Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ റെയിലിലെ സർക്കാർ കള്ളക്കണക്കുകൾ പുറത്തേക്ക്; ചെലവ് കുത്തനെ കൂടുമെന്ന് റെയിൽവേ; യാത്രക്കാരുടെയും വരുമാനത്തിന്റെയും കണക്കുകളിൽ അവ്യക്തത; പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാൻ റെയിൽവെ ബോർഡ് കെ റെയിലിനോട് നിർദേശിച്ചു; സ്വപ്‌ന പദ്ധതിയുടെ ചെലവ് 63,000 കോടിയെന്നത് പച്ചക്കള്ളം

കെ റെയിലിലെ സർക്കാർ കള്ളക്കണക്കുകൾ പുറത്തേക്ക്; ചെലവ് കുത്തനെ കൂടുമെന്ന് റെയിൽവേ; യാത്രക്കാരുടെയും വരുമാനത്തിന്റെയും കണക്കുകളിൽ അവ്യക്തത; പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാൻ റെയിൽവെ ബോർഡ് കെ റെയിലിനോട് നിർദേശിച്ചു; സ്വപ്‌ന പദ്ധതിയുടെ ചെലവ് 63,000 കോടിയെന്നത് പച്ചക്കള്ളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സ്വപ്‌ന പദ്ധതിയെന്ന വിധത്തിൽ അവതരിപ്പിക്കുന്ന സിൽവർ ലൈൻ പദ്ധതിയിലെ പൊരുത്തക്കേടുകൾ ഒന്നൊന്നായി പുറത്തേക്ക് വരുന്നു. കേരളത്തിന്റെ അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച സിൽവർലൈൻ പദ്ധതിയുടെ സാമ്പത്തിക നിലനിൽപിൽ ആശങ്കയറിയിച്ച് റെയിൽവെ രംഗത്തെത്തി. ഇതോടെ സർക്കാർ വിലയിരുത്തിയത് 63,000 കോടിയെന്ന കണക്കിലെ പൊള്ളത്തരമാണ് പുറത്തുവരുന്നത്.

സിൽവർലൈനിലെ യാത്രക്കാരുടെ എണ്ണത്തിലോ വരുമാനത്തിലോ വ്യക്തതയില്ലെന്നാണ് റെയിൽവേ വ്യക്തമാക്കിയത്. റെയിൽവേയിൽ നിന്നും കുറച്ച് യാത്രക്കാർ സിൽവർലൈനിലേക്ക് മാറിയാലും പദ്ധതി പ്രായോഗികമാകില്ലെന്നും പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാനും റെയിൽവെ ബോർഡ് കെ-റെയിലിനോട് നിർദ്ദേശിച്ചു. റെയിൽവെ ബോർഡും കെ-റെയിൽ ഉദ്യോഗസ്ഥരും നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങൾ റെയിൽവെ വ്യക്തമാക്കിയത്.

കെ-റെയിലിന്റെ പ്രായോഗികതയെ സംബന്ധിച്ച് പൊതുസമൂഹത്തിൽ നിന്ന് നിരവധി ചോദ്യങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും അതിനെയൊക്കെ തള്ളുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. എല്ലാ തരത്തിലും പദ്ധതി പ്രായോഗികമാണെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. എന്നാൽ ഇത് സംബന്ധിച്ച് റെയിൽവെ ബോർഡുമായി കെ-റെയിൽ ഉദ്യോഗസ്ഥർ നടത്തിയ യോഗത്തിൽ പദ്ധതിയുടെ പ്രയോഗികത സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളാണ് റെയിൽവെ അധികൃതർ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ സർക്കാറിന്റെ വിശദീകരണം എന്താകുമെന്നാണ് അറിയേണ്ടത്.

പദ്ധതി ചെലവ് സംബന്ധിച്ചാണ് ഒരു സുപ്രധാനമായ ചോദ്യം റെയിൽവെ ഉന്നയിച്ചിരിക്കുന്നത്. 63,000 കോടിയാണ് പദ്ധതിയുടെ ചെലവായി സംസ്ഥാന സർക്കാർ കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഇത് ചോദ്യം ചെയ്യുകയാണ് റെയിൽവെ ബോർഡ്. 2020 മാർച്ച് മാസത്തെ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്. അതിനാൽ ഈ കണക്ക് പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര റെയിൽവെ ബോർഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ പദ്ധതി ചെലവ് സർക്കാർ പറയുന്ന കണക്കിൽ നിന്നും കുതിച്ചുയരാനാണ് സാധ്യത.

സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടിൽ 79,000 യാത്രക്കാർ പ്രതിദിനം ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ അതിനെയും റെയിൽവെ ബോർഡ് ചോദ്യം ചെയ്തു. യാത്രക്കാരുടെ എണ്ണവും ട്രെയിനുകളുടെ എണ്ണവും സംബന്ധിച്ച് ഒരു ശുഭാപ്തി വിശ്വാസം സംസ്ഥാന സർക്കാരിനും കെ-റെയിലിനും ഉണ്ടാകുന്നത് നല്ലതാണെങ്കിലും അത് യാഥാർഥ്യ ബോധത്തോടെ ആകണമെന്നാണ് റെയിൽവെ ബോർഡ് പറയുന്നത്. അതിനാൽ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് ഒരു പുനഃപരിശോധന ആവശ്യമാണെന്നും റെയിൽവെ അധികൃതർ പറഞ്ഞു.

ശരിയായ നിരക്കും യാത്രക്കാരുടെ ശരിയായ എണ്ണവും നിശ്ചയിച്ചാൽ മാത്രമേ പദ്ധതി പ്രായോഗികമാകുകയുള്ളുവെന്നും അതിനാൽ തന്നെ 79000 യാത്രക്കാരെന്നുള്ള അവകാശവാദം കൂടുതൽ വിശദമാക്കണമെന്നും റെയിൽവെ ബോർഡ് കെ-റെയിലിനോട് നിർദേശിച്ചു. ഹൈസ്പീഡിന് പകരം സെമി ഹൈസ്പീഡ് കൊണ്ടുവന്നതുകൊണ്ട് എന്ത് സാമ്പത്തിക ഗുണമാണ് ലഭിക്കുന്നതെന്ന് വിശദീകരിക്കാനും കേരളത്തോട് റെയിൽവെ ആവശ്യപ്പെട്ടിരിക്കുകയാണ്.

നേരത്തെ പദ്ധതിയിൽ സമാനമായ സംശയങ്ങൾ ഉന്നയിച്ചു കൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തുവന്നിരുന്നു. കെ റെയിൽ പദ്ധതിയെ കുറിച്ച് നിലനിൽക്കുന്നത് കടുത്ത അവ്യക്തതയാണ്. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം കെ റെയിൽ മാനേജ്മെന്റ് നിഷേധിക്കുകയാണ്. അർദ്ധ അതിവേഗ പാത കേരളത്തിൽ വേണമെന്നതിൽ തർക്കമില്ല.പക്ഷേ മാറിയ സാഹചര്യങ്ങളിൽ ഈ പദ്ധതി കേരളത്തിന്റെ മുൻഗണന പട്ടികയിൽ ഉൾപെടേണ്ട ആവശ്യമില്ലന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്.

2018 ലെ പ്രളയത്തിന് മുമ്പുള്ള ആലോചനകൾ കേരലത്തിൽ ഇനി അതേപടി നടപ്പിലാക്കാൻ കഴിയില്ല. നമ്മുടെ സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിക സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായി. ഇപ്പോഴത്തെ നിലയിൽ നിലവിലുള്ള റെയിൽവേയുടെ വികസനത്തിനാവണം കേരളം മുൻഗണന നൽകേണ്ടത്. അർഹതപ്പെട്ടത് കേന്ദ്രത്തിൽ നിന്ന് വാങ്ങി യെടുക്കാൻ കേരളത്തിന് കഴിയണം.

നിലയിലുള്ള റെയിൽസംവിധാനത്തിനൊപ്പമാണ് സിൽവർ ലൈൻ പദ്ധതി വിഭാവനം ചെയ്യേണ്ടത്. പൂർണ്ണമായി വേറിട്ട് നിൽക്കുന്ന പദ്ധതിയായി കെ റെയിൽ മാറരുത്. ഗതാഗതത്തിനുള്ള സമഗ്ര നയം കേരളം തയ്യാറാകാകണം. അതിലൊന്ന് മാത്രമാവണം കെ റെയിൽ പദ്ധതി. റെയിൽവേവികസനം,ദേശീയ പാത വികസനം, ജില്ലാ റോഡുകളുടെ വികസനം ,ജലപാതകളുടെ വികസനം എന്നിവക്കൊപ്പം മാത്രമാണ് കെ റെയിലും ആലോചിക്കേണ്ടത്.ഇപ്പോൾ കെ റെയിലിന് മുൻഗണന നൽകേണ്ട സാഹചര്യമില്ല.

കെ റെയിലിനായി സർക്കാരും റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷനും അവതരിപ്പിക്കുന്ന കണക്കുകളിൽ സംശയാത്പദമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. 'ഉദാഹരണമായി, ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോൾ നൽകിയ ഭൂമി നിരക്കിന്റെ പകുതിമാത്രമാണ് കെ റെയിലിനായി കണക്കുകളിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. പദ്ധതി ചെലവ് കുറച്ചു കാണിക്കാനുള്ള ബോധപൂർവ്വ നീക്കമാണിതെന്ന് സംശയിക്കുന്നു. പദ്ധതി പൂർത്തിയായാൽ കൈകാര്യം ചെയ്യുമെന്ന് അവകാശപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തിലും നിരവധി പൊരുത്തക്കേടുകളുണ്ട്. മുബൈ -അഹമ്മദാബാദ് അതിവേഗ പദ്ധതിയിൽ 40000 യാത്രക്കാർ ഉണ്ടാകുമെന്ന് കണക്കെടുത്തപ്പോൾ, സമാനമായ രീതിയിൽ കേരളം തയ്യാറാക്കുന്ന പദ്ധതിയിൽ ഇതിലധികം യാത്രക്കാർ എങ്ങനെ ഉണ്ടാകുമെന്നാണ് പരിഷത്ത് ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP