Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിഷപ്പുമാരോട് കന്യാസ്ത്രീ പരാതി പറഞ്ഞപ്പോൾ ശാരീരിക പീഡനം നടന്നതായി ആരോപിച്ചില്ല; അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നു എന്നു പറഞ്ഞു; 13 തവണ പീഡിപ്പിച്ചു എന്നു പറഞ്ഞത് മെഡിക്കൽ പരിശോധനകൾക്ക് ശേഷം; പരാതി നൽകിയതിലെ കാലതാമസവും കണക്കിലെടുത്തു കോടതി; കന്യാസ്ത്രീയുടെ മൊഴികൾ എന്തുകൊണ്ട് വിശ്വാസ യോഗ്യമില്ലെന്ന് കോടതി പറയാൻ കാരണങ്ങൾ ഇങ്ങനെ

ബിഷപ്പുമാരോട് കന്യാസ്ത്രീ പരാതി പറഞ്ഞപ്പോൾ ശാരീരിക പീഡനം നടന്നതായി ആരോപിച്ചില്ല; അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നു എന്നു പറഞ്ഞു; 13 തവണ പീഡിപ്പിച്ചു എന്നു പറഞ്ഞത് മെഡിക്കൽ പരിശോധനകൾക്ക് ശേഷം; പരാതി നൽകിയതിലെ കാലതാമസവും കണക്കിലെടുത്തു കോടതി; കന്യാസ്ത്രീയുടെ മൊഴികൾ എന്തുകൊണ്ട് വിശ്വാസ യോഗ്യമില്ലെന്ന് കോടതി പറയാൻ കാരണങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പീഡന കേസിൽ നിന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി പ്രസ്താവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. കന്യാസ്ത്രീയുടെ മൊഴിയെ പൂർണ്ണമായും വിശ്വാസത്തിൽ എടുക്കാൻ കോടതി തയ്യാറായില്ലെന്നാണ് വിധി പ്രസ്താവത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പരാതി നൽകിയ കന്യാസ്ത്രീയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യും വിധത്തിലാണ് വിധി ഉണ്ടായിരിക്കുന്നത്.

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചു എന്നാരോപിച്ചു കന്യാസ്ത്രീ നൽകിയ വിവിധ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നു കോടതിയുടെ കണ്ടെത്തൽ. 21 പോയിന്റുകൾ അക്കമിട്ടു നിരത്തിയാണു കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ വിധിയിൽ ചൂണ്ടിക്കാട്ടിയത്. 13 തവണ പീഡിപ്പിക്കപ്പെട്ടു എന്ന കന്യാസ്ത്രീയുടെ ആദ്യ ആരോപണത്തെ തന്നെ കോടതി തള്ളുന്നുണ്ട്. ഇതിനായി കോടതി ചൂണ്ടിക്കാട്ടുന്നതാകട്ടെ ഇര ബിഷപ്പുമാർക്ക് മുമ്പാകെ പരാതി പറഞ്ഞപ്പോൾ പീഡനം എന്ന ആരോപണം ഉന്നയിച്ചില്ല എന്നതാണ്.

അതിനാൽ ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാൻ കഴിയില്ലെന്നു വിധിന്യായത്തിലുണ്ട്. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിഭാഗം സമർപ്പിച്ച രേഖകൾ കേസ് സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നു.

കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നൽകിയ ആദ്യ മൊഴിയിൽ 13 തവണ ലൈംഗികപീഡനം നടന്നു എന്നു വ്യക്തമാക്കിയിട്ടില്ല. മെഡിക്കൽ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം മൊഴി നൽകിയത്. ബിഷപ്പുമാർക്ക് അടക്കം ആദ്യം നൽകിയ പരാതിയിൽ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുന്നു എന്നു മാത്രമാണു വ്യക്തമാക്കിയത്. എന്നാൽ ശാരീരിക പീഡനം നടന്നെന്നു മൊഴി നൽകിയ തീയതികൾക്കു ശേഷമാണ് ഈ പരാതികൾ നൽകിയിരിക്കുന്നതെന്നു കണ്ടെത്തി.

13 തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീ പിന്നീട് എന്തിനാണ് പ്രതിയായ ഫ്രാങ്കോയ്ക്ക് ഒപ്പം യാത്ര ചെയ്തതും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്‌തെന്ന ചോദ്യമാണ് കോടതി വിധി പ്രസ്താനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഫ്രാങ്കോ പ്രതികാരം കാട്ടിയെന്ന ഇരയുടെ മൊഴിയെ ഒത്തുതീർപ്പിന് വഴങ്ങാത്തത് അധികാരക്കൊതി കൊണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊഴി മാത്രം വിശ്വസിച്ച് വിധി കൽപ്പിക്കാനാവില്ല എന്ന് മാത്രമല്ല, നെല്ലും പതിരും വേർതിരിക്കാനാവാത്ത കേസിൽ തെളിവുകൾ തള്ളിക്കളയേണ്ടിവരുമെന്നുമാണ് കോടതി പറയുന്നത്.

ബിഷപ്പിനെതിരെ പരാതി ഉന്നയിക്കുന്ന അതേഘട്ടത്തിൽ തന്നെ പരാതിക്കാരിയും ഒപ്പമുള്ള കന്യാസ്ത്രീകളും തങ്ങൾക്ക് വേറൊരു മഠം അനുവദിച്ചാൽ ഈ പരാതി ഒത്തുതീർപ്പാക്കാം എന്ന് അവർ പറഞ്ഞതായും വിധിയിൽ പറയുന്നു. കന്യാസ്ത്രീ ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്നതിൽ സംശയമില്ല. പക്ഷേ ബിഷപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വരും മുൻപേ ഇവർക്കെതിരെ പല പരാതികളും വന്നു. പരാതിക്കാരിയുടെ ഒരു ബന്ധു തന്നെ അവർക്കെതിരെ പരാതിയുമായി വന്നിരുന്നു.

കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന്റെ ഭാഗത്തും പല വീഴ്ചകളും ഉണ്ട്. കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായിട്ടായിരുന്നു ബന്ധം എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദത്തെ ഖണ്ഡിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കന്യാസ്ത്രീയുടെ മൊബൈൽ ഫോണടക്കം പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരുമായിരുന്നുവെന്ന് പ്രതിഭാഗം പറയുന്നുണ്ട്.

മെഡിക്കൽ റിപ്പോർട്ടിലും തിരുത്തലുകൾ സംഭവിച്ചു. കന്യാസ്ത്രീയുടെ ഫോൺ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. കന്യാസ്ത്രീയുടെ ബന്ധു നൽകിയ പരാതിയും കോടതി പരിഗണനയിൽ എടുത്തു. പരാതി നൽകുന്നതിൽ വന്ന കാലതാമസം വിശദീകരിക്കാൻ പരാതിക്കാരിക്കു വ്യക്തമായി സാധിച്ചില്ലെന്നും കണ്ടെത്തലുണ്ട്. ഇതു സംബന്ധിച്ചു പ്രതിഭാഗം ഹാജരാക്കിയ ദൃശ്യമാധ്യമത്തിലെ ഇന്റർവ്യൂ സംബന്ധിച്ചും പരാമർശമുണ്ട്. ബിഷപ്പിനെതിരെ പരാതി നൽകിയപ്പോൾ കേസ് ഒത്തുതീർപ്പാക്കുന്നതിനല്ലേ ബിഷപ് ശ്രമിക്കൂവെന്ന ചോദ്യത്തെ മില്യൻ ഡോളർ ചോദ്യം എന്നു കോടതി വിശേഷിപ്പിച്ചു. 289 പേജുള്ളതാണു വിധിന്യായം.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെയാണ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്. ഞെട്ടിക്കുന്ന വിധിയെന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കള്ളപ്പരാതി പൊളിഞ്ഞെന്നായിരുന്നു പ്രതിഭാഗം പ്രതികരണം.

പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ജി.ഗോപകുമാർ വിധി പറഞ്ഞത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. കോടതി ചേംബറിൽ നിന്ന് കേട്ട ആ ഒറ്റവാക്കിന്റെ ആഹ്ലാദത്തിൽ ബിഷപ്പ് പുറത്തിറങ്ങി. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തന്റെ അധികാരമുപയോഗിച്ച് ബലാതംസംഗം ചെയ്തെന്നും 2014 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയിൽ പ്രധാന പ്രോസിക്യൂഷൻ വാദം.ഇരയെ തടഞ്ഞുവെച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു മറ്റാരോപണങ്ങൾ. ഏന്നാൽ ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP