Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അർജുൻ ആയങ്കിയെ തട്ടാൻ ശ്രമിച്ച കൊടിസുനിയുടെ കണ്ണിലെ കരട്! വയനാട്ട് റിസോർട്ടിലെ ഗുണ്ടാ പാർട്ടിക്ക് ക്ഷണിച്ചവരിൽ സ്വർണ്ണ കടത്തിലെ ക്വട്ടേഷൻ നേതാവും; ലഹരിപാർട്ടിയുടെ യഥാർത്ഥ ലക്ഷ്യം അനസ് പെരുമ്പാവൂരിനെ കിർമാനിയുമായി അടുപ്പിക്കൽ; പടിഞ്ഞാറത്തറയിൽ നടന്നതു കൊടി സുനി വിരുദ്ധരുടെ ഒത്തുചേരലോ? ഒറ്റിയത് കണ്ണൂരിലെ മാഫിയ

അർജുൻ ആയങ്കിയെ തട്ടാൻ ശ്രമിച്ച കൊടിസുനിയുടെ കണ്ണിലെ കരട്! വയനാട്ട് റിസോർട്ടിലെ ഗുണ്ടാ പാർട്ടിക്ക് ക്ഷണിച്ചവരിൽ സ്വർണ്ണ കടത്തിലെ ക്വട്ടേഷൻ നേതാവും; ലഹരിപാർട്ടിയുടെ യഥാർത്ഥ ലക്ഷ്യം അനസ് പെരുമ്പാവൂരിനെ കിർമാനിയുമായി അടുപ്പിക്കൽ; പടിഞ്ഞാറത്തറയിൽ നടന്നതു കൊടി സുനി വിരുദ്ധരുടെ ഒത്തുചേരലോ? ഒറ്റിയത് കണ്ണൂരിലെ മാഫിയ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: കൊടി സുനിയും കിർമ്മാനി മനോജും തമ്മിൽ തെറ്റിയോ? കണ്ണൂരിൽ പിടി അയഞ്ഞതോടെയാണ് കിർമാനി മനോജ് വയനാട്ടിലേക്ക് വണ്ടി കയറിയതെന്ന് സൂചന. വൻകിട ഗുണ്ടകളെ വിളിച്ചുവരുത്തി ബന്ധം ഊട്ടിയുറപ്പിച്ചശേഷം ക്വട്ടേഷൻ ഫീൽഡിൽ പുതിയ ഗ്യാങ് ഉണ്ടാക്കാനുള്ള പദ്ധതിയാണ് വയനാട് പടിഞ്ഞാറത്തറയിലെ റിസോർട്ടിൽ കിർമാനി മനോജ് ആസുത്രണം ചെയ്തത്. കേരളമാകെ വേരുകളുള്ള സംഘമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

ക്വട്ടേഷൻ സംഘാംഗത്തിന്റെ വിവാഹവാർഷിക ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ടി.പി വധക്കേസ് രണ്ടാം പ്രതി കിർമാനി മനോജ് (വി.പി മനോജ് കുമാർ, 48) ഉൾപ്പെടെ പതിനാറ് പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് എം.ഡി.എം.എ യും മറ്റു മയക്കുമരുന്നുകളും മദ്യവും കണ്ടെടുത്തു.ക്വട്ടേഷൻ സംഘാംഗങ്ങളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ഇവരിലുണ്ട്. ഗോവയിലെ ക്വട്ടേഷൻ സംഘാംഗമായ കമ്പളക്കാട് സ്വദേശി മുഹ്സിന്റെ ഒന്നാം വിവാഹ വാർഷിക ആഘോഷമായി പടിഞ്ഞാറത്തറയിലെ റിസോർട്ടിലാണ് ലഹരിപ്പാർട്ടി നടന്നത്. വിവാഹ വാർഷികത്തിന് അപ്പുറം ഗുണ്ടകളുടെ ഒത്തു ചേരലും ചർച്ചയുമായിരുന്നു നടന്നിരുന്നത്.

കുപ്രസിദ്ധരായ പല ഗുണ്ടകളെയും വിരുന്നിനു ക്ഷണിച്ചിരുന്നു. എന്നാൽ, കിർമാണി മനോജ് വിളിച്ച പാർട്ടിയിൽ ആരും വന്നില്ല. അവിടെ ഉണ്ടായിരുന്ന ഏക പ്രമുഖൻ കിർമാനി മനോജ് മാത്രമായിരുന്നു. സ്വർണക്കടത്ത് കേസിലുൾപെട്ട ഗുണ്ടകളിലൊരാൾ വയനാട്ടിലുണ്ടായിരുന്നു. എന്നാൽ എത്തിയില്ല. ഈ യോഗത്തെ ഒറ്റിയത് കണ്ണൂരിലെ കൊടി സുനിയുടെ അടുപ്പക്കാരാണെന്നാണ് സൂചനയുണ്ട്. ഇത് അർജുൻ ആയങ്കിയെ കൊല്ലാൻ ക്വട്ടേഷൻ എടുത്ത പെരുമ്പാവൂർ അനസ്സാണെന്നാണ് സൂചന.

പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചവരിൽ ചിലർക്കൊക്കെ ക്രിമിനൽ ബന്ധമുണ്ടെന്നും വിവരമുണ്ട്. വിവിധ ജില്ലകളിലായി പരസ്പരം അറിയാതെ ചിതറിക്കിടക്കുന്ന ഗുണ്ടകളെ ഒന്നിച്ചുചേർക്കുകയായിരുന്നു ലക്ഷ്യം. വൻ ഗ്യാങ് ഉണ്ടാക്കി ഭാവിയിൽ ക്വട്ടേഷൻ ഫീൽഡിൽ വൻ തുക പറഞ്ഞ് ഡീൽ ഉറപ്പിക്കാനുള്ള പദ്ധതി തയാറാക്കലായിരുന്നു ലക്ഷ്യം. കണ്ണൂരിലെ എല്ലാം കൊടി സുനി ജയിലിൽ ഇരുന്ന് നിയന്ത്രിക്കുകയാണ്. ഇതോടെയാണ് കിർമാനി മനോജ് പുതിയ ടീമിന് വേണ്ടി രംഗത്തു വന്നത്.

അറസ്റ്റിലായ 15 പേർക്കെതിരെയും ചാർജ് ചെയ്തത് മയക്കുമരുന്നു കേസാണ്. പരോളിൽ ഇറങ്ങിയ കിർമാനി മനോജ് ഉൾപ്പെടെ റിസോർട്ടിൽ എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് രണ്ടു ദിവസം മുമ്പ് തന്നെ റിസോർട്ടിൽ റൂമെടുത്ത് കാത്തിരിക്കുകയായിരുന്നു. ക്വട്ടേഷൻ സംഘത്തലവൻ പെരുമ്പാവൂർ അനസ് അടക്കം ചിലർ എത്തിയില്ല. ഇവരുടെ പൈലറ്റ് സംഘത്തിൽപ്പെട്ടവരാണ് വന്നത്. റിസോർട്ടിൽ 16 കോട്ടേജുകൾ ബുക്ക് ചെയ്തത് സി.എ.മുഹസിനാണ്. ലഹരിപ്പാർട്ടിയാണെന്നോ ക്വട്ടേഷൻ സംഘങ്ങളാണ് എത്തുന്നതെന്നോ അറിയില്ലെന്നായിരുന്നു റിസോർട്ട് നടത്തിപ്പുകാരുടെ വിശദീകരണം.

കിർമാനി മനോജിനെ നിരീക്ഷിച്ച കണ്ണൂരിലെ കൊടി സുനി അനുകൂലികളാണ് ഈ പാർട്ടിയെ കുറിച്ച് അറിഞ്ഞതെന്നാണ് സൂചന. ഈ വിവരം പൊലീസിനും കിട്ടി. അങ്ങനെയാണ് കിർമാനി മനോജിനേയും കുട്ടരേയും കൈയോടെ പിടികൂടിയത്. അർജുൻ ആയങ്കിയെ കൊല്ലാൻ ശ്രമിച്ച കേസിൽ അനസ് പെരുമ്പാവൂരിനെതിരേയും സംശയം എത്തിയിരുന്നു. ഈ സാഹചര്യത്തിൽ കിർമാനിയും അനസും ഒരുമിക്കുന്നതുകൊടി സുനി ക്യാമ്പ് തിരിച്ചറിഞ്ഞു എന്നാണ് സൂചന. ഇതാണ് പൊലീസ് നടപടിക്കും കാരണം.

ലഹരി പാർട്ടിയിലേക്കെത്തിച്ച കഞ്ചാവിന്റെയും ഹഷീഷിന്റെയും പണത്തിന്റെയും ഉറവിടവും പൊലീസ് കണ്ടെത്തും. പ്രതികളുടെ ഫോൺ വിവരങ്ങളും റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ഉന്നത തല അന്വേഷണം ഇക്കാര്യത്തിൽ നടക്കും. ഗുണ്ടകളെ സൽക്കരിക്കാനായി ബുഫെ ഡിന്നറും ഡിജെ പാർട്ടിയും കമ്പളക്കാട് മുഹ്‌സിൻ ഒരുക്കി. കിർമാനി മനോജിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. ഗോവയിൽനിന്ന് ലഹരിമരുന്നും എത്തിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം. അതിഥികൾക്കു കരുതിവച്ച ലഹരിക്കു പുറമെ, റിസോർട്ടിലേക്കു സ്വന്തം നിലയിൽ ലഹരിയെത്തിച്ചവരും ഉണ്ടായിരുന്നു. ലക്ഷക്കണക്കിനു രൂപയാണ് ആഘോഷച്ചടങ്ങിനു മുടക്കിയത്.

വർഷങ്ങളായി വയനാട്ടിൽ ഇത്തരം ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. എറണാകുളത്ത് മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനിടെ, ഒന്നരവർഷം മുൻപ് വയനാട്ടിൽ നടന്ന ഒരു ലഹരി പാർട്ടിയുടെ വിഡിയോ പൊലീസിനു കിട്ടിയിരുന്നു. ചില റിസോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വയനാടിന്റെ ടൂറിസം മേഖലയിലാകെ ചീത്തപ്പേരുണ്ടാക്കുമെന്ന ആശങ്കയിലാണു സംരംഭകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP