Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പർ മുറിയിൽ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ പരാതി; ഉന്നത പുരോഹിതരോട് വാക്കാൽ പരാതി നൽകിയിട്ടും ഒതുക്കാൻ ശ്രമം; പിന്തിരിയാൻ കൂട്ടാക്കാതെ ഉറച്ചുനിന്ന കന്യാസ്ത്രീ ഫ്രാങ്കോയെ അഴിക്കുള്ളിലാക്കി; ബിഷപ്പ് പ്രതി സ്ഥാനത്ത് വന്ന കേരളത്തിലെ ആദ്യത്തെ പീഡന കേസിന്റെ ചരിത്രം

കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പർ മുറിയിൽ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ പരാതി; ഉന്നത പുരോഹിതരോട് വാക്കാൽ പരാതി നൽകിയിട്ടും ഒതുക്കാൻ ശ്രമം; പിന്തിരിയാൻ കൂട്ടാക്കാതെ ഉറച്ചുനിന്ന കന്യാസ്ത്രീ ഫ്രാങ്കോയെ അഴിക്കുള്ളിലാക്കി; ബിഷപ്പ് പ്രതി സ്ഥാനത്ത് വന്ന കേരളത്തിലെ ആദ്യത്തെ പീഡന കേസിന്റെ ചരിത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിന്റെ നീതിന്യായ ചരിത്രത്തിൽ ഒരു ബിഷപ്പ് പീഡന കേസിൽ പ്രതി സ്ഥാനത്ത് വന്ന ആദ്യത്തെ കേസാണ് ഫ്രാങ്കോ കേസ്. സഭയുടെ ഉന്നത സ്ഥാനത്തുള്ള വ്യക്തിത്വം ഇത്തരമൊരു കേസിൽ പെട്ടാൽ ഒരിക്കലും പുറത്തുവരാതെ ഒതുങ്ങിപ്പോകുന്ന സംഭവങ്ങൾക്കിടെയാണ് ആറ് വർഷത്തെ നിരന്തര പോരാട്ടം ഒരു കന്യാസ്ത്രീ നടത്തിയത്. നീതിക്ക് വേണ്ടിയുള്ള ഇവരുടെ പോരാട്ടത്തിൽ സഭ പോലും തള്ളിപ്പറയുന്ന ഘട്ടം പലതവണ ഉണ്ടായി. എന്നിട്ടും തുടർച്ചയായ പോരാട്ടം നടത്തുകയായിരുന്നു ഇവർ.

കേസിൽ സഭാ നേതൃത്വത്തോട് പരാതിപ്പെട്ടപ്പോൾ ഒതുക്കൻ ശ്രമിക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് ഇരയായ കന്യാസ്ത്രീ പൊലീസിനെ സമീപിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽ വെച്ച് 13 തവണ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. 2018 ജൂൺ 27നാണ് കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്. തുടർന്ന് കുറവിലങ്ങാട് പൊലീസിൽ എകഞ രജിസ്റ്റർ ചെയ്ത് അന്വേഷണം വൈക്കം ഡി.വൈ.എസ്‌പി കെ സുഭാഷിന് കൈമാറി. ജൂലൈ ഒന്നിന് അന്വേഷണ സംഘം കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തു. ജൂലൈ അഞ്ചിന് രഹസ്യമൊഴിയും രേഖപ്പെടുത്തി.

കേസ് സജീവ ചർച്ചയായതോടെ ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ണൂരിലെയും തൊടുപുഴയിലെയും മഠങ്ങളിലെത്തി പരിശോധന നടത്തി. 2018 ജൂലൈ പതിനാലിന് കന്യാസ്ത്രീ ആദ്യം പരാതി അറിയിച്ചവരിൽ ഒരാളായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴി അന്വേഷണസംഘമെടുത്തു. കുരുക്ക് മുറുകിയതോടെ കേസിൽ നിന്ന് പിന്മാറാൻ സഭ വിവിധ കേന്ദ്രങ്ങൾ വഴി കന്യാസ്ത്രീകൾക്ക് പണവും ഭൂമിയും വാഗ്ദാനം നൽകി. ഇതിനെതിരെ ജൂലൈ 25 ന് കന്യാസ്ത്രീകൾ പൊലീസിൽ പരാതി നൽകി.

ആറ് വർഷത്തെ അഗ്നിപരീക്ഷ അതിജീവിച്ച് ഇര

ആറ് വർഷത്തെ നിയമ പോരാട്ടമാണ് കേസിൽ ഇരയായ കന്യാസ്ത്രീ നടത്തിയത്. ബിഷപ്പിനെതിരെ ലൈംഗിക ചൂഷണത്തിന് പരാതിപ്പെട്ട കന്യാസ്ത്രീയ്ക്ക് കഴിഞ്ഞ 6 വർഷമായി നേരിട്ടുകൊണ്ടിരിക്കുന്നത് അഗ്‌നിപരീക്ഷ തന്നെയായിരുന്നു. നിരന്തരം സ്വഭാവഹത്യ നടത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടും അതിനെ അതിജീവിക്കാൻ അവർക്ക് സാധിച്ചു. കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങി സമരം ചെയ്ത കേസ് അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. പരാതിയിൽ നിന്ന് പിന്തിരിയാൻ സഹോദരനെ കള്ളകേസിൽ കുടുക്കിയും കോടികൾ വാഗ്ദാനം ചെയ്തും ഫ്രാങ്കോയുടെ അനുചരന്മാർ രംഗത്തുവന്നെങ്കിലും അവർ ഉറച്ചു നിൽക്കുകായിയിരുന്നു.

2014 മുതൽ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തിൽ വച്ച് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തുവെന്നതാണ് കേസ്. ഫ്രാങ്കോ തന്നെ പലവട്ടം പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ മദർ സുപ്പീരിയറിന് പരാതി നൽകുന്നത് 2018 മാർച്ച് 26ന്. അതേസമയം സഭാ ഈ സംഭവം ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. ആദ്യമായി അനുരജ്ഞന ശ്രമവുമായി എത്തിയത് കോടനാട് വികാരിയായിരുന്നു. എന്നാൽ, കന്യാസ്ത്രീ യാതൊരു വിട്ടുവീഴ്‌ച്ചക്കും തയ്യാറായില്ല.

ജൂൺ 7ന് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നൽകി. 21 ദിവസങ്ങൾക്ക് ശേഷം ജൂൺ 28നാണ് പൊലീസ് കേസിൽ എഫ്‌ഐആർ ഇടുന്നത്. കേസന്വേഷണ ചുമതല വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിന്. ജൂലൈ ഒന്നിന് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. 2018 ജൂലൈ 5ന് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്നിൽ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യ മൊഴി നൽകി. ജൂലൈ 7ന് ദേശീയ വനിത കമ്മീഷന്റെ ഇടപെടലുണ്ടാവുന്നു. ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു. ജൂലൈ 8ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് വ്യാജമെന്ന് കണ്ടെത്തി പിന്നീട് തള്ളി.

ജൂലൈ 14ന് അന്വേഷണസംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു. കന്യാസ്ത്രീ വാക്കാൽ പരാതി പറഞ്ഞെന്നായിരുന്നു കല്ലറങ്ങാട്ടിന്റെ മൊഴി. പിന്നാലെ കേസിൽ നിന്ന് പിന്മാറാൻ കന്യാസ്ത്രീമാരേയും ബന്ധുക്കളേയും സ്വാധീനിക്കാൻ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശ്രമങ്ങളുണ്ടായി. 2018 ജൂലൈ 25ന് കേസിൽ നിന്ന് പിന്മാറാൻ രൂപത അധികാരികൾ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ വെളിപ്പെടുത്തി. ജൂലൈ 30ന് കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഓഗസ്റ്റ് പത്തിന് അന്വേഷണസംഘം ജലന്ധറിലെത്തി. 13ന് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്തു.

അതി നാടകീയ സംഭവവികാസങ്ങളാണ് പിന്നെ കണ്ടത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമുണ്ടായി. മാധ്യമപ്രവർത്തകർക്കെതിരെ വരെ കയ്യേറ്റമുണ്ടായി. ഒടുവിൽ ചോദ്യം ചെയ്യൽ ക്രമസമാധാന പ്രശ്‌നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിച്ചു നൽകി. ബിഷപ്പിന് ജലന്ധർ മേഖലയിൽ വിശ്വാസികളിലടക്കമുള്ള സ്വാധീനം മുന്നിൽക്കണ്ടായിരുന്നു ഇത്. ജലന്ധറിൽ വച്ച് ഉദ്ദേശിച്ച രീതിയിൽ ചോദ്യം ചെയ്യൽ നടക്കില്ലെന്ന് ബോധ്യമായി. ഫ്രാങ്കോ മുളയ്ക്കലിന് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് കേരള പൊലീസ് തീരുമാനിച്ചത് ഇതിന് ശേഷമാണ്. ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചു.

ഓഗസ്റ്റ് 28ന് തന്നെ വധിക്കാൻ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി വന്നു. സെപ്റ്റംബർ പത്തിന് കേസിൽ ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. എന്ത് നടപടി സ്വീകരിച്ചുവെന്നായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യം. സെപ്റ്റംബർ 15ന് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ചുമതലകളിൽ നിന്ന് താൽക്കാലികമായി ഒഴിഞ്ഞു. 2018 സെപ്റ്റംബർ 19ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഹാജരായി. വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാൻ ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു ക്യാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി.

ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്‌ക്കെതിരെ രൂക്ഷമായ ആരേപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ്. 21-ാം തീയതി എട്ട് മണിയോടെയാണ് ഫ്രാങ്കോ അറസ്റ്റിലായത്.

2018 സെപ്റ്റംബർ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബർ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു. എന്നാൽ 25 ദിവസം നീണ്ട ജയിൽ വാസത്തിന് ശേഷം 2018 ഒക്ടോബർ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2019 ഏപ്രിൽ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവർ സിറ്റേഴ്സിന്റെ പ്രതിഷേധത്തിൽ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഏപ്രിൽ 9ന് കുറ്റപത്രമായി. 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതൽ ഹർജി. ആദ്യം അഡീഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതൽ ഹർജി തള്ളി. 2020 സെപ്റ്റംബർ 16ന് കോട്ടയം അഡിഷനൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ വിചാരണ തുടങ്ങി. നവംബർ അഞ്ചിന് ഫ്രാങ്കോയുടെ വിടുതൽ പുനഃപരിശോധന ഹർജിയും സുപ്രീംകോടതി തള്ളി.

2021 ഡിസംബർ 29ന് വാദം കേസിൽ വാദം പൂർത്തിയായി. 2022 ജനുവരി 10ന് കേസിന്റെ വിധി ജനുവരി 14ന് പറയാൻ കോടതി തീരുമാനിച്ചു. മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, ആവർത്തിച്ചുള്ള ബലാൽസംഗം, അധികാര ദുർവിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായ തടഞ്ഞുവെയ്ക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം അടക്കമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആകെ 83 സാക്ഷികളാണ് കേസിലുള്ളത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, ഭഗൽപൂർ ബിഷപ് കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവരും 25 കന്യാസ്ത്രീകളും, 11 വൈദീകരും, രഹസ്യ മൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാരും, വൈദ്യ പരിശോധന നടത്തിയ ഡോക്ടറും, ബിഷപ്പിന്റെ ഡ്രൈവറും അടങ്ങുന്നതാണ് സാക്ഷി പട്ടിക. വൈക്കം ഡിവൈഎസ്‌പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

ഫ്രാങ്കോ ഇപ്പോഴും ജലന്ധറിലെ രാജാവ് തന്നെ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ തന്നെയാണ് ഇപ്പോഴും ജലന്ധറിലെ രാജാവ്. സഭയിൽ ഭരണപരമായ ചുമതലയിൽ നിന്നും ബിഷപ്പിനെ നീക്കിയെങ്കിലും ഇപ്പോഴും സഭയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഫ്രാങ്കോയാണ്. സ്വന്തം കേസ് തേച്ചുമായ്ച്ചു കളയാൻ വേണ്ടി നിലവിലുള്ള പദവിയും ഫ്രാങ്കോ ഉഫയോഗിച്ചിരുന്നു. സ്വന്തം വെള്ളപൂശാനും പലതവണ ബിഷപ്പ് ശ്രമം നടത്തി. സഭക്കുള്ളിൽ നിന്നും ബലിയാടായി എന്ന വികാരം ഉണ്ടാക്കാൻ ഫ്രാങ്കോ ശ്രമിച്ചു. അതിന് വേണ്ടി സഭാ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്തു.

സ്വയം യേശു ക്രിസ്തുവുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ പ്രസംഗം. യേശുക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെട്ടുവെന്നാണ് ഫ്രാങ്കോ ക്രിസ്തുമസ് ദിന സന്ദേശത്തിൽ പറഞ്ഞത്. കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ യേശു ദൈവപുത്രനായി, അതുപോലെ അറസ്റ്റിനു ശേഷം എന്നെ കാണുന്നതും ദൈവപുത്രനെ കണ്ടതു പോലെ' ആണെന്നായിരുന്നു ഫ്രാങ്കോ പറഞ്ഞത്. മാധ്യമങ്ങളെയും വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സ്വയം പുണ്യാളൻ ചമയുന്ന പ്രസംഗമാണ് ബിഷപ്പ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP