Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ദർശനപുണ്യം പകർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണ മന്ത്രഘോഷത്തിൽ മുഖരിതമായി ശബരീശ സന്നിദ്ധി; സർവ്വാഭരണ വിഭൂഷിതനായ ശാസ്താവിനെ തൊഴുത് പതിനായിരങ്ങൾ

ദർശനപുണ്യം പകർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണ മന്ത്രഘോഷത്തിൽ മുഖരിതമായി ശബരീശ സന്നിദ്ധി; സർവ്വാഭരണ വിഭൂഷിതനായ ശാസ്താവിനെ തൊഴുത് പതിനായിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല : മലകയറിയെത്തിയ ഭക്തജനലക്ഷങ്ങൾക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.സന്നിധാനത്തും പമ്പയിലുമടക്കം പൊന്നമ്പലമേടു കാണാവുന്ന ഇടങ്ങളിലെല്ലാം മണിക്കൂറുകൾ കാത്തുനിന്ന ഭക്തർക്ക് നിർവൃതിയുടെ നിമിഷം.ശബരീശ സന്നിദ്ധി പ്രകമ്പനം കൊള്ളുമാറുച്ചത്തിൽ സ്വാമിമന്ത്രം മുഴക്കി അവർ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു സന്നിധാനത്ത് ശ്രീകോവിലിൽ ദീപാരാധന നടക്കുമ്പോഴായിരുന്നു പൊ്ന്നമ്പല മേട്ടിൽ മൂന്നുതവണ മകരവിളക്ക് തെളിഞ്ഞത്.

ബുധനാഴ്ച പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാത വഴിയാണ് വൈകീട്ട് ശരംകുത്തിയിലെത്തിയത്.അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ അവിടെനിന്ന് ദേവസ്വം പ്രതിനിധികൾ യാത്രയെ വാദ്യമേളങ്ങൾ, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗം മനോജ് ചരളേൽ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.

തിരുവാഭരണം നടപ്പന്തൽ കടന്ന് പതിനെട്ടാം പടിക്ക് താഴെ എത്തിയതോടെ ഭക്തർ കർപ്പൂരാരതി ഉഴിഞ്ഞു സ്വീകരിച്ചു. തുടർന്ന് ആദ്യം കൊടിപ്പെട്ടിയും കലശപ്പെട്ടിയും മാളികപ്പുറത്തേക്ക് ആനയിക്കപ്പെട്ടു. അതേ സമയം തന്നെ തിരുവാഭരണപേടകം പതിനെട്ടാം പടികയറ്റി ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചു. സ്വർണ്ണക്കൊടിമരച്ചുവട്ടിലെത്തി പ്രദക്ഷിണംവെച്ച് ശ്രോകോവി ലിലേക്ക് ഭക്തസംഘം പേടകത്തെ ശിരസിലേറ്റിതന്നെ എത്തിച്ചു.

ശരണംവിളിയോടെ അവർ ശ്രീകോവിലിന്റെ തിരുനടയിൽ നമസ്‌ക്കരിച്ചാണ് പേടകം സമർപ്പിച്ചത്. സായംസന്ധ്യയിൽ 6.40നാണ് തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങിയത്. 6.50ന് ദീപാരാധനയ്ക്കായി കൂട്ടമണി മുഴങ്ങിയതോടെ ശരണമയ്യപ്പാ വിളികൾ ഉയർന്നു. സോപാനത്തിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. അതിനു പിന്നാലെയാണ് പൊന്നമ്പല മേട്ടിൽ മകരവിളക്കു തെളിഞ്ഞത്.

ആകാശത്ത് പൊൻപ്രഭയോടെ മകരനക്ഷത്രം ജ്വലിച്ചുനിന്നു. ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദർശനത്തിന് എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി പതിനായരക്കണക്കിന് ഭക്തരാണ് മകരജ്യോതി ദർശനത്തിനായി സന്നിധാനത്തെത്തിയത്.

ഉച്ചയ്ക്ക് 2.29ന് മകര സംക്രമ മുഹൂർത്തത്തിൽ, കവടിയാർ കൊട്ടാരത്തിൽനിന്നുള്ള മുദ്രയിലെ നെയ്യ് അയ്യപ്പന് അഭിഷേകം ചെയ്തിരുന്നു. മകരസംക്രമ പൂജയ്ക്കു ശേഷം അടച്ച നട വൈകിട്ട് അഞ്ചുമണിക്കാണു തുറന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഒരിടത്തും പർണശാലകൾ കെട്ടാൻ അനുമതിയുണ്ടായിരുന്നില്ല.

പുല്ലുമേട്ടിൽ ഇത്തവണ ദർശനത്തിന് അനുമതിയില്ലായിരുന്നു. കഴിഞ്ഞദിവസം രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിലെ വിശ്രമത്തിനു ശേഷം പുലർച്ചെ മൂന്നുമണിക്കു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര തലപ്പാറ കോട്ട, അട്ടത്തോട് കോളനി, ഏട്ടപ്പട്ടി, ഒളിയമ്പുഴ വഴി ഉച്ചയോടെ വലിയാനവട്ടത്തെത്തി. വിശ്രമത്തിനു ശേഷം ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം വഴിയാണ് ശരംകുത്തിയിലെത്തിയത്. ജനുവരി 19 വരെ ഭക്തർക്കു ദർശനം നടത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP