Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലേക്ക്; പരാതികളിൽ ആറു മാസത്തിനകം നടപടി: മന്ത്രി സജി ചെറിയാൻ

മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലേക്ക്; പരാതികളിൽ ആറു മാസത്തിനകം നടപടി: മന്ത്രി സജി ചെറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലെത്തിയതായി ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും വരക്കൽ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2007 മുതൽ കെട്ടിക്കിടക്കുന്ന പരാതികൾ ഓരോന്നും പരിഹരിച്ചു വരികയാണ്. മത്സ്യത്തൊഴിലാളി മരിച്ച് 10-15 വർഷം കഴിഞ്ഞിട്ടും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി കേസുകൾ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് ഫിഷറീസ് വകുപ്പ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ അപേക്ഷയും ആറു മാസത്തിനുള്ളിൽ തീർപ്പാക്കും.

സംസ്ഥാനത്ത് ഉടനീളമുള്ള ഇത്തരം കേസുകൾ പരിഹരിക്കുന്നതിന് കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്ത് അദാലത്ത് നടത്തിയിരുന്നു. അദാലത്തിൽ 145 അപകട മരണ ഇൻഷൂറൻസ് കേസുകൾ പരിഗണിക്കുകയും 89 എണ്ണം തീർപ്പാക്കുകയും ചെയ്തു. 8.5 കോടി രൂപയുടെ ആനുകൂല്യ വിതരണമാണ് അന്ന് നടത്തിയത്. മത്സ്യത്തൊഴിലാളികളുടെ തുടർ ചികിത്സയുമായി ബന്ധപ്പെട്ട 203 അപേക്ഷകളും ആനുകൂല്യവിതരണവുമായി ബന്ധപ്പെട്ട 64 പരാതികളുമാണ് ഇപ്പോൾ വകുപ്പിനു മുന്നിലുള്ളത്. എറണാകുളം കേന്ദ്രീകരിച്ച് ഉടനെ നടത്തുന്ന അദാലത്തിൽ എല്ലാ പരാതികളും പരിഗണിച്ച് സംസ്ഥാനത്തെ ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കും.

മത്സ്യത്തൊഴിലാളികൾക്ക് മരണം സംഭവിച്ചാൽ ആശ്രിതർക്ക് ആറു മാസത്തിനകം ധനസഹായം ലഭ്യമാക്കുന്ന രീതിയിലേക്ക് വകുപ്പിന്റെ പ്രവർത്തനങ്ങൾ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. നിർദ്ദിഷ്ട സമയപരിധിയിൽ ധനസഹായം ലഭ്യമാക്കുന്നതിന് ഫിഷറീസ് ഓഫീസർമാരെ ചുമതലപ്പെടുത്തി. അല്ലാത്തവ കാരണ സഹിതം മന്ത്രിക്ക് നേരിട്ട് സമർപ്പിക്കണം. മന്ത്രി പരിശോധിച്ച് നടപടിയെടുക്കും.

രജിസ്‌ട്രേഷൻ, തിരിച്ചറിയൽ, ഇൻഷൂറൻസ് നിബന്ധനകൾ പാലിച്ചു മാത്രമേ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാവൂ. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള ലൈഫ് ഇൻഷൂറൻസിന്റെ മുഴുവൻ തുകയും സർക്കാർ അടയ്ക്കും. ഭവനരഹിതരായ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും വീട് വെച്ചു നൽകുന്ന പുനർഗേഹം പദ്ധതി പുരോഗമിക്കുകയാണ്. ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിലും ഒരാൾക്കെങ്കിലും തൊഴിൽ നൽകി സാമ്പത്തിക കെട്ടുറപ്പ് ഉറപ്പാക്കാൻ അടുത്ത പഞ്ചവത്സര പദ്ധതിയിലുൾപ്പെടുത്തി നടപടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് നടന്ന വടക്കൻ മേഖല അദാലത്തിൽ അപകട മരണമടഞ്ഞ 33 മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 3.25 കോടി രൂപയും അപകടം മൂലം അവശതയനുഭവിക്കുന്ന മൂന്ന് മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 19 ലക്ഷം രൂപയും വിതരണം ചെയ്തു. അദാലത്തിൽ എട്ട് അപേക്ഷകൾ പുതുതായി പരിഗണിച്ചു. മന്ത്രിയുടെ അധ്യക്ഷതയിലാണ് അദാലത്ത് നടത്തിയത്. ഇവയിൽ നാലെണ്ണം തീർപ്പാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP