Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

2021ൽ മൂന്ന് ലക്ഷം കടന്ന് വൈദ്യുത വാഹന വിൽപന; ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ വിൽപ്പനയിൽ വൻ മുന്നേറ്റം: ഡിസംബറിൽ മാത്രം നടന്നത് 50,889 വൈദ്യുത വാഹനങ്ങളുടെ രജിസ്ട്രേഷൻ

2021ൽ മൂന്ന് ലക്ഷം കടന്ന് വൈദ്യുത വാഹന വിൽപന; ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ വിൽപ്പനയിൽ വൻ മുന്നേറ്റം: ഡിസംബറിൽ മാത്രം നടന്നത് 50,889 വൈദ്യുത വാഹനങ്ങളുടെ രജിസ്ട്രേഷൻ

സ്വന്തം ലേഖകൻ

മുംബൈ: രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപനയിൽ വൻ മുന്നേറ്റം. 2021ൽ രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില്പന മൂന്നു ലക്ഷം കടന്നു. ഈ വിഭാഗത്തിൽ ഇരുചക്ര, മുച്ചക്രവാഹന വില്പന ഉയർന്നതാണ് നേട്ടത്തിനു പിന്നിലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഡിസംബറിൽ മാത്രം 50,889 വൈദ്യുത വാഹനങ്ങളുടെ രജിസ്ട്രേഷൻ നടന്നു എന്നതും വൻ നേട്ടമായി.

ആകെ 2,522 വൈദ്യുത കാറുകളാണ് ഡിസംബറിൽ നിരത്തിലെത്തിയത്. നവംബറിനെക്കാൾ 64 ശതമാനവും 2020 ഡിസംബറിനെക്കാൾ 410 ശതമാനവുമാണ് വളർച്ച. ടാറ്റാ മോട്ടോഴ്സിനാണ് ഈ വിഭാഗത്തിൽ 93 ശതമാനവും വിപണി വിഹിതം. 23,373 മുച്ചക്ര വാഹനങ്ങളും ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തു. 29.8 ശതമാനമാണ് വളർച്ച. ഡിസംബറിലെ റെക്കോഡ് രജിസ്ട്രേഷന്റെ പിൻബലത്തിൽ 2020-നെ അപേക്ഷിച്ച് 2021-ൽ രാജ്യത്തെ വൈദ്യുത വാഹന രജിസ്ട്രേഷൻ ഇരട്ടിയായി. വൈദ്യുത വാഹനങ്ങൾക്കുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സബ്സിഡികൾ വില്പന കൂടാൻ കാരണമായിട്ടുണ്ട്.

2021-ൽ ആകെ 3,11,339 വൈദ്യുത വാഹനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. 2020-ൽ ഇത് 1,19,654 എണ്ണവും 2019-ൽ 1,61,312 എണ്ണവുമായിരുന്നു. ഇരുചക്ര വാഹന വിഭാഗത്തിലെ വില്പന വളർച്ചയാണ് വൈദ്യുത വാഹന രജിസ്ട്രേഷൻ ഇത്രയും ഉയരാൻ സഹായകമായത്. ഡിസംബറിൽ മാത്രം 24,725 വൈദ്യുത ഇരുചക്ര വാഹനങ്ങളാണ് നിരത്തിലെത്തിയത്. നവംബറിനെ അപേക്ഷിച്ച് 10 ശതമാനവും 2020 ഡിസംബറിനെ അപേക്ഷിച്ച് 444 ശതമാനവുമാണ് വർധന. 2021-ൽ ആകെ 2.33 ലക്ഷം വൈദ്യുത ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (എസ്.എം.ഇ.വി.) പറയുന്നു. 2020-ൽ ഇത് ഒരു ലക്ഷം മാത്രമായിരുന്നു.

ഡിസംബറിലെ രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം വൈദ്യുത ഇരുചക്ര വാഹനങ്ങളും യാത്രാ വിഭാഗത്തിലുള്ള മുച്ചക്രവാഹനങ്ങളും ചേർന്ന് 90.3 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തു. കാറുകൾക്ക് അഞ്ചു ശതമാനവും ചരക്കുനീക്കത്തിനുള്ള മുച്ചക്ര വാഹനങ്ങൾ 4.3 ശതമാനവും വിപണി വിഹിതം സ്വന്തമാക്കി.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ആവശ്യം ഉയരുന്നതു മുൻനിർത്തി 2022-ൽ വൈദ്യുത വാഹന വില്പന പത്ത് ലക്ഷത്തിലെത്തുമെന്ന് എസ്.എം.ഇ.വി. ഡയറക്ടർ ജനറൽ സൊഹീന്ദർ ഗിൽ പറഞ്ഞു. കഴിഞ്ഞ 15 വർഷംകൊണ്ടുണ്ടായ വില്പന 2022-ൽ മാത്രമുണ്ടാകും. ഫെയിം 2 വൈദ്യുത വാഹന നയം ഈ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP