Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ സീസണിൽ വരെ തകർന്നടിഞ്ഞ ടീം; ഇക്കുറി അമ്പരപ്പിക്കുന്നത് തുടർ വിജയങ്ങളുമായി ഒന്നാം സ്ഥാനം തിരികെ പിടിച്ച്; തോൽവിയറിയാതെ പത്ത് മത്സരങ്ങളുമായി കേരളത്തിലെ കൊമ്പന്മാർ; ഇന്ത്യൻ സൂപ്പർ ലീഗിലെ കപ്പിൽ മുത്തമിടുമോ കേരള ബ്ലാസ്‌റ്റേഴ്‌സ്

കഴിഞ്ഞ സീസണിൽ വരെ തകർന്നടിഞ്ഞ ടീം; ഇക്കുറി അമ്പരപ്പിക്കുന്നത് തുടർ വിജയങ്ങളുമായി ഒന്നാം സ്ഥാനം തിരികെ പിടിച്ച്; തോൽവിയറിയാതെ പത്ത് മത്സരങ്ങളുമായി കേരളത്തിലെ കൊമ്പന്മാർ; ഇന്ത്യൻ സൂപ്പർ ലീഗിലെ കപ്പിൽ മുത്തമിടുമോ കേരള ബ്ലാസ്‌റ്റേഴ്‌സ്

സ്പോർട്സ് ഡെസ്ക്

വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ അത്ഭുക്കുതിപ്പ് തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന മത്സരത്തിൽ ഒഡിഷ എഫ്.സിയെ തകർത്താണ് മഞ്ഞപ്പട വിജയമാഘോഷിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഈ മത്സര വിജയത്തോടെ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി കൊമ്പന്മാർ. പതിനാറാം തീയതി ഞായറാഴ്ച നടക്കുന്ന പന്ത്രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി മുംബൈ സിറ്റി എഫ്സിയെ നേരിടും. നിലിലെ ഫോം നോക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ പൂട്ടാൻ മുംബൈ വിയർപ്പ് ഏറെ ഒഴുക്കേണ്ടി വരും.

ഒഡിഷക്കെതിരായ മത്സരത്തിലും മിന്നുന്ന പ്രകടനമായിരുന്നു താരങ്ങളുടേത്. കഴിഞ്ഞ മത്സരത്തിൽ ഒഡീഷ എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോൽപിച്ചുവിട്ടത്. പ്രധിരോധ താരങ്ങളായ നിഷു കുമാറും ഹർമൻജോത് ഖബ്രയുമാണ് കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ഗോളുകൾ നേടിയത്. രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോൽവി വഴങ്ങാത്ത തുടർച്ചയായ പത്താം മത്സരമാണിത്. ബ്ലാസ്റ്റേഴ്‌സിന്റെ സർവകാല റെക്കോർഡ് കൂടിയാണിത്. ഇന്നത്തെ മൂന്നു പോയിന്റോടു കൂടി, 11 മത്സരങ്ങളിൽ നിന്നായി അഞ്ച് വീതം വിജയവും സമനിലയും ഒരു തോൽവിയുമടക്കം 20 പോയിന്റുകൾ നേടി കേരളാ ബ്ലാസ്റ്റേഴ്സ്.

മുന്നേറ്റ നിരയ്ക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രതിരോധമൊരുക്കുന്നവർ ഗോൾ കണ്ടെത്തുന്നു. അവർ എതിർ ടീമിന്റെ ബോക്സിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. തിരിച്ച് അതേ വേഗത്തിൽ സ്വന്തം ബോക്സിലെത്തി പ്രതിരോധ ചുമതലയും നിർവഹിക്കുന്നു. ഇതാണ് ഒഡീഷ എഫ്.സിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഹൈലൈറ്റ്.

മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് കോർണർ നേടിയെടുത്ത് ഒഡിഷയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി. ആദ്യമിനിറ്റ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റിൽ കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. 19-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഖാബ്രയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി.

26-ാം മിനിറ്റിൽ ഒഡിഷയ്ക്ക് മത്സരത്തിലെ ആദ്യ അവസരം തുറന്നുകിട്ടി. ഗോളടിയന്ത്രം ഹാവി ഹെർണാണ്ടസ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഷോട്ട് ഉഗ്രൻ സേവിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗിൽ തട്ടിയകറ്റി.

നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് 28-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ പ്രതിരോധതാരം നിഷു കുമാറാണ് ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. അഡ്രിയാൻ ലൂണയുടെ പാസ് സ്വീകരിച്ച നിഷു ബോക്സിനകത്തുവെച്ച് ഒഡിഷ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് മഴവില്ലഴകിൽ പന്ത് പോസ്റ്റിലേക്കടിച്ചു. ഗോൾകീപ്പർ അർഷ്ദീപിന് ഇത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നേടിയ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

ഗോളടിച്ചിട്ടും ആക്രമിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഒഡിഷ പ്രതിരോധനിരയെ വെള്ളം കുടിപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു. വൈകാതെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും നേടി. ഇത്തവണ പ്രതിരോധതാരം ഹർമൻജോത് ഖാബ്രയാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. 40-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. അഡ്രിയാൻ ലൂണയെടുത്ത മികച്ച ഫ്രീകിക്കിന് കൃത്യമായി തലവെച്ച ഖാബ്ര അതിവിദഗ്ധമായി പന്ത് വലയിലെത്തിച്ചു. പന്തിനെ തലകൊണ്ട് തലോടിയ ഖാബ്രയുടെ ഹെഡ്ഡർ തട്ടിയകറ്റാൻ അർഷ്ദീപ് നോക്കിയെങ്കിലും പന്ത് വലയിലെത്തി. രണ്ട് പ്രതിരോധ താരങ്ങൾ ഗോളടിച്ചതും മത്സരത്തിലെ പ്രധാന സവിശേഷതയായി. വൈകാതെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങൾ വരുത്തിക്കൊണ്ട് ആക്രമണത്തിന് ശക്തികൂട്ടാനാണ് ഒഡിഷ ശ്രമിച്ചത്. രണ്ടാം പകുതിയിൽ ആദ്യ പകുതിയേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചു. 3-5-2 ഫോർമേഷനിലാണ് ടീം രണ്ടാം പകുതിയിൽ കളിച്ചത്. എന്നാൽ രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മികവിൽ കുറവുണ്ടായില്ല. ആക്രമണത്തേക്കാൾ ഉപരിയായി പ്രതിരോധം ശക്തിപ്പെടുത്താനാണ് മഞ്ഞപ്പട ശ്രമിച്ചത്. 57-ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് ആൽവാരോ വാസ്‌ക്വസ് പോസ്റ്റിലേക്ക് വെടിയുതിർത്തെങ്കിലും അർഷ്ദീപ് പന്ത് കൈയിലൊതുക്കി.

62-ാം മിനിറ്റിൽ ജൊനാതാസിന്റെ ഗോളെന്നുറച്ച മികച്ച ഷോട്ട് തകർപ്പൻ ഡൈവിലൂടെ ഗിൽ തട്ടിയകറ്റി. 66-ാം മിനിറ്റിൽ ജൊനാതാസ് വീണ്ടും പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ്ഡർ പായിച്ചെങ്കിലും ഗിൽ അനായാസം പന്ത് കൈയിലാക്കി. 81-ാം മിനിറ്റിൽ കേരളത്തിന്റെ പൂട്ടിയയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ ശബ്ദമുയർത്തിയതിന് ഇവാൻ വുകോമനോവിച്ചിനും മഞ്ഞക്കാർഡ് കിട്ടി.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് ശക്തി കുറവായിരുന്നു. 86-ാം മിനിറ്റിൽ വാസ്‌ക്വസ് മികച്ച ഫ്രീകിക്ക് തൊടുത്തെങ്കിലും പന്ത് ഒഡിഷ ബോക്സിനെ തൊട്ടുരുമ്മി കടന്നുപോയി. മത്സരമവസാനിക്കാൻ സെക്കൻഡുകൾ മാത്രംബാക്കിനിൽക്കേ വാസ്‌ക്വസിന് സുവർണാവസരം ലഭിച്ചെങ്കിലും അത് ഗോളാക്കാൻ താരത്തിന് സാധിച്ചില്ല. അനായാസം സ്‌കോർ ചെയ്യാവുന്ന അവസരമാണ് താരം പാഴാക്കിയത്. വൈകാതെ മത്സരം മഞ്ഞപ്പട സ്വന്തമാക്കി.

11 മത്സരങ്ങളിൽ നിന്ന് അഞ്ച് വീതം വിജയവും സമനിലയും ഒരു തോൽവിയുമടക്കം 20 പോയന്റ് നേടിയാണ് മഞ്ഞപ്പട പട്ടികയിൽ ഒന്നാമതെത്തിയത്. സീസണിൽ ആദ്യമായി 20 പോയന്റ് നേടുന്ന ടീം എന്ന ഖ്യാതിയും കൊമ്പന്മാർ സ്വന്തമാക്കി. തോൽവിയറിയാതെ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയ 10-ാം മത്സരം കൂടിയാണിത്. ബ്ലാസ്റ്റേഴ്സിന്റെ സർവകാല റെക്കോഡ് കൂടിയാണിത്. മറുവശത്ത് തോൽവിയോടെ ഒഡിഷ എട്ടാം സ്ഥാനത്തേക്ക് വീണു. 10 മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ടീമിനുള്ളത്.

രണ്ട് തവണ ഫൈനലിസ്റ്റുകളായെങ്കിലും ഇതുവരെ കപ്പിൽ മുത്തമിടാൻ കൊമ്പന്മാർക്ക് സാധിച്ചിട്ടില്ല. ഈ സീസണിലെങ്കിലും അതിനാകുമെന്ന പ്രതീക്ഷ മഞ്ഞപ്പടയുടെ ആരാധകർക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. പല സീസണുകളിലും ലോകോത്തര താരങ്ങളെ ടീമിൽ എത്തിച്ചെങ്കിലും പോയിന്റ് പട്ടികയിൽ പിന്നിൽ നിൽക്കാൻ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ യോഗം.എന്നാൽ, നിലവിലെ സീസണിൽ കഥ മാറിയിരിക്കുന്നു. എതിർ ടീം ആരായാലും അവരെ തകർക്കുന്ന പ്രകടനമാണ് മഞ്ഞപ്പട ഇതുവരെ പുറത്തെടുത്തിരിക്കുന്നത്.

മുന്നേറ്റത്തിലെ മികവും മിഡ്ഫീൽഡിലെ ക്രിയാത്മകതയും പ്രതിരോധത്തിലെ കരുത്ത് ഒരുമിച്ച് ചേർന്ന പ്രകടനമാണ് അവർ പുറത്തെടുക്കുന്നത്. പതിനാറാം തീയതി ഞായറാഴ്ച നടക്കുന്ന പന്ത്രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി മുംബൈ സിറ്റി എഫ്സിയെ നേരിടും. നിലിലെ ഫോം നോക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ പൂട്ടാൻ മുംബൈ വിയർപ്പ് ഏറെ ഒഴുക്കേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP