഠങ്ങൾക്കു സമാന്തരമായി നോവലിൽ ദേവദാസ് മിത്തുകളുടെ ഒരു ഡെക്കാമെറണും സന്നിവേശിപ്പിക്കുന്നുണ്ട്.

വടക്കൻപാട്ടിലെ ഒതേനന്റെ അമ്മ ഉപ്പാട്ടിക്ക് ഒതേനനെ ഗർഭിണിയായിരിക്കുമ്പോൾ തേങ്ങകൊണ്ട് ഏറു കിട്ടിയ കഥ, തമ്മിൽ വഴക്കിട്ട് മച്ചാട്ടമ്മ ചെലമ്പെറിഞ്ഞു വഴിമുടക്കിയ ഉത്രാളി മുത്തീടെ കഥ, ചിലമ്പ് വലിച്ചെറിഞ്ഞ് മധുര മുടിച്ച കണ്ണകിയുടെ കഥ, കല്ലേറുകൊണ്ടു ചരിഞ്ഞ കവളപ്പാറക്കൊമ്പന്റെ കഥ, നാരായണഗുരു അവസാനിപ്പിച്ച ഒരു ചാത്തനേറിന്റെ കഥ, ഒരു കല്ലേറിലൂടെ ശിവലിംഗമുണ്ടായ കഥ, സായിപ്പിനെ തറപറ്റിച്ച ചാക്യാരുടെ കൈലാസോദ്ധാരണകഥ, വേഷം മാറി വടക്കുന്നാഥക്ഷേത്രത്തിൽ തൃപ്പ കാണാനെത്തിയ അശ്വത്ഥാമാവിന് നെറ്റിയിൽ ഏറുകിട്ടിയ കഥ, ചാത്തൻ അസുരനെ കൊന്ന കഥ എന്നിങ്ങനെ.

തന്റെ ഇരകളൊന്നും പ്രത്യക്ഷത്തിൽ വേട്ടക്കാരായിട്ടില്ല എന്ന് ശ്രീധരന് മനസ്സിലായെങ്കിലും ആന്റണിയും ഹസൈനാരും തമ്പാന്റെ പിതാവ് ജോസഫും രമേശന്റെ അനിയൻ രതീഷും സത്യനാഥനുമൊക്കെ ശ്രീധരനോട് പറയുന്ന ചില കാര്യങ്ങൾ അയാളെ ആജീവനാന്തം വേട്ടയാടുന്നവയാണ്. ഹരിദാസും പൊറിഞ്ചുവും മാഷും അപ്പുവും പറയുന്ന കഥകളിൽ ചരിത്രത്തിന്റെ ചില്ലുമേടകൾ കല്ലേറേറ്റ് തകരുന്നത് ശ്രീധരൻ കണ്ടറിയുന്നു. ദസ്തയവ്സ്‌കി എഴുതിയതുപോലെ, കല്ലിലല്ല, കല്ലിനെക്കുറിച്ചുള്ള ഭയത്തിലാണ് വേദന എന്ന് അയാൾ തിരിച്ചറിയുന്നു. ഭയം, കരിമ്പടംപോലെ മനുഷ്യവംശത്തെ മൂടിയ കാലത്തിന്റെ വേദവാക്യമായി മാറുന്നു, ഈ നിരീക്ഷണം. ഏറ്, ഈ ഭയത്തിന്റെ ഉപന്യാസമാകുന്നു.

വ്യക്തികളോ വ്യവസ്ഥകളോ സ്ഥാപനങ്ങളോ അല്ല, വിധിയാണ് ശ്രീധരനെ വേട്ടയാടുന്നത്. അയാളുടെ തന്നെ കർമങ്ങളുണ്ടാക്കിയ ഭയത്തിന്റെ വിധി. ആ അർഥത്തിൽ, ഏറ്, ഭയത്തിന്റെയും വേദനയുടെയും മനുഷ്യാനുഭവത്തെ അധികാരത്തിന്റെയും കുറ്റബോധത്തിന്റെയും ഇരട്ടനുകത്തിൽ ബന്ധിച്ച് കോവിഡ്കാല ജീവിതത്തെക്കുറിച്ചെഴുതിയ അന്യാപദേശമാകുന്നു. 'ഞാൻ ഞാൻ എന്നു പറഞ്ഞഹങ്കരിച്ച മഹാരാജാക്കന്മാരും മറ്റും എവിടെ' എന്ന ചോദ്യം വീണ്ടും വീണ്ടും ഉയർത്തി ഒരു മഹാവ്യാധി, (അഥവാ ഒരു സൂക്ഷ്മജീവി!) മനുഷ്യന്റെ നിസ്സാരതയെയും നിസ്സഹായതയെയും കുറിച്ചുള്ള എക്കാലത്തെയും മഹാവാക്യങ്ങൾ നിബന്ധിക്കുന്ന കാലത്തിനു മുന്നിൽ പ്രതിഷ്ഠിച്ച, എത്രയെറിഞ്ഞാലും ഉടയാത്ത, കണ്ണാടി.

നോവലിൽ നിന്ന്:-

'ജീവിതത്തിലാകെ ആറുതവണയാണ് സത്യനാഥൻ പൊലീസ് സ്റ്റേഷനിൽ കയറിയിട്ടുള്ളത്. കോളേജ് വികസനഫണ്ട് വകമാറ്റി ചെലവഴിച്ചതിന്റെ പേരിൽ പ്രിൻസിപ്പാളെ ഘരാവോ ചെയ്തതിനായിരുന്നു ആദ്യത്തേത്. കോളേജുപടിക്കൽ നിർത്താത്ത ബസ്സിന് കല്ലെറിഞ്ഞതിന്റെ പേരിൽ രണ്ടാമതും കയറി. ഉഴപ്പിനടന്ന് കോളേജ്പഠനം പൂർത്തിയാക്കിയില്ലെങ്കിലും രാഷ്ട്രീയപ്രവർത്തനം അയാൾ തുടർന്നു. വൈദ്യുതിചാർജ്ജ് വർദ്ധനയ്ക്കെതിരെയുള്ള ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായാണ് മൂന്നാമത്തെ തവണ സ്റ്റേഷനിൽ കയറിയത്. അപ്പോഴേക്കും വിദ്യാർത്ഥിസംഘടനയൊക്കെ വിട്ട് പാർട്ടിയുടെ യുവജനസംഘടനയുടെ ലോക്കൽ നേതാവായി അയാൾ വളർന്നുകഴിഞ്ഞിരുന്നു. ബീഫ് ഫെസ്റ്റിവൽ നടത്തിപ്പുമായി ബന്ധപ്പെട്ട് മാടിനെ അറുത്തതിന്റെ പേരിലുള്ള കശപിശയായിരുന്നു നാലാമത്തേതിന് കാരണം. അത്രയും തവണ കയറിയത് രാഷ്ട്രീയജീവിതത്തിന്റെ പേരിലായിരുന്നെങ്കിൽ അടുത്തത് സ്വന്തം കാര്യത്തിനായിരുന്നു. പാലക്കാട്ടുള്ളൊരു അഗ്രഹാരത്തിൽനിന്ന് കല്ല്യാണച്ചടങ്ങിനിടെ തന്റെ കാമുകിയെ അടിച്ചോണ്ടുപോന്നതിന്റെ പേരിലായിരുന്നു അഞ്ചാമത്തെ തവണ അയാൾ സ്റ്റേഷനിൽ കയറിയത്. ആറാമത്തെ തവണത്തേത് രാഷ്ട്രീയത്തിന്റെ പേരിലാണോ, വ്യക്തിവൈരാഗ്യം കാരണമാണോ അതോ അബദ്ധത്തിൽ പെട്ടതാണോ എന്നൊന്നും സത്യനാഥനു വലിയ പിടിയുണ്ടായിരുന്നില്ല. ആറാമത്തെ അറസ്റ്റിന്റെ സമയത്ത് സ്റ്റേഷനിലെ ചാർജ്ജ് എസ്‌ഐ. ശ്രീധരൻ നായർക്കായിരുന്നു. ചോരയിൽ വിരലുമുക്കി വരവരച്ചും കുറുകെ വെട്ടിയുമുള്ള തലയെണ്ണിക്കളി തൽക്കാലമൊന്നു ശമിച്ചശേഷം പിന്നെയും കോളിളക്കമുണ്ടാക്കിയൊരു രാഷ്ട്രീയക്കൊലപാതകം നടന്നത് തന്റെ സ്റ്റേഷൻപരിധിയിലായതിന്റെ വേവലാതിയിലായിരുന്നു അയാൾ. വിരമിക്കാനിനി മാസങ്ങൾ മാത്രം ബാക്കിയുള്ളതുകൊണ്ട് എങ്ങനെയെങ്കിലും കേസിനൊരു തുമ്പുണ്ടാക്കി തലയൂരാനുള്ള നെട്ടോട്ടത്തിലായിരുന്നു ശ്രീധരൻ. ആ കേസിലെ പതിനെട്ടാമത്തെ പ്രതിയായിരുന്നു സത്യനാഥൻ. കൃത്യം നടക്കുന്നതിനേതാണ്ട നാലുമണിക്കൂർ മുന്നെ കേസിലെ മൂന്നാം പ്രതിയുമായി രണ്ടുമിനിറ്റോളം ഫോണിൽ സംസാരിച്ചു എന്നതായിരുന്നു ആ കേസുമായി അയാൾക്കുള്ള ഏക ബന്ധം.

വിവാഹം കഴിഞ്ഞതോടെ സജീവമായ രാഷ്ട്രീയപ്രവർത്തനമൊക്കെ സത്യനാഥൻ ഒഴിവാക്കിയതായിരുന്നു. ഭാര്യയുടെ നിർബന്ധവും പിന്നെ പെയിന്റുപണിക്കാരനായ അച്ഛന് പക്ഷാഘാതം വന്നു കിടപ്പിലായതും മാത്രമായിരുന്നില്ല അതിന്റെ കാരണം. പാർട്ടിയിലെ വിഭാഗീയത ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇരുവശത്തുനിന്നും ചില വെട്ടിനിരത്തുകളുണ്ടായതിന്റെ കൂട്ടത്തിൽ സത്യനാഥനും കിട്ടി തരംതാഴ്‌ത്തലും സസ്പെൻഷനും. അതൊക്കെ കഴിഞ്ഞ് തിരികെവന്നെങ്കിലും സാദാരണ അംഗം മാത്രമായി തുടരാനായിരുന്നു അയാളുടെ തീരുമാനം. അതോടെ അത്യാവശ്യം വേണ്ട ചില മീറ്റിങ്ങുകൾക്കു കൂടുകയല്ലാതെ ബാക്കി സമയത്തെല്ലാം സത്യനാഥൻ തന്റെ അച്ഛനായിട്ടു ചെയ്തുപോന്ന പെയിന്റുപണി ഏറ്റെടുത്തു നടത്തിത്തുടങ്ങി. സത്യനാഥന്റേതിന് തൊട്ടപ്പുറത്തെ ജില്ലാക്കമ്മറ്റിയുടെ കീഴെയുള്ള സ്ഥലത്താണ് ഒരിടവേളയ്ക്കുശേഷം പിന്നെയും രാഷ്ട്രീയക്കൊലപാതകം നടന്നത്. തനി ചൂടനായൊരു എസ്‌പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിലെ പ്രധാനപ്രതികളൊക്കെ ഒളിവിൽ പോയതുകൊണ്ട് ആകെയരിച്ചു പെറുക്കിയിട്ടും പൊലീസിനാകെ കിട്ടിയത് മുള്ളിത്തെറിച്ച ബന്ധമുള്ള ചിലരെയായിരുന്നു. അങ്ങനെയാണ് സത്യനാഥൻ സ്ഥലം എസ്‌ഐ. ശ്രീധരന്റെ കൈയിൽ തടഞ്ഞത്.

'അവൻ എന്നെ വിളിച്ചതൊരു പണിയുടെ കാര്യം പറയാനാണ് സാറേ.... ഒരു വീടിന്റെ പെയിന്റടിക്കാൻ.... നാലായിരം സ്‌ക്വയർഫീറ്റിന്റെ വീടായതുകൊണ്ട് പെട്ടെന്നൊരു എസ്റ്റിമേറ്റൊന്നും പറയാമ്പറ്റില്ലാ. നേരിട്ടു ചെന്നുകണ്ടിട്ട് വേണ്ട പെയിന്റിന്റെ അളവും ഏതാണ്ട് എത്രദിവസത്തെ പണിയുണ്ടെന്നുമൊക്കെ അറിയിക്കാം എന്നും പറഞ്ഞ് ഞാൻ കോള് കട്ടാക്കി. വെറുമൊരു ഫോൺവിളീടെ പേരില് കൊലക്കേസിലെ പ്രതിയാക്കാ എന്നൊക്കെ വച്ചാല് കൊറച്ചു കടന്ന കയ്യാണെന്റെ സാറേ....'.

സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ സത്യനാഥൻ എസ്‌ഐ.യോട് തന്റെ ന്യായം പറഞ്ഞു.

'എടാ പണ്ട് ബംഗാളില് നിങ്ങടെ പാർട്ടി ഭരിക്കണ സർക്കാരിന്റെ മൂക്കിന്റെ താഴെയുള്ള പുരുലിയ എന്ന സ്ഥലത്ത് പറക്കണ വിമാനത്തീന്ന് ആരോ എ.കെ. 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ എറിഞ്ഞുകൊടുത്ത ചരിത്രം കേട്ടിട്ടുണ്ടോ? കേസിനൊന്നും ഒരു കൊമ്പും തുമ്പും ഉണ്ടായില്ലാച്ചാലും ആ സമയത്ത് പൊലീസ്ന് പൂട്ടണമെന്ന് തോന്നുന്നവരെയൊക്കെ പുരുലിയാ ആയുധവർഷം കേസെന്നും പറഞ്ഞാണ് അകത്താക്കി ചാമ്പിയിരുന്നത്. നിനക്കതൊക്കെ വല്ല അറിവും ഉണ്ടോ? അത് പോട്ടെ.... നീ പേരറിവാളൻ എന്നൊരു പേര് കേട്ടിട്ടുണ്ടോ?'

'ഉവ്വ്.... രാജീവ്ഗാന്ധീടെ വധക്കേസുമായി ബന്ധപ്പെട്ട് അകത്തുകിടക്കുന്നൊരു പ്രതിയല്ലേ?'

'അപ്പൊ നിനക്ക് ആളെ അറിയാം, അല്ലേ? മിടുക്കൻ.... അത്രയും പണി കുറഞ്ഞു. എന്താണവന്റെ പേരിലുള്ള കേസെന്നറിയാമോ?'

സത്യനാഥൻ ഒന്നും മിണ്ടാതെ തല താഴ്‌ത്തി.

'ഒമ്പതു വോൾട്ടിന്റെ രണ്ട് ബാറ്ററി വാങ്ങിയതിന് ഏതാണ്ട് മുപ്പതു കൊല്ലമായി അയാള് ജയിലിലാണ്. പൊട്ടിയ ബോംബിനുപയോഗിച്ചത് ആ ബാറ്ററിയാണോ അല്ലയോ എന്നതൊക്കെ വേറെ കാര്യാണ് കേട്ടോ. അതോമ്ട് ഏതൊക്കെ കേസില് ആരെയൊക്കെ പൊക്കണം..... എത്ര കൊല്ലം അകത്തുകിടക്കും.... എന്നൊന്നും നീ പൊലീസുകാരെ പഠിപ്പിക്കാൻ വരണ്ടാട്ടോ'.

പക്ഷേ, ശ്രീധരന്റെ ആ വിരട്ടലിലൊന്നും കാര്യങ്ങൾ നിന്നില്ല. കേസ് മേലോട്ട് പോയതോടെ സത്യനാഥന്റെ ശരീരവും ഭൂമിയിൽനിന്നു പൊങ്ങി.

കാറ്റും വെളിച്ചവുമൊന്നും അധികമില്ലാത്ത കുടുസ്സുമുറികളിൽ കുറെ നേരം നിന്നാൽ ശ്വാസം നിലയ്ക്കുന്നതുപോലെ ഒരുതരം വെപ്രാളം തോന്നുന്ന പ്രകൃതക്കാരനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ. അതുകൊണ്ടുതന്നെ ആ കേസുമായി ബന്ധപ്പെട്ട് ആ രഹസ്യാന്വേഷണ സങ്കേതത്തിലേക്കെത്തിക്കുന്ന പ്രതികളോട് കൂടുതൽ നേരം ചോദ്യവും പറച്ചിലുമൊന്നും വേണ്ടായെന്ന നിർദ്ദേശം അയാൾ ഏവർക്കുമായി നൽകിയിരുന്നു. ഭേദ്യമുറകളെല്ലാം കഴിഞ്ഞശേഷം ചോദ്യം മുഴുവനാകുന്നതിന് മുന്നെത്തന്നെ പ്രതികൾ ഉത്തരം ഛർദ്ദിക്കുന്ന പരുവത്തിലായാൽ മാത്രമേ സംഘത്തലവൻ അന്വേഷണമുറിയിലേക്ക് കടന്നുചെല്ലാറുള്ളൂ. വെട്ടം കുറഞ്ഞ മുറിയിലിരിക്കുമ്പോൾ താനനുഭവിക്കുന്ന പിരിമുറുക്കം കീഴുദ്യോഗസ്ഥർ അറിയാതിരിക്കാനായി അന്നേരം അയാൾ തുടർച്ചയായി തുടകൾ വിറപ്പിക്കുകയും കാലടികൊണ്ട് താളംപിടിക്കുകയും ഇടതടവില്ലാതെ വർത്തമാനം പറയുകയും ചെയ്തുപോന്നു. ശ്രീധരൻ കൊണ്ടു ചെന്നങ്ങോട്ട് ഏൽപ്പിച്ചപാടെ സത്യനാഥനെ കൈകാര്യം ചെയ്യാനുള്ള ഏർപ്പാടുകളൊരുക്കി നാലഞ്ചുപേർ തയ്യാറായി നിൽപ്പുണ്ടായിരുന്നു. മയത്തിൽ രണ്ടു തവണ ചോദിച്ചിട്ടും തങ്ങൾക്കു വേണ്ട മറുപടിയൊന്നും കിട്ടാതായപ്പോൾ അവർ പ്രതിയുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടി തറയിലേക്ക് കമിഴ്‌ത്തിയിട്ടു. കുതറിയെണിക്കാൻ ശ്രമിച്ചപ്പോൾ തുടകൾക്കിടെ ലാത്തി തിരുകി വലിക്കിട്ടശേഷം മുഴങ്കാലിൽ പിരിയൻകയറുകൊണ്ട് ഊരാക്കുടുക്കുതീർത്തു. എടുപ്പെല്ലിൽ രണ്ടുപേർ മുട്ടുകുത്തിനിന്നാണ് നീളൻ കയറിന്റെ ബാക്കിയറ്റംകൊണ്ട് പിടയുന്നവന്റെ കൈക്കുഴയും കപ്പലായയും കൂടി കെട്ടിമുറുക്കിയത്. കപ്പിക്കൊളുത്തിലേക്ക് വരിഞ്ഞുകെട്ടിയ ആ കയർ പൊലീസുകാർ ചേർന്നു വലിക്കുമ്പോൾ നടു പുറകോട്ട് വളഞ്ഞ് അനങ്ങാനാകാത്തനിലയിൽ സത്യനാഥൻ അലറിക്കരഞ്ഞു. പതിയെപ്പതിയെ ആ കരച്ചിലിന്റെ ഒച്ച താണുവന്നു. പറന്നു തളർന്നൊടുക്കം ചിറകനക്കാതെവച്ച് ആകാശത്തുനിന്ന് താഴേക്ക് മെല്ലെമെല്ലെ ഊർന്നുതാഴ്ന്നുവരുന്ന പക്ഷിയുടെ നിലയായിരുന്നു അയാൾക്കപ്പോൾ. തൊലിപ്പുറത്ത് ക്ഷതമൊന്നും കാണില്ലെങ്കിലും സ്വന്തം ശരീരത്തിനുള്ളിലെ കൈപ്പലകയും കശേരുക്കളും വാരിയെല്ലുകളുമൊക്കെ അടർന്നുമാറുന്നത് ഉള്ളോണ്ടനുഭവിക്കുന്നവരൊക്കെ അരമണിക്കൂറിനുള്ളിൽ അറിയാവുന്ന സത്യമെല്ലാം വിളിച്ചുപറയുന്ന ഗരുഡൻതൂക്കം എന്ന മുറയായിരുന്നു അത്. പക്ഷേ, ഒന്നരമണിക്കൂറങ്ങനെ തൂങ്ങിക്കിടന്നിട്ടും സത്യനാഥനിൽനിന്ന് കനപ്പെട്ടതൊന്നും കിട്ടില്ലെന്നുറപ്പായതോടെ മൂന്നാംമുറക്കാര് കയററുത്തു. മൂക്കുംകുത്തി കീഴേക്കുവീഴാൻ പോയ സത്യനാഥനെ താങ്ങിനിർത്തിപ്പിടിച്ചത് ശ്രീധരനായിരുന്നു. കാര്യമായ തെളിവൊന്നും പൊലീസിന് കണ്ടെത്താനായില്ലെങ്കിലും വിചാരണത്തടവിന്റെ ഭാഗമായി അയാൾക്ക് നാലഞ്ചുമാസം അകത്തുകിടക്കേമ്ടി വന്നു. അതൊക്കെക്കഴിഞ്ഞ് സത്യനാഥൻ പുറത്തിറങ്ങുമ്പോഴേക്കും തലയെണ്ണിക്കണത്ത് സമാസമം ആയിക്കഴിഞ്ഞിരുന്നു. പൊലീസുകാരാകട്ടെ പുതിയ വെട്ടുകേസിന്റെ പുറകെയുള്ള നെട്ടോട്ടത്തിലും...'.

ഏറ്
വി എം. ദേവദാസ്
ഡി.സി. ബുക്സ് 2021
വില 199 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP